പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഒടിഞ്ഞ ചിറകുകൾ > കൃതി

അഗ്നിതടാകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഖലീൽ ജിബ്രാൻ

ഭാഷാന്തരം ഃ വേണു വി. ദേശം

ഒരുവൻ രാത്രിയുടെ അന്ധകാരത്തിൽ അനുഷ്‌ഠിക്കുന്ന രഹസ്യ ക്രിയകളെല്ലാം പകൽ വെളിച്ചമെത്തിയാൽ പ്രകാശിതമാകും. സ്വകാര്യമായി സംസാരിക്കപ്പെട്ട വാക്കുകൾ അപ്രതീക്ഷിതമായി പൊതു സംഭാഷണമായിത്തീരും. നമ്മുടെ ഒളിയിടങ്ങളുടെ മൂലകളിൽ വെച്ച്‌ നാം ഇന്ന്‌ പ്രവർത്തിക്കുന്ന കാര്യങ്ങൾ നാളെ തെരുവിൽ അലറി വിളിച്ചു പറയപ്പെടും.

അങ്ങനെ ബിഷപ്പ്‌ ബുളോഷ്‌ഗാബിലും സെൽമയുടെ പിതാവും തമ്മിലുണ്ടായ രഹസ്യസമാഗമത്തിന്റെ പൊരുളെന്തായിരുന്നുവെന്ന്‌ അന്ധകാരത്തിന്റെ ഭൂതങ്ങൾ വെളിവാക്കി. എന്റെ ചെവികളിൽ അതെത്തുന്നതുവരെ അയൽപക്കങ്ങളിൽ ആ സംഭാഷണം ആവർത്തിക്കുന്നുണ്ടായിരുന്നു.

അന്ന്‌ രാത്രി ബിഷപ്പും സെൽമയുടെ പിതാവും തമ്മിൽ നടന്ന സംഭാഷണം അനാഥരെക്കുറിച്ചോ, വിധവകളെക്കുറിച്ചോ, ദരിദ്രരെക്കുറിച്ചോ ആയിരുന്നില്ല. അത്തരക്കാരുടെ പ്രശ്‌നങ്ങളായിരുന്നില്ല അവരുടെ ചർച്ചാവിഷയം. ബിഷപ്പിന്റെ മരുമകൻ മൻസൂർ ബേ ഗാലിബുമായുളള സെൽമയുടെ വിവാഹം നിശ്ചയിക്കുന്നതിനുവേണ്ടിയാണ്‌ ബിഷപ്പിന്റെ സ്വകാര്യവാഹനത്തിൽ ആ രാത്രി സെൽമയുടെ പിതാവിനെ ബിഷപ്പിന്റെ സന്ദേശവാഹകൻ കൂട്ടിക്കൊണ്ടുപോയതത്രേ.

ഫാരിസ്‌ എഫാന്റി അതീവ സമ്പന്നനായിരുന്നു. സെൽമ അദ്ദേഹത്തിന്റെ ഒരേയൊരു പുത്രിയും, അവൾ സുന്ദരിയും കുലീനമായൊരാത്മാവിനുടമയുമായിരുന്നു. പക്ഷേ, ആ യോഗ്യതകളല്ല ബിഷപ്പിനെ ആകർഷിച്ചത്‌. അവൾക്കു കൈവരാനിരിക്കുന്ന ഭാരിച്ച സമ്പത്ത്‌ തന്റെ മരുമകനെ ഒരു പ്രധാനിയാക്കുമെന്നും അവന്റെ ഭാവി ഭാസുരമായിത്തീരുമെന്നും ബിഷപ്പ്‌ വിലയിരുത്തി.

പൗരസ്‌ത്യരായ മതമേധാവികൾ അവർക്കു കൈവന്ന സ്ഥാനലബ്‌ധികൊണ്ടുമാത്രം സന്തുഷ്‌ടരാകാതെ, തങ്ങളുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളേയുമെല്ലാം സാമൂഹ്യാംഗീകാരം ലഭിക്കുന്ന നിലയിലേക്ക്‌ വളർത്തുവാനവർ തിരക്കുകൂട്ടുന്നു. ഒരു രാമകുമാരന്‌ ആ അംഗീകാരം കൈവരുന്നത്‌ പാരമ്പര്യാവകാശമായാണ്‌. എന്നാൽ ഒരു മതമേലധികാരിയുടെ സ്ഥാനമാനങ്ങൾ ഒരു പകർച്ചവ്യാധിപോലെയാവും. അയാളുടെ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി അയാൾ ത്വരിതഗതിയിൽ മുന്നേറും. ഒരു ക്രിസ്‌ത്യൻ ബിഷപ്പോ, മുസ്ലീം ഇമാമോ, ബ്രാഹ്‌മണപുരോഹിതനോ ആയിരം കൈകളാൽ തന്റെ ഇരയെ പൊതിയുന്ന കിനാവളളികളെപ്പോലെയാണ്‌. അനേകം വായകൾകൊണ്ട്‌ അവർ ഇരയുടെ ചോരയൂറ്റി കുടിക്കുകയും ചെയ്യുന്നു.

തന്റെ മരുമകനുവേണ്ടി സെൽമയുടെ കരം ബിഷപ്പ്‌ പ്രാർത്ഥിച്ചപ്പോൾ, ആ വൃദ്ധപിതാവിന്റെ മറുപടി വെറും കണ്ണീരും മൗനവും മാത്രമായിരുന്നു. തന്റെ കുട്ടിയെ വേർപിരിയുന്നതിൽ അദ്ദേഹമത്രയേറെ ദുഃഖിച്ചിരുന്നു. യുവത്വംവരെ താൻ വളർത്തിക്കൊണ്ടുവന്ന പുത്രിയെ വേർപിരിയേണ്ടുന്നിടത്തെത്തുമ്പോൾ ഏതൊരു പിതാവിന്റെയും ആത്മാവ്‌ വിറകൊളളുക സ്വാഭാവികമാണ്‌.

പുത്രിയുടെ വിവാഹവേളയിൽ മാതാപിതാക്കൾക്കുണ്ടാവുന്ന ദുഃഖം പുത്രന്റെ വിവാഹാവസരത്തിലുളവാകുന്ന സന്തോഷത്തിന്‌ സമാനമാണ്‌. എന്തെന്നാൽ വിവാഹത്തോടെ മകൾ നഷ്‌ടപ്പെടുകയാണെങ്കിൽ മകനാകാൻ ഒരു പുതിയ അംഗത്തെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയാണല്ലോ.

ബിഷപ്പിന്റെ മരുമകൻ ഒരു ദുഃസ്വഭാവിയും അഴിമതിക്കാരനും അപകടകാരിയുമാണെന്ന്‌ സെൽമയുടെ പിതാവിന്‌ നന്നായറിയാമായിരുന്നു. പക്ഷേ ബിഷപ്പിന്റെ വാക്കിനെതിരു പറയുവാനദ്ദേഹം അശക്തനായിരുന്നു. ബിഷപ്പിന്റെ ഇച്ഛയ്‌ക്ക്‌ ആ വൃദ്ധ പിതാവ്‌ വഴങ്ങി.

ലബണനിൽ ഒരു ക്രിസ്‌ത്യാനിയ്‌ക്കും തന്റെ ബിഷപ്പിനെ എതിർത്തുകൊണ്ട്‌ നിലനിൽക്കാനാവില്ല. തന്റെ മതമേലധികാരിയെ എതിർക്കുന്നവന്റെ സൽപ്പേര്‌ സമൂഹമദ്ധ്യത്തിൽ കൊഴിഞ്ഞടിയുന്നു. കണ്ണിനെതിരെ വരുന്ന കുന്തത്തെ ചെറുക്കുന്ന കണ്ണ്‌ മുറിവേൽക്കുമെന്നുറപ്പാണല്ലോ. വീശിവരുന്ന ഒരു ഖഡ്‌ഗത്തിന്റെ അലകിൽ കയറിപ്പിടിക്കുന്ന കൈ അറ്റുപോകുകതന്നെ ചെയ്യും.

ബിഷപ്പിന്റെ അഭിലാഷം സെൽമയുടെ പിതാവ്‌ എതിർത്തിരുന്നുവെങ്കിലെന്തായിരുന്നു സംഭവിക്കുക? അതോടെ എല്ലാ നാവുകളും അവളെ അപകീർത്തിപ്പെടുത്തും മട്ടിൽ സംസാരിച്ചു തുടങ്ങും. കുറുക്കന്റെ അഭിപ്രായത്തിൽ ‘എത്താത്ത മുന്തിരി പുളിക്കും’ എന്നാണല്ലോ.

അങ്ങനെ വിധി സെൽമയെ പിടിച്ചുകെട്ടി. അപഹസിക്കപ്പെട്ട ഒരടിമയെപ്പോലെയായി അവൾ സ്‌നേഹത്തിന്റെ നിറഞ്ഞ ചന്ദ്രപ്രകാശത്തിലും പൂക്കളുടെ സുഗന്ധത്തിലും വെൺചിറകുകളുമായി പാറിപ്പറന്നിരുന്ന ആ കുലീനാത്മാവ്‌ കെണിയിൽപെട്ടു.

