പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഭൂമിയിലെ നരകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഷ്‌റഫ്‌ കാളത്തോട്‌

കുട്ടിയായിരിക്കെ
ഒച്ചിനെക്കാൾ പതിയെ ആയിരുന്നു
കാലം സഞ്ചരിച്ചിരുന്നത്
പിന്നെ പിന്നെ അതിനു വേഗത വെച്ചു തുടങ്ങി
ആഹ്ലാദത്തിന്റെയും ചിലപ്പോൾ മടുപ്പിന്റെയും
പാഠശാല ദിവസങ്ങൾ പലപ്പോഴും
കടലിന്റെ സ്വഭാവം പുലർത്തിയിരുന്നു...
പ്രക്ഷുബ്ധമായ തിരമാലകൾ ഹൃദയം പിടിച്ചുകുലുക്കി
അശാന്തതീരത്തിന്റെ അലങ്കോലക്കാഴ്ച്ച തീർത്തിരുന്നു...!!
പെട്ടെന്നൊരുദിവസം മനസ്സ് ഉത്‌കണ്ടാകുലമായത്
പൗർണമിപോലെ നീ വന്നുദിച്ചപ്പോഴാണ്
നിമിഷങ്ങൾക്ക് ഒച്ചിനെക്കാൾ വേഗത
കുറഞ്ഞുപോയോ എന്നൊക്കെ തോന്നുകയും ചെയ്തിരുന്നു....
രാതികൾ..ഇഴഞ്ഞിഴഞ്ഞു വെളുപ്പിച്ചുകൊണ്ടിരുന്നു...
കൊഴിഞ്ഞു വീണ ഇലകണക്കെ
മെത്തയിൽ നിർന്നിമേഷമായിരുന്നു ഞാൻ ...!
ഇപ്പോൾ എത്ര വേഗമാണ്
ദിവസങ്ങൾ പെയ്തു തീരുന്നത്..!!!
ഇരുട്ടെത്തുന്നതിനുമുൻപു പ്രകാശമോ
പ്രകാശം എത്തുന്നതിനു മുൻപ്
ഇരുട്ടോ എന്ന മത്സരത്തിലാണ്...
മത്സരം മുറുകുന്നതിനനുസരിച്ചു
നെഞ്ചിടിപ്പ് വർദ്ധിക്കുന്നു...
അസ്റായീലിന്റെ പ്രകാശ വേഗത്തിലുള്ള
വരവ് ഇനി ഏതു നിമിഷവും ഉണ്ടായേക്കാമെന്ന
വ്യസനതാളം ഹൃദയ മുരളിയിൽ കാടിളക്കുന്നു...
കാലില്ലാത്ത കാലത്തിന്റെ ഗതകാലങ്ങളിലേക്ക്
മനസ്സിന്റെ അധിനിവേശം തുടരുന്നു.
മഷി തീരാത്ത പേനയും എഴുതിയെഴുതി പിന്നെയും പിന്നെയും
തീരാത്ത പേജുകളുമായി മുൻകറും നക്കീറും
പുസ്തകത്താളിലൂടെ വിചാരണ ചെയ്ത്
നഗ്നനാക്കപ്പെടുമല്ലോ എന്ന വേവലാതി
ഐതീഹ്യപ്പെരുമയും ചരിത്രവും ഈമാനേകിയ
മക്കയുടെ കോലായയിലിരുന്നു കരയണമെന്ന നിശ്ചയം
കരഞ്ഞുണരുന്ന മഞ്ഞുകണങ്ങളാൽ
തുളസിക്കതിരിന്റെ വിശുദ്ധിയോടെ
ഗതകാല പ്രൗഡി നിറഞ്ഞ കഅബയുടെ സ്വർണകവാടത്തിൽ
നെഞ്ചുരുകിത്തരളമാകുവാൻ പിടയുന്ന പ്രാണൻ...
രാത്രി മഴയുടെ പതിഞ്ഞ താളത്തിൽ
തൗബയുടെ മന്ത്രസാന്ദ്രധ്വനിഏറ്റെടുത്തു കുറുകുന്ന
മിനാര പ്രാക്കളുടെ പ്രാർത്ഥന
കാതോര്‍ക്കുന്ന മലക്കുകളുടെ അകമ്പടിയിൽ
സിറാത്തെന്ന പാലം കടക്കുന്നതുവരെ പേറുന്നൊരണയാത്ത
തീയിലുണ്ട് ഭൂമിയിലെ നരകം
==============================
അസ്റായീലിന്റെ - യമന്റെ
മുൻകറും നക്കീറും - നന്മയും തിന്മയും രേഖപ്പെടുത്തുന്ന മാലാഖമാർ
ഈമാനേകിയ - വിശ്വാസമേകിയ
കഅബ - സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅബ
തൗബ - പശ്ചാത്തപിക്കൽ
മിനാരം - പള്ളിയുടെ മുകളിലെ മകുടം
മലക്കുകൾ - മാലാഖമാർ
സിറാത്തെന്ന പാലം - സ്വർഗ്ഗ നരകങ്ങളെ വേർത്തിരിക്കുന്ന പാലം

അഷ്‌റഫ്‌ കാളത്തോട്‌


E-Mail: kalathode@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.