പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മുരളീഗാനമാധുരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. വി.കെ. എഴുത്തച്ഛൻ

കവിത

പ്രപഞ്ചസംവിധാനത്തിൽ

പ്രൗഢിയും ഭാവഭംഗിയും

ഭാഷാഭാവനകൾക്കെല്ലാ-

മതീതം-അത്ഭുതാത്ഭുതം!

മുകുന്ദമുരളീഗാന-

മെന്നും അലയടിച്ചിടും

കാളിന്ദീപുളിനം, വൃന്ദാ-

വനവും ചൊല്ലുമാക്കഥ.

“കാലമാത്രകളൊപ്പിച്ചു

കാലഭൈരവഗീതിയിൽ

താളം താക്കുന്നൊരോങ്കാര-

സാഗരത്തിരമാലയിൽ”.

തെല്ലും വ്യതിചലിക്കാതെ,

തനതാം മാർഗ്ഗരേഖയിൽ

ചരിക്കും ഗ്രഹസംഘാത-

സാമസംഗീതമേളയിൽ;

ഇരുളിൻ തരിയോരോന്നും,

കിരണാവലിയാൽ ദ്രുതം

സ്‌ഫുടം ചെയ്തിളയെയൂർജ്ജ-

ദീപ്തമാക്കുന്ന സൂര്യനിൽ;

ഒരു ജീവിതവൃത്തത്തിൽ

കഥ, വൃദ്ധിക്ഷയങ്ങളിൽ

പക്ഷംതോറും വരച്ചീടും,

കലാനാഥന്റെ ‘സിദ്ധി’യിൽ;

അനശ്വരമഹാസത്യ-

ജ്യോതിസ്സാകുമുഡുക്കളിൽ,

വ്യർത്ഥമോഹസഹസ്രംപോൽ

മാഞ്ഞുപോം മഴവില്ലിലും;

പ്രഭാതദീപമേന്തിക്കൊ-

ണ്ടണഞ്ഞീടുമുഷസ്സിനെ,

കൈകൂപ്പി വരവേൽക്കുന്ന

ഭൂമാതിൻ ഭക്തിശുദ്ധിയിൽ;

നിറം മാറിമറിഞ്ഞാലും,

നിലതെറ്റാതനന്തമായ്‌

നിറഞ്ഞുനിൽക്കുമാകാശം

തീർക്കും മാന്ത്രികവേദിയിൽ;

ജന്മസാഫല്യസിദ്ധിക്കായ്‌

പുഷ്പാർച്ചന നടത്തിയും

ലസിക്കും ലതകൾക്കുളളിൽ

ത്രസിക്കും സ്‌നേഹധാരയിൽ

അമ്മതൻ മടിയിൽച്ചാഞ്ഞു

മുലയുണ്ണുന്നൊരുണ്ണിതൻ

പവിഴച്ചൊടിയിൽ സ്വച്ഛം

വിരിയും സ്വർഗ്ഗകാന്തിയിൽ,

കേൾക്കാം മുകുന്ദമുരളീ-

ഗാനം മധുരമോഹനം

സർവ്വവിസ്മാരകം, ചിത്തം

ചരിപ്പൂ നീലമേഘമായ്‌.

പുറമെ കേൾക്കുമാഗാനം

അകത്തമൃതവർഷിണീ-

രാഗമായ്‌, ആത്മഹർഷത്തിൻ-

ചൈത്രമായ്‌ മാറിടുന്നു ഞാൻ.

പ്രൊഫ. വി.കെ. എഴുത്തച്ഛൻ

ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിൽ മലയാളവിഭാഗത്തിൽ നിന്നും പിരിഞ്ഞു. കവിത, ലേഖനം, നിരൂപണം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. വി.കുഞ്ഞികൃഷ്‌ണൻ എന്ന പേരിലാണ്‌ കുറെക്കാലം എഴുതിയിരുന്നത്‌. മാതൃഭൂമി, കലാകൗമുദി, കേരളകവിത, കുങ്കുമം, ഭക്തപ്രിയ തുടങ്ങിയവയിൽ കവിതകൾ വന്നിട്ടുണ്ട്‌.

വിലാസം

7&305, ശ്രീഭവൻ,

താരേക്കാട്‌,

പാലക്കാട്‌

678 001
Phone: 0491 2544393




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.