പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി > കൃതി

ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി- 9

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാഹുലേയൻ പുഴവേലിൽ

2012 മെയ് 8 ചൊവ്വ

നാളെയാണ് എന്റെ കൊളസ്റ്റോമിക്ലോഷര്‍ ഓപ്പറേഷന്‍. കഴിഞ്ഞ ആഴ്ച ആഗസ്റ്റ് മാസം മുതല്‍ ഞാന്‍ വഹിക്കുകയും സഹിക്കുകയും ചെയ്തുകൊണ്ടിരുന്ന ബാഗ് നാളെമുതല്‍ ഇല്ലാതെയാകും മറ്റെല്ലാവരെയും പോലെ ഞാനും സാധാരണ മനുഷ്യനായി മാറും

ഇന്നു വൈകുന്നേരമാണ് എറണാകുളം പിവിഎസ് ആശുപത്രിയില്‍ അഡ്മിറ്റായത്. മുറി നമ്പര്‍ 410 , നാലമത്തെ നിലയില്‍ നഴ്‌സുമാരുടെ മുറിയുടെ നേരെ എതിര്‍വശമുള്ള മുറി. ഇന്നിവിടെ ഞാനും മകനും മാത്രമേയുള്ളൂ. സിംഗപ്പൂരില്‍ നിന്നു മറ്റു മക്കള്‍ വിളിച്ചിരുന്നു.

ഇതിപ്പോള്‍ എന്റെ മൂന്നാമത്തെ ഓപ്പറേഷനാണ്. രണ്ടോ മൂന്നോ ദിവസം ആശുപത്രിയില്‍ കിടന്നാല്‍ മതിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഡോക്റ്റര്‍മാരോട് സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു മനസിലായി. ഓപ്പറേഷന്‍ കഴിഞ്ഞ് പത്തുദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കേണ്ടി വരും.

മെയ് 14 തിങ്കള്‍

ഒമ്പതാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഓപ്പറേഷന്‍. ലോക്കല്‍ അനസ്‌ത്യേഷ്യ തന്ന്, വയറിന്റെ ഭാഗം മാത്രമാണ് മരവിപ്പിച്ചത്. മരവിപ്പിക്കാന്‍ പോകുന്നുവെന്ന് അറിയിച്ച ശേഷമാണ് കുത്തിവച്ചത്. അല്പ സമയം കഴിഞ്ഞപ്പോള്‍ ഡോക്റ്റര്‍ ചോദിച്ചു.

' കാലൊന്നനക്കാമോ..?'

അപ്പോഴാണ് ഒരു കാര്യം അറിഞ്ഞത്. എനിക്കു കാലുള്ളതായി പോലും തോന്നുന്നില്ല. പിന്നെ എങ്ങനെയാണ് കാലനക്കുക?

പ്രകാശ് ഡോക്റ്ററാണ് ഓപ്പറേഷന്‍ ചെയ്തത്. ഡോക്റ്റര്‍ സംസരിക്കുന്നതടക്കം എനിക്കു കേള്‍ക്കാം. പക്ഷെ ഒന്നും കാണാന്‍ പറ്റിയില്ല. ഇതെല്ലാം കുറച്ചു സമയത്തേയ്ക്കു മാത്രം. പിന്നീടുള്ള ഒരു കാര്യവും എനിക്ക് ഓര്‍മയില്ല.

ഓപ്പറേഷന്‍ കഴിഞ്ഞ ദിവസം തന്നെ എന്നെ മുറിയിലേക്കു മാറ്റി. ഇന്നു കഞ്ഞിവെള്ളം കുടിക്കാന്‍ തന്നു. പക്ഷെ ഡ്രിപ് ഇപ്പോഴുമുണ്ട്.

മെയ് 18 വെള്ളി

ആശുപത്രിയില്‍ നിന്നും ഇന്നലെ വൈകുന്നേരമാണ് വീട്ടിലെത്തിയത്. രാത്രിയില്‍ സുഖമായുറങ്ങി. ഇപ്പോള്‍ പ്രത്യേകിച്ചു വിശേഷമൊന്നുമില്ല. എങ്കിലും വളരെ നാളായി നടത്തണമെന്നു കരുതിയിരുന്ന ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി വീട്ടിലെത്തിയതിന്റെ സന്തോഷമൊന്നും തോന്നുന്നില്ല.

ജൂണ്‍ 20 ബുധന്‍

എന്റെ കീമോയും റേഡിയേഷനും കഴിഞ്ഞിട്ടു മൂന്നു മാസമായി. മൂന്നുമാസത്തിനൊരിക്കല്‍ ഡോക്റ്ററെ കാണുകയും പരിശോധന നടത്തുകയും ചെയ്യേണ്ടതാണ്. അതിനു വേണ്ടി ഇന്നു കാരിത്താസ് ആശുപത്രിയില്‍ പോയി ഗംഗാധരന്‍ ഡോക്റ്ററെ കാണേണ്ട ദിവസമാണ്. പക്ഷെ എനിക്ക് ഇന്ന് ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. വേണ്ടെന്നു വച്ചതല്ല. അവിടെവരെ യാത്രചെയ്യാനും മണിക്കൂറുകള്‍ അവിടെ കാത്തിരിക്കാനും പറ്റിയ ആരോഗ്യ സ്ഥിതിയിലല്ല ഞാനിപ്പോള്‍.