ചിലയിടങ്ങളിൽ രക്ഷിതാക്കളുടെ സമ്പത്ത്‌ കുഞ്ഞുങ്ങൾക്കു വിനയായിത്തീരുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾക്കായി മാതാപിതാക്കൾ ധനം സംഭരിച്ചുവെയ്‌ക്കുന്ന വലിയ ഉറപ്പുളള പെട്ടകങ്ങൾ പിന്നീട്‌ കുഞ്ഞുങ്ങൾക്ക്‌ ഇരുണ്ട ഇടുങ്ങിയ കാരാഗൃഹങ്ങളായിത്തീരുന്നു. ആളുകൾ ആരാധിക്കുന്ന സർവ്വശക്തനായ ദീനാർ (അറേബ്യൻ നാടുകളിലെ ഒരു നാണയം) ആത്മാവിനെ ശിക്ഷിക്കുകയും ഹൃദയത്തെ മൃതമാക്കുകയും ചെയ്യുന്ന ഒരു പിശാചായി മാറുന്നു. പിതാവിന്റെ സമ്പത്തും ഭർത്താവിന്റെ ദുരയും മൂലം ക്ലേശിക്കേണ്ടിവന്ന ഒരിരയായിപ്പോയി സെൽമ കരാമി. പിതാവ്‌ സമ്പന്നനായിരുന്നില്ലെങ്കിൽ ഇന്നും സെൽമ സന്തോഷവതിയായി ജീവിക്കുമായിരുന്നു.

ഒരാഴ്‌ച കടന്നുപോയി. സെൽമയുടെ പ്രണയം മാത്രമായിരുന്നു എനിക്ക്‌ ഏകാശ്വാസം. അവളുടെ പ്രണയം എനിക്ക്‌ സന്തോഷം പകരാൻ ഗീതങ്ങളരുളി രാത്രികളിലെന്നെ തഴുകിയുണർത്തി. പ്രഭാതങ്ങളിലവയെന്നോട്‌ ജീവിതത്തിന്റെ അന്തരാർത്ഥത്തെപ്പറ്റിയും പ്രകൃതിയുടെ ദുരൂഹരഹസ്യത്തെപ്പറ്റിയും പലതും വിശദീകരിച്ചു. അസൂയയാൽ വിമുക്തയായ സ്വർഗ്ഗീയ പ്രണയമായിരുന്നു അത്‌. ആത്മാവിന്‌ ഒരിക്കലും വിനാശകരമല്ലാത്ത, സമ്പന്നമായ പ്രണയം. ആത്മാവിനെ സംതൃപ്‌തിയിൽ കുളിപ്പിക്കുന്ന ഒരു രാസാകർഷണമായിരുന്നു ആ പ്രണയം. സ്‌നേഹത്തിനായി അഗാധമായ വിശപ്പുളള, നിറവേറിക്കഴിയുമ്പോൾ ഉദാരതകൊണ്ട്‌ സമ്പന്നവുമാകുന്ന ആ പ്രണയം ആത്മാവിനെതിരെ നൊമ്പരപ്പെടുത്താതെ അതിൽ മോഹങ്ങൾ മുളപ്പിക്കുന്നു. അത്‌ ഭൂമിയെ സ്വർഗ്ഗമാക്കി മാറ്റിപ്പണിയുന്നു. ജീവിതത്തെ മധുരനിർഭരവും മനോഹരവുമായ ഒരു കിനാവാക്കിത്തീർക്കുന്നു. പ്രഭാതങ്ങളിൽ പടശേഖരങ്ങളിലൂടെ നടക്കാനിറങ്ങിയപ്പോഴൊക്കെ ഞാൻ ഉണർന്നുവരുന്ന പ്രകൃതിയിൽ അനശ്വരത ദർശിച്ചു. കടൽക്കരയിലിരിക്കുമ്പോൾ ഞാൻ കടൽത്തിരകൾ അനശ്വരതയുടെ ഗാനമാലപിക്കുന്നത്‌ കേട്ടു. തെരുവുകളിലൂടെ നടന്ന്‌ ജീവിതസൗന്ദര്യമെന്തെന്ന്‌ ഞാനാസ്വദിച്ചു. വഴിയാത്രക്കാരുടേയും തൊഴിലാളികളുടേയും ചലനങ്ങൾ കാൺകെ എന്നിൽ മനുഷ്യരാശിയുടെ മഹത്വത്തെപ്പറ്റി പുതിയ അറിവുകളുണർന്നു.

ആ ദിനങ്ങൾ മായാനിഴലുകൾപോലെ അകന്നുപോയി. മേഘങ്ങൾപോലെ മാഞ്ഞുപോയി. പിന്നീട്‌ ദുഃഖാവൃതങ്ങളായ സ്‌മൃതികളല്ലാതെ ഒന്നുംതന്നെ അവശേഷിച്ചില്ല.

വസന്ത ഋതുവിന്റെ സൗന്ദര്യം ആവാഹിക്കുകയും പുലർകാലത്തെ പ്രകൃതിയെ ആസ്വദിക്കുകയും ചെയ്‌ത എന്റെ കണ്ണുകൾ കൊടുങ്കാറ്റിന്റെ കരാളതയേയും ശൈത്യത്തിന്റെ ദുരിതങ്ങളേയും അഭിമുഖീകരിച്ചു തുടങ്ങി. തിരമാലകളുടെ ഗീതം വിസ്‌മയത്താടെ ശ്രവിച്ചിരുന്ന എന്റെ ചെവികൾക്ക്‌ കാറ്റിന്റെ ചൂളംകുത്തലും തീരത്തോടുളള സമുദ്രത്തിന്റെ ക്രോധവും മാത്രമേ കേൾക്കാനാവൂ എന്നുവന്നു. മനുഷ്യരാശിയുടെ തളരാത്ത ഓജസ്സിനെയും, പ്രപഞ്ചത്തിന്റെ പ്രഭാവത്തെയും സാഹ്ലാദം നിരീക്ഷിച്ചിരുന്ന ആത്മാവ്‌ പരാജയത്തിന്റെയും നൈരാശ്യത്തിന്റെയും രുചിയാൽ പീഡിപ്പിക്കപ്പെട്ടു. പ്രണയത്തിന്റെ ദിനങ്ങളേക്കാൾ അഭിരാമങ്ങളായും ദുഃഖാത്മകങ്ങളായ ഭീകരരാത്രികളേക്കാൾ തിക്തങ്ങളായും മറ്റൊന്നുമുണ്ടായിരുന്നില്ല.

എനിക്ക്‌, എന്റെയുളളിൽ പെരുത്തൊഴുകിയ ചോദനയെ നിയന്ത്രിക്കാനാവാതെ ആ ആഴ്‌ചയവസാനം ഒരു ദിവസം ഞാൻ സെൽമയുടെ ഭവനത്തിലേക്ക്‌ നടന്നു. മനോഹാരിതയുടെ കേദാരവും സ്‌നേഹത്താലനുഗൃഹീതവും ആണവിടം. ആകയാൽ ആത്മാവ്‌ ആ സ്ഥലത്തെ ആരാധിക്കുകയും ഹൃദയം വിനീതമായി മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യും. ആ ഉദ്യാനത്തിനരികിലെത്തിയപ്പോൾതന്നെ ഏതോ ഒരലൗകികശക്തി എന്നെ ഈ ഭൗതികലോകത്തുനിന്നും അടത്തിമാറ്റുന്നതായനുഭവപ്പെട്ടു. അതോടെ കഠിനതകളും സംഘർഷവും മനസ്സിൽ നിന്നൊഴിവായി. സ്വർഗ്ഗത്തിൽ നിന്നും ഒരു വെളിപാട്‌ കൈവരിക്കുന്ന നിഗൂഢാത്മവാദിയെപ്പോലെ ഞാൻ ആ തരുനിരകൾക്കിടയിലൂടെ നടന്നു. മുല്ലവളളിക്കാടുകളുടെ നിഴലുകൾക്കു കീഴെ ഒരു ബഞ്ചിൽ സൽമ ഇരിക്കുന്നതായി ഞാൻ കണ്ടു. ഒരാഴ്‌ച മുൻപ്‌ ഞങ്ങൾ അവിടെയിരുന്നുതന്നെയായിരുന്നല്ലോ സല്ലപിച്ചത്‌. അതോടെയാണല്ലോ ദൈവം ഒരേസമയം എന്നിൽ ആനന്ദിന്റെയും വിഷാദത്തിന്റെയും വിത്തു പാകിയത്‌.

ഞാനവളുടെ അരികിലെത്തി. അവൾ സംസാരിക്കുകയോ അനങ്ങുകയോ പോലുമോ ഉണ്ടായില്ല. ഞാൻ ചെല്ലുമെന്ന്‌ അവൾക്കറിയാമായിരുന്നുവെന്നു തോന്നി. അവൾക്കതിനുളള നിഗൂഢജ്ഞാനമുണ്ടായിരുന്നിരിക്കാം. ഞാനവൾക്കരികിലിരുന്നു. അവൾ എന്നെ നോക്കി ദീർഘനിശ്വാസം ചെയ്‌തു. അവൾ സാവകാശം ആകാശത്തേക്കു നോക്കി. ഒരു നിമിഷത്തെ നിറഞ്ഞ മാന്ത്രികമൂകതയ്‌ക്കുശേഷം അവൾ എന്റെ കൈയ്യെടുത്തു മടിയിൽ വെച്ച്‌ വിറക്കുന്ന സ്വന്തം കരതലം കൊണ്ടുമൂടി. ദുർബ്ബലമായ ഒരു സ്വരത്തിലവൾ പറഞ്ഞു. “സുഹൃത്തേ! എന്നെ നോക്കൂ. എന്റെ മുഖത്തുനിന്നും താങ്കൾക്കാവശ്യമുളളത്‌ വായിച്ചെടുക്കൂ. എന്തായാലും എനിക്കാ കാര്യം ഉച്ചരിക്കാൻ വയ്യ. പ്രിയപ്പെട്ടവനേ! എന്നെ നോക്കൂ. സോദരാ.. എന്നെ നോക്കൂ...”

