പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഒരു പാറാവുകാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കവിത

ഒരു പാറാവുകാരൻ......

ദിവസങ്ങളോരോന്നിലും

ഒരറ്റംമുതൽ മറ്റേ അറ്റം വരെ

മിഴികൾകൊണ്ട്‌ വിനാഴികകളെണ്ണി

മൗനം സമയത്തിന്‌ പകുത്ത്‌

മനസ്സ്‌ ജാഗ്രത്തിൽ കൊരുത്ത്‌

ജീവിതത്തിന്റെ തുരുത്തിൽ

ഒരേകാകിയെപ്പോലെ......

ഒരു പാറാവുകാരൻ.....

മരണം കണക്കുപറയുന്നിടത്ത്‌;

ചോരമണം പൂക്കുന്നിടത്ത്‌;

തെരുവിൽ; നിശ്ശബ്‌ദ രാത്രിയിൽ;

നഗരവിലാപങ്ങൾക്ക്‌ നടുവിൽ;

തലവിണ്ടുകീറിയ പകലിന്നോടൊപ്പം

നിലയറ്റ നിലവിളികളിൽ മുങ്ങി

പാതിവെന്ത കബന്ധങ്ങൾക്ക്‌ മുന്നിൽ

ക്രൂശിതകാലത്തിന്റെ ദുഷ്‌ടസന്തതിയെപ്പോലെ....

ഒരു പാറാവുകാരൻ....

മണ്ണിന്റെ ആർദ്രതയുടേയും

സ്‌നേഹത്തിന്റെ ഉർവ്വരതയുടേയും

തിരിച്ചെടുപ്പിന്‌ വേണ്ടിയായിരിക്കണം...

കെട്ടടങ്ങിയ കിനാവുകളുടെ

തിരുശേഷിപ്പിനായിരിക്കണം...

ഈ തീനാളങ്ങൾക്ക്‌ മീതെ

നിലയുറപ്പിച്ച്‌

ജീവിതത്തിന്റെ തുരുത്തിൽ ഒരേകാകിയെപ്പോലെ....,

ക്രൂശിതകാലത്തിന്റെ ദുഷ്‌ടസന്തതിയെപ്പോലെ....

ഓരോ പാറാവുകാരനും

മരിച്ചുകൊണ്ടിരിക്കുന്നു.

കാവൽനഷ്‌ടപ്പെട്ട കോട്ട

മണ്ണടിഞ്ഞുതീരും വരെ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.