പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഈശ്വരിയുടെ ഗന്ധം > കൃതി

ഭാഗം - അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം പൊന്നൻ

നോവലെറ്റ്‌

“സാറേ....”

കണ്ണു തുറന്നു.

“ഇന്നലെ പരിചയമില്ലാത്ത സാധനം വലിച്ചുകേറ്റിയതുകൊണ്ടാ സാറേ... ഞാൻ പെട്ടെന്ന്‌ ചത്തു വീണത്‌. പൊറുക്കണം. സാറിന്നലെ പട്ടിണിയായിപ്പോയി അല്ലേ...?”

“സാരമില്ല. ഞാൻ ഇന്നലെ ടൗണീന്ന്‌ ആഹാരം കഴിച്ചിട്ടാ വന്നത്‌.”

“സാറ്‌ കുളിച്ചൊരുങ്ങുമ്പോഴേക്കും ദിവാകരൻനായര്‌ പോയി ആഹാരം കൊണ്ടുവരും. വൈകത്തില്ല. ഉറപ്പ്‌.”

“ങാ.. ങാ..”

ദിവാകരൻനായർ തിടുക്കത്തിൽ വാലാട്ടിക്കൊണ്ട്‌ തിരിഞ്ഞോടി. നേരം വല്ലാതെ വെളുത്തിരിക്കുന്നു. ഛേ.... വെളുപ്പിന്‌ എഴുന്നേൽക്കാമെന്ന്‌ കരുതിയതാണ്‌. അവിടേം തോറ്റു. ധൃതിയിൽ പ്രഭാത പരിപാടികൾ തീർത്തപ്പോഴേക്കും വല്ലാത്ത ക്ഷീണം. ദിവാകരൻനായർക്കു കൊടുത്തതിന്റെ ബാക്കിയെടുത്ത്‌ ഒരു ഒന്നരയകത്താക്കി. എന്നിട്ടും ശരീരവേദന കുറയുന്നില്ല. വാതത്തിന്റെ ശല്ല്യം തുടങ്ങിക്കാണും. കഴുത്തനക്കുമ്പോൾ.. ഒരു മിന്നലുപോലെ. അല്പം വിക്‌സെടുത്ത്‌ കഴുത്തിലും നെറ്റിയിലും സിഗററ്റിലും പുരട്ടി. കത്തിച്ച്‌ വലിച്ചു. അപ്പോൾ കുറച്ചു സുഖം തോന്നി. തോന്നലാണ്‌. എല്ലാം തോന്നലാണല്ലോ. അല്ലെങ്കിൽ ഈ അമ്പത്തഞ്ചാം വയസ്സ്‌ കടന്ന നേരത്ത്‌ പഴയ കളിത്തട്ടകം തേടി വരേണ്ട വല്ല കാര്യവുമുണ്ടോ?

ഈശ്വരിയെ എങ്ങനെയാണ്‌ ഒന്നു കാണുക? അവളിപ്പോൾ ഈ മലഞ്ചെരുവിലെങ്ങാൻ കാണുമോ? വല്ലവരും വിവാഹം കഴിച്ചുകൊണ്ട്‌ പോയിരിക്കില്ലേ? അവളുടെ മുത്തശ്ശി മരിച്ചു കാണില്ലേ..? ചുവന്ന ചുണ്ടുളള ചിന്നമ്മു മുത്തശ്ശി..

ദിവാകരൻനായരെ കാക്കണോ? പുറത്തിറങ്ങിയാലോ? മലഞ്ചെരുവുകളിൽ ഒന്നു ചുറ്റിക്കറങ്ങി വന്നാൽ? അല്ലെങ്കിൽ വേണ്ട. പക്ഷേ ഇവിടെയിങ്ങനെ അടച്ചിരുന്നാലും ബോറാണ്‌. തീരുമാനത്തിലെത്താൻ വീണ്ടും വിക്‌സുപുരട്ടിയ സിഗരറ്റ്‌ വലിക്കേണ്ടി വന്നു. വിശന്നു തുടങ്ങിയപ്പോഴേയ്‌ക്കും ദിവാകരൻനായരെത്തി. കൈയ്യിൽ പൊതിഞ്ഞു പിടിച്ച പുട്ടും കടലയും ഒരു കിലോ നേന്ത്രപ്പഴവും. തോളിലെ ഫ്ലാസ്‌കിൽ ആവി പൊന്തുന്ന ചുക്കുവെളളം.

ചായയും കാപ്പിയും കഴിക്കാറില്ലെന്ന്‌ ഞാനിയാളോട്‌ പറഞ്ഞുവോ? ഓർക്കുന്നില്ല.

“ഞാൻ പോകുവാ സാറേ... ഇന്നും നാളേം കാണത്തില്ല. മറ്റന്നാള്‌ രാവിലെയെത്താം..” അയാൾ മുൻകാലുകൾ നീട്ടി വിനയം പ്രകടിപ്പിച്ചു.

“ഹാ! അതെന്തു പണിയാ. മൂന്നുനാലു ദിവസം ഞാനൊറ്റയ്‌ക്കോ?”

“സാറിനുളള ഭക്ഷണം ഇവിടെയെത്തിക്കാൻ ഹോട്ടലുകാരനോട്‌ പറഞ്ഞിട്ടുണ്ട്‌. പിന്നെ ഒറ്റയ്‌ക്കാവാതിരിക്കാൻ ഒരാളെയും ഏർപ്പാടു ചെയ്തിട്ടുണ്ട്‌. സിനിമാക്കാരെ എനിക്കറിഞ്ഞൂടേ...?” കളളച്ചിരിയോടെ അയാൾ വാലാട്ടിക്കൊണ്ട്‌ മുരണ്ടു.

“ആരെ?”

“കിളുന്ത്‌ പരുവമാ.. തൊട്ടാൽ ചോരതെറിക്കും. പക്ഷേ അത്യാവശ്യം ഇംഗ്ലീഷറിയാം സാറേ... ഈ കാട്ടുമുക്കിലതൊരു നേട്ടമല്ല്യോ. പിന്നെ വലിയ നാണക്കാരിയാ. വേദനിപ്പിക്കരുത്‌.”

“ഛേ... താൻ ആരുടെ കാര്യമാ ഈപ്പറയുന്നേ?”

അയാൾ പുറത്തേയ്‌ക്ക്‌ നോക്കി നീട്ടിയൊന്നോരിയിട്ടു.

“ദുർഗ്ഗേ. . . ”

Previous Next

ശ്രീമൂലനഗരം പൊന്നൻ

വിലാസംഃ

ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പി.ഒ.

പിൻ - 683 580.

(പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.)


Phone: 9847724618
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.