ഉദ്ദേശപൂർവ്വം ആ മിഴികളിലേക്കു നോക്കി. ഒരാഴ്‌ചമുമ്പ്‌ വാനമ്പാടിച്ചിറകുകൾപോലെ ഇളകുകയും മന്ദഹസിക്കുകയും ചെയ്‌തിരുന്ന ആ മിഴികൾ വേദനയും ദുഃഖവും മൂലം കലങ്ങിയിരിക്കുന്നതായി ഞാൻ കണ്ടു. വെയിൽ വീണ ലില്ലിപ്പൂവിതൾപോലെ ആ മുഖം വിളർത്തിരുന്നു. അവളുടെ ചുണ്ടുകൾ ഗ്രീഷ്‌മം വീണ പനീരലരിതൾ പോലെ വാടിയിരുന്നു. അവളുടെ തലയ്‌ക്കകത്തെ ദുഃഖഭാരം താങ്ങാനാവാത്തതുകൊണ്ടെന്നപോലെ, ദന്തനിർമ്മിതമെന്നു തോന്നിപ്പിക്കുന്ന ആ കഴുത്ത്‌ ഏറെ താഴ്‌ന്നിരുന്നു.

ചന്ദ്രബിംബത്തിനുമേലെ മേഘം കടന്നുപോകുന്ന ദൃശ്യം കൂടുതൽ മനോഹരമായിരിക്കുമല്ലോ. സെൽമയിൽ കാണപ്പെട്ട ഭാവവ്യത്യാസങ്ങളെപ്പറ്റി എനിക്കങ്ങനെ മാത്രമേ തോന്നിയുളളൂ. അനന്തരസംഘർഷം വെളിവാക്കുന്ന ഒരു നോട്ടം-അതെത്രമേൽ വേദനയും ദുരന്തവും വഹിക്കുന്നതാണെങ്കിൽത്തന്നെയും അവളുടെ മുഖസൗന്ദര്യത്തെ വർദ്ധിപ്പിച്ചതേയുളളൂ. ആ മുഖസൗന്ദര്യവും അതിലെ സവിശേഷതകളുമിരിക്കെത്തന്നെ ഒന്നെനിക്ക്‌​‍്‌ വ്യക്തമായി. അവളുടെ അന്തരംഗരഹസ്യങ്ങൾ ഒട്ടുംതന്നെ മനോഹരങ്ങളേയല്ല. പാനപാത്രത്തിന്റെ സുതാര്യതയിലൂടെ വീഞ്ഞിന്റെ നിറം പുറത്തേക്കു വരുന്നില്ലെങ്കിൽ നമ്മുടെ ചുണ്ടുകൾക്ക്‌ പ്രലോഭനം ലഭിക്കുന്നതല്ലല്ലോ.

ആ സായാഹ്നത്തിൽ സെൽമ ജീവിതത്തിന്റെ കയ്‌പും മാധുര്യവും കലർത്തി തയ്യാറാക്കപ്പെട്ട സ്വർഗ്ഗീയമായ വീഞ്ഞു നിറച്ച ഒരു പാനപാത്രമായി മാറിയിരുന്നു. അവൾ അറിയാതെതന്നെ അടിമയായ ഒരു പൗരസ്‌ത്യയുവതിയെപ്പോലെ പുറമേക്കു കാണപ്പെട്ടു. അഥവാ അത്തരം യുവതികളെ അവൾ പ്രതിനിധീകരിച്ചു. ഭർത്താവിന്റെ വിലങ്ങ്‌ കഴുത്തിലണിയുന്നതുവരെ പൗരസ്‌ത്യസ്‌ത്രീകൾ മാതാപിതാക്കളെ വേർപിരിയുന്നില്ല. അതുവരേയ്‌ക്കും സ്‌നേഹമയിയായ മാതാവിന്റെ കരംപിടിച്ച്‌ അവൾ കഴിയുന്നു. പിന്നീടവൾ ഭർത്തൃമാതാവിന്റെ നിശിതപ്രതികരണങ്ങൾക്കു വിധേയയാകേണ്ടി വരികയും ചെയ്യുന്നു.

ഞാൻ സൽമയെ നോക്കിക്കൊണ്ടിരുന്നു. അവളുടെ പരാജിതമായ ആത്‌മാവിനെ ഞാൻ കണ്ടു. കാലം നിലച്ചുപോയതായും പ്രപഞ്ചം മാഞ്ഞുപോയതായും അവളോടൊപ്പം ഞാനും അനുഭവിച്ചു സഹിച്ചു. അവളുടെ നീലവിശാലനേത്രങ്ങൾ എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. എന്റെ വലതുകരതലം അവളുടെ തണുത്തു വിറയ്‌ക്കുന്ന കൈകൾക്കുളളിലൊതുങ്ങിയിരുന്നു.

സെൽമ ശാന്തമായി സംസാരിച്ചു തുടങ്ങുന്നതുകേട്ട്‌ മന്ദതയിൽ നിന്നുണർന്നു. “പ്രിയനേ വരൂ! എന്റെ ഭാവി ഭീകരമായിരിക്കും. അതെത്തിച്ചേരും മുൻപ്‌ നമുക്കതേപ്പറ്റി സംസാരിക്കാം. എന്റെ അച്‌ഛൻ പുറത്തു പോയിരിക്കുന്നത്‌ മരണം വരേയ്‌ക്കും എന്നോടൊപ്പം ജീവിക്കാനിരിക്കുന്നയാളോട്‌ സംസാരിക്കുവാനാണ്‌. എന്റെ ശേഷിക്കുന്ന ജീവിതത്തിന്റെ നാഥനായി ദൈവം തെരഞ്ഞെടുത്തിരിക്കുന്നത്‌ ആ മനുഷ്യനെയായിപ്പോയി. നഗരഹൃദയത്തിൽവെച്ച്‌ എന്റെ വൃദ്ധപിതാവ്‌ വരാനിരിക്കുന്ന വർഷങ്ങളിൽ എന്റെ രക്ഷിതാവാകാനിരിക്കുന്നയാളെ കണ്ടുമുട്ടും. ഇന്ന്‌ രാത്രി രണ്ടു കുടുംബങ്ങളും ചേർന്ന്‌ വിവാഹത്തീയതി നിശ്ചയിക്കും. എത്രമാത്രം വിചിത്രവും പ്രചോദകവുമായ മുഹൂർത്തം! കഴിഞ്ഞയാഴ്‌ച ഈ സമയത്ത്‌ ഈ മുല്ലപ്പൂങ്കാടിനുകീഴെ ഇദംപ്രഥമമായി പ്രണയം എന്റെ ചേതനയെ ആലിംഗനം ചെയ്‌തു. അപ്പോൾതന്നെ ബിഷപ്പിന്റെ കൊട്ടാരത്തിൽവെച്ച്‌ വിധി എന്റെ ജീവിതകഥയുടെ ആദ്യഖണ്‌ഡിക കുറിക്കുകയുമായിരുന്നു. ഇപ്പോൾ എന്റെ പ്രതിശ്രുതവരനും എന്റെ വൃദ്ധപിതാവും ചേർന്നിരുന്ന്‌ എന്റെ വിവാഹത്തീയതി നിശ്ചയിക്കുകയാവും. വിശക്കുന്ന ഒരു സർപ്പം കാവൽനിൽക്കുന്ന അരുവിയിൽ നിന്നും വെളളം കുടിക്കാൻ ചിറകടിച്ചലയുന്ന ദാഹാർത്തനായ പക്ഷിയെപ്പോലെ അങ്ങയുടെ ആത്മാവ്‌ എനിക്കു ചുറ്റും കിടുകിടുക്കുന്നത്‌ ഞാനറിയുന്നു. ഹൊ! ഈ രാവിന്റെ പ്രഭാവം മഹത്തരം! ഇതിലന്തർഭവിച്ചിരിക്കുന്ന രഹസ്യമെത്ര നിഗൂഢം!

