പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഒടിഞ്ഞ ചിറകുകൾ > കൃതി

ഒരു ശുഭ്രജ്വാല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഖലീൽ ജിബ്രാൻ

പരിഭാഷ ഃ വേണു വി. ദേശം

നിസാൻമാസം കടന്നുപോയതേയുളളൂ. ഞാൻ തുടർച്ചയായി ഫാരിസ്‌ എഫാന്റിയുടെ വസതി സന്ദർശിച്ചുപോന്നു. ആ മനോഹരോദ്യാനത്തിൽവെച്ചാവും പലപ്പോഴും ഞാൻ സൽമയെ സന്ധിക്കുക. ഞാനവളുടെ സൗന്ദര്യം നിരീക്ഷിക്കുകയും അവളുടെ ബുദ്ധിശക്തിയിലതിശയിക്കുകയും അവളുടെ നിശ്ചലദുഃഖം ശ്രവിക്കുകയും ചെയ്‌തുപോന്നു. ഏതോ അദൃശ്യഹസ്‌തം എന്നെ അവളിലേക്ക്‌ പിടിച്ചടുപ്പിക്കുകയായിരുന്നുവെന്ന്‌ ഞാനറിയുന്നു.

അവൾ ഒരു ഗ്രന്ഥമായിരുന്നുവെങ്കിൽ അതിലെ എല്ലാ താളുകളും ഞാൻ വായിച്ചറിയുന്നതുവരെ ഞാൻ നടത്തിയ സൗഹൃദസന്ദർശനങ്ങളെല്ലാം അവളുടെ സൗന്ദര്യത്തിന്‌ പുതുപുതു അർത്ഥതലങ്ങൾ കണ്ടെത്തുകയും അവളുടെ മധുരതരമായ ആത്മാവിലേക്ക്‌ കൂടുതൽ ഇറങ്ങിച്ചെല്ലുകയും ചെയ്‌തിരുന്നു. ഞാനവൾക്കുവേണ്ടി സ്‌തുതിഗീതങ്ങൾ ചൊല്ലി. പക്ഷേ ഞാനവളെ പൂർണ്ണമായും അറിഞ്ഞതേയില്ല.

ദൈവാനുഗ്രഹത്താൽ ആത്മാവിലും ശരീരത്തിലും സൗന്ദര്യം തികഞ്ഞ ആ സ്‌ത്രീ ഒരു സത്യമാണ്‌. ഒരേസമയം അവൾ പ്രത്യക്ഷമായിരിക്കുമ്പോൾത്തന്നെ ഒരു രഹസ്യവുമാണ്‌. പ്രണയത്തിലൂടെ മാത്രമേ അങ്ങനെ തിരിച്ചറിയുവാനുമാകൂ. ആ തിരിച്ചറിവിനെ ആദർശപരതയിലൂടെയേ സ്‌പർശിക്കുവാനും കഴിയൂ. അത്തരം ഒരു സ്‌ത്രീയെ നാം വർണ്ണിക്കാനൊരുങ്ങുമ്പോൾ അവൾ ആവിയായി അലിഞ്ഞുമറയുന്നു.

ശാരീരികമായും ആത്മീയമായും സൗന്ദര്യപൂർണ്ണിമയുളള യുവതിയായിരുന്നു സെൽമ കരാമി. ഒരിക്കലും പക്ഷേ അവളെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾക്കുവേണ്ടി ഞാനെങ്ങനെ അവളെ വർണ്ണിക്കും? ഒരു വാനമ്പാടിയുടെ ഗീതം കേൾക്കാൻ മരിച്ചുപോയൊരാൾക്കു കഴിയുമോ? അരുവിയുടെ നിശ്വാസമോ പനിനിർപ്പൂ സുഗന്ധമോ അയാൾക്കനുഭവിക്കുവാനാകുമോ? നിറയെ വിലങ്ങുകൾ പേറുന്ന ഒരു കാരാഗൃഹവാസിക്ക്‌ പ്രഭാതമാരുതനു പിന്നാലെ പോകാൻ കഴിയുമോ?

