പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പാരിജാതം പൂത്തപോൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി കെ. ഫിലിപ്പ്‌

അന്നൊരിക്കലാ നടവരമ്പിലൂടെ

നാം നടന്നു നീങ്ങവേ

നിൻമൊഴിക്കിലുക്കത്താലാവയൽ

കിളികൾ ചിറകടിച്ചകലവെ, കാറ്റിന്റെ

കുസൃതിക്കരങ്ങളാൽ നെല്ലോലകൾ

ചിരിക്കവേയിനിയും വറ്റാത്ത മുറ്റി-

ത്തഴച്ച വെയിലിനുകീഴെ കുഞ്ഞു-

കൈത്തോട്ടിലെ കളളത്തവളകളാലസ്യം

രുചിക്കവെ; മുന്നിലും പിന്നിലുമില്ലാ

കളളക്കടക്കണ്ണുകളൊന്നും നമ്മിലേക്കെ-

ന്നുറപ്പിൽ നീ മനസ്സിന്റെ ചെപ്പു

തുറന്നു നിന്നിഷ്‌ടമെനിക്കേ-

കിയ ധന്യനിമിഷമിന്നുമൊരു

പാരിജാതം പൂത്തപോലോർമ്മയിൽ

പൊടിപുരളാതെ, ചിതലരിക്കാതെ

മറവിയുടെ ശ്യാമമേഘങ്ങളിൽ

മറയാതെ, പെയ്‌തൊഴിയാതെ

നിറം മങ്ങാതെയിന്നും

നവനവമായതിൽ നിർവൃതി

നുണയുന്നു ഞാനിന്നുമൊരു

മിഠായി നുളളിപ്പൊളിച്ചതി-

നാനന്ദ ലഹരിയിൽ തുളളി-

ത്തുളുമ്പുമൊരു കുഞ്ഞിനെപ്പോൽ

അന്നേ പകുത്തെന്റെ കരളിനൊരുപാതി

നിനക്കായതിലെന്റെ പ്രാണന്റെ മധുവും.


ജിജി കെ. ഫിലിപ്പ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.