പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മേധാക്ഷയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മഞ്ജു എം.എസ്സ്‌

ഓർമ്മതൻ ചായങ്ങൾ മായ്‌ക്കുന്ന മസ്തിഷ്‌ക്ക-

രോഗമൊന്നുണ്ടുപോൽ ‘മേധാക്ഷയം’

ഹാ! ദയനീയം! മറവിയിലാഴ്‌ത്തിടും

ജീവിതമെന്ന മഹാനിയോഗം

പേർത്തുമതാരോ പറഞ്ഞുകേട്ടിന്നു നീ-

യോർത്തുഴറുന്നുവോ സംശയത്താൽ,

പെട്ടെന്നു നാവിൽ വരാത്തൊരു നാമമായ്‌

മൊട്ടിട്ടു നിന്നിലും രോഗമെന്നായ്‌

സംശയം നന്ന്‌, നീയിന്നറിയുന്നതും

നന്നുതാൻ സത്യം വിനാവിളംബം

ഇല്ല നിൻ മേധയ്‌ക്കുരോഗ, മെന്നാകിലോ

വല്ലാതെബോധിച്ചു മാനസത്തെ

എന്നേ മറന്നു നീ നിൻപാദമാദ്യമായ്‌

നന്നായ്‌ പതിഞ്ഞൊരാപ്പൂഴിമുറ്റം

നേരെനടക്കുവാൻ കുഞ്ഞേ നിനക്കെന്ന

നേരോടെ നീണ്ട വിരൽത്തുമ്പുകൾ

കാണാൻകൊതിച്ചു നീ പോകും വഴികളിൽ

നോവാർന്നു പിൻവന്നൊരാർദ്രനോട്ടം

എന്തേ മറന്നൂ? നിനക്കായ്‌ നിരന്തരം

സ്പന്ദിച്ചിരുന്ന ഹൃത്തിന്റെ ശോകം

ഒന്നു നീ കേൾക്കുവാനാരോ വിതുമ്പിയ

നെഞ്ഞകം നൊന്ത വിലാപഗീതം,

‘ഒന്നിനി നിന്നെ ഞാൻ കാണുമോ’യെന്നിരുൾ

തിന്നു തീർക്കും നെടുവീർപ്പിനൊപ്പം.

ഇന്നു നീ കൂട്ടിക്കിഴിക്കലിലാണതി-

ന്നെന്നും നിനക്കു മിടുക്കുമേറെ

ഒട്ടെല്ലെനിക്കിനിക്കീഴടക്കാനുള്ള

പട്ടങ്ങളെന്നുനിൻ കൂർമ്മബുദ്ധി

വെട്ടാം നിരത്താം പിടിച്ചടക്കാം ലോക

മെത്രയ്‌ക്കു വേഗമാമത്രവേഗം

തട്ടിത്തെറിപ്പിച്ചുപോന്ന കൽച്ചീളുകൾ

തട്ടിപ്പരിക്കേറ്റു വീണതാരോ

ജന്മദാതാക്കളോ സോദരരരോ, കളി-

ച്ചങ്ങാതിമാരോ പ്രിയർ വേറെയോ

ആരുമാകട്ടേ, തിരിഞ്ഞൊന്നുനോക്കുവാൻ

നേരമില്ലാതെ നീ പാഞ്ഞിടുമ്പോൾ

ഇല്ല പഴുതു ചികിത്സിക്കുവാ,നകം

പൊള്ളയാമീപ്പുറന്തോടുമായി

നീയശ്വമേധം തുടരുക,യേറിടും

നീ ജയശൃംഗങ്ങളേറെയെന്നാൽ

നാളെയതിനും മുകളിലായ്‌ ഭാവിതൻ

ജേതാക്കൾ വെന്നിക്കൊടി നാട്ടവേ

നീയും മറവിയിലാഴുന്നൊരിന്നലെ

യാകുമവർക്കൊരു പാഴ്‌ക്കിനാവായ്‌

ഒന്നു യാചിക്കുക ദേവകളോടു നീ-

യന്നുനിനക്കും വരം നൽകുവാൻ

കേവലം സമ്പൂർണ്ണ മേധാക്ഷയം നിന-

ക്കേകുവാൻ മുക്തി സ്വത്വത്തിൽനിന്നും

മഞ്ജു എം.എസ്സ്‌

രോഹിണി, സാൽവേഷൻ ആർമി ചർച്ചിനു എതിർവശം, ദളവാ റോഡ്‌, മെഡിക്കൽ കോളേജ്‌. പി.ഒ., തിരുവനന്തപുരം-11


E-Mail: manjupradeepkumar@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.