പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ബാണഞ്ചേരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രതീഷ്‌ കുമാർ.കെ

കവിത

(1)

ഭാവനയുടെ അതിര്‌,

മുൾവേലികളല്ല.

കൂറ്റൻ മതിൽക്കെട്ടുകളുമല്ല.

മറിച്ച്‌,

പുൽമൈതാനങ്ങളും,

കുന്നിൻചരിവുകളും,

ശലഭങ്ങൾക്കു സ്വന്തമായ-

താഴ്‌ന്ന ആകാശങ്ങളും പോലെ;

അകക്കണ്ണിനുമപ്പുറം,

തെളിയുന്ന നീലിച്ച നാളമാണ്‌.

പേറ്റന്റെടുക്കാത്ത തോന്നലാണ്‌.

(2)

പുരാവൃത്തങ്ങൾ,

ഹൃദയത്തിന്റെ-

അടിത്തട്ടുകളിലാണ്‌

അഭിരമിക്കുക.

സുഖസുഷുപ്‌തി-

യിലാഴ്‌ന്നുഴലുമ്പോൾ,

തിരസ്‌ക്കരിക്കാനാവാത്ത

അത്തരം-അതിഥികളെ കാണുന്നു.

ഇടയ്‌ക്ക്‌;

തിരിഞ്ഞും

മറിഞ്ഞും

ഞരങ്ങിയും

മൂളിയും

കാഴ്‌ചകളെമ്പാടും

കണ്ടു തീർക്കുന്നു.

(3)

വിശേഷണങ്ങളുടെ

പറഞ്ഞുപതിയലിൽ,

‘ബാണഞ്ചേരി’യെ

കൈമോശപ്പെടുത്തിയതെങ്ങിനെ?

‘ബാണൻ+ചേരി = ബാണഞ്ചേരി’

അപ്പോൾ, ബാണൻ?

[അതോ, പാണനോ?]

അഥവാ,

വൈപര്യദേവനോ?

[അതോ, പഴമ്പാട്ടു പാടാറുളള-

കറുത്ത കൃശഗാത്രനോ?]

(4)

അങ്ങ്‌,

മൂന്നാം കുന്നിനുമകലെ,

നരച്ച ആകാശച്ചരിവിനു-

താഴെ,

വെളളാനിക്കാടിന്റെ

ഹൃദയം തുരന്ന്‌,

ഒരു കൊച്ചുവെളളക്കെട്ടുണ്ട്‌.

അവിടേയ്‌ക്ക്‌,

നിശ്ശബ്‌ദ രാവിന്റെ കൂട്ടാളിയായ്‌,

തിളങ്ങുന്ന ലോഹച്ചട്ടയണിഞ്ഞ്‌,

കാരിരുമ്പിന്റെ കരുത്തുമായ്‌,

മൗനാരവത്തോടെയാണ്‌,

ബാണന്റെ ആഗമനം.

കൊടിയ മീശയും,

വിടർന്ന മാർവിടത്തിനിടയി-

ലൂടെഴുന്നു നിൽക്കുന്ന,

രോമകൂപങ്ങളും,

ചോരയൂറ്റിയ കണ്ണുകളിലെ

‘ലേസർ’ തീക്ഷ്‌ണതയും;

ചുണ്ടിലെ ബീഭത്സവും

പിന്നെ,...... ?!!!!?...

അതെ,

ഭാവനയുടെ അതിര്‌ മുൾവേലികളല്ല,

കൂറ്റൻ മതിൽക്കെട്ടുകളുമല്ല...

(5)

ആസുരബിംബങ്ങൾ,

ആയുധയറകൾ,

(ഇന്ന്‌-കല്ലറകൾ..!!)

മാണിക്യം കൈമാറിയ സർപ്പപാതകൾ;

....‘ശിഥിലമാക്കപ്പെട്ട

തിരുശേഷിപ്പിൽ,

അധികമൊന്നും

പറഞ്ഞു കേട്ടീല്ല’....

(6)

തിരിച്ചറിവിന്റെ

പുതിയ ഏടുകളിൽ,

പഴമയുടെ നൂൽബന്ധമറുക്കാത്ത-

മാമൂലുകൾപോലും,

ഫംഗസുകൾ, തിന്നുതീർത്തിരിക്കുന്നു...

കാലത്തിന്റെ ഫോസിൽപ്പാളികളിൽ,

‘ബ’ എന്നത്‌,

‘പ’ ആവുന്നു.

[ഇനി ‘പ്‌ഫ’ എന്നോ?]

(7)

ആത്‌മാവിന്റെ,

പാസ്‌വേർഡുകൾ-

മോഷ്‌ടിച്ച്‌,

പുതിയ തേർവാഴ്‌ച്ചകളൊരുക്കുമ്പോൾ,

ഇത്രമാത്രം ഓർമ്മിക്കുക.

‘ഭാവനയുടെ അതിര്‌,

മുൾവേലികളല്ല,

കൂറ്റൻ മതിൽക്കെട്ടുകളുമല്ല...’

(ശുഭം)

(ബാണഞ്ചേരി എന്ന കവിയുടെ നാടിനെക്കുറിച്ചാണീ കവിത)

രതീഷ്‌ കുമാർ.കെ

വിദ്യാഭ്യാസംഃ ഇപ്പോൾ മൂന്നാംവർഷ ബി.എസ്സി സുവോളജി (സെയ്‌ന്റ്‌ തോമസ്‌ കോളേജ്‌, തൃശ്ശൂർ-1) പഠിക്കുന്നു. സ്‌കൂൾ കോളേജ്‌ തലത്തിൽ രചന മത്സരങ്ങളിൽ ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ എഴുതുന്നു.

വിലാസം

കുന്നത്ത്‌ ഹൗസ്‌,

പട്ടിക്കാട്‌.പി.ഒ.

തൃശ്ശൂർ - 680 652.


Phone: 0487 2284670




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.