ഒരുപക്ഷേ മരണത്തേക്കാൾ വേദനാജനകമല്ലേ മൂകത? പ്രകാശമാനങ്ങളായ വർണ്ണങ്ങളാൽപോലും എനിക്കവളെ ചിത്രീകരിക്കുവാൻ കഴിയുകയില്ല. സാധാരണങ്ങളായ വാക്കുകളാലപ്പോഴെങ്ങനെ എനിക്കതിന്‌ കഴിയും? വിശിഷ്‌ടഭോജ്യങ്ങൾ വേണമെന്നില്ല-വരണ്ട റൊട്ടിപോലും മരുഭൂമിയിൽ കഴിയുന്ന ഒരുവൻ രുചിയോടെ കഴിക്കുകയില്ലേ?

അവളുടെ വെളുത്ത പട്ടുകുപ്പായത്തിൽ സെൽമ രാവിൽ ജനാലയിലൂടെ കടന്നുവരുന്ന ചന്ദ്രകിരണം പോലെ തോന്നിച്ചു. അവളുടെ നടപ്പിൽ കുലീനതയുണ്ടായിരുന്നു. താളാത്മകതയും. താഴ്‌ന്ന സ്ഥായിയിൽ മധുരതരമായിരുന്നു സ്വരം. കാറ്റ്‌ ശല്യപ്പെടുത്തുമ്പോൾ പൂവിതളുകളിൽനിന്നും ഇറ്റുവീഴുന്ന മഴത്തുളളികൾപോലെ വാക്കുകൾ അവളുടെ അധരങ്ങളിൽ നിന്നും അടർന്നു വീണു.

ഹാ! സൽമയുടെ മുഖം. അതിൽ വിരിയുന്ന ഭാവങ്ങൾ വിശദീകരണക്ഷമങ്ങളല്ല. വാക്കുകൾക്കതിനാവില്ല. മഹത്തായ ആത്മപീഡനത്തിന്റെയാണാദ്യം ശ്രദ്ധയിൽപ്പെടുക. പിന്നീട്‌ സ്വർഗ്ഗീയമായ ആ ആത്മോക്കർഷത്തിന്റെയും.

സെൽമയുടെ മുഖസൗന്ദര്യം ഉത്തമമോ വിശിഷ്‌ടമോ ആണെന്നല്ല. അളക്കാനാവാത്ത ഒരു വെളിപാടു സ്വപ്‌നംപോലെയായിരുന്നു അത്‌. ഒരു ചിത്രകാരന്റെ തൂലികക്കും അത്‌ ചിത്രീകരിക്കുവാനും കഴിയില്ല. ഒരു ശിൽപിയുടെയും ഉളിക്കും അത്‌ കൊത്തിയെടുക്കുവാനും കഴിയില്ല. അവളുടെ സൗന്ദര്യം ആ സ്വർണ്ണമയമായ മുടിയിഴകളിലായിരുന്നില്ല അതിനെച്ചുറ്റിച്ചുഴഞ്ഞിരുന്ന പ്രഭാവത്തിലും ശുദ്ധിയിലുമായിരുന്നു. അവളുടെ വിശാലനയനങ്ങളിലായിരുന്നില്ല സൗന്ദര്യം. എന്നാൽ അതിൽനിന്നും പ്രവഹിച്ചിരുന്ന പ്രകാശത്തിലായിരുന്നു. ആ ചുവന്ന അധരങ്ങളിലായിരുന്നില്ല സൗന്ദര്യം. അവളുടെ മധുരിമയാർന്ന വാക്കുകളിലായിരുന്നു. ദന്തനിർമ്മിതമെന്നു തോന്നിയേക്കാവുന്ന നീൾക്കഴുത്തിലല്ല മനോഹാരിത-അൽപ്പം നിമ്‌നമായ അതിന്റെ മുൻവശത്തിനായിരുന്നു. ആപാദചൂഢം കാണപ്പെട്ട അവളുടെ രൂപവടിവിലായിരുന്നില്ല മനോഹാരിത-ഭൂമിക്കും ആകാശത്തിനും മദ്ധ്യേ ഒരു ശുഭ്രജ്വാലപോലെയാളിയ അവളുടെ കുലീനമായ ആത്മാവിലായിരുന്നു. അവളുടെ വശ്യത കവിതയുടെ പാരിതോഷികംപോലെയായിരുന്നു. കവികൾ പൊതുവെ അസന്തുഷ്‌ടചിത്തരാണ്‌. ആത്മതലത്തിലെത്രയേറെ ഉയരങ്ങൾ കീഴടക്കിയാലും ഒരു കണ്ണീർമറയ്‌ക്കുളളിലാവും അവരെപ്പോഴും.

