പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നൊരു സാമ്രാണിക്കാറ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
താഹാജമാൽ, പായിപ്പാട്‌

മരിച്ചവർ
മണ്ണിലേക്ക്‌ മടങ്ങുമെങ്കിലും
ഉമ്മറത്ത്‌ വന്ന്‌ അനങ്ങാതെ...
അനക്കമാകാതെ
പറയാൻ മോഹിച്ചവ
ഒളിപ്പിച്ച്‌ മടങ്ങുന്നു.

I

കാലം
പുരാവസ്തുവല്ലാതായി
ഭയം പടികടന്നെത്തുന്നു.
എനിക്ക്‌ പേടിയാകുന്നു.
യുദ്ധം കരയുന്ന ചോരകൊണ്ട്‌
കുഞ്ഞുങ്ങളുടെ കണ്ണുകൾ
കുത്തിപ്പൊട്ടിക്കുന്നു.

കരയലുകളുടെ കറുത്ത പാതിര
നഗരങ്ങൾക്ക്‌ മേലെ പെയ്യുന്നു.
എനിക്ക്‌ പേടിയാകുന്നു
പേടിയാകുന്നു.

എവിടെ നമ്മുടെ കുഞ്ഞുങ്ങൾ
നമ്മുടെ പൈതൃകം
വഴിവക്കിലാകെ കഴുകൻ കണ്ണുകൾ
പേപ്പട്ടികൾ
കഴുകയെക്ഷികൾ.
നഗരത്തിന്‌ മുകളിൽ
എപ്പോഴും മിന്നലുകളാണ്‌.
അവയെന്റെ മിന്നാമിനുങ്ങുകളെ
ഞെട്ടിച്ച്‌ കൊല്ലുന്നു.
എനിയ്‌ക്ക്‌ പേടിയാകുന്നു
പേടിയാകുന്നു.

എല്ലായിടത്തും വർഗ്ഗസമരമാണ്‌.
പഴയതായിക്കൊണ്ടിരിക്കുന്ന
എന്റെ നാട്ടിൽ നിന്നും നീ
എവിടെയെങ്കിലും പോയി
കരയാതെ കഴിയുക.
കരയാതെ കഴിയുക.

II

നിന്റെ നെഞ്ചിൽ
എനിക്ക്‌ കേൾക്കാമായിരുന്ന
കിതപ്പിന്റെ കാലൊച്ചയോ
ഘടികാര ശബ്ദമോ
കേൾക്കാനാവുന്നില്ല
നീയിപ്പോൾ നിലച്ചിരിക്കുന്നു
നിലച്ച മഴപോലെ നിശബ്ദമായിരിക്കുന്നു.

‘ശവ’വണ്ടിയുടെ ചക്രയൊച്ചകൾ
ദൈവത്തിലേക്കുള്ള വഴികൾ
നിന്റെ മുക്കു പണ്ടങ്ങൾ...
മൂകമായ തെരുവു പാട്ടുകൾ
വിധവയുടെ നഗ്നതയിലേക്ക്‌
ചൂളം വിളിക്കുന്ന തെമ്മാടികൾ

ഉറങ്ങാനാവുന്നില്ല
തിരിഞ്ഞും മറിഞ്ഞും
മരിച്ചവരെയടുക്കുന്നതായി സ്വപ്നം
പുതപ്പിലുറങ്ങുന്നനിന്റെ
മരവിച്ച കണ്ണുകൾ
ആരാണ്‌ ചേർത്തടച്ചത്‌
ചുംബനമേൽക്കാത്ത ചുണ്ടുകളിൽ
മരവിപ്പ്‌ ഇരട്ടിയായിരിക്കുന്നു.
എനിക്ക്‌ വല്ലാതെയാകുന്നു.
വല്ലാതെയാകുന്നു.

III

നിനക്ക്‌ എന്താണ്‌ പറ്റിയത്‌
ഏതു ഭൂകമ്പത്തിലാണ്‌
നിന്റെ മരണം സ്ഥിരീകരിച്ചത്‌
എതുരുൾ പൊട്ടലിലാണ്‌
നിന്റെ ശ്വാസത്തിനു മേൽ
ഒഴുക്കുജലം വന്നത്‌
ഏത്‌ യുദ്ധത്തിലാണ്‌
നിന്റെ തലച്ചോർ ചിതറിയത്‌
നഗരത്തിലെ പതിവു കാഴ്‌ചയിൽ നിന്നും
എവിടേക്കാണ്‌ നീ വേഗം മടങ്ങുന്നത്‌.

കാറ്റുകൾ നിന്റെ മണം
തിരികെ കൊണ്ടുവരുന്നു
ശ്മശാന വെയിലുകളിൽ
വെള്ള പൂശിയ ഒരടയാളം പോലെ
നീ സ്വപ്നമാകുമെന്ന്‌
ഞാനാരോടും പറഞ്ഞില്ല.
എങ്കിലും നിന്റെ മണമുള്ള
സാമ്രാണിക്കാറ്റ്‌
മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നത്‌
എനിക്ക്‌ മാത്രം...

താഹാജമാൽ, പായിപ്പാട്‌

ക്രസന്റ്‌ മോഡൽ എച്ച്‌.എസ്‌.സ്‌കൂൾ,

പരങ്ങത്ത്‌, തനലൂർ - 676307,

മലപ്പുറം.


Phone: 9496844773,9446977938
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.