പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സത്യാന്വേഷണപരീക്ഷകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അപ്പൻ തച്ചേത്ത്‌

വസന്തമിടം വലം

പീലിക്കെട്ടുഴിയുന്നു

തടിനീതടങ്ങളിൽ

താലദീപങ്ങൾ നീളെ!

സഹസ്രാരവിന്ദങ്ങൾ

സഹസ്രനാമാർച്ചന!

പുലരിത്തിടമ്പേന്തി

നീങ്ങുന്ന മേഘാംബരം!

വിടരും പൂക്കൾക്കുമ്മ

വാത്സല്ല്യസ്‌പർശം മഴ

വില്ലിനാൽ നെയ്യും സ്വർണ്ണ

പട്ടുത്തരീയം ചാർത്തി

നില്‌ക്കുന്നൂ കവി; സ്‌നേഹം

ഗായകൻ മനസ്സിന്റെ

തൊട്ടിലിൽ താരാട്ടിന്റെ

ഈണവുമായിട്ടെന്നും!

സ്‌നേഹിക്കാൻ മാത്രമെന്നും

പഠിച്ചൂ, വെറുക്കുവാ

നാവതില്ലാതെയെന്നും

സ്‌നേഹിച്ചു മരിച്ചവൻ

കാരുണ്യമെന്നുംകടം

കൊടുത്തു പകരമീ

കാലുഷ്യം വിലകൊടു

ത്തെടുത്തൂ കവീശ്വരൻ

നാമമോതുവാൻ മാത്രം

പഠിച്ചു കാലത്തിന്റെ

തിന്മകളറിഞ്ഞില്ല,

പിൻവിളികേട്ടേയില്ല

സഞ്ചാരം തുടർന്നേപോയ്‌

സഞ്ചിതസംസ്‌കാരത്തിൻ

സന്ദേശമെന്നും നല്‌കി

സംഗീതസാന്ദ്രം ജന്മം!

സ്വാർത്ഥത, കുടിലത

സോഛാധിപത്യം കക്ഷി

രാഷ്‌ട്രീയ ചടുലത

കൊടിയ പാപക്കറ

ജീവിതം മലീമസ

മാകീടും നാടും നാടു

കാടാക്കിമാറ്റും ജന

കിങ്കരനമാരും ചേർന്നു

നരകം നമുക്കെന്നും

കാണിച്ചുതരും നിത്യ

ദുരിതം വിതയ്‌ക്കുന്നു

ശാപഭൂമിക വീണ്ടും!

കലയെകാലത്തിനെ

ജന്മനാടിനെ രാഗ

മധുരം മനസ്സിനെ

ഭാഷയെ നീ ലാളിച്ചൂ!

വയമ്പും തേനും നാവിൽ

പകർന്നൂ വേദവ്യാസ

പദവിന്യാസം കേട്ടു

സർഗ്ഗ മണ്ഡലങ്ങളിൽ!

ഭാഷയിൽ കളിയച്ഛൻ

ഭാവുകപ്രഭമാടി

വേശല സ്വപ്‌നങ്ങൾക്കു

ചരിത്രം - സങ്കീർത്തനം!

കാളിദാസനും ഭവ

ഭൂതിയും വാത്മീകിയും

പൂന്താനമേകും പൂന്തേൻ

കണവും പുണ്യാഹവും

മാമക മലയാള

നാടിനുനല്‌കീ ജന്മ

പൈതൃകം തിരുമുമ്പിൽ

നമിപ്പൂ മമ ശീർഷം!

അപ്പൻ തച്ചേത്ത്‌

Sithara,

P.O.Kochi University,

Kochi - 682 022.


Phone: 0484 557916
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.