പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഒടിഞ്ഞ ചിറകുകൾ > കൃതി

രക്ഷകൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഖലീൽ ജിബ്രാൻ

ഭാഷാന്തരം ഃ വേണു വി. ദേശം

സെൽമ കരാമിയുടേയും ഭർത്താവിന്റെയും ആത്മാക്കൾ സദാ അകന്നു കഴിഞ്ഞിരുന്നതിനാൽ അവർക്കിടയിലുള്ള ബന്ധം തീരെ ദുർബ്ബലമായിരുന്നു. ദാമ്പത്യത്തിന്റെ ആദ്യത്തെ അഞ്ചു വർഷങ്ങളോളം അവർക്ക്‌ സന്താനസൗഭാഗ്യം ഉണ്ടായില്ല.

വന്ധ്യയായ ഒരുവൾക്ക്‌ എവിടെനിന്നും വെറുപ്പാണ്‌ ലഭിക്കുക. വംശവർദ്ധനയിലൂടെ തങ്ങളെത്തന്നെ നിലനിർത്താൻ പുരുഷൻ ആഗ്രഹിക്കുന്നുവെന്നതാണതിന്‌ കാരണം.

ഉർവരയല്ലാത്ത ഭാര്യയെ സാധാരണക്കാരനായ ഭർത്താവ്‌​‍്‌ ശത്രുവായി കാണുന്നു. അയാൾ അവളെ വെറുക്കുകയും പരിത്യജിക്കുകയും അവളുടെ മരണം കാംക്ഷിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരുവനായിരുന്നു മാൻസ്വർബേ ഗാലിബും. ബാഹ്യമായി നോക്കിയാൽ അയാൾ മണ്ണുപോലെയായിരുന്നു. ഉരുക്കുപോലെ കഠിനചിത്തനും ശവക്കുഴിപോലെ ദുരാഗ്രഹിയുമായിരുന്നു ബേ. സെൽമയുടെ സൗന്ദര്യത്തേയും മധുരിമയേയും അയാൾ വെറുത്തു. കാരണം തന്റെ കീർത്തി നിലനിർത്തത്തക്ക ഒരു സന്താനത്തെ സമ്മാനിക്കുവാൻ അവൾ അശക്തയാണെന്ന്‌ അയാൾ നിശ്ചയിച്ചു.

ഒരു ഗുഹയിൽ വളരുന്ന വൃക്ഷം ഫലം നൽകുകയില്ല. ഒരു ജീവിതത്തിന്റെ നിഴലിൽ കഴിഞ്ഞുകൂടിയ സെൽമ ഗൽഭം ധരിച്ചതുമില്ല.

തന്റെ കുഞ്ഞുങ്ങൾ ഒരു തടവറയിൽപ്പെടരുതെന്ന്‌ കരുതി രാക്കുയിൽ ഒരു കൂട്ടിനുള്ളിൽ അഭയസ്ഥാനമുണ്ടാക്കുന്നില്ല. സെൽമയാകട്ടെ യാതനയുടെ തടവുകാരിയയായിരുന്നു. അവളുടെ തടവുജീവിതം പങ്കിടുവാൻ മറ്റൊരാൾ വരികയില്ലെന്നായിരുന്നിരുന്നു ദൈവേച്‌ഛ. വയൽപ്പൂക്കൾ സൂര്യന്റെ സ്‌നേഹത്തിന്റെയും പ്രകൃതിയുടെ ലാളനയുടേയും ശിശുക്കളത്രേ. മനുഷ്യശിശുക്കൾ സ്‌നേഹകാരുണ്യങ്ങളുടെ പുഷ്‌പങ്ങളാണ്‌.

റായ്‌ ബെയ്‌റൂട്ടിലുള്ള ആ മനോഹര വസതിയിൽ ഒരിക്കലും സ്‌നേഹത്തിന്റെയോ, സഹാനുഭൂതിയുടേയോ അന്തരീക്ഷം നിലനിന്നിരുന്നില്ല. അവൾ ദിവസവും പൂജാവിഗ്രഹത്തിന്‌ മുന്നിൽ മുട്ടുകുത്തി നിന്ന്‌ തനിക്കൊരു കുഞ്ഞിനെത്തരേണമേ എന്ന്‌ പ്രാർത്ഥിച്ചു. ആ കുഞ്ഞിൽ സാന്ത്വനം തേടാമെന്നും ആശ്വാസം തിരക്കാമെന്നും അവൾ അഭിലഷിച്ചു. സ്വർഗ്ഗം അവളിൽ കനിയുന്നതുവരെ അവൾ ആ പ്രാർത്ഥനതുടരുന്നു.

ഒടുവിൽ ഗുഹയിലേ വൃക്ഷത്തിൽ ഫമുണ്ടായി. സ്വന്തം ചിറകുകളിലെ തൂവലുകൾകൊണ്ട്‌ രാപ്പാടി കുഞ്ഞുങ്ങൾക്കായി കൂടൊരുക്കി.

വിലങ്ങണിഞ്ഞ സ്വന്തം കരങ്ങൾ സ്വർഗ്ഗത്തേയ്‌ക്കുയർത്തി സെൽമാ ദൈവത്തിൽ നിന്ന്‌ ആ അമൂല്യ പാരിതോഷികം സ്വീകരിച്ചു. ഈ ലോകത്തിൽ മറ്റൊന്നിനും അവളെ അത്രയേറെ സന്തോഷവതിയാക്കുവാൻ കഴിയുമായിരുന്നില്ല. തന്റെ കുഞ്ഞിന്റെ സ്വരം, സ്വർഗ്ഗ മധുരിമ കലർന്ന സംഗീതം ചെവികളിൽ വന്നലയ്‌ക്കുന്ന കാലവും കാത്ത്‌ അവൾ ദിവസങ്ങളെണ്ണിക്കഴിച്ചു കൂട്ടി.

പ്രകാശമാനമായ ഭാവിദിനങ്ങൾ അവൾ അശ്രുധാരയ്‌ക്കിടയിലൂടെ സ്വപ്‌നം കണ്ടു. നിസാൻ മാസത്തിലൊരുദിനം അവൾ വേദനയോടെ പ്രസവസന്നദ്ധയായി ശയ്യാവലംബിയായി. ജനന മരണങ്ങൾ ഏറ്റുമുട്ടുന്നതവിടെയാണല്ലോ. ഒരു പുത്തൻ അതിഥിയെ ലോകത്തിലേക്ക്‌ വരവേൽക്കാൻ തയ്യാറായി ഡോക്ടറും മിഡ്‌വൈഫും ശയ്യയ്‌ക്കരികെ നിന്നു.

രാത്രി വളരെ വൈകി. സെൽമ തന്റെ വിജയത്തിന്റെ നിലവിളി ആരംഭിച്ചു. ജീവിതത്തിൽ നിന്നും ജീവിതം അടർന്നുവീഴുന്ന സമാഗതമാകുന്നതിന്റെ കരച്ചിൽ. ശൂന്യതയുടെ ആകാശമണ്‌ഡലത്തിൽ നിന്നുള്ള നൈരന്തര്യത്തിന്റെ കരച്ചിൽ ........ ഉറച്ച ശക്തികളുടെ നിശ്ചലതയ്‌ക്കു മുന്നിൽ ഒരു ദുർബ്ബലപ്രവാഹത്തിന്റെ രോദനം. ജനനമരണങ്ങളുടെ കാൽക്കീഴിൽക്കിടക്കുന്ന നിരാശിതയായ സെൽമയുടെ രോദനം.

പ്രഭാതമെത്തിയപ്പോൾ സെൽമ ഒരു കുഞ്ഞിന്‌ ജീവൻ നൽകി. സെൽമ കണ്ണുകൾ തുറന്നപ്പോൾ ആ മുറിയിലാകെ മന്ദഹസിക്കുന്ന മുഖങ്ങൾ കണ്ടു. തുടർന്നുള്ള നോട്ടത്തിൽ തന്റെ കിടയ്‌ക്കരുകിത്തന്നെ ജനനമരണങ്ങൾ പോരാടുന്നുവെന്ന്‌ അവളറിഞ്ഞു. കണ്ണുകൾ പൂട്ടി കരഞ്ഞുകൊണ്ട്‌ അവൾ മുറവിളിച്ചു; “മോനെ..................” കുഞ്ഞിനെ ഒരു പട്ടിൻ കഷ്‌ണത്തിൽ പൊതിഞ്ഞെടുത്ത മിഡ്‌വൈഫ്‌ സെൽമയുടെ അരികിൽ വെച്ചു. ഡോക്‌ടറാകട്ടെ വിഷാദഭാവത്തിൽ സെൽമയെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

സന്തോഷത്തിന്റെ സ്വരങ്ങൾ അയൽക്കാരെ ഉണർത്തി. പാരമ്പര്യം നിലനിർത്തുവാൻ അവകാശി എത്തിച്ചേർന്നത്‌ ആഘോഷിക്കുന്നതിനായി അയൽക്കാർ ബേയുടെ വസതിയിലേക്ക്‌ ഇരച്ചെത്തി. പക്ഷേ ഡോക്‌ടർ സെൽമയേയും കുഞ്ഞിനേയും മാറി മാറി നോക്കി. ഒടുവിൽ അദ്ദേഹം നിഷേധാർത്ഥത്തിൽ ശിരസ്സിളക്കി.

മാൻസ്വർബേയ്‌ക്ക്‌ വിവരമെത്തിക്കുവാനായി ഭൃത്യർ ഓടിപ്പോയി.

സൂര്യനുദിച്ചതോടെ സെൽമ കുഞ്ഞിനെ എടുത്ത്‌ മാറോടു ചേർത്തുപിടിച്ചു. അവൻ ആദ്യമായി കണ്ണുകൾ തുറന്ന്‌ അമ്മയെ ഒന്നു നോക്കിയശേഷം എന്നെന്നേക്കുമായി അടച്ചു. സെൽമയുടെ കൈകളിൽ നിന്നും ഡോക്‌ടർ കുഞ്ഞിനെ വാങ്ങി. കുഞ്ഞിന്റെ കവിളിൽ ഡോക്‌ടറുടെ കണ്ണീർ വീണു. അദ്ദേഹം സ്വയം പറഞ്ഞു. “പിരിഞ്ഞു പോകുന്ന ഒരതിഥിയാണിവൻ..............”

പാരമ്പര്യാവകാശിയുടെ ആരോഗ്യത്തിനായി അവന്റെ പിതാവും അയൽക്കാരും ചേർന്ന്‌ തളത്തിലിരുന്ന്‌ മദ്യപിച്ചാഘോഷിച്ചുകൊണ്ടിരിക്കേ, ആ കുഞ്ഞ്‌ മൃതിയടഞ്ഞു. സെൽമ ഡോക്‌ടറെ നോക്കി അഭ്യർത്ഥിച്ചു. “കുഞ്ഞിനെ എനിക്കു തരൂ.............. ഞാനവനെ ഒന്നു ചേർത്തു പിടിക്കട്ടെ.............”

കുഞ്ഞ്‌ മരിച്ചിരുന്നുവെങ്കിലും തളത്തിൽ നിന്നും മദിരോത്സവധ്വനികൾ ആർത്തുയർന്നുകൊണ്ടിരുന്നു.

ഇളംപ്രഭാതത്തിൽ ജനിച്ച്‌ കുഞ്ഞ്‌ സൂര്യനുദിച്ചുയർന്നതോടെ മരിച്ചു.

അവൻ ഒരു ചിന്താശകലം പോലെ ജനിച്ച്‌ ദീർഘനിശ്വാസംപോലെ മരിച്ച്‌ നിഴൽപോലെ മാഞ്ഞുപോയി. സ്വന്തം മാതാവിനെ ആശ്വാസിപ്പിക്കുവാനോ സാന്തനിപ്പിക്കുവാനോ അവൻ കാത്തുനിന്നില്ല.

രാത്രിയുടെ അവസാനത്തിലായിരുന്നു. അവന്റെ ജീവിതാരംഭം. പുലർച്ചയോടെയായിരുന്നു മരണം. രാവിന്റെ ഇമകളിൽ നിന്നടർന്നുവീണ മഞ്ഞിൻകണം പുലരിയുടെ പ്രകാശമേ ബാഷ്‌പീകരിക്കപ്പെട്ടതുപോലെ.

വേലിയേറ്റത്തിൽ കരയ്‌ക്കടിയുകയും വേലിയിറക്കത്തിൽ സമുദ്രാഗാധതയിലേക്ക്‌ തിരിച്ചു പോകുകയും ചെയ്‌ത ഒരു മുത്ത്‌.

ജീവിതത്തിന്റെ മൊട്ടിൽ നിന്നും അപ്പോൾ മാത്രം വിടർന്നു വിലസിയ ഒരു ലില്ലിപ്പൂ മരണത്തിന്റെ കാൽച്ചുവട്ടിൽപ്പെട്ട്‌ അരഞ്ഞു പോയതുപോലെ.

ആ അതിഥിയുടെ ആഗമനവാർത്ത സെൽമയുടെ ഹൃദയത്തെ പ്രകാശപൂരിതമാക്കിയിരുന്നു. ഇപ്പോൾ വിയോഗം അവളുടെ ആത്മാവിനെ ഛിന്നഭിന്നമാക്കിയിരിക്കുന്നു. ഇതാണ്‌ മനുഷ്യരുടെ രാഷ്‌ട്രങ്ങളുടെ സൂര്യചന്ദ്രതാരകാദികളുടെ ജീവിതം.

ഡോക്‌ടറെത്തന്നെ ഉറ്റുനോക്കിക്കൊണ്ട്‌ സെൽമ അപേക്ഷിച്ചു; “തരൂ....... എന്റെ കുഞ്ഞിനെ തരൂ.......... ഞാനവനെ കെട്ടിപ്പിടിച്ച്‌ ലാളിക്കട്ടെ..............”

ഡോക്‌ടർ ശിരസ്സ്‌ കുനിച്ചു. അദ്ദേഹം ഗദ്‌ഗദകണ്‌ഠനായി; അദ്ദേഹം പറഞ്ഞൊപ്പിച്ചു.

“നിങ്ങളുടെ കുഞ്ഞ്‌ മരിച്ചുപോയി.................. ആശ്വസിക്കാൻ ശ്രമിക്കൂ.......................

പെടുന്നനെ ഡോക്‌ടർ ഇങ്ങനെ പറഞ്ഞതുകേട്ട്‌ സെൽമ ഭീകരമായി പൊട്ടിക്കരഞ്ഞു. ഇടക്ക്‌ ഒരു നിമിഷം അവൾ ചിത്തശാന്തി വീണ്ടെടുക്കുകയും സന്തോഷത്താലെന്നപോലെ പുഞ്ചിരിക്കുകയും ചെയ്‌തു. പുതുതെന്തോ താൻ കണ്ടെത്തിയെന്ന മട്ടിൽ അവളുടെ മുഖം പ്രകാശിതമായി. ശാന്തസ്വരത്തിലവൾ മൊഴിഞ്ഞു. ”മരിച്ച അവനെ ഇങ്ങോട്ട്‌ തരൂ ഞാനൊന്നുകൂടി അവനെ കാണട്ടെ........

സെൽമയുടെ കൈകളിലേക്ക്‌ ആ കുഞ്ഞിന്റെ ജഡം ഡോക്‌ടർ ഏൽപ്പിച്ചു. അവൾ അതിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു “മോനേ .......... എന്നെകൊണ്ടു പോകുവാനാണ്‌ നീ വന്നത്‌. തീരത്തേക്കുള്ള വഴി കാട്ടുവാനാണ്‌ നിന്റെ വരവ്‌. എന്റെ കുഞ്ഞേ.......... ഇതാ, ഞാനും വരാം. നമുക്കൊരുമിച്ച്‌ ഇരുണ്ട ഈ ഗുഹ വെടിഞ്ഞു പോകാം...........”

മൂകതയുടെ ഗഹനപ്രഭാവം കാവൽനിൽക്കുന്ന, മരണത്തിന്റെ ചിറകുകൾ നിഴൽ വീഴ്‌ത്തിയ ആ ശയ്യയിലെ രണ്ട്‌ ശാന്തതീരങ്ങളിലേക്കും ജനൽത്തീരശ്ശീലകൾ തുളച്ചു കയറിയ സൂര്യരശ്മികൾ അൽപ്പനേരത്തിനകം വന്നുവീണു. നിറഞ്ഞ കണ്ണുകളുമായി ആ ഡോക്‌ടർ തളത്തിലേക്കു നടന്നു. അവിടെ ആഘോഷം അസ്‌തമിച്ചിരുന്നു. അത്‌ ഇപ്പോൾ ശവസംസ്‌കാരം പോലെയായി. പക്ഷേ മാൻസ്വർ ബേ ഗാലിബ്‌ ഒരക്ഷരം ഉരിയാടിയില്ല. അയാളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളിപോലും കണ്ണീരിറ്റു വീണതുമില്ല. അയാൾ ഒരു ശിലാപ്രതിമ കണക്കെ നിന്നു, വലതു കൈയ്യിൽ ഒരു പാനപാത്രവുമായി.

അടുത്ത ദിവസം സെൽമയെ അവളുടെ വിവാഹ ധവള വസ്‌ത്രങ്ങളിൽപ്പൊതിഞ്ഞ്‌ ശവപേടകത്തിൽ കിടത്തി. ആ പട്ടുകഷ്‌ണത്തിൽപ്പൊതിഞ്ഞ മൃതശിശുവിനെ അവളുടെ കൈകളിലും വെച്ചു. അമ്മയുടെ കൈകളായിരുന്നു അവന്‌ ശവമഞ്ചം. ഒരു ശവപ്പെട്ടിയിൽ രണ്ടു ശവങ്ങളും വഹിച്ച്‌ വിലാപയാത്ര പുറപ്പെട്ടു. ഞാനും സെൽമയെ അനുഗമിച്ച്‌ ആ ആൾക്കൂട്ടത്തിൽ ആരാധനയോടെ അവരുടെ അന്ത്യവിശ്രമസ്ഥാനത്തേക്ക്‌ നടന്നു.

സെമിത്തേരിയിലെത്തിയപ്പോൾ ഗാലിബ്‌ ബിഷപ്പ്‌ മന്ത്രോച്ചാരണങ്ങളാരംഭിച്ചു. മറ്റുള്ള പുരോഹിതർ സ്‌തോത്രങ്ങൾ ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്‌തു. അവരുടെ ംലാനമുഖങ്ങളിൽ അജ്ഞതയുടെയും ശൂന്യതയുടേയും ഒരു മൂടുപടം പ്രത്യക്ഷപ്പെട്ടു.

ശവക്കുഴിയിലേക്ക്‌ ശവപ്പെട്ടി നിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കെ വിലാപയാത്രയിലുണ്ടായിരുന്ന ഒരുവൻ സ്വരം താഴ്‌ത്തി പറഞ്ഞു.

“ഒരു ശവപ്പെട്ടിയിൽ രണ്ട്‌ ശവങ്ങൾ.............. ഇതാദ്യമായാണ്‌........”

“ക്രൂരനായ ഭർത്താവിൽ നിന്നും അവളെ രക്ഷിക്കുന്നതിനായാണീ കുഞ്ഞ്‌ വന്നതെന്ന്‌ തോന്നുന്നു...............” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

“ആ മൻസ്വർ ബേയെ ഒന്നു നോക്കൂ......... അയാളെന്തിനിങ്ങനെ ആ സ്‌ഫടികക്കണ്ണുകൾകൊണ്ട്‌ ആകാശത്തേക്ക്‌ നോക്കി നിൽക്കുന്നു? ഒരു ദിവസം തന്നെ സ്വന്തം ഭാര്യയും കുഞ്ഞും നഷ്‌ടപ്പെട്ടവനാണെന്ന്‌ കണ്ടാലാരു പറയും?”

നാലാമതൊരാൾ പറഞ്ഞതിങ്ങനെയാണ്‌. “അയാളുടെ അമ്മാവനായ ആ ബിഷപ്പ്‌ നാളെത്തന്നെ മറ്റൊരു ധനികപുത്രിയെ അയാൾക്ക്‌ വിവാഹം ചെയ്‌തു കൊടുക്കും...........”

ശവക്കുഴി മുടുന്നതുവരെ ബിഷപ്പും പുരോഹിതരും പ്രാത്ഥന തുടർന്നു. പിന്നീട്‌ ഓരോ ആളുകൾ ബിഷപ്പിനേയും മരുമകനേയും സമീപിച്ച്‌ അനുതാപം പുരട്ടിയ വാക്കുകൾ ആദരവോടെ ചൊരിഞ്ഞു. എന്നെ ആശ്വസിപ്പിക്കുവാനായി ആരുമുണ്ടായില്ല. ഞാൻ ഒറ്റയ്‌ക്കൊഴിഞ്ഞു നിന്നു. പിരിഞ്ഞുപോയ ആ രണ്ടാത്മക്കൾ എനിക്കാരുമായിരുന്നില്ലെന്നപോലെ.

വിലാപയാത്ര പിരിഞ്ഞുപോയി. ശവക്കുഴിവെട്ടുകാരൻ മാത്രം മൺവെട്ടിയുമേന്തി ശവക്കുഴിക്കരികെ നിന്നു. ഞാൻ അയാളെ സമീപിച്ചുകൊണ്ട്‌ ചോദിച്ചു. “നിങ്ങൾ എവിടെയാണ്‌ ഫാരീസ്‌ എഫന്റി കരാമിയെ സംസ്‌കരിച്ചതെന്ന്‌ ഓർമ്മിക്കുന്നുണ്ടോ?”

അയാൾ കുറെ നേരം എന്നെ ഉറ്റുനോക്കി നിന്ന ശേഷം പറഞ്ഞു. “ഉവ്വ്‌​‍്‌ ഇവിടെത്തന്നെ............ അദ്ദേഹത്തിന്റെ നെഞ്ചിൽത്തന്നെ ഞാൻ മകളേയും സംസ്‌കരിച്ചു. മകളുടെ മാറിൽ ആ കുഞ്ഞിനേയും............” ഒടുവിൽ സകലതിനും മേലെ ഈ മണ്ണ്‌ വാരിയിട്ടു.........

“ഹേ, മനുഷ്യാ..................നിങ്ങളെന്റെ ഹൃദയവും ഈ ശവക്കുഴിയിൽ കുഴിച്ചിട്ടിരിക്കുന്നു” ഞാൻ അയാളോട്‌ പറഞ്ഞു.

ആ ശവക്കുഴിവെട്ടുകാരൻ പോപ്ലാർ മരങ്ങൾക്കപ്പുറത്തേക്ക്‌ മറഞ്ഞു.

പിന്നീടെനിക്കെന്നെ നിയന്ത്രിക്കാനായില്ല. ഞാൻ ശവമാടത്തിലേക്കു വീണ്‌ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

​‍്‌

Previous

ഖലീൽ ജിബ്രാൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.