പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അനുശോചനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോണ്‍ കോല്യാവ്‌

ഒരുക്കമെപ്പൊഴേ കഴിഞ്ഞുവെങ്കിലു-
മൊരിക്കല്‍കൂടി ദര്‍പ്പണത്തില്‍ നോക്കി ഞാന്‍

മരിച്ചതെന്നുടെ വിരുദ്ധ രാഷ്ട്രീയ-
പ്പരട്ടയെങ്കിലുമനുതപിക്കണം

ഒരു വലിയ റീത്തെടുക്കണം,കാശ്
കുറേക്കളഞ്ഞാലും കുറച്ചിലായ്ക്കൂടാ.

മറക്കണം ചെളി പരസ്പരം വാരി-
യെറിഞ്ഞതൊക്കെയും,ഗുണം ചികയണം.

നടുങ്ങിപ്പോയെന്നു പറയണം,പിന്നെ
പടമെടുക്കുമ്പോള്‍ മിഴി തുടയ്ക്കണം

വിടപ്രസംഗത്തില്‍ മഹാ ചാണക്യനെ
കടത്തി വെട്ടണം,സ്വരമിടറണം.

കടുത്ത ശത്രുവെ പുകഴ്ത്തുക നാട്ടു-
നടപ്പുതാന്‍ പക്ഷെ അധികമായെന്നാല്‍

ഒടുവിലെന്‍റെ പാളയത്തിലെപ്പട
നടയടച്ചെന്നെ പുറത്തുവിട്ടേക്കും

ഒരിക്കലും ഗുണം വരാത്ത പത്രക്കാ-
രിരിക്കയാണെന്നെ വിമര്‍ശിക്കാന്‍തന്നെ!

കരുതല്‍ വേണമെന്തിലും,കുറേക്കൂടി
വരുത്തണം ദുഃഖം മുഖ,ത്തതിനാലേ

ഒരുക്കമെപ്പോഴേ കഴിഞ്ഞു വെങ്കിലും
ഒരിക്കല്‍കൂടി ദര്‍പ്പണത്തില്‍ നോക്കി ഞാന്‍

ജോണ്‍ കോല്യാവ്‌


E-Mail: johnsonpj63@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.