കൊളസ്‌റ്റോമി ക്ലോഷര്‍ ഓപ്പറേഷന്‍ കഴിഞ്ഞവര്‍ക്ക് കുറെ ദിവസത്തേയ്‌ക്കൊരു പ്രശ്‌നമുണ്ട്. എപ്പോഴും ടോയ് ലറ്റില്‍ പോകേണ്ടി വരും. അതിനൊരു മുന്നറിയിപ്പും കിട്ടില്ല. അതുമാത്രവുമല്ല ഒരു സെക്കന്റു പോലും പിടിച്ചു നിര്‍ത്താന്‍ സാധിക്കുകയുമില്ല. എന്റെ മുറിയില്‍ നിന്നു എഴുന്നേറ്റ് രണ്ടോ മൂന്നോ അടി നടന്നാല്‍ ടോയ് ലറ്റാണ്. അതിന്റെ കതകിന്റെ കുറ്റിയിടാറില്ല. അത്രപോലും മുന്നറിയിപ്പ് എടുത്തിട്ടും ആദ്യത്തെ കുറെ ആഴ്ചകളില്‍ ഉടുത്തിരിക്കുന്ന മുണ്ടു ചീത്തയാകാതെ ടോയ് ലറ്റു വരെ ചെന്നെത്താന്‍ പലപ്പോഴും എനിക്കു സാധിക്കാതെ വന്നിട്ടുണ്ട്.

ഈ ബുദ്ധിമുട്ട് ചിലര്‍ക്ക് ഒന്നര മാസം കൊണ്ടും മറ്റു ചിലര്‍ക്ക് മൂന്നുമാസം കൊണ്ടും മാറിക്കിട്ടും. ചുരുക്കം ചിലര്‍ക്ക് ഒരു കൊല്ലം വരെയെടുക്കും ഇതു മാറിക്കിട്ടാന്‍. ഓപ്പറേഷന്‍ കഴിഞ്ഞ് കുറെ നാള്‍ ഞാന്‍ വീടിനു പുറത്തേയ്ക്ക് ഇറങ്ങാറില്ലായിരുന്നു. ഇപ്പോള്‍ അല്‍പം വ്യത്യാസമുണ്ട്. എന്നാലും ആശുപത്രി വരെ പോയി വരാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു ഗംഗാധരന്‍ ഡോക്റ്ററെ കാണുന്നത് ജൂലൈ അവസാനമാകട്ടെയെന്ന് തീരുമാനിച്ചു.

സെപ്റ്റംബര്‍ -8 ശനി

ഇപ്പോള്‍ എനിക്കാകെയുള്ള പ്രശ്‌നം, നിയന്ത്രിക്കാനാകാത്ത വിധം എപ്പോഴും ടോയ് ലറ്റില്‍ പോകേണ്ടിവരുന്നു എന്നതു മാത്രമാണ്. ക്യാന്‍സര്‍ രോഗത്തില്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. ആ രോഗം തീര്‍ത്തും മാറിക്കഴിഞ്ഞു എന്നു തോന്നുന്നു. അപ്പോള്‍ എനിക്കിനി അത്യാവശ്യമായി കാണേണ്ടത് കോളസ്‌റ്റോമി ക്ലോഷര്‍ ഓപ്പറേഷന്‍ നടത്തിയ ഡോക്റ്ററെയാണ്.

അതുകൊണ്ടാണ് മകനുമായി ഇന്നു എറണാകുളത്ത് പിവിഎസ് ആശുപത്രിയില്‍ പോയത്. ഡോക്റ്ററെ കണ്ടു കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. ഒരു മാസം കഴിക്കാനുള്ള മരുന്നുകള്‍ അദ്ദേഹം കുറിച്ചു തന്നു. കൂടാതെ സ്‌കാന്‍ ചെയ്തു നോക്കി കുഴപ്പമില്ലെന്നും പറഞ്ഞു. സിഇഎ ടെസ്റ്റ് ചെയ്യാനായിരി രക്തം എടുത്തെങ്കിലും അതിന്റെ റിസള്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. . ആശുപത്രിയില്‍ വച്ച് മൂന്നു തവണ ടോയ് ലറ്റില്‍ പോകേണ്ടി വന്നെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടായില്ല.

ഈ മരുന്നു കഴിച്ചു നോക്കട്ടെ. കുറച്ചു കൂടി ആശ്വാസം കിട്ടിയാല്‍ കാരിത്താസ് ആശുപത്രിയില്‍ പോയി ഗംഗാധരന്‍ ഡോക്റ്ററെ കാണണം.

Previous Next

ബാഹുലേയൻ പുഴവേലിൽ

ഏനാദി. പി.ഒ,

കെ.എസ്‌. മംഗലം, വൈക്കം,

കോട്ടയം ജില്ല,

പിൻ - 686 608.


Phone: 9947133557




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.