പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

എന്റെ മാവേലി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കണ്ണൻ തട്ടയിൽ

നേരമധികം പുലരും മുമ്പേ, തോടികടന്നിട-

വഴിയിലേക്കുതിർന്നു വീണതാരാണ്‌?

പൂത്തുമ്പികളോടു ചോദിച്ചതും; അവർ

കാറ്റിനോടു പിണക്കമെന്നോതിയകന്നു.

കുറ്റിച്ചൂലുകൊണ്ട്‌ അമ്മ കുറേനേരം കുത്തി

വിളിച്ചിട്ടും ചുരുണ്ടുകൂടിത്തന്നെ

നെറ്റിയിൽ പൂക്കളപ്പൊട്ടിടാത്തത്തിന്റെ

പരിഭവംകാണും; മുറ്റം മോഹിച്ചിരുന്നുമില്ല.

ചെടികൾ മുമ്പേ പറഞ്ഞിരുന്നത്രെ

ഞങ്ങളിനി പുഞ്ചിരിവിടർത്തുകയില്ലെന്ന്‌

ചിരിമായും മുമ്പേ ഇറുത്തെടുത്തു കൊതി

മാറിയില്ലേ; ഇനി പിഴുതെറിഞ്ഞാലും നാട്യമില്ല

പിന്നിൽ പുകപറത്താതെ കഴുത്തുനീട്ടി ചിമ്മിനി

പിറുപിറുത്തെറിയുന്നത്‌ വീടിന്റെ വിഷമം

കരിയിൽ കുളിക്കാത്ത അടുപ്പുകല്ലിന്റെ നൊമ്പരം

ഓർമ്മകളുടെ വേരറുത്തതിനാൽ, എത്ര എളുപ്പം

പറമ്പിലെ വാഴകൾ കൈകൾ നീട്ടിവിളിക്കുന്നു

ഈ കൈകൾ വെട്ടിയെടുക്കാൻ സമ്മതമത്രെ

ഇല്ല; നിങ്ങൾക്കു നോവുമെന്നു കളവു പറഞ്ഞു

വഴി നോക്കി നടക്കാനോതി കരംകവർന്നെടുത്തതും

പിന്നോട്ട്‌ നോക്കി മുന്നോട്ടു പിച്ചവെച്ചു വീണ്ടും.

പുതുപുത്തൻ ചേലകൾ തിരുകി നിറവയറുമായ്‌

കടയുടെ വാതിൽ തുറന്നു തന്ന ഓലക്കുടക്കാരൻ-

കുടവയറൻ ബഹുകേമം “ദേ ഇതല്ലേ മാവേലി?”

“ഇന്നാണു കുഞ്ഞേ ഓണം” നിർവികാരം മാത്രം

നോട്ടം ഇരുവശങ്ങളിലേക്കും ഉഴിഞ്ഞെറിഞ്ഞ്‌

ചൂണ്ടുവിരൽ അമ്മ പിടിച്ചു താഴ്‌ത്തി.

പുസ്‌തകത്താളുകളിലെ ചില ചുക്കിച്ചുളുങ്ങിയ ചിത്രങ്ങൾ...

പൂക്കളം, ഊഞ്ഞാൽ, ഓണസദ്യ, ഓണപ്പുടവ, ഓണക്കളികൾ....

തിരികെ വരുമ്പോൾ മാവേലി സ്വകാര്യമോതി

“പൂത്തനിട്ടിരിക്കണം” കുടവയർ ഒന്നമർത്തി തിരുമ്മി

“ഇത്‌ ഓണക്കളിയാണു കുഞ്ഞേ”

ഇന്നത്തെ അന്നമെന്നമ്മയുടെ ആത്മഗതവും

“ഇതാണോമ്മേ ഓണസദ്യ ”നല്ല നനവ്‌

“വീടായവീടെല്ലാം കയറി ഓണമിങ്ങെത്തിയപ്പോഴേക്കും

നേരം വൈകിയതാ കുഞ്ഞേ; ഇത്ര രാതിയിൽ....”

ചിലവരികൾ പൂർത്തിയാകാറില്ലല്ലോ......?

ഇന്നും ഇരുളിലേക്കുതലപൂഴ്‌ത്തി ഉണർന്നിരിക്കും

ഓണനിലാവു ചൂടിയ കറുത്തകുട മടക്കി

എന്റെ മാവേലി വരുന്നതും കാത്ത്‌.

വിയർത്തൊലിച്ച വെയിലൊട്ടിയ ഉടഞ്ഞ വയറ്‌

ഒരു പകലത്രയും എങ്ങനെ നിറച്ചുനിർത്തിയാണ്‌

അച്ഛന്‌ മാവേലിയാടിയാതെന്ന്‌ ഇന്നും.....

“മുമ്പേ അച്ഛനെയും ആരോ ചവുട്ടിതാഴ്‌ത്തിയിരുന്നത്രേ”

ഇരുളിൽ നിന്ന്‌ ഒരു നേർത്ത ഗദ്‌ഗതം

“അത്‌ ആരും അറിയാത്ത രഹസ്യം”

അതോ അതായിരുന്നോ വിശപ്പും അന്നവും?

കണ്ണൻ തട്ടയിൽ


Phone: 9539869268
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.