പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മൂന്ന്‌ കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിനോയ്‌. എം.ബി

1. ബോധ്യം

പെരുമഴക്കാലത്ത്‌
വെയിൽ കത്തിക്കാളുന്നത്‌,
മേഘങ്ങളുടെ അവകാശത്തിൽ
ധൃഷ്‌ടസൂര്യൻ കൈകടത്തുമ്പോളത്രെ!
ചെറുരാഷ്‌ട്രീയകക്ഷികളെ
വലിയ രാഷ്‌ട്രീയ സംഘടനകൾ
വിഴുങ്ങുമ്പോളെന്നപോൽ!
കടുത്ത വേനലിൽ
ഒരു മുന്നറിയിപ്പും കൂടാതെ
മഴചാറിവീഴുന്നത്‌
അവകാശധ്വംസനത്തിനിരപ്പെട്ട
മേഘങ്ങൾ തക്കം പാർത്ത്‌
ചാവേറാക്രമണം നടത്തുമ്പോൾ!
സ്വത്വരാഷ്‌ട്രീയക്കാരുടെ
‘വുവുസേല’ക്കരച്ചിലിൻ
സാംഗത്യം ഇങ്ങനെചിന്തിക്കെ,
നന്നായ്‌ പിടികിട്ടുന്നു!


2. ഒരാൺ ഫെമിനിസ്‌റ്റിന്റെ ജനനം, ജീവിതം!

അമ്മയോട്‌, പെങ്ങളോട്‌, കെട്ടിയപെണ്ണിനോട്‌
‘ഉസ്‌ക്കൂൾ കുട്ടികൾ’ ചൊല്ലുന്ന നിത്യപ്രതിജ്ഞാ
വാചകത്തിലെ കടമപോലും നിർവ്വഹിച്ചില്ലല്ലോ...
യെന്ന കുറ്റബോധമാണ്‌ തീർത്തും ‘ആണായ’
അയാളെ ഫെമിനിസ്‌റ്റ്‌ പെൺപ്പടക്കൂട്ടത്തിൽ
കാവൽക്കാരനായ്‌ സ്വയമവരോധിക്കാൻ പ്രേരിപ്പിച്ചത്‌!

നനഞ്ഞ പഞ്ഞിക്കെട്ട്‌ ചുമക്കേണ്ടിവന്ന
പഴങ്കഥയിലെ കഴുതയായ്‌ പുലരുമ്പോഴും
മറന്നില്ലയാൾ പ്രതിദിനം സ്‌ത്രീസ്വാതന്ത്ര്യചര്യ
തുടങ്ങി വെയ്‌ക്കും മുൻപെ സ്വന്തം അമ്മയെ,
പെങ്ങളെ, കെട്ടിയപെണ്ണിനെ വീടിനക-
ത്തളങ്ങളിൽ ‘സുരക്ഷിതരായി’
ബന്ധിക്കുവാനൊട്ടും!


3. നി-സാരം!

ഇന്നലെ പൊഴിഞ്ഞ
ലോകകപ്പ്‌ ഫുട്‌ബോൾ മഴതന്നാവേശത്തിൽ
മുളപൊട്ടിയതാണ്‌ ഇന്ന്‌
മൈതാനിയിൽ കാണും
സർക്കാർവക ഫുട്‌ബോൾ കാരവൻ!
കക്ക,മെസ്സി, റൂണി, റൊണാൾഡോ.
കുഞ്ഞുശരീരങ്ങൾക്കപരനിർവൃതിയേകി
ജേഴ്‌സിയും, ബൂട്ടും പിന്നെ
കോച്ചെന്നൊരു ശുംഭൻ പകരും
ഇമിറ്റേഷൻ ക്വിക്കുകളും!
എല്ലാറ്റിനുമുപരി
കാതിൽ നെഞ്ചു പിളർക്കും
‘വുവുസേല’ക്കടന്നൽപ്പെരുക്കം!
നാളെപൊഴിഞ്ഞു തീരുന്ന
ലോകകപ്പ്‌ മഴയിൽ
ഫൈനൽ സെറ്റിൽമെന്റാകും!
പിന്നെ,
കാൽപ്പന്തുകളിയുടെ പരിശീലകൻ
ദീർഘനിദ്രാവത്വം വരിക്കെ,
സച്ചിന്റെ കിടിലൻ സെഞ്ച്വറിയുണ്ട്‌ ഗ്രൗണ്ടിൽ.
ശ്രീശാന്തിന്റെ പരാക്രമം.
കുട്ടികൾ ഉറയൂരി സ്വാസ്‌ഥ്യം വീണ്ടെടുക്കുന്നു;
അടുത്ത നാല്‌വർഷത്തേയ്‌ക്ക്‌
ഒരു പ്രഹസനം കൂടികണ്ണടയ്‌ക്കും വേള!

ബിനോയ്‌. എം.ബി

കളരിക്കൽ വീട്‌,

അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ,

തൃശൂർ - 680581.


Phone: 9020224608




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.