പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഓർമ്മകളുടെ സിന്ദൂരച്ചെപ്പ്‌ > കൃതി

എന്റെ സിന്ദൂരച്ചെപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തോമസ്‌ മാത്യു പാറയ്‌ക്കൽ

അസ്‌മാറാ (ASMARA) യുടെ സുന്ദരമായ വീഥികളിൽ കൂടിയുള്ള ഒരു സഞ്ചാരം ഇറ്റലിയിലെ റോമാ നഗരത്തിൽ കൂടിയുള്ള ഒരു കറക്കമാണന്ന്‌ തോന്നും. അസ്‌മാറാ നഗരം ഇറ്റലിക്കാർ നിർമ്മിച്ചതാണ്‌. റോമാനഗരത്തിന്റെ മാതൃകയിൽ. ഇരുവശങ്ങളിലുമുള്ള വ്യാപാരകേന്ദ്രങ്ങൾ, കോഫീ ബാറുകൾ, തുണിക്കടകൾ ഇവ നിയന്ത്രിക്കുന്നത്‌ (1970) ഇറ്റലിക്കാർ തന്നെയാണ്‌. ഇന്ന്‌ ഇറിട്രിയുടെ തലസ്‌ഥാനമാണീ നഗരം.

വിവിധ ഹോട്ടലുകൾ

ഇറ്റാലിയൻ ഭാഷയിൽ “പെൻസിയോണേ” (PENSIONE) എന്നു പറഞ്ഞാൽ ഹോട്ടൽ എന്നാണർത്ഥം. കൊല്ലങ്ങൾക്കുമുമ്പു നിർമ്മിക്കപ്പെട്ട ഹോട്ടലുകളും, ഉല്ലാസകേന്ദ്രങ്ങളും ധാരാളമുണ്ട്‌. ഏറ്റവും പ്രധാനപ്പെട്ട ഹോട്ടലാണ്‌ “ഹാമാസിയോൺ” വളരെ മനോഹരമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്‌. വിദേശികൾ വന്നാൽ സാധാരണയായി ഇവിടെ താമസിക്കുന്നു.

മറ്റൊരു ഹോട്ടലാണ്‌ ചൗ (chou) യാത്രാവന്ദനം എന്നാണ്‌ ഈ പദത്തിന്റെ അർത്ഥം. ഇതിന്റെ വാതിക്കൽ നമ്മെ സ്വീകരിച്ചുകൊണ്ട്‌ എപ്പോഴും ഒരു സുന്ദരി ഉണ്ടാകും. പ്രഭാതമെങ്കിൽ “ബൊഞ്ചോർണോ” (Good Morning) പറഞ്ഞ്‌ സ്വീകരിക്കുന്നു. (ഇറ്റാലിയൻ ഭാഷ) സായാഹ്നമെങ്കിൽ “ബോണാസെരാ” (Good Evening) പറഞ്ഞും രാത്രി പിരിയുമ്പോൾ അവർ “ബോണോനോത്തേ” (Good Night) പറയുന്നു. അസ്‌മാറായിലെ രണ്ടുകൊല്ലത്തെ താമസത്തിനിടയിൽ ഇറ്റാലിയൻ ഭാഷ ചെറുതായി കൈകാര്യം ചെയ്യാൻ പഠിച്ചു. സംഗീതാത്മകമായ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നതു കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും. ഒരു ഗാനം പോലെ ഒഴുകുന്ന ഭാഷ. എല്ലാ കാര്യങ്ങളും വളരെ ചിട്ടയായി ചെയ്യുന്ന ഒരു കൂട്ടരാണ്‌ ഇറ്റലിക്കാർ.

മുസ്സോളിനിഃ- ഇദ്ദേഹത്തെ നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ടായിരിക്കുമല്ലോ. എത്യോപ്യയുടെ വടക്കൻ തീരം ഇറ്റലിക്കാർ ആക്രമിച്ച്‌ കീഴടക്കിയത്‌ ഈ സ്വേഛാധിപതിയുടെ കാലത്താണ്‌. 10 കൊല്ലം അവർ എത്യോപ്യയുടെ വടക്കൻ പ്രവിശ്യകൾ ഭരിച്ചു. ആ ഒരു “ഇറ്റാലിയൻ ടച്ച്‌ നമുക്ക്‌ ഇന്നും അവിടെ കാണുവാൻ പറ്റും. 1970 കളിൽ കുതിര വണ്ടിക്കാർ, ബാർബറൻമാർ, മീൻകച്ചവടക്കാർ ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും ഇറ്റലിക്കാർ അവിടെ ഉണ്ടായിരുന്നു. ഞാൻ എന്റെ ചെറിയ രീതിയിലുള്ള ഇറ്റാലിയൻ ഭാഷപഠിച്ചത്‌ എന്റെ മുടിവെട്ടുകാരനായ ഇറ്റലിക്കാരനിൽ നിന്നായിരുന്നു.

