പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കാളിയുടെ ‘ചാമിക്കല്ല്‌’ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമായപ്പോൾ > കൃതി

രണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുന്നുകുഴി എസ്‌.മണി

ഇപ്പോൾ തിരുവനന്തപുരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പഴയകാലത്ത്‌ അനന്തൻ കാട്‌ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വനപ്രദേശമായിരുന്നു. (അതിനു കിഴക്കുഭാഗമെല്ലാം കാന്തളൂർ എന്നാണ്‌ ഒൻപതാം നൂറ്റാണ്ടുവരെയും അറിയപ്പെട്ടിരുന്നത്‌.) അക്കാലത്ത്‌ തങ്ങളുടെ കുടിലിന്‌ ചുറ്റുമുള്ള വിശാലമായ വയലുകളിൽ (പുത്തരിക്കണ്ടം) കൃഷി ചെയ്ത്‌ ഉപജീവനം നടത്തിപോന്നിരുന്ന ഒരു പുലയനും (പെരുമാട്ട്‌ അയ്യനും) അയാളുടെ ഭാര്യയും (പെരുമാട്ടു കാളി) ഈ കാട്ടിൽ വസിച്ചിരുന്നു. ഒരു ദിവസം പുലയന്റെ ഭാര്യ വയലിൽ കള പറിച്ചുകൊണ്ടിരുന്ന സമയത്ത്‌ ഒരു രോദനം കേൾക്കുകയും, അന്വേഷണത്തിൽ അതൊരു ശിശുവാണെന്ന്‌ മനസ്സിലാവുകയും ചെയ്‌തു.

എന്നാൽ അതൊരു ദിവ്യ ശിശുവാണെന്നു കരുതി അതിനെ സ്പർശിക്കുവാൻ ആദ്യം പുലയസ്‌ത്രീ മടിച്ചു. എങ്കിലും ഉടനെ പോയി കുളിച്ചുവന്ന്‌ കുട്ടിക്കു മുലകൊടുത്തു. എന്നിട്ട്‌ അതിനെ ഒരു വലിയ വൃക്ഷത്തിന്റെ തണലിൽ കൊണ്ടുചെന്ന്‌ കിടത്തി. അവൾ പോയിക്കഴിഞ്ഞ ഉടൻ ആ ശിശു വിഷ്ണുവിന്റെ അവതാരമായിരുന്നതു കൊണ്ട്‌ അഞ്ചുതലയുള്ള ഒരു സർപ്പം (അനന്തൻ) അതിനെ ഒരു വൃക്ഷകോടാരത്തിലേക്കു മാറ്റി മീതെ അതിന്റെ ഫണം വിടർത്തി നിന്ന്‌ അതിനെ സംരക്ഷിച്ചു. അവിടെ വച്ച്‌ പുലയനും ഭാര്യയും ഒരു ചിരട്ടയിൽ പാലും കഞ്ഞിയും ശിശുവിന്‌ നൽകിവന്നു. ഈ വിവരം തിരുവിതാംകൂർ മഹാരാജാവ്‌ അറിയാൻ ഇടവരുകയും അവിടെ ഒരു ക്ഷേത്രം പണിയാൻ ആജ്ഞ നൽകുകയും ചെയ്തു. (തിരുവിതാംകൂർ മഹാരാജാവല്ല ശ്രീ പത്മനാഭസ്വമി ക്ഷേത്രം പണികഴിപ്പിച്ചത്‌. വേണാടിന്റെ വീരചരിതം രചിച്ച മഹാദേവദേശായിക്ക്‌ തെറ്റിയതാണ്‌. അല്ലെങ്കിൽ ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചതാകാം.) ഇനി മറ്റൊരു കഥ പറയുന്നത്‌ അനന്തൻ കാട്ടിൽ പുല്ലരിഞ്ഞുകൊണ്ട്‌ നിൽക്കുമ്പോൾ പെരുമാട്ടുകാളിയുടെ അരിവാൾ മണ്ണിൽ പുതഞ്ഞുകിടന്ന ഒരു കല്ലിൽ കൊണ്ട്‌ രക്തം വാർന്നു വരുകയും, വിവരം അറിഞ്ഞെത്തിയ അന്നത്തെ ഭരണാധികാരി അവിടെ ഒരു ക്ഷേത്രം പണികഴിപ്പിച്ചുവെന്നും അതാണ്‌ പിൽക്കാലത്ത്‌ പ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമായി തീർന്നതെന്നുമാണ്‌. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുടെ ഉത്ഭവം പുലയിയോ, പുലയരോ കല്ലിൽതട്ടി ചോരവാർന്ന കഥകളിൽ നിന്നാണ്‌. ഇല്ലാത്ത കഥയ്‌ക്ക്‌ ഒരു കഥയുണ്ടാക്കുന്ന വിദ്യ പഴയ ചരിത്രകാരൻമാരുടെ ഒരു സ്ഥിരം പതിവായിരുന്നു. ഇത്രയേറെ ഐതിഹ്യങ്ങളും, കഥകളും പറഞ്ഞുകേട്ടപ്പോഴും അവയിലെല്ലാം നിഴലിക്കുന്ന ഒരു ചരിത്ര സത്യമുണ്ട്‌. ‘പെരുമാട്ടു കാളി !’ അവരാണ്‌ യഥാർത്ഥത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രോല്പത്തിയുടെ കാരണക്കാരിയും അവകാശിയും.

