പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തീന്മേശയിലെ സാധ്യതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

തീന്മേശയൊരു പോസ്റ്റുമാര്‍ട്ടം ടേബിള്‍
പല്ലും, നഖവും, കത്തിയും , മുള്ളും കൊണ്ട്
കണ്ണും കരളും ഹൃദയവും മസാലപുരട്ടി
പാതിവെന്തതിനെ ആഹരിക്കുന്നു.
ചായക്കോപ്പയിലെ കൊടുങ്കാറ്റും
ആമാശയത്തിലെ ഉരുള്‍പൊട്ടലും
വിശപ്പിന്റെ വന്‍ കരകളെയാക്രമിക്കുമ്പോള്‍
വിത്തെടുത്തുണ്ണാന്‍ വിളമ്പുന്ന
ഭരണകൂടത്തിന്റെ ചട്ടുകമാകാനും
പുതിയ കളിയല്ലാത്ത കോപ്പുകള്‍
രാകിമിനുക്കി മൂര്‍ച്ച വരുത്തുന്നുണ്ട്.
ഒടുവിലത്തെയത്താഴവേളയില്‍
വിളമ്പുന്ന അപ്പവും വീഞ്ഞും
അടിച്ചമര്‍ത്തപ്പെട്ടവന്റെ-
ചോരയും മേനിയുമാകുന്നത്
പാപസഹനങ്ങളുടെ കണ്ണീരും ചേര്‍ന്നാണ്.
*ഉരുളക്കിഴങ്ങ് തീറ്റക്കാരുടെ
ആര്‍ത്തിക്കണ്ണുകളില്‍ തിളങ്ങുന്ന
അരണ്ടവെട്ടത്തിന്റെ തീന്‍മേശയില്‍
കണ്ണാടിയിലെന്നപോലെ കാണാം
കൊഴുത്ത കാളക്കുട്ടിയുടെ ഫോസില്‍.
തീന്‍മേശ ഒരു ബലിപീഠവുമാകുന്നു
നിണം കുടിച്ചുള്ളില്‍ കന്മദമൊളിപ്പിച്ച
ബലിക്കല്ലില്‍ അടയാളമായിട്ടുള്ളത്
പട്ടിണി രാജ്യങ്ങളുടെ നിറമില്ലാപ്പതാകകള്‍,
തീന്മേശ ഒരു യുദ്ധക്കളം പോലെ
മരവിച്ച ചോരവീഞ്ഞില്‍ മുക്കിയ
കബന്ധങ്ങള്‍ കൊത്തിവിഴുങ്ങാന്‍
വിശന്നകണ്ണുകളുമായി
മനുഷ്യകഴുകജന്മങ്ങളുടെ വന്‍നിര
ബഹിരാകാശത്തുനിന്നു കാണാവുന്ന
ഭൂമിയുടെ ഒരു ദൃശ്യം.
തീന്‍ മേശയിലെ മെഴുകുതിരി-
ത്തീയില്‍ കരിഞ്ഞൊടുങ്ങാന്‍
ബീപീയെല്‍ നിരകൊണ്ടൊരു
ഭൂപടം രണ്ടാമത്തെ കാഴ്ച

**********************
*വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയ്ന്റിംഗ്

ബി. ജോസുകുട്ടി.

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Phone: 09961077837,09497221722
E-Mail: bjosekutty13@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.