പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഓർമ്മകളുടെ സിന്ദൂരച്ചെപ്പ്‌ > കൃതി

എന്റെ സിന്ദൂരച്ചെപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തോമസ്‌ മാത്യു പാറയ്‌ക്കൽ

പ്രകൃതി സുന്ദരമായ ഡെസ്സി പട്ടണം വൊള്ളോ പ്രോവിൻസിന്റെ തിലകക്കുറിയാണ്‌. അംബരചുംബികളായ പർവ്വതനിരകൾ തന്നെയാണ്‌ ഇവിടുത്തെ വിശേഷപ്പെട്ട കാഴ്‌ച, പിന്നെ എവിടെ നോക്കിയാലും ഉയരത്തിലുള്ള യൂക്കാലിപ്‌റ്റസ്‌ മരങ്ങൾ. പർവ്വതസാനുക്കളിലും, ഇട സ്‌ഥലങ്ങളിലുമായി ആട്ടിൻ പറ്റങ്ങളേയും അവയെ സംരക്ഷിക്കുന്ന ഇടയന്മാരേയും കാണാൻ പറ്റും. ഇടയ്‌ക്കിടയ്‌ക്ക്‌ കാണുന്ന ചാരനിറത്തിലുള്ള ആഫ്രിക്കൻ തത്തകൾ മനുഷ്യരോട്‌ ഇണങ്ങുന്നവയാണ്‌.

നീണ്ട വെള്ള വസ്‌ത്രങ്ങളാണ്‌ സാധാരണ ജനങ്ങൾ ധരിക്കുന്നത്‌. (കുർത്താ). കമ്പിളി വസ്‌ത്രങ്ങൾ ധരിക്കാതിരിക്കാൻ കാരണം അവരുടെ ദാരിദ്ര്യം മാത്രമാണ്‌. പണക്കാർ കോട്ടും, സൂട്ടുമണിഞ്ഞ്‌ നടക്കുന്നു.

ഈ കൊച്ചു പട്ടണത്തിൽ ജനസംഖ്യ വളരെ കുറവാണ്‌ (1970 കളിൽ) ക്രിസ്‌തുമതവിശ്വാസികളും ഇസ്ലാം മതവിശ്വാസികളും വളരെ സമാധാനത്തിൽ കഴിഞ്ഞു കൂടുന്നു.

ചില ഇന്ത്യൻ വ്യാപാരികൾ ഇപ്പോഴും അവിടെ കഴിഞ്ഞു കൂടുന്നു. ധാരാളം ഇറ്റാലിയൻ കുടിയേറ്റക്കാരും എത്യോപ്യൻ സ്‌ത്രീകളെ വിവാഹം ചെയ്‌ത്‌ അവിടെ താമസിക്കുന്നു. 13000 അടി ഉയരത്തിലുള്ള ഡെസ്സിയിലെ കാലാവസ്‌ഥ അതീവ ശൈത്യം നിറഞ്ഞതാണ്‌. ജൂലൈ - ആഗസ്‌റ്റ്‌ മാസങ്ങളിൽ തിമിർത്തു മഴപെയ്യുന്നു. പക്ഷേ ഇവിടുത്തെ മണ്ണ്‌ ഒട്ടും ഫലഭൂയിഷ്‌ടമല്ലാത്തതുകൊണ്ട്‌ പച്ചക്കറികളും, പഴ വർഗ്ഗങ്ങളും ഒട്ടുംതന്നെ വളരുന്നില്ല. എല്ലാം ഇറക്കുമതി ചെയ്യുന്നു.