പെരുമാട്ടുകാളിയുടെ ചരിത്രമിങ്ങനെയാണ്‌. വളരെ പണ്ട്‌ എന്നുപറയുമ്പോൾ നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ അനന്തപുരിയെന്ന ഇന്നത്തെ തിരുവനന്തപുരം വൻകാടുകൾകൊണ്ട്‌ നിബദ്ധമായ ഒരു വനപ്രദേശമായിരുന്നു. അനന്തൻകാടെന്നായിരുന്നു പഴമക്കാരിൽ നിന്ന്‌ പറഞ്ഞുകേട്ട പേര്‌. ഒരു കാലഘട്ടത്തിൽ ഈ കാട്ടുപ്രദേശങ്ങളിൽ അധിവസിച്ചിരുന്നത്‌ ആദിമനിവാസികളിൽപ്പെട്ട പുലയ കുടുംബങ്ങളായിരുന്നു. അവർ അന്നത്തെ പരിതസ്ഥിതിക്കനുസരണമായി കുടിലുകൾ തീർത്ത്‌ അങ്ങിങ്ങായി പാർത്തു കൊണ്ടിരുന്നു. അനന്തൻകാടിനൊപ്പമുണ്ടായിരുന്ന പുത്തരിക്കണ്ടത്തെ നെൽവയലുകളിൽ കൃഷിചെയ്‌താണ്‌ ഈ പുലയകുടുംബങ്ങൾ ജീവിതം പുലർത്തിയിരുന്നത്‌.

അവരിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന ഒരു കുടുംബമായിരുന്നു പെരുമാട്ട്‌ തറവാട്‌. അവിടത്തെ തലമൂത്ത കാരണവത്തി സ്ഥാനം വഹിച്ചിരുന്നത്‌ ‘കാളി’യെന്ന സ്‌ത്രീയാണ്‌. അതുകൊണ്ടുതന്നെ അവർ പെരുമാട്ടുകാളിയെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഭർത്താവ്‌ പെരുമാട്ട്‌ അയ്യനും.

ആദിമനിവാസികളിൽപ്പെടുന്ന പുലയരുടെ ആരാധനകളിൽ നാഗാരാധനയും ഉൾപ്പെട്ടിരുന്നു. കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന നാഗാരാധന ബുദ്ധമതത്തിന്റെ സംഭാവനയെന്നാണ്‌ പറയുന്നതെങ്കിലും ഇത്‌ ശരിയല്ലെന്നാണ്‌ ‘കേരള സംസ്‌ക്കാരം’ എന്ന ഗ്രന്ഥത്തിൽ (പേജ്‌ഃ 26) എ. ശ്രീധരമേനോൻ പറയുന്നത്‌. ബുദ്ധമതത്തിനു മുൻപുതന്നെ കേരളത്തിലെ ആദിമനിവാസികൾക്കിടയിൽ നാഗാരാധന ഒരു പ്രമുഖഘടകമായി നിലനിന്നിരുന്നു. കാട്ടിലും, മേട്ടിലും ജീവിതം കണ്ടെത്തിയ ആദിമനിവാസികളിൽ സർപ്പം തുടങ്ങിയ ഇഴജന്തുക്കൾ സൃഷ്‌ടിച്ച ഭയത്തിൽ നിന്നാണ്‌ ഈ ആരാധനാസമ്പ്രദായം അവർക്കിടയിൽ പ്രബലപ്പെടുവാൻ തുടങ്ങിയത്‌. ഒരു പക്ഷേ കേരളത്തിലെത്തിയ ബുദ്ധമത അനുയായികൾ പുലയർ തുടങ്ങിയ ആദിമനിവാസികളുടെ നാഗാരാധന സമ്പ്രദായം സ്വീകരിച്ചുവെന്നതാവും ഏറെ ശരി. അതേസമയം സംഘകാലഘട്ടത്തിൽ നാഗാരാധന ഉണ്ടായിരുന്നില്ലെന്നും ശ്രീധരമേനോൻ പറയുന്നുണ്ട്‌.

