പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ലോറിക്കാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബക്കർ മേത്തല

ലോറിക്കാരാ ലോറിക്കാരാ

ഞങ്ങളുടെ അവസാനത്തെ കുന്നും നീകൊണ്ടുപോവുകയാണോ

ഞങ്ങൾ ഇനിയെവിടെയാണ്‌ ഒളിച്ചുകളിക്കുക

പൂക്കളും ശലഭങ്ങളുമായി ഇനി എങ്ങിനെയാണ്‌ സല്ലപിക്കുക.

വലംവയ്‌ക്കാനും വട്ടപ്പാലം ചുറ്റാനും

തെക്കൻകാറ്റ്‌ ഇനി എന്താചെയ്യാ...

ലോറിക്കാരാ ലോറിക്കാരാ

പൊന്നിൽകുളിച്ച കണിക്കൊന്ന

പുഴുതുമാറ്റപ്പെട്ടപ്പോൾ തേങ്ങിപ്പോയത്‌

നീ കേട്ടോ ലോറിക്കാരാ...

ഏത്‌ വയലേലയ്‌ക്ക്‌ മേൽ ശവക്കച്ചയണിയിക്കാനാണ്‌

ഈ പഞ്ചാരമണ്ണ്‌ കൊണ്ടുപോകുന്നത്‌

നീ കൊണ്ടുപോകുന്ന മണ്ണിൽ

ചക്കരമാമ്പഴത്തിന്റെ മധുരം

കുനീൽപ്പഴത്തിന്റെ ചവർപ്പ്‌

ഞൊട്ടാഞ്ഞൊടിയന്റെ പുളിപ്പ്‌

വെളളിലപ്പച്ചയിലെ ജലസംഭരണി

കുയിലിന്റെ കൂകൽ, മൂങ്ങയുടെ മൂളൽ

തത്തകളുടെ കിന്നാരം.

കുന്നിൻ ചെരുവിൽ പാടിനടക്കും സ്വപ്‌നം

ഇനി ഞങ്ങൾക്കില്ലല്ലോ

മരങ്ങളും വളളികളും തീർക്കുന്ന

നിഴലുകളുടെ നിബിഢതയിൽ കളിയാടിയിരുന്ന

പൂതങ്ങൾ ഇനിയെവിടെ പോയൊളിക്കും?

ലോറിക്കാരാ ലോറിക്കാരാ

പൂതങ്ങൾ നിന്നെ വെറുതെ വിടില്ല

ലോറിക്കാരാ ലോറിക്കാരാ എന്നിനി വിളിവേണ്ട

ഞാനൊരു ലോറിക്കാരൻ

ലോറിക്കാരൻ ലോകംപുതുക്കിപ്പണിയുകയാണ്‌

ഒളിച്ചുകളികൾ ഇല്ലാത്ത, തളിരുംതണലും ഇല്ലാത്ത

മഴയും കുളിരും ഇല്ലാത്ത, കിളിതൻ ശല്യം ഇല്ലാത്ത

കുന്നും കുഴിയും ഇല്ലാത്ത, പൂതോംകോതോം ഇല്ലാത്ത

പൂവിൻമണമൊട്ടില്ലാത്ത, കുയിലും മയിലും ഇല്ലാത്ത

സുന്ദരസുഖകരമൊരുലോകം, ലോകം ആകെ ഒരു ഗ്രാമം!

അതിലേക്കായി പണിതീർത്ത

കറുത്തപാതയിലൂടെ നിത്യം

ലോറികൾ കൂവിപായട്ടെ

സ്വപ്‌നങ്ങൾക്കിനി വിടചൊല്ലാം

ലോറിക്കാരൻ ലോകം പുതുക്കിപ്പണിയുകയാണ്‌

ലോറിക്കാരൻ ലോറിക്കാരൻ മാത്രമാണ്‌.


ബക്കർ മേത്തല

ബക്കർ മേത്തല, കണ്ടംകുളം-680669, കൊടുങ്ങല്ലൂർ.


Phone: 9961987683




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.