ഈ വാക്കുകൾ കേൾക്കെ പൂർണ്ണനൈരാശ്യത്തിന്റെ ഇരുണ്ട ഭൂതം ഞങ്ങളുടെ പ്രണയത്തെ ശൈശവാവസ്ഥയിൽ തന്നെ കഴുത്തു ഞെരിച്ചു കൊന്നുവെന്നു ഞാനുൾകൊണ്ടു. ഞാൻ അവളോട്‌ മറുപടി പറഞ്ഞു. ”ആ പക്ഷി ജലമെടുക്കുന്നതിനായി ദാഹംകൊണ്ടു മരിച്ചാലാ​‍ും, അതിനിടെ കുഴഞ്ഞ്‌ ആ വിശന്നസർപ്പത്തിന്റെ വായിലേക്കു പതിച്ചാലും ഒടുക്കം വരെ അത്‌ ജീവജലത്തിനുവേണ്ടി ഉഴറിപ്പറക്കും.“ അവൾ പ്രതികരിച്ചുഃ ”എന്റെ പ്രിയനേ- ഇപ്പോൾ ഈ വാനമ്പാടി ഇരുളുംവരെ ഇവിടെയുണ്ടാകും. ഇവിടെ അത്‌ ഗാനം ചെയ്‌തുകൊണ്ടിരിക്കും. വസന്തം കടന്നുപോകുംവരെ അത്‌ പാടും. ലോകാവസാനംവരെ അനന്തമായി അത്‌ ഗാനാലാപം തുടരും. അതിന്റെ സ്വരം നിലപ്പിക്കുവാൻ കഴിയുകയില്ല. കാരണം അവനെന്റെ ഹൃദയത്തിലേക്ക്‌ ജീവിതം കൊണ്ടുവരുന്നു. അവന്റെ ചിറകുകൾ തകർന്നു കൂടാ. കാരണം ആ ചിറകനക്കങ്ങളാണെന്റെ ഹൃദയത്തിൽനിന്നും മേഘങ്ങളെ ആട്ടിയോടിക്കുന്നത്‌.“

പിന്നീട്‌ ഞാൻ മന്ത്രിച്ചു. ”സെൽമേ- പ്രിയപ്പെട്ടവളേ.. ദാഹം അവനെ കുഴയ്‌ക്കും. ഭീതി അവനെ കൊല്ലുകയും ചെയ്യും.“

വിറയാർന്ന ചുണ്ടുകളാൽ അവൾ ഉടനെ മറുപടിയേകി.

”ഭൗതിക വസ്‌തുക്കളുടെ വീഞ്ഞിനേക്കാൾ മധുരതരമാണ്‌ ആത്മാവിന്റെ ദാഹം, ശരീരത്തിന്റെ സുരക്ഷിതത്വത്തേക്കാൾ പ്രിയതരമാണ്‌ ആത്മാവിന്റെ ഭീതി. എന്നാൽ കേൾക്കൂ, എന്റെ പ്രിയനേ - ശ്രദ്ധിച്ചു കേൾക്കൂ. എനിക്ക്‌ വിശേഷിച്ചൊന്നുമറിവില്ലാത്ത ഒരു നവജീവിതത്തിന്റെ വാതിൽപ്പടിയിൽ നിൽക്കുകയാണ്‌ ഞാൻ. തപ്പിത്തടഞ്ഞു മുന്നോട്ടു പോകുന്ന ഒരന്ധന്റെ അവസ്ഥയാണെന്റേത്‌. വഴിയിൽ വീണിട്ടില്ലെന്ന്‌ മാത്രം. എന്റെ അച്‌ഛന്റെ ഭാരിച്ച സമ്പത്ത്‌ വിവാഹക്കമ്പോളത്തിലെന്നെ ഒരടിമയെപ്പോലെയാക്കി. ആ മനുഷ്യൻ എന്നെ വാങ്ങി. എനിക്കാ മനുഷ്യനെ അറിയില്ല. സ്‌നേഹിച്ചിട്ടുമില്ല. എന്നാൽ ഇനി ഞാനാ മനുഷ്യനെ അനുസരിക്കേണ്ടിയിരിക്കുന്നു. സേവിക്കേണ്ടിയിരിക്കുന്നു. സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ശക്തന്‌ നൽകാൻ കഴിയുന്നതെല്ലാം ഈ ദുർബല ആ മനുഷ്യന്‌ നൽകും. എന്നാൽ താങ്കൾ... പ്രിയനേ... ഇപ്പോൾ ജീവിതത്തിന്റെ ഉച്ചാവസ്ഥയിലാണ്‌. വിശാലമായ ജീവിതപ്പാതയിലൂടെ താങ്കൾക്ക്‌ സ്വതന്ത്രനായി മുന്നേറാം. താങ്കളുടെ പാതയിൽ പൂക്കൾ വിരിയ്‌ക്കപ്പെട്ടിട്ടുണ്ടാകും. സ്വന്തം ഹൃദയത്തെ ഒരു ദീപനാളമാക്കി താങ്കൾക്ക്‌ ഈ ലോകത്തിന്റെ ഇരുട്ടിലൂടെ സ്വയം നയിച്ചു മുന്നോട്ടു പോകാം. താങ്കൾക്ക്‌ ചിന്തിക്കാനും സംസാരിക്കാനും സ്വേച്ഛാനുസരണം പ്രവർത്തിക്കാനുമാവും. താങ്കൾ ഒരു പുരുഷനായതിനാൽ ജീവിതത്തിന്റെ മുഖത്ത്‌ സ്വന്തം പേര്‌ ആലേഖനം താങ്കൾക്കാവും. താങ്കൾക്ക്‌ ഒരു അധിപനെപ്പോലെ ജീവിക്കാം. താങ്കളുടെ പിതാവിന്റെ ഭാരിച്ച സ്വത്ത്‌ ഒരടിമയാക്കി താങ്കളെ ചന്തയിൽ വിൽക്കാൻ കാരണമാകുകയുമില്ല. താങ്കൾ തെരഞ്ഞെടുക്കുന്ന യുവതിയെത്തന്നെ താങ്കൾക്ക്‌ വിവാഹം കഴിക്കാനും കഴിയും. അവളെ സ്വഹൃദയത്തിൽ താമസിപ്പിക്കുവാനും ഒരു തടസ്സവും കൂടാതെ പരസ്‌പര വിശ്വാസം പകരുവാനും കഴിയും.

ഒരു നിമിഷം മൂകത ആവിർഭവിച്ചു. സെൽമ തുടർന്നു. “ഇപ്പോൾ ജീവിതം നമ്മെ വേർപിരിക്കുവാൻ പോകുകയാണ്‌. താങ്കൾക്ക്‌ ഒരു പുരുഷന്റെ പ്രഭാവത്തോടെ മുന്നോട്ടുപോകാം. ഞാൻ ഒരു സ്‌ത്രീയുടെ ഉത്തരവാദിത്തങ്ങളേറ്റെടുക്കേണ്ടിയുമിരിക്കുന്നു. വാനമ്പാടിയുടെ ഗാനത്തെ തന്റെ ആഴങ്ങളിലേക്ക്‌ താഴ്‌വര വലിച്ചെടുത്തു വിഴുങ്ങുംപോലെയല്ലേ ഇത്‌? കാറ്റ്‌ റോസാപ്പൂവിലാഞ്ഞടിച്ച്‌ ദളങ്ങൾ കൊഴിച്ചുകളയും പോലെയല്ലേ? മുല്ലക്കാടിനരികിലിരുന്ന്‌ നാം നിലാവിൽ ഹൃദയങ്ങൾ കോർത്ത്‌ ചെലവഴിച്ച ആ രാത്രി പാഴായിപ്പോയോ? നമ്മുടെ ചിറകുകൾ കുഴയും വരെ താരകങ്ങളുടെ രാജ്യത്തേക്ക്‌ പറന്നുപോയില്ലേ? ഇപ്പോൾ താഴേക്ക്‌, ചിറകറ്റ്‌ പതിക്കുകയാണോ? അഗാധതയിലേക്ക്‌...? നാം ഒരു കൽപ്പനയും ലംഘിച്ചിട്ടില്ല. വിലക്കപ്പെട്ട ഫലം ഭക്ഷിച്ചതുമില്ല. പിന്നെ എന്തുകൊണ്ട്‌ നാമീ പറുദീസയിൽ നിന്നും പുറത്താക്കപ്പെടുന്നു? നാം ഒരുതരം ഉപജാപത്തിലുമേർപ്പെട്ടില്ല. നാം കലാപത്തിനുമില്ല. എന്നിട്ടും എന്തിന്‌ നാം നരകത്തിൽ പതിക്കണം? അല്ല.. അല്ല... നാം ഒരുമിച്ചു ചേരുന്ന നിമിഷങ്ങൾ നൂറ്റാണ്ടുകളേക്കാൾ ദീർഘങ്ങളാണ്‌. നമ്മുടെ ആത്മാക്കളെ അലങ്കരിക്കുന്ന പ്രകാശം അന്ധകാരത്തേക്കാൾ ശക്തവുമാണ്‌. ഈ പരുക്കൻ സമുദ്രത്തിനു മേലെ കൊടുങ്കാറ്റ്‌ നമ്മെ ഛിന്നിപ്പിക്കുന്നുവെങ്കിൽ തീരത്തുവെച്ച്‌ നമ്മെ തിരമാലകൾ ഒന്നിപ്പിക്കും. ഒരു സ്‌ത്രീയുടെ മനസ്സിൽ പരിവർത്തനം വരുത്തുവാൻ ഋതുഭേദങ്ങൾക്കോ, കാലത്തിനോ ആവില്ല. അത്‌ മരണപ്പെട്ടേക്കാം. പക്ഷേ ഒരിക്കലും നശിക്കുകയില്ല. ഒരു തോട്ടം യുദ്ധഭൂമിയായിത്തീരുംപോലെയാണ്‌ സ്‌ത്രീചിത്തം.