പുലയരുടെ തലമൂത്ത കാരണവത്തിയായ പെരുമാട്ടുകാളിയുടെ വീട്‌ (കുടിൽ) നിലനിന്നിരുന്നത്‌ ഇന്ന്‌ പത്മനാഭസ്വാമി ക്ഷേത്രം നിലനിൽക്കുന്ന ഭാഗത്തായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഇലിപ്പ വൃക്ഷച്ചുവട്ടിൽ കാളി തന്റെ കുടുംബഭദ്രയായ നാഗത്തെ കുടിയിരുത്തി ഒരു ശില (ചാമിക്കൽ = ചാമി + കൽ= ഈശ്വരബിംബം) സ്ഥാപിച്ച്‌ നിത്യവും പൂജാദികർമ്മങ്ങൾ അനുഷ്‌ഠിച്ചു പോന്നിരുന്നു. തന്റെ വയലായ പുത്തരികണ്ടത്തിൽ നിന്നും കൃഷിചെയ്‌ത്‌ കിട്ടുന്ന നെല്ല്‌ കൈകുത്തിൽ വച്ച്‌ ഞെരടിതൊലിച്ച്‌​‍്‌ (പാതി തൊലിച്ചതും പാതിതൊലിയാത്തതുമായ നെല്ലരി) കണ്ണൻ ചിരട്ടയിൽ വച്ച്‌ നിവേദ്യം കഴിച്ചിരുന്നു. വിശേഷപ്പെട്ട ചാമിക്കല്ലും, അവിടത്തെ ആരാധന വിശേഷവും കേട്ടറിഞ്ഞ്‌ വിഴിഞ്ഞം തലസ്ഥാനമായി എ.ഡി 580 മുതൽ 630 വരെ ഭരണം നടത്തിയ മഹേന്ദ്ര(വർമ്മൻ) ഒന്നാമൻ എന്ന അജയ്‌ രാജാവ്‌ പെരുമാട്ടുകാളിയെ സന്ദർശിച്ച്‌ ചാമിക്കല്ലും അത്‌ സ്ഥിതി ചെയ്‌തിരുന്ന പ്രദേശവും വാങ്ങി ഒരു മൺക്ഷേത്രം നിർമ്മിച്ച്‌ അനന്തനെന്ന നാഗരെ പ്രതിഷ്‌ഠിക്കുകയാണുണ്ടായത്‌. അന്ന്‌ വള്ളുവരാജാക്കൻമാരുടെയും അജയ്‌ രാജാക്കൻമാരുടെ ഭരണകാലമായിരുന്നു. ഈ കാരണത്താലാകണം അജയ്‌ രാജാക്കൻമാരുടെ കുലദൈവസ്ഥാനം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ ആദ്യകാലത്തുണ്ടായത്‌. മൂഞ്ചിറയ്‌ക്കടുത്ത്‌ ഉഴൈക്കുടി വിളയിൽ അജയ്‌ രാജാവായ കരുനന്തടക്കൻ എ.ഡി. 866-ൽ പാർത്ഥിവശേഖരപുരം ക്ഷേത്രം പണികഴിപ്പിച്ചതായി കാണുന്നു. ആ കാലഘട്ടത്തിൽ തന്നെയാകണം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും സ്ഥാപനമെന്നും പറയപ്പെടുന്നുണ്ട്‌. എ.ഡി. അഞ്ചാംനൂറ്റാണ്ടിനും ആറാംനൂറ്റാണ്ടിന്റെ ആരംഭകാലത്തുമാകണം യഥാർത്ഥത്തിൽ പത്മനാഭസ്വമി ക്ഷേത്രത്തിന്റെ നിർമാണകാലഘട്ടമെന്നത്‌. അതല്ലാതെ വില്വമംഗലത്ത്‌ ദിവാകരമുനിയെന്ന ബ്രാഹ്‌മണനല്ല ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നിർമ്മിച്ചത്‌. 10-​‍ാം നൂറ്റാണ്ടോടുകൂടിയാണ്‌ ആര്യ ബ്രാഹ്‌മണർ കേരളത്തിൽ എത്തുന്നതുതന്നെ. പത്താം ശതകത്തിൽ കേരളത്തിലെത്തിയ ബ്രാഹ്‌മണർ അഞ്ചാംനൂറ്റാണ്ടിൽ പത്മനാഭസ്വാമി ക്ഷേത്രം നിർമ്മിച്ചുവെന്നത്‌ നുണക്കഥയല്ലാതെ മറ്റൊന്നുമല്ല. എന്നിട്ടും യാഥാർത്ഥ്യം മറച്ചു പിടിച്ച്‌ ആ നുണകഥകൾ തന്നെ ഇന്നും ജനങ്ങൾ വിശ്വസിക്കുന്നു. പരശുരാമൻ മഴുവെറിഞ്ഞ്‌ കേരളം സൃഷ്‌ടിച്ച നുണകഥപോലെ യഥാർത്ഥത്തിൽ പെരുമാട്ടുകാളി പുലയിയുടെ ഈശ്വരബിംബമായ ‘ചാമിക്കല്ലാണ്‌’ പിൽക്കാലത്ത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമായി തീർന്നത്‌. അനന്തൻ (സർപ്പം) ധാരാളം ഉണ്ടായിരുന്നതു കൊണ്ടാണ്‌ അനന്തൻകാടെന്ന പേരുപോലും തിരുവനന്തപുരത്തിനുണ്ടായത്‌.

