പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഒഴിഞ്ഞവീട്ടിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൽസി യോഹന്നാൻ ശങ്കരത്തിൽ

കടന്നു ചെന്നു ഞാനടഞ്ഞ വാതിലിൻ

പടിയിൽ കദനക്കടലും പേറി, യെൻ

മധുരമാർന്നതാം സ്‌മരണ രേണുക്കൾ

പതിഞ്ഞുറങ്ങിടും വിശ്രയഗേഹത്തിൽ.

പടിക്കലെത്തവേ വാതിൽ തുറക്കുവാൻ

വഴിക്കണ്ണുമായി കാതോർത്തിരിക്കുവാൻ

പരിഭവം ചൊല്ലി തോളിൽ തലോടിക്കൊ

ണ്ടകത്താനയിച്ചിട്ടെത്രയും വേഗത്തിൽ

കുശലമന്വേഷിച്ചൂണു വിളമ്പുവാൻ,

വിടചൊല്ലീടവേ കണ്ണീർ പൊഴിക്കുവാൻ

വിതുമ്പും ചിത്തത്താൽ വിട നൽകീടുവാൻ,

പിടയും കരളാൽ മുത്തമണയ്‌ക്കുവാൻ

ഒരുത്തരുമിന്നീയൊഴിഞ്ഞ വീടതി-

ലിരിപ്പതില്ലല്ലോ, ആർത്തിയോടോടുവാൻ.

ഇരുൾ പരന്നൊരെൻ മനസ്സിലക്ഷര-

പ്പൊരുൾ വിരിയിച്ചൊരോലയിലാശാനും,

അറിവിൻ ദീപവുമാദ്യാക്ഷരങ്ങളു-

മകമേ ദീപിച്ച വന്ദ്യജനിത്വരും,

സഹജർ സ്‌നേഹത്തിൻ തെളിനീർ മൊത്തിയും

സമന്വയിച്ചൊരാ ബാലകൗമാരവും,

പുഴയോരത്തിലെ കുളികൾ കേളികൾ,

നിറനിലാവുകൾ, കറുത്ത വാവുകൾ,

കളിത്തോഴർ സഹജാതരുമൊത്തുള്ള

കളങ്കമേശാത്ത സൗഹൃദമേളനം,

വിരിച്ച പായിലായ്‌ നിലത്തിരുന്നെന്നും

ഉരുവിട്ട സാന്ധ്യപ്രാർത്ഥനാലാപവും,

പഴുത്ത മാമ്പഴം തിരഞ്ഞുള്ളോട്ടവും,

പഠിപ്പിനായ്‌ ദൂരം താണ്ടി നടത്തവും,

വിയർത്തൊലിച്ചുള്ള നനഞ്ഞ യാത്രയും,

വിശറി നൽകിയ കുളിർത്തലോടലും,

തിരുവോണം, വിഷു, തിരുപ്പിറവിയിൽ

അണിഞ്ഞൊരുങ്ങലും, ഇലയിൽ സദ്യയും,

ഉരുളിയിൽ വച്ച പിറന്നാൾപ്പായസം,

കുരണ്ടി മേലിരുന്നശിച്ച ഭക്ഷണം,

പുരപ്പുറം തല്ലും മഴയിൻ താരാട്ടും

ശ്രവിച്ചുറങ്ങിയ നിർമ്മലരാവുകൾ

പറയുവാനുണ്ടു സഹസ്രം ഗാഥകൾ,

മറക്കുകില്ലവ മരണം വരെ ഞാൻ.

വൃഥയുതിരുമെൻ വിരഹമാനസം

വിടർത്തി മെല്ലെ ഞാൻ തിരഞ്ഞു സാകുലം,

തിരിഞ്ഞുനോക്കി ഞാൻ പടിയിറങ്ങിയും

മരവിച്ചു നിൽക്കും ജന്മാശ്രമത്തിനെ.

(മാതാപിതാക്കളുടെ വേർപാടിൽ വിജനതയും ഏകാന്തതയും ബാക്കിപത്രമായി അവശേഷിക്കുന്ന എന്റെ ജന്മഗൃഹത്തിലെത്തിയപ്പോൾ ഉളവായ വികാരവീചിയാണ്‌ ഈ കവിതയിലെ പ്രതിപാദ്യം.)

എൽസി യോഹന്നാൻ ശങ്കരത്തിൽ

58 Bretton Road

Garden City Parak, N.Y.11040.


Phone: 1-516-850-9153
E-Mail: yohannan.elcy@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.