പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചേ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മഠത്തിൽ രജേന്ദ്രൻ നായർ

എന്‍റെ ജന്മം കണ്ട കൊച്ചുനഗരിയില്‍
മൂന്നു പെരുവഴി ചേരും കവലയില്‍
ആരോ കുടിവെച്ചിരിക്കുന്നു ചേ നിന്‍റെ
ശിലചെത്തിപ്പണിതീര്‍ത്തൊരര്‍ദ്ധകായം

പിഞ്ചുകിടാങ്ങള്‍ ചോദിപ്പു “ആരാണിത്?”
പെരുമണ്ടത്തമോതുന്ന രക്ഷിതാക്കള്‍
വിഡ്ഢികളായി പിറുപിറുത്തീടവെ
മിണ്ടാട്ടമില്ലാതിരിക്കുന്നു പാവങ്ങള്‍

ഇന്ത്യ വളര്‍ത്തും ചരസ്സിന്‍ ലഹരിയില്‍
ഇരുചക്രശകടങ്ങളോട്ടി ചെറുപ്പക്കാര്‍
അതിശീഘ്രം പായുന്ന സായാഹ്നവീഥിയില്‍
വിപ്ളവമെന്നു നിനച്ചരച്ചീടുന്നു
വീ‍ടില്ലാ ശുനകമാര്‍ജ്ജാരപൈതങ്ങളെ

അവരുടെ കുപ്പായം പേറുന്നു നിന്‍ മുഖം
അവര്‍ക്കറിയില്ലയാര് ഗുവേരയെന്ന്
എന്നുമവര്‍ക്ക് നീയാരുമല്ലാത്തവന്‍
ദൂരെ വിദൂരമാം ഭൂവിഭാഗങ്ങളില്‍
അടുക്കളകത്താ വയറുകള്‍ കാളുന്ന
കുന്നുകള്‍ തിങ്ങും ബൊളീവിയയില്‍
ലാറ്റിനമേരിക്കന്‍ കാടുകളില്‍
വിപ്ലവം കാംക്ഷിച്ചൊരേതോ വെറും ചെറു
വിസ്മരിക്കാവുന്ന നിഷ്ഫലനായ ചേ

പൊട്ടിപ്പൊളിയും വഴിയില്‍ മരിക്കുന്ന
പട്ടിമാര്‍ജ്ജാരശിശുക്കളെപ്പോലവെ
പട്ടിണി തിന്നുന്ന മാനുഷികത്തിന്‍റെ
അസ്തിഭാണ്ഡങ്ങള്‍തന്നാര്‍ത്തമാം രോദനം
ഭൂഗോളമാകെ അലയടിച്ചീടുമീ ഘോരമാം
പേമാരി കോരിച്ചൊരിയുന്ന വേളയില്‍
നിന്‍റെ മുന്നില്‍ കുനിയുന്നു ഞാന്‍ പിന്നെയും
നിന്നെ വിളിപ്പു നെറൂദയുടെ സഖെ

ഈ വൃഥാശ്രമം അനന്തമാണെങ്കിലും
വരിക നീ വീണ്ടും വന്നോണ്ടേയിരിക്കുക
ബാറ്റിസ്റ്റകളുടെ കോട്ട തകര്‍ക്കുവാന്‍
നീ ചൂഴുമഗ്നിയും ബുദ്ധിയും ശക്തിയും
ഞങ്ങള്‍ക്കനിവാര്യം ഈയതിദാരുണ-
ഭാരനുകമൊന്നു താഴെയിറക്കുവാന്‍
ഒ‌ടിയുന്ന ഗളനിരകളാര്‍ത്തു കരയുന്നു
കേള്‍ക്കുക മര്‍ദ്ദിതമാനവനായകാ

നിന്‍റെ കരങ്ങള്‍ ഛേദിക്കെുടുക്കാമവര്‍
ചോരപുരണ്ടപൊതികളിലാക്കൈകള്‍
ദൂരദേശങ്ങള്‍ക്കയച്ചീടാമവര്‍
നട്ടെല്ലുനീര്‍ത്തിപ്പിടക്കുന്ന മര്‍ത്ത്യനെ
ഭീതിപ്പെടുത്തിയമര്‍ത്തിയൊതുക്കുവാന്‍
എന്നാലുമെങ്കിലുമെന്‍റെ ചേ നീയെന്നും
മണ്ണിതില്‍ വന്നു വന്നോണ്ടേയിരക്കുക
കണ്ണുമിഴിക്കും പുതിയ തലമുറ
വീരഗറില്ല ഗുവേരയെയുള്‍കൊണ്ട്
നിന്‍റെ സൗരോര്‍ജ്ജം കുടിച്ചെഴുന്നേല്‍ക്കട്ടെ
നിന്‍നിണച്ചട്ടയണിഞ്ഞടരാടട്ടെ

പേമാരി കോരിച്ചൊരിയുന്ന ഘോരമാം
തിമിരം നിറുയുമതിശ്ശീതരാവിതില്‍
കത്തിച്ചുവെക്കു നീ മര്‍ദ്ദിതമാനവ-
ഹൃത്തില്‍ സ്ഫുരിക്കുന്ന കാലാഗ്നിനാളങ്ങള്‍
വേദനതിന്നും മനുഷ്യത്വ സാഹോദരത്തിന്നടുപ്പില്‍
അതിന്നരുണമാം താപത്തിലുണരട്ടെ
ഒരുപാട് ഗര്‍ജ്ജിക്കും മര്‍ത്ത്യസിംഹങ്ങള്‍
കാരിരുമ്പില്‍ തീര്‍ത്ത നട്ടെല്ലു നീര്‍ത്തവര്‍
പാരമെതിര്‍ക്കട്ടെ രാക്ഷസശക്തിയെ

മഠത്തിൽ രജേന്ദ്രൻ നായർ


E-Mail: madathil@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.