എത്യോപ്യ ഒന്നും തന്നെ കയറ്റുമതി ചെയ്യുന്നില്ലന്നുള്ളത്‌ ഒരു ദയനീയ സത്യമാണ്‌. അതുകൊണ്ടുതന്നെ ഒരു ദരിദ്ര്യ രാജ്യമായി അതു തുടരുന്നു. എല്ലാക്കൊല്ലവും വരുന്ന വരൾച്ച മദ്ധ്യ എത്യോപ്യയെ ദുരിതത്തിലാക്കുന്നു. മനുഷ്യർ മുതൽ ആടുമാടുകൾ വരെ ചത്തൊടുങ്ങുന്ന കാഴ്‌ചയാണ്‌ കാണാനാവുക. ഇപ്പോൾ ധാരാളമായി യു. എൻ. ധനസഹായമുള്ളതുകൊണ്ട്‌ മരണസംഖ്യ താരതമ്യേന കുറഞ്ഞിട്ടുണ്ട്‌. അയൽ രാജ്യങ്ങളായ സുഡാൻ, സോമാലിയ എന്നിവിടങ്ങളിലും ഭീകരമായ ദാരിദ്ര്യവും, പട്ടിണിയും നിത്യാവസ്‌ഥയാണ്‌.

ദുർബലമായ ഗവൺമെന്റുകൾ വന്നു പോയുമിരിക്കുന്ന എത്യോപ്യയുടെ ചരിത്രം തികച്ചും ദുരിതപൂർണ്ണമായിരുന്നു.

കേണൽ മെംഗിസ്‌തു ഹെയ്‌ലെ മറിയം

70 കളിൽ ഉദിച്ചുയർന്ന ഒരു എത്യോപ്യൻ വിപ്ലവനായകനായിരുന്നു ഇദ്ദേഹം. വിപ്ലവത്തിൽ (1970 - 72) അനേകായിരങ്ങൾ കൊല്ലപ്പെട്ടു. ആഡിസ്‌ അബാബാ നഗരത്തിൽ പട്ടാള വിപ്ലവങ്ങൾ തുടർച്ചയായി നടന്നു.

ഏറ്റവും പ്രബലനായ കേണൽ മെംഗിസ്‌തുവിനായിരുന്നു അന്തിമ വിജയം. പക്ഷേ അദ്ദേഹത്തിനും ഉറച്ച ഒരു ഭരണകൂടം സ്‌ഥാപിക്കുവാൻ സാധിച്ചില്ല. വർഷങ്ങൾക്കുശേഷം സൗദി അറേബ്യയിൽ അഭയം തേടിയ അദ്ദേഹത്തെപ്പറ്റി ഇപ്പോൾ ഒരറിവും ഇല്ല. ഹെയിലിസലാസി ചക്രവർത്തിയെ വളരെയേറെ പീഢനങ്ങൾക്കുശേഷം വധിച്ചുവെന്നാണ്‌ ചരിത്രം. ഇതിനു വളരെ മുമ്പേ തന്നെ രാജകുടുംബാംഗങ്ങൾ ഇംഗ്ലണ്ടിലേക്ക്‌ രക്ഷപ്പെട്ടിരുന്നു.

വിപ്ലവം - 1970

ഇതൊരു പട്ടാള വിപ്ലവമായിരുന്നു. സോഷ്യലിസ്‌റ്റ്‌ ചിന്താഗതി ഉണ്ടായിരുന്ന ഒരു കൂട്ടം പട്ടാള മേധാവികളാണ്‌ ഈ വിപ്ലവം നിയന്ത്രിച്ചത്‌. ഫ്യൂഡൽ സമ്പ്രദായങ്ങൾ അപ്പാടെ തകർന്നുവീണു. ഒരു കുടുംബത്തിന്‌ ഒരു വീടുമാത്രം കൊടുത്തുകൊണ്ട്‌ അനേകായിരം വീടുകൾ ദേശവൽക്കരിച്ചു. വിപ്ലവത്തിനെതിരേ നിന്ന റിബൽ നായകന്മാർകൊല്ലപ്പെട്ടു.