വൃക്ഷങ്ങൾ പിഴുതെടുക്കപ്പെട്ടും... പുൽക്കൂട്ടം കരിച്ചുകളയപ്പെട്ടും പാറകൾക്കുമേൽ രക്തം വർഷിക്കപ്പെട്ടും തലയോടുകളും അസ്ഥികളും ചിതറിവീണും കിടക്കുന്ന ആ സ്ഥലം ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ശാന്തമായി കാണപ്പെട്ടേക്കും. വസന്തവും ഗ്രീഷ്‌മവും താന്താങ്ങളുടെ പ്രവർത്തനവുമായി അവിടെയെത്തി പിരിഞ്ഞുപോകുമ്പോഴും....

ഇപ്പോഴിനി എന്റെ പ്രിയനേ, നാമെന്തു ചെയ്യും? നമുക്കെങ്ങനെ വേർപിരിയാനാവും? നാമിനി എന്നു കാണും? സായാഹ്നത്തിൽ സന്ദർശനത്തിനെത്തി പ്രഭാതത്തിൽ പിരിഞ്ഞു പോകുന്ന ഒരു അപരിചിതനാണോ പ്രണയം നമുക്ക്‌? അതോ നിദ്രാവേളയിൽ നമുക്കുണ്ടായ ഒരു ഭ്രമം മാത്രമായിരുന്നോ ഈ പ്രണയാനുഭൂതി? ഉണർന്നപ്പോഴതു നമ്മെ വെടിഞ്ഞു പോകുകയാണോ?

ഒരാഴ്‌ച നീണ്ടു നിന്ന ഈ ലഹരിയെ സമചിത്തതകൊണ്ട്‌ കീഴ്‌പെടുത്തണമെന്നോ? പ്രിയനേ, ശിരസ്സുയർത്തൂ.. ഞാനങ്ങയെ ഒരു നേരിൽ കാണട്ടെ. എന്തെങ്കിലും സംസാരിക്കൂ.. ഞാൻ കേൾക്കട്ടെ.. പറയൂ എന്തെങ്കിലും.. ഈ കൊടുങ്കാറ്റടങ്ങിക്കഴിഞ്ഞാൽ അങ്ങ്‌ എന്നെയോ, നമ്മുടെ പ്രണയത്തിന്റെ യാനപാത്രത്തെയോ ഓർമ്മിച്ചേക്കുമോ? രാത്രിയുടെ മൂകതയിൽ തന്റെ ചിറകനക്കങ്ങളുടെ മന്ത്രണങ്ങൾ അവിടുത്തെ ശ്രവണേന്ദ്രിയങ്ങൾ ശ്രദ്ധിക്കുമോ? എന്റെ ആത്മാവ്‌ അങ്ങയുടെമേൽ തെരുതെരെ ചിറകടിക്കുന്നത്‌ കേൾക്കുന്നില്ലേ? എന്റെ ദീർഘനിശ്വാസങ്ങൾക്ക്‌ അങ്ങ്‌ ചെവിക്കൊളളുമോ?

പോക്കുവെയിലിന്റെ നിഴലുകൾക്കൊപ്പം സമീപിക്കുന്ന എന്റെ നിഴലിനെ അങ്ങ്‌ ശ്രദ്ധിക്കുമോ? പ്രഭാത തരുണിമക്കൊപ്പമായിരിക്കും അതിന്റെ പിന്മടക്കം, പറയൂ... പ്രിയനേ, എന്റെ നയനങ്ങൾക്ക്‌ മാസ്‌മരരശ്‌മികളും ശ്രവണേന്ദ്രിയത്തിന്‌ ഗാനപീയൂഷവും ആത്മാവിന്‌ ചിറകുകളുമായിരുന്ന അങ്ങ്‌ പിന്നീടെന്താവും? എന്താവും അങ്ങയുടെ ഭാവി?”

ഇങ്ങനെയുളള ചോദ്യങ്ങൾ കേട്ടപ്പോൾ എന്റെ ഹൃദയം ഉരുകിയലിഞ്ഞു. ഞാനവൾക്കു മറുപടി നൽകി. “പ്രിയപ്പെട്ടവളേ, നീയെങ്ങനെ ആഗ്രഹിക്കുന്നുവോ ഞാൻ അതേമട്ടിലാവും കഴിയുക...”

അപ്പോൾ അവൾ മൊഴിഞ്ഞുഃ “ഒരു കവി അവന്റെ ദുഃഖചിന്തകളെ സ്‌നേഹിക്കുന്നതുപോലെ അങ്ങെന്നെ സ്‌നേഹിക്കണമെന്ന്‌ ഞാനാഗ്രഹിക്കുന്നു. ഒരു യാത്രികൻ വഴിമദ്ധ്യേ താൻ നേരത്തെ കൈക്കുമ്പിളിൽ വെളളം കോരിക്കുടിക്കെ ഒരു ചെറുശാന്ത തടാകത്തിൽ കണ്ട സ്വന്തം പ്രതിബിംബത്തെ ഓർമ്മിക്കുംപോലെ അങ്ങെന്നെപ്പറ്റി ഓർമ്മിക്കുക. പ്രകാശമെന്തെന്നറിയുന്നതിനുമുമ്പ്‌ മരിച്ച സ്വന്തം ശിശുവെപ്പറ്റി മാതാവ്‌ ഓർമ്മിക്കുംപോലെയോ, തന്റെ കാരുണ്യം പകരാൻ കഴിയും മുമ്പേ കഴുമരമേറ്റപ്പെട്ട തടവുകാരനെ ദയാമയനായ രാജാവ്‌ ഓർമ്മിക്കും പോലെയോ അങ്ങെന്നെ സ്‌മരിക്കുക. അങ്ങെന്നെ എപ്പോഴും പിൻതുടരണമെന്ന്‌ ഞാൻ മോഹിക്കുന്നു. മിക്കവാറും ഇവിടെ സന്ദർശിച്ച്‌ എന്റെ പിതാവിനെ സാന്ത്വനിപ്പിക്കണേ... ഞാനിവിടം വിട്ടുപോകുകയാണല്ലോ. പിതാവ്‌ ഇനി ഏകാകിയായിത്തീരും. ഇനിമേൽ ഞാനദ്ദേഹത്തിനൊരപരിചിതയായിരിക്കും. അപ്പോൾ ഞാനിങ്ങനെ പറഞ്ഞു. ”ഭവതി പറഞ്ഞതുപോലെയൊക്കെ ഞാൻ അനുസരിക്കും. ഭവതിയുടെ ആത്മാവിന്‌ ഞാനെന്റെ ആത്മാവു കൊണ്ടൊരു കവചം തീർക്കും. എന്റെ ഹൃദയം നിന്റെ സൗന്ദര്യത്തിന്റെ ഭവനമാകും. നിന്റെ ദുഃഖങ്ങളുടെ ശവക്കല്ലറ എന്റെ വക്ഷസ്സാകും. ഞാൻ നിന്നെ സ്‌നേഹിക്കും. സെൽമാ എല്ലാ മൈതാനപ്രദേശങ്ങളും വസന്തത്തെ സ്‌നേഹിക്കുന്നു. ഞാൻ നിന്നിൽ ഒരു പൂവിന്റെ ജീവിതം സാധിക്കും, സൂര്യകിരണങ്ങൾക്കുകീഴെ. ഗ്രാമക്ഷേത്രങ്ങളുടെ മണിനാദങ്ങൾ താഴ്‌വരകൾ പ്രതിദ്ധ്വനിപ്പിക്കുംപോലെ, ഞാൻ നിന്റെ ഗാനങ്ങൾ ആലപിച്ചുകൊണ്ടിരിക്കും. തിരമാലകളുടെ കഥകൾ കേൾക്കാൻ തീരം സന്നദ്ധമായിരിക്കുന്നതുപോലെ നിന്റെ ആത്മാവിന്റെ ഭാഷയ്‌ക്കായി ഞാൻ ചെവിയോർത്തിരിക്കും. ഒരു പ്രവാസി അവന്റെ മാതൃരാജ്യത്തെ സ്‌മരിക്കുംപോലെ ഞാൻ നിന്നെപ്പറ്റി ഓർമ്മിക്കും. ഒരു ബുഭുക്ഷുവിരുന്നിനെപ്പറ്റി സ്വപ്‌നം കാണുംപോലെ ഞാൻ നിന്നെ ഓർമ്മിക്കും. നിഷ്‌കാസിതനാക്കപ്പെട്ട രാജാവ്‌ തന്റെ പ്രഭാവത്തിന്റെ നാളുകൾ ഓർമ്മിക്കുംപോലെ ഞാൻ നിന്നെ ഓർമ്മിക്കും. ഒരു തടവുകാരൻ തന്റെ സ്വാതന്ത്ര്യം നിറഞ്ഞ പഴയനാളുകളെ ഓർമ്മിക്കുംപോലെ ഞാൻ നിന്നെ ഓർമ്മിക്കും. ഒരു തടവുകാരൻ തന്റെ സ്വാതന്ത്ര്യം നിറഞ്ഞ പഴയനാളുകളെ ഓർമ്മിക്കുംപോലെ ഞാൻ നിന്നെ ഓർമ്മിക്കും. തന്റെ മെതിപ്പാടത്ത്‌ നിറഞ്ഞിരിക്കുന്ന ഗോതമ്പുകറ്റകൾ വിത്തെറിയുന്ന കർഷകൻ സ്വപ്‌നം കാണുന്നതുപോലെ ഞാൻ നിന്നെ ഓർമ്മിക്കും. ആട്ടിടയൻ നിറഞ്ഞ പുൽമേടുകളേയും മധുരിക്കുന്ന അരുവികളേയും ഓർമ്മിക്കുന്നതുപോലെ ഞാൻ നിന്നെ ഓർമ്മിക്കും..“

സെൽമ മിടിക്കുന്ന ഹൃദയത്തോടെ എന്നെ ശ്രവിച്ചുകൊണ്ടിരുന്നു. അവൾ തുടർന്നു. ”നാളെ സത്യം അതിന്റെ ഭീകരമുഖം വെളിവാക്കും. സ്വപ്‌നത്തിൽ നിന്നുണരുന്നതുപോലെയാവും ആ തിരിച്ചറിവ്‌. ഒരു ഭൂതത്തെ ആലിംഗനം ചെയ്യാനൊരു പ്രണയിക്കാവുമോ? സ്വപ്‌നത്തിൽ കണ്ട ജലാശയത്തിൽ നിന്നും ഒരുവന്‌ വെളളം കുടിക്കാൻ കഴിയുമോ?

