പുഴ.കോം > പുഴ മാഗസിന്‍ > എന്റെ നാട് > കൃതി

അരൂർ എന്റെ സ്വപ്നഗ്രാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഓർമ്മകൾ

കൊറിയയിലെ എന്റെ യാന്ത്രിക ജീവിതത്തിന്റെ വിരസതയിൽ നിന്നും പലപ്പോഴും ഒരു സ്വപ്നാടകനെപ്പോലെ ഞാൻ ഓർമ്മകളിലൂടെ എന്റെ സ്വന്തം ഗ്രാമത്തിലേയ്‌ക്ക്‌ ഒഴുകിയെത്താറുണ്ട്‌. ആലപ്പുഴയുടെ വടക്കേ അറ്റത്തുളള അരൂരെന്ന എന്റെ ഗ്രാമം ഏറെ സുന്ദരമാണ്‌. ഉൾനാടൻ ജലാശയങ്ങളാലും ഹരിതാഭയാലും ഏറെ അനുഗ്രഹിക്കപ്പെട്ടതാണ്‌ കൊച്ചിയോട്‌ തൊട്ടുകിടക്കുന്ന എന്റെ ഗ്രാമമായ അരൂർ. വേമ്പനാട്ടുകായലും അഷ്‌ടമുടിക്കായലും ഏറെ ഗാംഭീര്യത്തോടെ (ഗ്രാമത്തിന്റെ മൂന്നുവശത്തായി) നിലകൊളളുന്നു. ഞാനിന്നുമോർക്കുന്നു, സുവർണ നിറത്തോടെ ചെറുകാറ്റിൽ ചാഞ്ചാടുന്ന നെൽവയലേലകൾ, ഇന്നാകട്ടെ അവിടം കോൺക്രീറ്റ്‌ കാടുകളാൽ സമൃദ്ധം. കൊറ്റികൾ പ്രാർത്ഥിച്ചു നിൽക്കുന്ന താമരകളും കുളവാഴകളും എണ്ണിയാലൊടുങ്ങാത്ത മറ്റു പൂക്കളും നിറഞ്ഞ കുളങ്ങളും ചെറുജലാശയങ്ങളും ഇന്ന്‌ വെറും മൺകുഴികൾ മാത്രം. കായൽതീരത്തെ ചീനവലകളിൽ ഒരു ചെറുചാകര സ്വപ്നം കണ്ട്‌ മിന്നുന്ന വെളിച്ചവും തെളിച്ച്‌ പോകുന്ന മത്സ്യത്തൊഴിലാളികൾ....രാത്രികളിൽ ചീനവലകളിൽ തൂക്കിയിട്ട വിളക്കിന്റെ വെളിച്ചത്തിൽ പിടയ്‌ക്കുന്ന കരിമീനും ചെമ്മീനും...ആ കായൽക്കാഴ്‌ചകൾ എത്ര സുന്ദരം. ഈ ഓർമ്മകൾ യാന്ത്രികജീവിതത്തിന്റെ അർത്ഥമില്ലായ്‌മ എന്നെ അറിയിക്കുന്നുണ്ട്‌.

ഓലമെടഞ്ഞു കെട്ടിയ എന്റെ നാട്ടിലെ കൊച്ചു ചായക്കടയിൽ എനിക്കേറെ ഇഷ്‌ടമുളള ഒരു കടുംചായ കുടിക്കുവാൻ ഞാനിന്നുമാഗ്രഹിക്കുന്നത്‌ യാന്ത്രികജീവിതത്തിലെ ഈ യന്ത്രമനുഷ്യനുളളിൽ അരൂരിന്റെ പച്ചമനുഷ്യൻ ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ടാണ്‌.

ഇടവേളകളിലെ ഓരോ യാത്രയിലും ഞാനറിയുന്നുണ്ട്‌ എന്റെ ഗ്രാമത്തിന്റെ മുഖം മാറുന്നത്‌....അവൾ ഗ്രാമത്തിന്റെ നൈർമല്യം വെടിഞ്ഞ്‌ നഗരമാകാൻ കൊതിക്കുന്നത്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.