പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഉറാട്ടി ഃ അവരുടെ തിരിച്ചറിവുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

ലേഖനം

മുഖ്യധാര പത്രമാധ്യമങ്ങളുടെയും മറ്റ്‌ ദൃശ്യ-ശ്രവ്യമാധ്യമങ്ങളുടെയും പിൻബലത്തോടെ ഊതിവീർപ്പിക്കപ്പെടുന്ന ‘അക്കാദമിക്‌ ജാഡ’കളുടെ കെട്ടുകാഴ്‌ച്ചകളാണ്‌ മലയാളത്തിന്റെ നാടകവേദിയെ ഇടയ്‌ക്കെങ്കിലും ‘തരളിത’മാക്കുന്നത്‌. പ്രൊഫഷണൽ നാടകവേദിയിലെ പൈങ്കിളി തരംഗവും ഇത്തരം കെട്ടുകാഴ്‌ച്ചകളും ഉത്‌ക്കണ്‌ഠാകുലമായ ഒരു ശൂന്യതയാണ്‌ മലയാള നാടകവേദിയ്‌ക്ക്‌ നൽകിക്കൊണ്ടിരിക്കുന്നത്‌. നാടകം എന്ന മാധ്യമത്തിന്റെ സാമൂഹിക ലക്ഷ്യവും രംഗഭാഷയുടെ അവാച്യമായ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടുളള നാടകങ്ങൾ ഇന്ന്‌ വളരെ വിരളമാണ്‌. ഈ വർഷത്തെ മികച്ച അമേച്വർ നാടകമായി സംഗീതനാടക അക്കാദമി തിരഞ്ഞെടുത്ത ‘ഉറാട്ടി’ വ്യത്യസ്തമായ ഒരു നാടകശ്രമമാണ്‌.

‘ഉറാട്ടി’ ശ്രദ്ധേയമാകുന്നത്‌ അത്‌ കടന്നുപോകുന്ന യാഥാർത്ഥ്യങ്ങളിലൂടെയാണ്‌. ആദിവാസികളായ ചാമന്റെയും നാഞ്ചിയുടെയും ചൊക്രന്റെയുമൊക്കെ കഥ പറയുകവഴി അവർ പ്രതിനിധാനം ചെയ്യുന്ന ഒരു ജനതയുടെ വ്യാകുലതകളാണ്‌ അരങ്ങിലെത്തുന്നത്‌. ആദിവാസി ജീവിതത്തിന്റെ നേർപ്പകർച്ചയാണ്‌ ‘ഉറാട്ടി’

വിശപ്പും ലഹരിയും

‘ഉറാട്ടി(ഭാര്യ)’ യുടെ ആദ്യഭാഗം ആദിവാസി ജനതയുടെ വിശപ്പിന്റെ എല്ലാ ദൈന്യതകളും സത്യസന്ധമായി ചിത്രീകരിക്കുന്നുണ്ട്‌. വിശന്ന്‌, തളർന്നുറങ്ങിയ ചൊക്രന്റെയും ചീരുവിന്റെയും അരികിലേക്ക്‌ ശൂന്യമായ സഞ്ചിയുമായി കടന്നുവരുന്ന അവരുടെ അച്ഛന്റെ ചിത്രവും വിശപ്പിന്റെ മൂർദ്ധന്യതയിൽ അവർ കാണുന്ന ദുഃസ്വപ്‌നങ്ങളും അവരുടെ വിശപ്പിന്റെ സാമൂഹിക കാരണങ്ങളെ വിശകലനം ചെയ്യുന്നുണ്ട്‌. അച്ഛനായ ചാമൻ സ്വപ്നത്തിൽ താനൊരു പട്ടിയായി മാറുന്നതും അയാൾ ഞെട്ടിയെഴുന്നേറ്റ്‌ പട്ടിയെപ്പോലെ കുരയ്‌ക്കുന്നതും ഒരു ജനത അനുഭവിക്കുന്ന അടിമത്വത്തിന്റെ സൂചനകൾ നൽകുന്നു. വിശപ്പിന്റെ ദുരന്തങ്ങൾ അവർക്ക്‌ ഏറ്റുവാങ്ങേണ്ടിവരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നാടകം കണ്ടെത്തുന്നു. ചാമന്റെ ഭാര്യ കാണുന്ന വിചിത്രവും തീഷ്‌ണവുമായ ദുഃസ്വപ്‌നത്തിലൂടെ വിശപ്പിന്റെ മനഃശാസ്‌ത്രപരിസരം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്‌. വിശപ്പിന്റെ മൂർദ്ധന്യതയിൽ ചൊക്രനും ചീരുവും തന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഭയാനകമായ രംഗമാണവർ കാണുന്നത്‌. തുടർന്ന്‌ ചൊക്രൻ തീരാത്ത ദാഹത്തോടെ സ്വന്തം സഹോദരിയായ ചീരുവിനെയും ആക്രമിക്കുമ്പോൾ അവൾ സ്വപ്നത്തിൽ നിന്നും മോചിതയായപാടെ ഉറങ്ങിക്കിടക്കുന്ന ചൊക്രനെ തല്ലുന്നു. വളരെ നിസ്സാരമായ ഒരു ജൈവീക പ്രതിഭാസമായാണ്‌ പരിഷ്‌കൃതസമൂഹം വിശപ്പിനെ അനുഭവിച്ചറിഞ്ഞിട്ടുളളത്‌. അതിന്റെ ഏറ്റവും തീഷ്‌ണമായ സാമൂഹിക പരിണതികളിലേക്കും മനഃശാസ്‌ത്രപരമായ സങ്കീർണതകളിലേക്കുമാണ്‌ ‘ഉറാട്ടി’ വിരൽ ചൂണ്ടുന്നത്‌. അന്യോന്യം ചോര കുടിക്കേണ്ടിവരുന്ന, അടിമകളെപ്പോലെ ജീവിക്കേണ്ടി വരുന്ന ചുറ്റുപാടുകളെക്കുറിച്ചുളള യാഥാർത്ഥ്യങ്ങളാണ്‌ ‘ഉറാട്ടി’യുടെ ഇതിവൃത്തം.

ഭരണകൂടവും ആദിവാസി ജനതയുംഃ-

കാടിനോടും മണ്ണിനോടും ഇഴുകിച്ചേർന്ന ഒരു ഗോത്രസമൂഹത്തിന്‌ മണ്ണ്‌ നഷ്‌ടപ്പെടുക എന്നത്‌ ഒരു സംസ്‌കാരത്തിന്റെ നഷ്‌ടപ്പെടലാണ്‌.

സ്വന്തം സംസ്‌കാരത്തെക്കൂടി വിൽക്കാനൊരുങ്ങുന്ന പരിഷ്‌കൃത മലയാളിയ്‌ക്ക്‌ മണ്ണിനുവേണ്ടിയുളള സമരത്തിന്റെ ആഴവും പരപ്പുമുളള മറ്റ്‌ സംഞ്ജകൾ ഉൾകൊളളാൻ പ്രയാസമായിരിക്കും. ‘ഉറാട്ടി’യിൽ ഭരണ-ഉന്നതവർഗ്ഗങ്ങളുടെ പീഡനങ്ങളുടെ വ്യക്തമായ ചിത്രം കാണുവാൻ കഴിയും. വാഗ്‌ദാനങ്ങളും വാറ്റുചാരായവുമായി അവരുടെ ഇടയിലിറങ്ങിച്ചെല്ലുന്ന കക്ഷി രാഷ്‌ട്രീയത്തിന്റെ വക്താക്കൾ അവരെ തമ്മിലടിപ്പിച്ചതിന്‌ ശേഷം രംഗത്തുനിന്ന്‌ മറയുന്നു. കുടകിൽ ഇഞ്ചികൃഷിപ്പണിയ്‌ക്ക്‌ പോയിരുന്ന ചീരു എന്ന പ്രായപൂർത്തിയെത്താത്ത ബാലിക മുതലാളിയുടെ ലൈംഗിക വൈകൃതങ്ങളാൽ കൊല ചെയ്യപ്പെടുന്നു. ശവമടക്കുവാൻ കുഴിവെട്ടാൻ ശ്രമിക്കവെ അധികാരത്തിന്റെയും അവജ്ഞയുടെയും വന്യമായ മുഴക്കം പിന്നണിയിൽ കേൾക്കാം. ജഡവും പേറി യാത്രയാകുന്ന (മണ്ണിൽ നിന്ന്‌ ആട്ടിയോടിക്കപ്പെടുന്ന ജഡം) രംഗത്തിന്റെ ദൈന്യത പ്രേക്ഷകരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്‌. പുതിയ സമൂഹത്തിലും കബനീനദിയുടെ ചുവപ്പ്‌ ഒരു നൈരന്തര്യമാണെന്നുളള ഓർമ്മപ്പെടുത്തലാണ്‌ ഈ രംഗം പ്രേക്ഷകന്‌ നൽകിക്കൊണ്ടിരിക്കുന്നത്‌.

മുതലാളിയുടെ വൃത്തികേടിനെ ചോദ്യം ചെയ്തതിനാൽ ഒരു ആദിവാസിയുവതിയെ തല്ലിച്ചതയ്‌ക്കാൻ അവരുടെ ഉത്സവത്തിന്‌ വെളിച്ചപ്പാടിലൂടെ തന്നെ മുതലാളിയുടെ കൽപ്പനകൾ പുറപ്പെടുന്നുണ്ട്‌. ഒരു ജനതയുടെ വിശ്വാസങ്ങളെയും ആചാരാനുഷ്‌ഠാനങ്ങളെപ്പോലും ചൂഷണവർഗ്ഗം വളരെ സമർത്ഥമായി ഉപയോഗിക്കുന്നു. സ്വന്തം വിശ്വാസങ്ങളും ദൈവങ്ങളും അനുഷ്‌ഠാനങ്ങളും കലയും സംഗീതവും തിരിച്ചു പിടിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ്‌ മണ്ണിനുവേണ്ടിയുളള സമരങ്ങൾ. അങ്ങനെയൊരു ആശയസമരമാണ്‌ ‘ഉറാട്ടി’ എന്ന നാടകവും.

നാടകത്തിന്റെ രാഷ്‌ട്രീയംഃ-

ഒരു ജനകീയ നാടകപ്രവർത്തകന്റെ എല്ലാ നാടകശ്രമങ്ങളും സമൂഹത്തിൽ ഏതെങ്കിലും തരത്തിലുളള ഇടപെടലുകൾ നടത്താതെ കടന്നുപോവില്ല. പരിഷ്‌കൃത സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും നിരന്തര പരിഹാസപീഡനങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ആദിവാസി സമൂഹം ഇത്തരം ജൽപനങ്ങളെ തുപ്പിയാട്ടുന്ന ഒരു രംഗമുണ്ട്‌ ‘ഉറാട്ടി’യിൽ. വീണ്ടും തുടരുന്ന അധികാരത്തിന്റെ വന്യമായ മുഴക്കങ്ങൾക്കെതിരെ അവർ ആയുധങ്ങൾ രാകിമിനുക്കുന്നു. വെടിയൊച്ചകളും ആക്രോശങ്ങളും അവരുടെ സമരത്തെ തട്ടിയെടുക്കുന്നു. നാടകാന്ത്യത്തിലെ രംഗത്ത്‌ രണ്ട്‌ ജയിലുകളിലായി പകുത്തുവെയ്‌ക്കപ്പെട്ട ഗോത്ര ജനതയെ കാണാം. രണ്ടു ജയിലുകളിലൊന്ന്‌ ഭരണകൂടവും അധികാര കേന്ദ്രങ്ങളും അവർക്കായി ഒരുക്കിയത്‌. മറ്റൊന്ന്‌ പരിഷ്‌കൃത സമൂഹത്തിന്റെ അവജ്ഞകളാലും ആക്രോശങ്ങളാലും തീർക്കപ്പെട്ടത്‌. ജയിലിൽനിന്ന്‌ ചൊക്രൻ എന്ന യുവാവ്‌ ഒരു മൃതദേഹം ഏറ്റുവാങ്ങുകയും മുന്നരങ്ങിൽ വച്ച്‌ ഒരു തുടിയെടുത്ത്‌ ഭ്രാന്തമായി കൊട്ടുകയും ചെയ്യുമ്പോൾ ‘ഉറാട്ടി’ അവസാനിക്കുന്നു. ‘ഉറാട്ടി’ എന്ന നാടകത്തിന്റെ ഉൾത്തുടിപ്പുകളറിഞ്ഞ്‌, ചൊക്രന്റെ തുടിയുടെ ശബ്‌ദം ഏറ്റുവാങ്ങേണ്ടത്‌ നാം ഓരോരുത്തരുമാണ്‌. ആചാരനുഷ്‌ഠാനങ്ങളിലൂടെയും വളരെ നികൃഷ്‌ടമായ വിശ്വാസസംഹിതകളിലൂടെയുമൊക്കെ കൊടിയ വഞ്ചനയുടെ ദുരന്തങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയിൽ ചില തിരിച്ചറിവുകളുണ്ടാക്കുക എന്ന സാമൂഹിക ദൗത്യമാണ്‌ ‘ഉറാട്ടി’ എന്ന നാടകത്തിന്റെ രാഷ്‌ട്രീയ ലക്ഷ്യം.

യുവനാടകപ്രവർത്തകനായ മനോജ്‌ കാന രചനയും സംവിധാനവും നിർവ്വഹിച്ച ‘ഉറാട്ടി’ അനിത, സീത, ബാലൻ, ശാരദ തുടങ്ങി ഇരുപത്തഞ്ചോളം ആദിവാസി യുവജനങ്ങളുടെ കൂട്ടായ്‌മയുടെ രംഗഭാഷ്യമാണ്‌. ഫണ്ടുകളോ സ്‌പോൺസർഷിപ്പുകളോ ഒന്നുമില്ലാതെ കമ്പളക്കാട്‌ എന്ന വയനാടൻ ഗ്രാമത്തിന്റെ മുഴുവൻ ജനങ്ങളുടെയും നിർലോഭമായ സഹകരണത്തിന്റെ ഭാഗമായാണ്‌ ‘ഉറാട്ടി’ അരങ്ങിലെത്തിയത്‌ എന്ന്‌ സംവിധായകൻ മനോജ്‌ കാന (പയ്യന്നൂര്‌) പറയുന്നു. ജോഷ്‌, ശ്രീകാന്ത്‌ എന്നിവരാണ്‌ നാടകത്തിന്റെ ദീപനിയന്ത്രണം നിർവ്വഹിച്ചിരിക്കുന്നത്‌. സംവിധാന നിർവ്വഹണത്തിൽ ഏറെക്കുറെ ഒരു പരിപൂർണ്ണത ‘ഉറാട്ടി’യിൽ കാണുവാൻ സാധിക്കുന്നുണ്ട്‌.

(സംഗീതനാടക അക്കാദമിയുടെ ഈ വർഷത്തെ മികച്ച അമേച്വർ നാടക പുരസ്‌കാരം ‘ഉറാട്ടി’യ്‌ക്ക്‌ ലഭിച്ചു.)

മികച്ച സംവിധായകൻ ഃ മനോജ്‌ കാന (ഉറാട്ടി)

മികച്ച നടി ഃ അനിത (ഉറാട്ടി)

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.