ഇറ്റാലിയൻ സംസ്‌ക്കാരം

ഇറ്റലിക്കാർ മിതവ്യയം ഇഷ്‌ടപ്പെടുന്നവരാണ്‌. വലിയ അടിപൊളി ജീവിതമൊന്നും അവർക്ക്‌ താല്‌പര്യമില്ല. പരിശ്രമശാലികളായ ഇവർ ഏതു ജോലി ചെയ്‌തും ഉപജീവനം നടത്തുന്നു.

മിശ്രവിവാഹംഃ പണ്ടുകാലത്തു വന്ന ഇറ്റാലിയൻ പട്ടാളക്കാരും, മറ്റു ജോലിക്കാരും എത്യോപ്യൻ സ്‌ത്രീകളെ വിവാഹം ചെയ്‌ത്‌ ഇറിട്രിയൻ പ്രവിശ്യയിൽ താമസമാരംഭിച്ചു. അവരുടെ പിൻഗാമികൾ ഇപ്പോഴും ഇറിട്രിയൻ റിപ്പബ്ലിക്കിന്റെ ഭാഗങ്ങളിലായി കഴിഞ്ഞുകൂടുന്നു.

മസ്സാവാ

എത്യോപ്യയിൽ രണ്ട്‌ തുറമുഖങ്ങളാണുള്ളത്‌. ഒന്ന്‌ തെക്കേ എത്യോപ്യയിലുള്ള ആസബ്‌ (ASSAB) രണ്ട്‌ ഇറിട്രിയൻ റിപ്പബ്ലിക്കിലുള്ള (സ്വതന്ത്രരാഷ്‌ട്രമായത്‌ 15 കൊല്ലങ്ങൾക്കു മുമ്പാണ്‌) മസ്സാവാ (MASSAWA). ഇവിടെ എല്ലാ സ്‌കൂളുകളിലും ഇന്ത്യൻ അദ്ധ്യാപകർ സേവനമനുഷ്‌ഠിക്കുന്നുണ്ടായിരുന്നു.

1972-ൽ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതുവരെ ഞങ്ങൾ അസ്‌മാറായിൽ സുഖമായി താമസിച്ചു. നഗരത്തിലെ ഹെയിലി സല്ലാസി സ്‌കൂളിലായിരുന്നു എനിക്ക്‌ ജോലി. മറ്റൊരു പ്രധാനപ്പെട്ട വിദ്യാലയമായിരുന്നു പ്രിൻസ്‌ മക്കോണൻ സ്‌കൂൾ. ഇന്ത്യൻ അദ്ധ്യാപകരെ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കും വളരെ ഇഷ്‌ടമായിരുന്നു. പ്രത്യേകിച്ചും ഗണിതശാസ്‌ത്രം (Maths) ബാക്കി സയൻസ്‌ വിഷയങ്ങൾ പഠിപ്പിക്കുന്ന ഇന്ത്യൻ അദ്ധ്യാപകർ വളരെ ജനപ്രിയരായിരുന്നു. നമ്മുടെ സ്‌ത്രീജനങ്ങളും ധാരാളമായി അവിടെ ഉണ്ടായിരുന്നു. ഇന്ത്യൻ സംസ്‌കാരവും, പൈതൃകവും അവരുടെ കുട്ടികളെ നല്ല പോലെ സ്വാധീനിച്ചു. ഞങ്ങളോട്‌ ഇടപഴകുവാനും നമ്മുടെ സാംസ്‌കാരികപൈതൃകം ഗ്രഹിക്കുവാനും അതീവതല്‌പരരായിരുന്നു ആ നാട്ടുകാർ.

വിപ്ലവം - തെരുവ്‌ യുദ്ധങ്ങൾ

1971-ൽ ആരംഭിച്ച എത്യോപ്യൻ വിപ്ലവം ഏകദേശം നാലു വർഷം നീണ്ടുനിന്നു. ഈ കാലഘട്ടത്തിൽ നാട്ടുകാരുടെ കൂടെ ഇന്ത്യാക്കാരും വളരെയധികം കഷ്‌ടപ്പെട്ടു.

ഏകദേശം പത്തു ദിവസങ്ങൾക്കു ശേഷം ഞങ്ങളെ എല്ലാവരേയും എത്യോപ്യയുടെ തലസ്‌ഥാനമായ ആഡിസ്‌ അബാബയിലേക്കു വിമാനമാർഗ്ഗം മാറ്റി. അങ്ങനെ ഞങ്ങൾ വളരെയധികം ദുഃഖത്തോടെ ഈ മനോഹരമായ എത്യോപ്യൻ പറുദീസായോട്‌ യാത്ര പറഞ്ഞു.

Previous Next

തോമസ്‌ മാത്യു പാറയ്‌ക്കൽ

വൈ.എം.സി.എ റോഡ്‌, മുവാറ്റുപുഴ - 686 661.


Phone: 0485- 2832693




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.