സെൽമ വാചാലയായിരുന്നില്ല. സദാ ചിന്താമൂകയായിരുന്നു അവൾ. അവളുടെ മൗനം ഏതോ സംഗീതമായിരുന്നു. ഒരുവനെ സ്വപ്‌നലോകങ്ങളിലേക്ക്‌ പിടിച്ചുയർത്തുന്ന സംഗീതം. സ്വന്തം ഹൃദയത്തുടിപ്പുകൾ ശ്രവിക്കുവാൻ അവനെ ആ മൗനം പ്രേരിപ്പിക്കും. അവന്റെ ചിന്തകളുടെയും വികാരങ്ങളുടെയും ഭൂതരൂപങ്ങൾ സ്വന്തം കണ്ണുകളിലേക്കുറ്റു നോക്കി നിൽക്കുന്നതായും അവനനുഭവപ്പെടും.

അഗാധമാമേതോ ദുഃഖത്തിന്റെ മേലങ്കി ജീവിതത്തിലുടനീളം അവൾ അണിഞ്ഞിരുന്നു. വിസ്‌മയാവഹമായ അവളുടെ സൗന്ദര്യത്തെയും പ്രഭാവത്തെയും ആ ദുഃഖം ഉജ്വലിപ്പിക്കുകയായിരുന്നു. നിറയെ പൂത്തുനിൽക്കുന്ന ഒരു വൃക്ഷം പ്രഭാതത്തിന്റെ മൂടൽമഞ്ഞിലൂടെ കാണുമ്പോൾ ഏറെ രസനീയമായിരിക്കുമല്ലോ? ഞാനും സെൽമയും മുഖാമുഖം നോക്കിക്കൊണ്ടിരുന്നപ്പോൾ അന്യോന്യം ഹൃദയവികാരങ്ങൾ ഉൾക്കൊളളുകയും ഓരോരുത്തരുടേയും അന്തരംഗത്തിൽ പതിയിരുന്നിരുന്ന ശബ്‌ദത്തിന്റെ പ്രതിധ്വനികൾ ശ്രവിക്കുകയും ചെയ്‌തപ്പോൾ ദുഃഖം ഞങ്ങളുടെ ആത്മാക്കളെ തമ്മിൽ ബന്ധിപ്പിക്കുകയായിരുന്നു.

ഞങ്ങളെയിരുവരേയും ദൈവം ഒന്നാക്കി. വേർപാട്‌ കഠിനവേദനയല്ലാതെ മറ്റൊന്നുമല്ലെന്നായി. വേദനിക്കുന്ന ആത്മാവ്‌ അതേ മട്ടിലുളള മറ്റൊന്നുമായി ഏകീഭവിക്കുമ്പോൾ വിശ്രാന്തി കണ്ടെത്തുന്നു. അന്യമായൊരിടത്ത്‌ വഴിതെറ്റിപ്പോയ മറ്റൊരപരിചിതനെ കണ്ടുമുട്ടുന്നതുപോലെ അവരിരുവരും ഒന്നിക്കുന്നു. ദുഃഖമെന്ന മാധ്യമത്തിലൂടെ ഒന്നിക്കുന്ന ഹൃദയങ്ങളെ ആഹ്ലാദാനുഭൂതിയ്‌ക്ക്‌ വേർപെടുത്താനാവില്ല. കണ്ണീരാൽ പവിത്രമാക്കപ്പെട്ട പ്രണയം എന്നന്നേയ്‌ക്കും ശുദ്ധവും മനോഹരവുമായി നിലനിൽക്കും.

Previous Next

ഖലീൽ ജിബ്രാൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.