ഞാനവൾക്ക്‌ മറുപടി നൽകിഃ “നാളെ വിധി നിന്നെ സമാധാനം പുലരുന്ന ഒരു കുടുംബാന്തരീക്ഷത്തിന്‌ മദ്ധ്യേ എത്തിക്കും. പക്ഷേ അതേവിധി എന്നെ എവിടെയാവും എത്തിക്കുക? ഞാൻ സംഘർഷങ്ങളുടെ ലോകത്തെത്തിപ്പെടും. എന്റെ ആത്മാവിൽ യുദ്ധങ്ങളാവും. നിന്റെ സൗന്ദര്യവും സമ്പത്തും മൂലം ഭാഗ്യം ലഭിച്ച ഒരു യുവാവിനോടൊപ്പം നിനക്കിരിക്കേണ്ടി വരുമ്പോൾ ഞാൻ ഭയത്തിന്റെയും പീഡനത്തിന്റെയും ഇരയാവും. നീ ജീവിതത്തിന്റെ പൂമുഖം കടന്നുചെല്ലുമ്പോൾ ഞാൻ മൃത്യുവിന്റെ പടിവാതിലാവും കടന്നുചെല്ലുക. എല്ലാ സുജനമര്യാദകളോടും കൂടി നീ സ്വീകരിക്കപ്പെടും. ഞാനോ, ഏകാകിതയിൽ വേവും. പക്ഷേ മരണത്തിന്റെ താഴ്‌വരയിൽപോലും ഞാൻ പ്രണയത്തിന്റെയും ആരാധനയുടെയും ഒരു വിഗ്രഹം പ്രതിഷ്‌ഠിക്കും. സ്‌നേഹം എന്നെ സാന്ത്വനിപ്പിക്കും. സ്‌നേഹം മാത്രം. ഞാൻ സ്‌നേഹം വീഞ്ഞെന്നപോലെ കുടിക്കുകയും മേലങ്കിപോലെ അണിയുകയും ചെയ്യും. പ്രഭാതത്തിൽ, നിദ്രയിൽ നിന്നും സ്‌നേഹമെന്നെ ഉണർത്തും. അതെന്നെ അന്യലോകങ്ങളിലേക്കാനയിക്കും. മദ്ധ്യാഹ്നങ്ങളിൽ വൃക്ഷഛായകളിലെത്തിക്കും. ചൂടിൽനിന്നും പക്ഷികളോടൊപ്പം ഞാനവിടെ ഇളവേൽക്കും. സന്ധ്യക്ക്‌ അസ്‌തമനത്തിന്റെ ഗാനം പോക്കുവെയിലോടൊപ്പം ശ്രവിക്കും. പകൽ അതിന്റെ അന്ത്യഗാനം ആലപിക്കുന്നതോടൊപ്പം ഭൂതരൂപികളായ മേഘങ്ങളെ എനിക്കു മുന്നിലവതരിപ്പിക്കും. രാവുകളിൽ പ്രണയമെന്നെ ആലിംഗനം ചെയ്യും. പ്രണയികളുടെയും കവികളുടേയും ആത്മാവുകൾ വിഹരിക്കുന്ന സ്വർഗ്ഗം സ്വപ്‌നം കണ്ടുകൊണ്ട്‌ ഞാൻ ഉറങ്ങും. വസന്തത്തിൽ വയലറ്റുകൾക്കും മുല്ലകൾക്കുമരികിലൂടെ ഞാൻ നടക്കാനിറങ്ങും. ശിശിരത്തി​‍െൻ​‍്ര അവശേഷിക്കുന്ന ഹിമബിന്ദുക്കൾ ഞാൻ ലില്ലിപ്പുഷ്‌പഷകങ്ങളിൽ നിന്നൂറ്റിക്കുടിക്കും. ഗ്രീഷ്‌മത്തിൽ പച്ചപ്പുൽത്തകിടുകൾ ശയ്യയാക്കിയും വയ്‌ക്കോൽത്തലയിണ ചമച്ചും നാം നക്ഷത്രങ്ങളെ നോക്കി മലർന്നുകിടക്കുമ്പോൾ നീലാകാശം നമ്മെ പൊതിയും.

ഇലപൊഴിയും കാലങ്ങളിൽ ഞാൻ മുന്തിരിപ്പാടങ്ങൾക്കരികെ നടക്കും. വീഞ്ഞു പിഴിയുന്ന കേന്ദ്രത്തിനരികിൽ ഞാൻ ചെന്നിരിക്കും. സ്വർണ്ണാഭരണങ്ങൾ അടർത്തിയെടുക്കപ്പെട്ട മുന്തിരിവളളികളെ ഞാൻ നോക്കിക്കൊണ്ടിരിക്കും. നമുക്കുമേലെ ദേശാടനക്കിളികൾ ചിറകടിച്ചണയും. മഞ്ഞുകാലത്ത്‌ നെരിപ്പോടിനരികിൽ നാം പുരാതനകഥകൾ പറഞ്ഞുകൊണ്ടിരിക്കും. വിദൂരദേശങ്ങളിൽ നിന്നുളള പുരാവൃത്തങ്ങൾ അയവിറക്കും. എന്റെ യുവത്വകാലത്ത്‌ സ്‌നേഹമായിരിക്കും എന്റെ പിതാവ്‌. മദ്ധ്യകാലത്ത്‌ എന്റെ സഹായി. വാർദ്ധക്യത്തിൽ വിസ്‌മയവും. സ്‌നേഹം.. എന്റെ സെൽമാ, ജീവിതാന്ത്യത്തോളമെന്നിൽ നിലനിൽക്കും. മരണാനന്തരം എന്നെയും നിന്നെയും ദൈവം ഒന്നിപ്പിക്കും...”

നെരിപ്പോടിൽ നിന്നും ഉയരുന്ന ജ്വാലകൾപോലെ ഈ വാക്കുകൾ എന്റെ ഹൃദയാന്തരാളത്തിൽ നിന്നും ഉയർന്നു വന്നവയാണ്‌. പിന്നീടവ ചാരമായി അവശേഷിക്കുന്നു. സെൽമയുടെ കണ്ണുകൾ ഈറനായി. അവൾ കരയുകയായിരുന്നു. അവളുടെ നനഞ്ഞ കണ്ണുകൾ ചുണ്ടുകളെപ്പോലെ എനിക്ക്‌ മറുപടി നൽകിക്കൊണ്ടിരുന്നു.

സെൽമയുടേയും എന്റെയും ആത്മാക്കൾ ആ മുഹൂർത്തത്തിലനുഭവിച്ചുകൊണ്ടിരുന്ന ദുഃഖം നിറഞ്ഞ സന്തോഷം തിരിച്ചറിയുവാൻ പ്രണയം ചിറകുകൾ സമ്മാനിക്കാത്തവർക്ക്‌ കഴിയുകയില്ല. പ്രണയം പിന്തുടർച്ചക്കാരായി പ്രഖ്യാപിക്കാത്തവർക്ക്‌ പ്രണയത്തിന്റെ വിളി കേൾക്കാനുമാവില്ല. ഈ കഥ അത്തരക്കാർക്കുവേണ്ടിയുളളതല്ല. അവർ ഈ താളുകളിലൂടെ കടന്നുപോയാൽതന്നെയും വാക്കുകളിൽ പൊതിഞ്ഞുവെയ്‌ക്കപ്പെടാത്ത ഇതിലെ അർത്ഥധ്വനികൾ ഉൾക്കൊളളാനുമാവില്ല. താളുകളിൽ ആ അർത്ഥധ്വനികൾക്ക്‌ ജീവിക്കാനുമാവില്ല. പ്രണയപാനപാത്രത്തിൽ നിന്നും അക്കൂട്ടത്തിൽപ്പെട്ട ഒരുവൻ ഒരിക്കലും ഒരു കവിൾകുടിച്ചിട്ടുണ്ടാവില്ല. പ്രണയം കൊണ്ട്‌ പ്രകാശിതമായ ക്ഷേത്രത്തിന്റെ ശ്രീ കോവിലിനുമുന്നിൽ ആരാധനയോടെ ഒരിക്കലും അത്തരമൊരാത്മാവിന്‌ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ആ ക്ഷേത്രത്തിന്റെ സോപാനം പ്രണയികളുടെ ഹൃദയങ്ങൾകൊണ്ട്‌ പടുത്തുയർത്തപ്പെട്ടവയായിരിക്കും താനും. അതിന്റെ മട്ടുപ്പാവ്‌ സ്വപ്‌നങ്ങളുടെ രഹസ്യ മേൽക്കട്ടികൊണ്ട്‌ ആവൃതമായിരിക്കും. ഒരിക്കലും തന്റെ ഇതളുകൾക്കുമേൽ പ്രഭാതം ഹിമബിന്ദു വർഷിച്ചിട്ടില്ലാത്തൊരു പുഷ്‌പത്തെപ്പോലെയാണ്‌ അത്തരമൊരുവൻ. സമുദ്രത്തിലെത്തിച്ചേരും മുമ്പേ പ്രവാഹം നിലച്ചുപോയൊരു നീരൊഴുക്കിനെപ്പോലെയും.

സെൽമ ശിരസ്സുയർത്തി നക്ഷത്രങ്ങൾ കൊണ്ടലങ്കരിക്കപ്പെട്ട നഭോമണ്‌ഡലത്തിലേക്കുനോക്കി. അവൾ കൈകൾ വിടർത്തി. അവളുടെ കണ്ണുകളുടെ വിശാലത വർദ്ധിച്ചു. ചുണ്ടുകൾ വിറപൂണ്ടു. അവളുടെ വിളഞ്ഞ മുഖത്ത്‌ ദുഃഖത്തിന്റെ ചിഹ്‌നങ്ങളെനിക്കു കാണാം. നൈരാശ്യത്തിന്റെയും അടിച്ചമർത്തലിന്റെയും വേദനയുടെയും മുദ്രകളും കാണാം. പൊടുന്നനെ അവൾ കേണു. “ദൈവമേ- അങ്ങയെ പ്രകോപിപ്പിക്കത്തക്കവണ്ണം ഒരു സ്‌ത്രീക്കെന്ത്‌ ചെയ്യാനാവും? ഇത്തരമൊരു ശിക്ഷ കൈവരിക്കാൻ അവളെന്തു പാപമാവും ചെയ്‌തിരിക്കുക? അനപസാനമായ ഇത്തരം ശാസനയ്‌ക്ക്‌ അവളെങ്ങനെ അർഹയായി? ഓ! ദൈവമേ... അങ്ങ്‌ സർവ്വശക്തനാകുന്നു, ഞാനോ, ദുർബലയും. എന്തിനെന്നെ ഇത്രയും പീഡിപ്പിക്കുന്നു? അങ്ങ്‌ മഹിമയുടെ നിറകുടമല്ലേ? അങ്ങയുടെ സിംഹാസനത്തിനു മുന്നിലിഴയുന്ന ഒരു വെറും കീടം മാത്രമല്ലേ ഞാൻ? എന്തിനങ്ങെന്നെ പാദരക്ഷകൊണ്ട്‌ ചവിട്ടിയരയ്‌ക്കുന്നു? അങ്ങ്‌ ആർത്തിരമ്പുന്ന കൊടുങ്കാറ്റെങ്കിൽ ഞാൻ വെറുംപൊടി. അങ്ങ്‌ സർവ്വശക്തനായിരിക്കുന്നു. ഞാനോ നിസ്സഹായയാണ്‌. എന്തിനാണങ്ങെന്നോട്‌ യുദ്ധം ചെയ്യുന്നത്‌? അങ്ങ്‌ ദാക്ഷ്യണ്യമുളളവനാണ്‌. എന്തിനെന്നെ നശിപ്പിക്കുന്നു? സ്‌ത്രീയെ അങ്ങ്‌ പ്രണയമയിയാക്കി സൃഷ്‌ടിക്കുന്നതെന്തിന്‌? നശിപ്പിക്കുവാനാണോ? വലതുകരം കൊണ്ട്‌ അവളെ അങ്ങ്‌ ഉയർത്തുകയും ഇടതുകരം കൊണ്ട്‌ നരകത്തിലേക്കാഴ്‌ത്തുകയും ചെയ്യുന്നു. അതിന്‌ കാരണമെന്തെന്ന്‌ അവൾക്കറിയുകയില്ല. അവളുടെ വക്രതയിലങ്ങ്‌ ജീവശ്വാസം പകർന്നു. ഹൃദയത്തിൽ അതേ സമയം മൃത്യുവിന്റെ വിത്തുകളും പാകി. ആഹ്ലാദത്തിന്റെ മാർഗ്ഗം അങ്ങ്‌ അവൾക്ക്‌ കാട്ടിക്കൊടുത്തു. പക്ഷേ അവളെ അങ്ങ്‌ വഴി നടത്തിച്ചത്‌ ദുരിതത്തിന്റെ മാർഗ്ഗത്തിലൂടെയായി. അവളുടെ അധരങ്ങളിൽനിന്നും പൊഴിയുവാനായി അങ്ങ്‌ കരുതിവച്ചത്‌ ആഹ്ലാദഗാനമാണെങ്കിൽ ദുഃഖം കൊണ്ട്‌ അവൾക്കതാലപിക്കാൻ കഴിയുന്നില്ല. ചുണ്ടുകൾ അനങ്ങുന്നില്ല. നാവ്‌ സംത്രാസം കൊണ്ട്‌ തടവിലായതുപോലെയുമായി. അങ്ങയുടെ മാന്ത്രിക വിരലുകൾകൊണ്ട്‌ അവളുടെ മുറിവുകളിൽ അങ്ങ്‌ സാന്ത്വനം പകരുമോ? അതോ അവളുടെ ആഹ്ലാദങ്ങൾക്കുചുറ്റും വേദനയുടെ വലയം തീർക്കുമോ? അവളുടെ ശയ്യയിൽ അങ്ങ്‌ സുഖസമാധാനങ്ങൾ ഒളിച്ചുവെയ്‌ക്കുന്നു. പക്ഷേ അതിനരികിൽത്തന്നെ ഭീതിയുടെ വിഘാതങ്ങൾ തീർക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങയുടെ ഇഛ അവളുടെ പ്രേമത്തെ വിഭ്രമിപ്പിക്കുന്നു. അങ്ങനെ അവളുടെ പ്രേമത്തിൽനിന്നും ലജ്ജ ഉദ്‌ഗമിക്കുന്നു. അങ്ങ്‌ സ്വേഛയാൽ അവളെ സൃഷ്‌ടിയുടെ സൗന്ദര്യം കാട്ടിക്കൊടുക്കുന്നു. പക്ഷേ സൗന്ദര്യത്തിനുളള അവളുടെ സ്‌നേഹം കൊടിയ ക്ഷാമമായി ഭവിക്കുന്നു. മരണത്തിന്റെ ചഷകത്തിൽ അങ്ങ്‌ അവൾക്ക്‌​‍്‌ ജീവിതം കഴിക്കാനേകുന്നു. കണ്ണീരിലൂടെ അങ്ങ്‌ അവളെ ശുദ്ധീകരിക്കുവാൻ ശ്രമിക്കുമ്പോൾ അവൾ ആ കണ്ണീരിലൂടെ ഒഴുകിപ്പോകുന്നു. ഓ! ദൈവമേ.. പ്രണയം കൊണ്ട്‌ അങ്ങെന്റെ കണ്ണുകൾ തുറപ്പിച്ചു. പ്രണയം കൊണ്ടുതന്നെ അങ്ങെന്നെ അന്ധയാക്കി. അങ്ങ്‌ അധരങ്ങളാൽ എന്നെ ചുംബിക്കുകയും കരുത്തുറ്റ കൈളാൽ മർദ്ദിക്കുകയും ചെയ്‌തു. എന്റെ ഹൃദയത്തിന്റെ മണ്ണിൽ അങ്ങ്‌ ഒരു പനീർച്ചെടിനട്ടു. പക്ഷേ അതിനു ചുറ്റും ഒരു മുൾവേലിയുമുണ്ടായിരുന്നു. ഞാൻ സ്‌നേഹിക്കുന്ന ഒരു യുവാവിന്റെ ആത്മാവുമായി എന്റെ വർത്തമാനത്തെ അങ്ങ്‌ കൂട്ടിക്കെട്ടിയിട്ടു. പക്ഷേ ഞാനൊരിക്കലും കണ്ടിട്ടേയില്ലാത്ത ഒരുവനോടൊപ്പമാണ്‌ അങ്ങെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്‌. അതിനാൽ ദയവായി എന്നെ സഹായിക്കൂ... എന്റെ ദൈവമേ! ഈ മാരകമായ സംഘർഷത്തെ അതിജീവിക്കുവാനെനിക്കു കരുത്ത്‌ പകരൂ! മരണം വരേയ്‌ക്കും സത്യസന്ധയായും ആദർശശാലിയായും ജീവിക്കുവാനെന്നെ സഹായിക്കൂ.. ദൈവമേ..”

