പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > നിത്യായനം > കൃതി

ആസേതുഹിമാചലം നരനിൽ നിന്നും വാനരനിലേക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നിത്യായനം

നരൻ പണിതതോ വാനരൻ പണിതതോ അതോ സ്വയം ഭൂവോ ആകട്ടെ സേതു അവിടെയുണ്ട്‌. ഉള്ളതുകൊണ്ടാണല്ലോ ഇടിച്ചു നിരത്തേണ്ട ആവശ്യം വന്നത്‌.

നരനും വാനരനും കൈകോർത്ത ആദ്യത്തെ സംരംഭമാണ്‌ രാമസേതു അഥവാ ആദംസ്‌ ബ്രിഡ്‌ജ്‌. ആദം എന്നുണ്ടെങ്കിലും ബൈബിളിൽ ബ്രിഡ്‌ജെന്നൊരു പരാമർശമില്ലാത്തതുകൊണ്ട്‌ തൽക്കാലം ആവഴി ചിന്തിക്കേണ്ടതില്ല.

ഇനി ചുണാമി എന്ന്‌ തമിഴനും സുനാമി എന്നു ബാക്കിയുള്ളവരും ലാളിച്ചുവിളിച്ച സംഗതി നക്കിയെടുത്ത ജീവിതങ്ങൾക്ക്‌ രാമന്റെ ചരിത്രത്തോളം പഴക്കമില്ല.

അയോദ്ധ്യാ അംശം കോസലദേശത്ത്‌ ദശരഥൻ മകൻ ശ്രീരാമൻ എന്നയാളുടെ ജനനസർട്ടിഫിക്കറ്റോ സ്‌കൂൾ രേഖകളോ ഇന്നോളം കണ്ടുകിട്ടിയിട്ടില്ല. അതായത്‌ ജനനം രജിസ്‌റ്റർ ചെയ്യാത്തതുകൊണ്ട്‌ രാമൻ ജനിച്ചിട്ടില്ല. ഇനി ദശരഥൻ മകൻ ശ്രീരാമന്റെ പേരിൽ ഒരു മരണസർട്ടിഫിക്കറ്റും ആരും വാങ്ങിയിട്ടില്ല. അതുകൊണ്ട്‌ മരിച്ചു എന്നുപറയാനും വകുപ്പില്ല. ആയൊരു സത്യമാണ്‌ ആർക്കിയോളജിക്കൽ മഹാന്മാർ കണ്ടെത്തി കോടതിയിൽ ബോധിപ്പിച്ചത്‌. എന്നാൽ സുനാമിയെടുത്തുകൊണ്ടുപോയ രാമന്മാർ പലരും ജനിച്ചു എന്നതിനു തെളിവുണ്ട്‌. മരിച്ചത്‌ സുനാമി കാരണമാണെന്നും.

ഇങ്ങിനെയൊരു കടുംകൈ അവറ്റകൾ ചെയ്യുമെന്ന്‌ സർദാർജിയും മദാമ്മയും സ്വപ്നത്തിൽ കൂടി കരുതിക്കാണില്ല. നമ്മൾ മതേതരർ, മതമേതായാലും അതിനുമുന്നിൽ മുട്ടുകാലിലിഴയുന്നവർ തൽക്കാലം തീരുമാനമെടുക്കേണ്ട. കുറച്ചു ഗുമസ്തന്മാരും കോടതിയും കൂടി തീരുമാനിക്കട്ട. അടി ഗുമസ്തനും വോട്ട്‌ ഞമ്മക്കും.

സുനാമി ഇത്രകണ്ട്‌ ഭീകരമായതിന്റെ കാരണം പവിഴപ്പുറ്റുകൾക്കേറ്റ നാശമാണെന്ന കണ്ടെത്തൽ നടന്നത്‌ ഏതായാലും ഡോ. പർവീൺ തൊഗാഡിയയുടെ വർഗീയ ലാബിൽ നടന്ന പരീക്ഷണത്തിലല്ല.

അന്താരാഷ്ര്ട സുനാമി സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ സുനാമി കൺസൾട്ടന്റുമായ സത്യം മൂർത്തി ‘That chain of coral islets saved costal Kerala that day’ എന്നാണ്‌ എഴുതിവച്ചത്‌.

എന്നാലും സുനാമി ഫണ്ട്‌ എല്ലാരെക്കാളും നമ്മള്‌ ഗംഭീരമാക്കുകയും ചെയ്തു. കടലുതന്നെ കേട്ടറിവുമാത്രമുള്ള ദൈവപുത്രന്മാർ സുനാമിയുടെ അടുത്തവരവും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോഴത്തെ ഫണ്ട്‌ വിവാദം അപ്പോഴെങ്കിലും ഒന്നവസാനിക്കുമല്ലോ.

‘This physical bridge saved thousands of lives in 2004’ എന്നെഴുതിവച്ചത്‌ കുമ്മനം രാജശേഖരനും വാനരസേനകളുമല്ല. ജിയോളജിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യയുടെ ചെയർമാൻ ആർ. ഗോപാലകൃഷ്ണനാണ്‌. ശ്രീലങ്കൻ തീരത്ത്‌ നാശം വിതച്ച സുനാമി ഈ വൻമതിലും കടന്ന്‌ കേരളത്തിലെത്തുമ്പോഴേക്കും കിതച്ചുപോയി എന്നതാണു സത്യം. അതുകൊണ്ട്‌ ശ്രീലങ്കയും ഇന്തോനീഷ്യയും കേരളത്തിൽ ആവർത്തിച്ചില്ല എന്നത്‌ അതിലേറെ സത്യം.

ഇങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ച മൂർത്തിയെ ഒരു കട്ടൻചായക്കും പരിപ്പുവടക്കും ക്ഷണിച്ചു എന്നൊരപരാധമേ സേതുസമുദ്രം കോർപ്പറേഷൻ ലിമിറ്റഡ്‌ ചെയർമാൻ എൻ.കെ രഘുപതി ചെയ്തുള്ളൂ. അതോടെ ചെയറിലുള്ള മൂപ്പരുടെ ഇരിപ്പ്‌ നിലത്തായി. താമസിയാതെ പുറത്തുമായി.

3600ഓളം സസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണ്‌ മാന്നാർ കടലിടുക്ക്‌. അതിന്‌ നാശം വരുത്തരുതെന്ന്‌ വാദിക്കുന്നത്‌ ഗ്രീൻപീസ്‌ ഇന്ത്യയുടെ ആക്ടിവിസ്‌റ്റായ അരീസ ഹമീദാണ്‌. സേതുസമുദ്രം പ്രൊജക്ട്‌ ഇതിന്റെ നാശത്തിനായിരിക്കും വഴിവെക്കുക എന്നുവാദിക്കാൻ അവർ കൂട്ടുപിടിക്കുന്നത്‌ 2000ൽ ഇപ്പോഴത്തെ മന്ത്രി ടി.ആർ ബാലു ചെയ്ത പ്രസംഗത്തെയാണ്‌.

ആസേതുഹിമാചലം (ഈ പ്രയോഗത്തിന്റെ മരണസർട്ടിഫിക്കറ്റ്‌ മദാമ്മയും സർദാർജിയും കൂടി തയ്യാറാക്കിയിട്ടുണ്ട്‌) പ്രശ്നം ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്‌. യാഥാർത്ഥ്യം മാത്രം പടിക്കു പുറത്താക്കിയാണ്‌ ചർച്ച.

രാമനുമായി ബന്ധപ്പെട്ടതാണെങ്കിൽ പൊളിക്കണം അല്ലെങ്കിൽ അവിടെത്തന്നെ നിന്നോട്ടെ എന്ന മട്ടിലാണ്‌ കരുണാനിധിയുടെ സങ്കീർത്തനം.

മൂപ്പരുടെ ആത്മീയ നേതാവായ രാവണന്റെ ലങ്ക സുനാമിയടിച്ച തീരപ്രദേശം പോലെയാക്കുവാൻ വേണ്ടി നരനും വാനരനും കൈകോർത്ത ആദ്യത്തെ സഹകരണസംഘത്തിന്റെ പ്രൊജക്ട്‌ മാനേജർ ഹനുമാൻ ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മിച്ച്‌ രാമലക്ഷ്മണന്മാർക്ക്‌ കൈമാറിയ വരമ്പാണ്‌ രാമസേതു.

രാവണനെ ആരാധിക്കുന്ന ദ്രാവിഡന്റെ മുഖ്യശത്രു കേരളത്തിലെ ആര്യന്മാരാണ്‌. ചിന്തയിൽ ശൂദ്രത്വവും കർമ്മത്തിൽ ബ്രാഹ്‌മണ്യവും പ്രാവർത്തികമാക്കിയ മന്ദബുദ്ധികൾ. എല്ലാം രാമനും അയോദ്ധ്യയും പോലുള്ള ഒരു വിശ്വാസം.

സത്യത്തിന്റെ പുറത്തു ജീവിക്കുക വെള്ളത്തിനടിയിൽ കഴിയുന്നതുപോലെയാണ്‌. കൂടിയാൽ മുപ്പതു സെക്കന്റ്‌. വിശ്വാസത്തിന്റെ കരയിൽ എത്രകാലം വേണമെങ്കിലും സുഭിക്ഷം കഴിയാനുള്ള വകുപ്പുണ്ട്‌.

ഇടുക്കിയിലെ മുല്ലപ്പെരിയാർ ചുരുങ്ങിയത്‌ ഒരു ജില്ലയിലെയെങ്കിലും ആര്യന്മാരെ ജലസമാധിയാക്കുവാൻ പറ്റിയ വരുണാസ്ര്തമായിരുന്നു. അതിപ്പോൾ ഏതാണ്ട്‌ കൈവിട്ടുപോയി. അപ്പോൾ വീണുകിട്ടിയ അടുത്ത ആയുധമാണ്‌ രാമസേതു.

ഇനി അതെങ്ങിനെയെങ്കിലും ഒന്നു പൊളിച്ചു കിട്ടണം. സുനാമിക്കുള്ള ചാൻസാണെങ്കിൽ തൊഴിലില്ലായ്മ പോലെ കൂടിക്കൂടി വരുന്നേയുള്ളുതാനും. സേതുബന്ധനത്തിന്‌ മോക്ഷം കൊടുത്ത ശുഭമുഹൂർത്തത്തിൽ ഒരു സുനാമി നൽകി കുലഗുരു ശുക്രാചാര്യർ അനുഗ്രഹിക്കുകയാണെങ്കിൽ സംഗതി ക്ലീൻ.

പതിനാലു മുല്ലപ്പെരിയാർ ഇഫക്ടുള്ള വരുണാസ്ര്തമായിരിക്കും സേതുലസ്‌ സേതുസമുദ്രം. വയനാട്ടിലെ എടക്കൽ ഗുഹയും തുഷാരