പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഒടിഞ്ഞ ചിറകുകൾ > കൃതി

വിധിയുടെ കരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഖലീൽ ജിബ്രാൻ

ഭാഷാന്തരം ഃ വേണു വി. ദേശം

ആ വർഷത്തെ വസന്തം വിസ്മയകരമായിരുന്നു. ഞാനപ്പോൾ ബയ്‌റൂട്ടിലായിരുന്നു. ഉദ്യാനങ്ങളിലെങ്ങും നിസാൻമാസ പുഷ്പങ്ങൾ നിറഞ്ഞു കവിയുകയും മണ്ണ്‌ ഹരിതകംബളം പുതയ്‌ക്കുകയും ചെയ്തപ്പോൾ ഭൂമി തന്റെ രഹസ്യം സ്വർഗ്ഗത്തോട്‌ മന്ത്രിക്കുന്നതുപോലെ തോന്നി.

ശുഭ്രവസ്ര്തങ്ങളും സുഗന്ധവാഹികളായ മാല്യങ്ങളുമണിഞ്ഞ്‌ കവികളെ ഉദ്ദീപിപ്പിക്കുവാനും അവരുടെ ഭാവനയെ ഉജ്ജ്വലിപ്പിക്കുവാനും വേണ്ടി പ്രകൃതി പറഞ്ഞയച്ച ഓറഞ്ചുമരങ്ങളും ആപ്പിൾ മരങ്ങളും ദേവഭൂതികളെപ്പോലെയും നവവധുക്കളെപ്പോലെയും കാണപ്പെട്ടു.

വസന്തം എവിടെയും മനോഹാരിത കലർന്നു നിന്നു. പക്ഷേ ലെബണിലായിരുന്നു ഏറ്റവും പൂർണം.

ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന ഒരാത്മാവാകുന്നു അത്‌. പക്ഷേ ലബനനുമേൽ അത്‌ കാത്തു നിൽക്കുന്നു. രാജാക്കന്മാരോടും പ്രവാചകന്മാരോടും അത്‌ ആശയവിനിമയം നടത്തുന്നു. അത്‌ അരുവികളോടൊപ്പം സോളമന്റെ ഗീതങ്ങൾ ആലപിക്കുന്നു. ലബനന്റെ പുരാതനമഹിമയുടെ ഓർമ്മകൾ പരിശുദ്ധ ദേവദാരുവൃക്ഷങ്ങളോടൊപ്പം അത്‌ ആവർത്തിക്കുന്നു. വേനലിന്റെ പൊടിപടലത്തിൽ നിന്നും മഴക്കാലത്തിന്റെ ചെളിയിൽ നിന്നും വിമുക്തമായ ബെയ്‌റൂട്ട്‌ വസന്തകാലത്ത്‌ ഒരു വധുവെപ്പോലെയോ തടാകക്കരയിലിരുന്ന്‌ തന്റെ പട്ടുവസ്ര്തമുണ്ടാക്കുന്ന ഒരു മത്സ്യകന്യകയെപ്പോലെയോ ആകുന്നു.

നിസാൻ മാസത്തിൽ ഒരു ദിവസം ഞാനൊരു സുഹൃത്തിനെത്തേടിപ്പോയി. മാദകവശ്യതയെഴുന്ന നഗരത്തിൽ നിന്നും അകലെയായിരുന്നു അവന്റെ താമസം. ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടുകൊണ്ടിരിക്കെ അറുപത്തഞ്ചു വയസ്സുവരുന്ന അന്തസ്സുറ്റ ഒരു മനുഷ്യൻ കയറിവന്നു. അദ്ദേഹത്തെ അഭിവദിക്കാനായി ഞാനെഴുന്നേൽക്കവേ, സുഹൃത്ത്‌ എന്നെ പ്രശംസിച്ചുകൊണ്ട്‌ അദ്ദേഹത്തിനെന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ പേര്‌ ഫാരിസ്‌ ഇഫാൻഡി കരാമി എന്നായിരുന്നു. വൃദ്ധൻ സ്വന്തം വിരൽത്തുമ്പുകൾ നെറ്റിയിലോടിച്ചുകൊണ്ട്‌ ഒരു നിമിഷം എന്നെ ഉറ്റുനോക്കി. അദ്ദേഹമെന്തോ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നോ? പിന്നീടദ്ദേഹം മന്ദഹസിച്ചുകൊണ്ട്‌ എന്നെ സമീപിച്ചുകൊണ്ട്‌ പറഞ്ഞു; “നീ എനിക്കേറ്റവും വേണ്ടപ്പെട്ടവനായിരുന്ന ഒരു സുഹൃത്തിന്റെ മകനാണ്‌. നിന്നിൽ ആ പഴയസുഹൃത്തിനെ കാണാൻ കഴിയുന്നതിലെനിക്ക്‌ അളവറ്റ സന്തോഷം തോന്നുന്നു”.

ഈ വാക്കുകളാൽ ഹഠാദാകർഷിക്കപ്പെട്ട ഞാൻ അദ്ദേഹത്തിലാകൃഷ്ടനായി. ഞാൻ കൊടുങ്കാറ്റാരംഭിക്കും മുമ്പ്‌ സ്വചോദനയാൽ കൂട്ടിലേക്ക്‌ തിരിച്ചുപറക്കുന്ന ഒരു പക്ഷിയെപ്പോലെയായി. ഞങ്ങൾ ഇരുന്നതിനുശേഷം, എന്റെ അച്ഛനോടൊപ്പം പങ്കിട്ട പഴയകാലത്തെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു. ഒരു പ്രവാസി സ്വന്തം രാജ്യത്തേക്ക്‌ മടങ്ങാനിച്ഛിക്കുന്നതുപോലെ ഒരു പ്രായംചെന്ന മനുഷ്യൻ പഴയ കാലത്തേക്ക്‌ ഓർമ്മകളിലൂടെ മടങ്ങുന്നു.

തന്റെ പ്രധാന രചന വായിച്ചാസ്വദിക്കുന്ന ഒരു കവിയെപ്പോലെ പഴങ്കാലത്തെക്കുറിച്ച്‌ വാതോരാതെ സംസാരിച്ച്‌ അയാൾ വിസ്മയം കൊള്ളുന്നു. അയാൾ ആത്മീയമായി ഭൂതകാലത്തിൽ ജീവിക്കുന്നു. കാരണം വർത്തമാനം അതിശീഘ്രം കടന്നുപോകുകയാണ്‌. ഭാവി അയാളെ സംബന്ധിച്ചിടത്തോളം വിസ്മൃതമായിക്കിടക്കുന്ന ശവക്കല്ലറയിലേക്കുള്ള വഴിത്താരമാത്രം. പുൽമേടുകൾക്കുമേൽ ഇഴയുന്ന വൃക്ഷനിഴലുകളെന്നോണം ഒരു മണിക്കൂർ നിറയെ പഴയ ഓർമ്മകൾ കടന്നുപോയി. പിരിയാൻ നേരം അദ്ദേഹം തന്റെ ഇടത്തേകൈ എന്റെ ചുമലിൽ നിക്ഷേപിച്ചു. എന്റെ വലതുകരം പിടിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഞാൻ നിന്റെ പിതാവിനെ കാണാതായിട്ട്‌. ആ സ്ഥാനമേറ്റെടുത്ത്‌ വല്ലപ്പോഴും എന്റെ വീട്ടിലേക്ക്‌ നീ വരുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു”. എന്റെ പിതാവിന്റെ സുഹൃത്തിനോട്‌ നിറവേറ്റേണ്ട ഒരു കടമയാണതെന്നും തീർച്ചയായും എത്തിക്കൊള്ളാമെന്നും ഞാനദ്ദേഹത്തോട്‌ വാഗ്‌ദാനം ചെയ്തു.

വൃദ്ധൻ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ വിശദീകരിക്കുവാൻ ഞാൻ സുഹൃത്തിനോടാവശ്യപ്പെട്ടു. അവൻ പറഞ്ഞുഃ “എനിക്ക്‌ മറ്റൊരാളെ ഇദ്ദേഹത്തെപ്പോലെ ബെയ്‌റൂട്ടിലറിയില്ല. ഇദ്ദേഹത്തിന്റെ സമ്പത്ത്‌ ഇദ്ദേഹത്തെ ദയാശാലിയാക്കി. ദയാശാലിത്വം ഇദ്ദേഹത്തെ സമ്പന്നനുമാക്കി. അന്യരെയാരേയും ഉപദ്രവിക്കാതെ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷരാകുന്ന ചുരുക്കം ചിലരിലൊരാളാണിദ്ദേഹം. പക്ഷെ ഇത്തരക്കാർ സാധാരണയായി വെറുതെ അകാരണ ദുരിതമനുഭവിക്കുന്നു. അടിച്ചമർത്തപ്പെടുന്നു. കാരണം, മറ്റുള്ളവരുടെ കാപട്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുത്തുവാൻ ഇവർക്കാവുന്നില്ലെന്നതുതന്നെ. ഇദ്ദേഹത്തിന്‌ ഒരു മകളുണ്ട്‌. ഇതേ സ്വഭാവം അവളുടെ സൗന്ദര്യവും പ്രസാദാത്മകത്വവും വിവരണാതീതമത്രേ. അച്ഛന്റെ അളവറ്റ സമ്പത്ത്‌ അവളെ ഭീകരമായൊരു മുനമ്പിൽ പ്രതിഷ്‌ഠിച്ചിരിക്കുകയാണിപ്പോൾ.

അവന്റെ മുഖം മേഘാവൃതമായിക്കഴിഞ്ഞിരുന്നുവെന്ന്‌ സംസാരത്തിനിടെ ഞാൻ ശ്രദ്ധിച്ചു. അവൻ തുടർന്നു. ”ഫാരിസ്‌ ഇഫാൻഡി ഒരു കുലീനഹൃദയത്തിനുടമയായ വൃദ്ധനാണ്‌. പക്ഷേ അദ്ദേഹത്തിന്‌ ഇച്ഛാശക്തിയേ ഇല്ല. ആളുകൾ ഒരന്ധനെയെന്നോണം അദ്ദേഹത്തെ നയിക്കുന്നു. മകളോ, അവളുടെ ബുദ്ധിയും പ്രഭാവവുമിരിക്കെത്തന്നെ അച്ഛനെ അന്ധമായനുസരിക്കുകയും ചെയ്യുന്നു. അച്ഛന്റെയും മകളുടേയും ജീവിതത്തിലെ ഒളിച്ചുകളി ഇതാണ്‌. ഈ രഹസ്യം ഒരു ചീത്ത മനുഷ്യൻ തിരിച്ചറിഞ്ഞു. അയാൾ ഒരു ബിഷപ്പാണ്‌. അയാളുടെ തിരുമൊഴികൾക്കു പിന്നിൽ സദാ വക്രതയും വന്യതയും മാത്രമായിരുന്നു. താൻ വലിയ കാരുണ്യവാനാണെന്നും കുലീനചിത്തനാണെന്നും അയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. മതപരതയുടെ ഈ രാജ്യത്ത്‌ അയാളാണ്‌ ഏറ്റവും വലിയ മതാധികാരി. ആളുകൾ അയാളെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരുപറ്റം ആട്ടിൻകുട്ടികളെ അറവുപുരയിലേക്കെന്നോണം അയാൾ ആളുകളെ നയിച്ചുപോരുന്നു. ക്രൂരനും അഴിമതിക്കാരനുമായ ഒരുവനായിരുന്നു ആ ബിഷപ്പിന്റെ മരുമകൻ. തന്റെ മരുമകനെ തന്റെ വലതുവശത്തും ഫാരിഡ ഇഫാന്റിയുടെ മകളെ ഇടതുവശത്തും ബിഷപ്പ്‌​‍്‌ നിർത്തുന്ന ദിവസം ആസന്നമായിക്കൊണ്ടിരിക്കുകയാണ്‌. തന്റെ തിന്മനിറഞ്ഞ കരമുയർത്തി അവർക്കിരുവർക്കും ശിരസ്സിൽ അയാൾ പൂക്കിരീടം ചൂടിക്കും. പരിശുദ്ധയായ ഒരു കന്യകയെ കെട്ടുപോയ അറപ്പുളവാക്കുന്ന ഒരു മനുഷ്യനായി അയാൾ ബന്ധിപ്പിച്ചിടും. പകലിന്റെ ഹൃദയത്തെ അയാൾ രാവിന്റെ വക്ഷസ്സിൽ പ്രതിഷ്‌ഠിക്കും...

...ഇത്രയുമേ ഫാരിസ്‌ എഫാന്റിയെപ്പറ്റിയും മകളെപ്പറ്റിയും എനിക്ക്‌ നിന്നോട്‌ പറയാനുള്ളൂ. അതിനാൽ ഇനി കൂടുതലൊന്നും ചോദിക്കരുത്‌“.

അത്രയും പറഞ്ഞതിനുശേഷം എന്റെ സുഹൃത്ത്‌ തലതിരിച്ച്‌ ജനാലയിലേക്കു നോക്കി. പ്രപഞ്ച സൗന്ദര്യത്തിൽ കേന്ദ്രീകരിച്ച്‌ മർത്ത്യാസ്തിത്വത്തിന്റെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താൻ ശ്രമിക്കും പോലെയായിരുന്നു അത്‌.

ആ വീട്ടിൽ നിന്നിറങ്ങാൻ നേരം ഞാൻ സുഹൃത്തിനോട്‌ പറഞ്ഞു, അൽപ്പനാളുകൾക്കകം പാരിസ്‌ ഇഫാന്റിയുടെ ഭവനത്തിൽ സൗഹൃദസന്ദർശനത്തിനായി ഞാൻ പോകുമെന്ന്‌. വാഗ്‌ദാനപാലനം മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ അച്ഛനേയും അദ്ദേഹത്തേയും തമ്മിൽ ചേർത്ത സൗഹൃദത്തിന്റെ രക്ഷയെക്കരുതിക്കൂടിയായിരുന്നു. അവൻ ഒരു നിമിഷം എന്നെ നോക്കി നിന്നു. എന്റെ ലളിതങ്ങളായ അൽപ്പം വാക്കുകൾ അവന്‌ ഏതോ പുതിയ ആശയം സമ്മാനിച്ചതുപോലെ അവന്റെ മുഖത്ത്‌ ഭാവവ്യത്യാസമുണ്ടായതായി ഞാൻ കണ്ടു. ഒരു വിചിത്രമായ മട്ടിൽ അവൻ എന്റെ കൃഷ്ണമണികളിലേക്ക്‌ ഉറ്റുനോക്കി. ആ നോട്ടത്തിൽ സ്നേഹത്തികവും കാരുണ്യവും ഭീതിയുമുണ്ടായിരുന്നു. മറ്റാർക്കും മുൻകൂട്ടി കാണാനാവാത്ത വസ്തുതകൾ കണ്ടെത്തുന്ന പ്രവാചകന്മാരുടേതുപോലെയായിരുന്നു ആ നോട്ടം. അതിനുശേഷം അവന്റെ ചുണ്ടുകൾ അൽപ്പമൊന്ന്‌ വിറപൂണ്ടെങ്കിലും ഞാൻ വാതിൽക്കലേക്കു നടക്കുമ്പോഴും അവനൊന്നും ഉച്ചരിച്ചില്ല. ആ വിചിത്രമായ നോട്ടമെന്നെ പിന്തുടർന്നു. അനുഭവങ്ങളുടെ ലോകത്ത്‌ ഞാൻ പഴകുന്നതുവരെയും ആ വിചിത്രനോട്ടത്തിന്റെ അർത്ഥം എനിക്ക്‌ മനസ്സിലായില്ല. അത്തരം നിമിഷങ്ങളിൽ ഉള്ളുണർപ്പിനാൽ അന്യോന്യം ഹൃദയങ്ങൾ പരസ്പരം തിരിച്ചറിയുകയും അറിവാൽ ആത്മാക്കൾ പക്വമാവുകവും ചെയ്യുന്നു.

Previous Next

ഖലീൽ ജിബ്രാൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.