ഈ പരദൈവസ്ഥാനമായ ചാമിക്കല്ലും ഒരു പ്രദേശവും വിട്ടുകൊടുത്തതിന്‌ പ്രത്യുപകാരമായിട്ടാണ്‌ പെരുമാട്ടു കാളിക്കും കുടുംബത്തിനും പുത്തരിക്കണ്ടം മുതൽ കിഴക്ക്‌ കിള്ളിപാലം വരെയുള്ള 75 ഏക്കർ നെൽപ്പാടങ്ങൾ കരമൊഴിവാക്കി മഹേന്ദ്രവർമ്മൻ ഒന്നാമൻ കല്പിച്ചുകൊടുത്തത്‌. കൂടാതെ ക്ഷേത്രനിവേദ്യത്തിന്‌ നെല്ലുകുത്താനുള്ള അവകാശവും രാജാവ്‌ കൽപ്പിച്ചുകൊടുത്തതായി ക്ഷേത്രം വക പഴയ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിരുന്നു. മഹേന്ദ്രവർമ്മന്റെ കാലത്തുതന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓരോ ദിവസവും ഓരോ പിടി അരിവീതം നിവേദ്യത്തിന്‌ നൽകിവന്നിരുന്ന മറ്റ്‌ പന്ത്രണ്ട്‌ പുലയ തറവാട്ടുകാർക്ക്‌ ഓരോ കുടിക്കും അഞ്ചേക്കർ നിലം വീതവും നൽകിയിരുന്നതായി കെ. ഹരിഹരകൃഷ്‌ണയ്യൻ കേരളകൗമുദിയിലെ ലേഖനത്തിൽ രേഖപ്പെടുത്തുന്നതായി വ്യക്തമാക്കിയിട്ടുണ്ട്‌. പെരുമാട്ടുകാളിയുടെ കാലത്ത്‌ അവരുടെ വംശപരബരയിൽ നിന്നും ജനിച്ചവരാണ്‌ പുലയനാർകോട്ട ആസ്ഥാനമായും ഇളവള്ളുവനാട്ടിൽപ്പെട്ട കോതമംഗലം ആസ്ഥാനമാക്കിയും രാജ്യം ഭരിച്ചിരുന്ന പുലയരാജാവും, പുലയറാണിയും.

Previous Next

കുന്നുകുഴി എസ്‌.മണി

വിലാസം

കുന്നുകുഴി എസ്‌.മണി,

ടി.സി. 13&389, എം.ആർ.എ. 135,

മണക്കുന്നിൽ ഹൗസ്‌,

കുന്നുകുഴി പി.ഒ.

തിരുവനന്തപുരം - 37.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.