പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചന്ദ്രോത്‌സവം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുഗോപാൽ പേരാമ്പ്ര

സാഗരതരംഗങ്ങളുടെ

ഒടുങ്ങാത്ത സംഗമസ്വപ്‌നങ്ങളുമായ്‌

നീയെന്നിൽ പെയ്‌തിറങ്ങുകയായിരുന്നു

മദാലസമൗനങ്ങളിൽ സ്‌ഫുടീകരിച്ചെടുത്ത

കാതരഭാവങ്ങളുമായ്‌

നീയെന്നിൽ ആഴ്‌ന്നിറങ്ങുകയായിരുന്നു.

നോക്കൂ...

ഇവിടെ നാം തനിച്ചാണ്‌,

ഈ സാഗരം ഇരമ്പുന്നത്‌ എന്നിലാണ്‌,

അത്‌ നീ ഒഴുക്കി വിട്ടതാണ്‌.

ഏഴിലംപാല പൂക്കുന്ന

രാത്രികളിൽ

അശ്വാരൂഢനായ്‌ കുതിച്ചെത്തുന്ന

നിഷധേശ്വരനാണ്‌ ഞാൻ.

കാലത്തിന്റെ

അനന്തതയ്‌ക്കിപ്പുറത്തുനിന്ന്‌

കൻമദസുഗന്ധവുമായ്‌

ദേശാന്തരഗമനം ചെയ്‌തെത്തിയ

ഞാറ്റുവേല പക്ഷിയാണ്‌ ഞാൻ

നോക്കൂ,

ഇവിടെ നാം തനിച്ചാണ്‌

വേഴാമ്പൽ സ്വപ്‌നാടനം

നടത്തുന്ന ഈ തുരുത്തിൽ

നമുക്കൊരു വൃന്ദാവനം പണിയാം!

താരുണ്യത്തിന്റെ

ആഗ്നേയ നിശകൾ

അന്യോനം പകർന്നു നൽകാം!!

സ്‌നേഹസാന്ദ്രതയുടെ

ഈ വസന്തകേദാരത്തിൽ

ചക്രവാകങ്ങൾ കൊക്കുരുമ്മുന്നത്‌

നീ കാണുന്നില്ലേ!!

വേണുഗോപാൽ പേരാമ്പ്ര
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.