പട്ടാള വിപ്ലവത്തെ പലനേതാക്കളും പരസ്യമായും രഹസ്യമായും എതിർത്തു. വിദ്യാർത്ഥി നേതാക്കൾ ഉൾപ്പെടെ അനേകായിരങ്ങൾ കൊല്ലപ്പെട്ടു. എല്ലാ വിദ്യാലയങ്ങളും പട്ടാളം ഏറ്റെടുത്തു. റെഡ്‌ റ്റെററിനെതിരേ വൈറ്റ്‌ റ്റെറർ രംഗത്തുവന്നു. ഞങ്ങൾ ഇന്ത്യൻ അദ്ധ്യാപകർ വളരെ ഭയപ്പെട്ട്‌ ജീവിച്ച ഒരു കാലമായിരുന്നു അത്‌. കടകളിൽ ധാന്യങ്ങളും മറ്റും ഇല്ലാതായി. ഒരു സ്‌ഥലത്തും അരി കിട്ടാനില്ലായിരുന്നു. അതുപോലെ തന്നെ പെട്രോളും റേഷൻ ചെയ്‌തു. ഒരാഴ്‌ച 15 ലിറ്റർ മാത്രം!

രാത്രിയിൽ പീരങ്കികളുടെ ശബ്‌ദം മാത്രം - കൃത്യം 12 മണി (അർദ്ധരാത്രി)യിൽ കർഫ്യൂ ആരംഭിച്ചിരുന്നു. ഇതു ലംഘിക്കുന്നവരെ ഒരു കരുണയുമില്ലാതെ പട്ടാളക്കാർ വെടിവെച്ചുകൊന്നു.

ഒരു ഭീകരരാത്രി

“എത്യോപ്യൻ ഹെറാൾഡ്‌” എന്ന ഇംഗ്ലീഷ്‌പത്രത്തിൽ ലേഖകനായും, പ്രൂഫ്‌ റീഡറായും അക്കാലത്ത്‌ ഞാൻ ജോലി ചെയ്‌തിരുന്നു. വിപ്ലവത്തിന്റെ ആ നാളുകളിൽ എവിടെയും കൊല്ലും കൊലയും നടന്നുകൊണ്ടിരുന്നു.

ഞങ്ങൾ പ്രസ്സിലെ ജോലികഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോൾ വെളുപ്പാൻ കാലം ഏകദേശം 2 മണി കഴിഞ്ഞിരിക്കും. ഒരു രാത്രി ഞങ്ങൾ സഞ്ചരിച്ചിരുന്ന ഗവൺമെന്റ്‌ വാഹനം നിന്നുപോയി. ഡ്രൈവർ ഞങ്ങളോടെല്ലാം ഇറങ്ങി തള്ളാൻ പറഞ്ഞു. ആ സ്‌ഥലം മുഴുവനും സർക്കാർ വിരോധികളായിരുന്നു. സർക്കാർ നടത്തുന്ന പത്രത്തിന്റെ വണ്ടി അർദ്ധരാത്രികഴിഞ്ഞ്‌ തള്ളേണ്ട ഗതികേട്‌ ഒന്നോർത്തുനോക്കൂ - ഞങ്ങളുടെ ഒക്കെ കുഞ്ഞുങ്ങളുടെ ഭാഗ്യംകൊണ്ട്‌ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. തിരിച്ചു വീട്ടിൽ വന്നപ്പോൾ വെളുപ്പിന്‌ 4 മണി കഴിഞ്ഞിരുന്നു. ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും മുഖങ്ങൾ കണ്ടപ്പോഴാണ്‌ ആശ്വാസമായത്‌.

വിപ്ലവത്തിന്റെ സമയത്ത്‌ പലപ്പോഴും അർദ്ധരാത്രി കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുമ്പോൾ അനേകം ശവശരീരങ്ങൾ വഴിയിൽകിടക്കുന്നത്‌ വണ്ടിയിൽ ഇരുന്നു കാണാമായിരുന്നു. പട്ടാളത്തിന്റെ ആ രാത്രിയിലെ വിളയാട്ടത്തിന്റെ ദുരന്ത ദൃശ്യങ്ങൾ.

Previous Next

തോമസ്‌ മാത്യു പാറയ്‌ക്കൽ

വൈ.എം.സി.എ റോഡ്‌, മുവാറ്റുപുഴ - 686 661.


Phone: 0485- 2832693




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.