പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മഴയുടെ മ്യൂസിയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.


കടലില്‍ നിന്നു നീരാവിയായ് ഉയര്‍ന്ന്
ആകാശത്തിലെ മേഘത്തെരുവില്‍ നിന്ന്
മഴയോടൊപ്പം മടങ്ങി വന്ന
വിശുദ്ധീകരിക്കപ്പെട്ട മത്സ്യ ശരീരം
ആസക്തിയുടെ മദജലം സ്വേദമായി
പെയ്തിറങ്ങിയ കന്നിമഴത്തുള്ളികള്‍
മഴനൂലുകൊണ്ടു ഊടും പാവും നെയ്ത്
ജലത്തൂണ്‍ പിളര്‍ന്നു വന്ന
ഒരു വെള്ളിടിവാള്‍ മിന്നല്‍,
മഞ്ഞിന്‍ ഭ്രൂണത്തെ സൂക്ഷിച്ചു-
വെച്ച ആലിപ്പഴക്കൂടകള്‍,
പട്ടിണിക്കാരന്റെ തേങ്ങലുകള്‍
പിഴിഞ്ഞെടുത്ത കണ്ണീരുപ്പിലലിഞ്ഞ
ജലശരീരങ്ങള്‍,
അധിനിവേശത്തിന്റെ രാസവളക്കൂട്ടുകളുടെ
ധൂളീധൂമം പടരുന്നതിനു മുമ്പേയുള്ള
പഴമഴത്തുള്ളികള്‍,
തലയാട്ടി തലയാട്ടി ചേമ്പിലകള്‍
ശേഖരിച്ചു വച്ച മഴച്ചില്ലുകള്‍
മഴ മാറി നിന്ന ഇടങ്ങളില്‍
മഴയരുവീകള്‍ കെട്ടഴിച്ചു വിട്ട
കടലാസു വള്ളങ്ങള്‍
കുസൃതികളുടെ കാല്‍പ്പാദങ്ങളില്‍
തണുത്ത ഗന്ധച്ചൂരുള്ള ജലപ്പടക്കങ്ങള്‍,
ആര്‍ത്തലച്ച് നൃത്തമാടുന്ന
മഴയുടെ പുടവത്തുമ്പില്‍ നിന്നും
പിടിവീഴാത്ത തൂവാനക്കുരുന്നുകള്‍
കന്നിമഴയുടെ മാദകഗന്ധ ശേഖരം
പാടവരമ്പിലൂടെ ഓണപ്പാട്ടും പാടി
ഓടിപ്പോയ മഴക്കുരുന്നുകളുടെ തലക്കുമീതെ
ചൂടിയ ഞാലിപ്പൂവന്‍ വാഴയില
താമരത്തളിരിന്റെ മൃദുത്വമുള്ള
പാര്‍വ്വതിയുടെ രുദ്ര വീണയുടെ
അഴകളവുകളിലൂടെ തഴുകിയൊഴുകിയ
പ്രണയമഴത്തുള്ളികള്‍
വിളറിയ പകലിലും മങ്ങിയ സന്ധ്യയിലും
കൊഴുത്ത രാത്രിയിലും ഭൂതഗണത്തിന-
കമ്പടിയാകുന്ന തോരാമഴ
പുഴയെ പരിണയിക്കുന്ന ഗന്ധര്‍വ്വ മഴ
കാടിനെ പരിരംഭണത്തിലാക്കുന്ന കുസൃതിമഴ
കടലുടലിലായിരം കൈകള്‍ കൊണ്ട്
ചിത്രം വരക്കുന്ന ഇക്കിളിമഴ
മലമടക്കുകളില്‍ ഒളിമഴയായി
പെയ്തിറങ്ങുന്ന ജാര മഴ
ഒടുവില്‍ മഴ നിഴല്‍ ദേശത്തു നിന്നും
ഖനനം ചെയ്തെടുത്ത മഴവിത്തുകളുടെ
ഫോസിലുകള്‍ മഴപ്പാട്ടുകള്‍ മഴക്കവിതകള്‍
എല്ലാം ഇപ്പോള്‍‍ മ്യൂസിയം പീസ്

ബി. ജോസുകുട്ടി.

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Phone: 09961077837,09497221722
E-Mail: bjosekutty13@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.