മൂകത തുടർന്നു. വിളർത്തും ക്ഷീണിച്ചും അവൾ താഴേക്കുനോക്കി. അവളുടെ കരങ്ങൾ താഴ്‌ന്നു. കൊടുങ്കാറ്റ്‌ ഒഴിച്ചിട്ട വൃക്ഷശിഖരംപോലെ തോന്നിച്ചു. എനിക്ക്‌ സെൽമയുടെ കുനിഞ്ഞ ശിരസ്സ്‌ ഉണങ്ങി നശിക്കാൻ പോകുന്നു ആ വൃക്ഷശിഖരം.

അവളുടെ തണുത്ത കൈ ഞാൻ കോരിയെടുത്തു. ഞാനതിൽ ചുംബിച്ചു. പക്ഷേ, ഞാനവളെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചപ്പോൾ, അവളേക്കാൾ സാന്ത്വനമർഹിക്കുന്നത്‌ ഞാനാണെന്ന നിലയിലെത്തി. ഞാൻ മൂകനായി ഇരുന്നു. എന്റെ ഹൃദയമിടിക്കുന്നത്‌ ഞാൻ കേട്ടു. വ്യസനകരമായ ഈ അവസ്ഥയെക്കുറിച്ചുതന്നെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഞങ്ങളിരുവരും ഒന്നും മിണ്ടിയില്ല.

തീവ്രപീഡനം മനുഷ്യനെ നിശ്ശബ്‌ദനാക്കുന്നു. ഞങ്ങൾ മൂകരായി തുടർന്നു. ഒരു ഭൂകമ്പത്തിൽ തകർന്നു വീണ മാർബിൾ സ്‌തംഭങ്ങൾ പോലെ ഞങ്ങൾ മരവിച്ചിരുന്നു. ആരും അന്യനെ ശ്രവിക്കാനിപ്പോൾ ആഗ്രഹിച്ചില്ല. ഹൃദയസ്‌പന്ദനങ്ങൾ ക്ഷീണങ്ങളായി വന്നു. നിശ്വാസം പോലും അവയെ ഛിന്നഭിന്നമാക്കുമെന്നു തോന്നി.

അർദ്ധരാത്രിയായിക്കഴിഞ്ഞു. സുന്നിൻ മലനിരകൾക്കപ്പുറം ചന്ദ്രബിംബം തിളങ്ങുന്നത്‌ ഞങ്ങൾക്കു കാണായി. അരണ്ടമെഴുകുതിരികൾക്കു നടുവിൽ തുറന്ന ശവപ്പെട്ടിയിൽ ഒരു ശവത്തിന്റെ മുഖമെന്നോണം ഞങ്ങൾ നക്ഷത്രങ്ങൾക്കു മദ്ധ്യേ ആ ചന്ദ്രബിംബം വിളറി നിൽക്കുന്നതു കണ്ടു. പ്രായാധിക്യം കൊണ്ട്‌ നടു കൂനിപ്പോയ ഒരു വൃദ്ധനെപ്പോലെയായി ലബനൻ നഗരം. നിദ്രാരാഹിത്യം കൊണ്ട്‌ അടുപ്പായി മാറിയ രണ്ടുകണ്ണുകളും. ആ കണ്ണുകൾ ഇരുട്ടൊടുങ്ങി പ്രഭാതമെത്താനായി കാത്തിരിക്കുകയാണ്‌. തന്റെ കൊട്ടാരത്തിന്റെ ജീർണ്ണാവശിഷ്‌ടങ്ങൾക്കിടയിൽ സിംഹാസനത്തിന്റെ ചാരത്തിൽ കിടക്കുന്ന ഭ്രഷ്‌ട രാജാവിനെപ്പോലെയായിരുന്നു അപ്പോൾ ലബനൻ നഗരം.

കാലഭേദങ്ങൾക്കും ഋതുക്കൾക്കുമനുസരണമായി മലകളും വൃക്ഷങ്ങളും നദികളും അതാതിന്റെ ബാഹ്യരൂപം മാറ്റുന്നു, ഒരു മനുഷ്യനെ അവന്റെ വികാരങ്ങളും അനുഭവങ്ങളും മാറ്റിത്തീർക്കുന്നതുപോലെ. ഉച്ചക്ക്‌ ഒരു നവവധുവെപ്പോലെ തോന്നിക്കുന്ന പോപ്ലാർവൃക്ഷം സായന്തനത്തിൽ ഒരു പുകത്തൂണ്‌ പോലെ തോന്നിക്കുന്നു. പകൽസമയത്ത്‌ അലംഘ്യമായി തോന്നിക്കുന്ന പാറ രാത്രികാലങ്ങളിൽ ഒരു നിസ്വനെപ്പോലെ പാവം പിടിച്ച മട്ടിലിരിക്കുന്നു; ഭൂമി അവന്റെ കിടക്കയും ആകാശം പുതപ്പുമാണെന്ന മട്ടിൽ. പ്രഭാതത്തിൽ കളകളാരവത്തിൽ ഗാനം പെയ്‌തൊഴുകുന്ന അരുവി വൈകീട്ടാകുമ്പോഴേക്കും സ്വന്തം കുഞ്ഞിനെ തിരഞ്ഞി വിലപിക്കുന്ന മാതാവിനെപ്പോലെ കണ്ണീരൊഴുക്കിയൊഴുകുന്നു. ഒരാഴ്‌ചമുമ്പ്‌ പ്രഭാവപൂർണ്ണമായനുഭവപ്പെട്ടിരുന്ന ലബനൻ നഗരം (അന്ന്‌ പൂർണ്ണചന്ദ്രനുദിച്ചിരുന്നു. ഞങ്ങളുടെ ആത്മാവുകൾ നിറഞ്ഞിരുന്നു) ഈ രാത്രി ഏകാകിയായും ദുഃഖിതനായും കാണപ്പെട്ടു.

ഞങ്ങളിരുവരുമെഴുന്നേറ്റു. പരസ്‌പരം യാത്രാമൊഴിചൊല്ലും മട്ടിലഭിവാദ്യം ചെയ്‌തു. പക്ഷേ പ്രണയവും നൈരാശ്യവും രണ്ടു ഭൂതങ്ങളെപ്പോലെ ഞങ്ങൾക്കിടയിൽ നിന്നു. ഒരുവൾ ചിറകുകൾ വിരലുകൾകൊണ്ട്‌ വിതിർത്ത്‌ ഞങ്ങളുടെ കണ്‌ഠങ്ങൾക്കുമേലെ നിന്നപ്പോൾ അപര കരയുന്ന അവളെ നോക്കി നിഗൂഢമായി ചിരിച്ചുകൊണ്ടിരുന്നു.

ഞാൻ സെൽമയുടെ കരങ്ങളെടുത്ത്‌ എന്റെ ചുണ്ടോടടുപ്പിക്കവേ, അവൾ എന്റെ അടുത്തേക്ക്‌ നീങ്ങിവന്നു. ഞാനവളുടെ നെറ്റിയിൽ ഒരു ചുംബനമർപ്പിച്ചുകൊണ്ട്‌ ഇരിപ്പിടത്തിലേക്ക്‌ വീണ്ടും വീണു. അവൾ കണ്ണുകളടച്ച്‌ എന്തോ മന്ത്രിച്ചു. വളരെ മൃദുവായി ആ ശബ്‌ദം ഞാൻ കേട്ടു. “ഓ! ദൈവമേ... എന്നിൽ കരുണ ചൊരിയൂ. എന്റെ തകർന്ന ചിറകുകൾ ഭേദമാക്കിത്തരണേ...”

വൃക്ഷങ്ങളുടേയും ചന്ദ്രപ്രകാശത്തിന്റെയും, അഗാധ നിശ്ശബ്‌ദതയുടേയും എന്നല്ല എന്നെ ചുറ്റിച്ചുഴന്നിരുന്ന സർവ്വത്തിന്റെയും മനോഹാരിത അപ്പോഴെനിക്ക്‌ ഭീകരവും മലീമസവുമായി തോന്നി.

ഞാൻ സെൽമയെ ഉദ്യാനത്തിലുപേക്ഷിച്ചു പോന്നു. എന്റെ പ്രജ്ഞയെയാകെ ഒരു കനത്ത ആവരണം വന്നു മൂടിയപോലെ എനിക്കനുഭവപ്പെട്ടു. മൂടൽമഞ്ഞ്‌ ഒരു തടാകത്തിന്റെ ഉപരിതലത്തെ പൊതിഞ്ഞുനിൽക്കുംപോലെ. ഈ പ്രപഞ്ചത്തിന്റെ മനോഹാരിതയും വിസ്‌മയങ്ങളുമെനിക്കു മുന്നിൽ പ്രദർശിപ്പിച്ച ആ സത്യപ്രകാശം ഇപ്പോൾ എന്റെ ഹൃദയത്തെ വരട്ടുന്ന അഗ്‌നിയായി മാറിക്കഴിഞ്ഞിരുന്നു. ഞാൻ നിരന്തരം കേട്ടുകൊണ്ടിരുന്ന ആ അനാദ്യന്ത സംഗീതം ഒരു കൊടിയ നിലവിളിയായി മാറിക്കഴിഞ്ഞിരുന്നു. അത്‌ ഒരു സിംഹത്തിന്റെ അലർച്ചയേക്കാൾ ഭീതിദവുമായി.

Previous Next

ഖലീൽ ജിബ്രാൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.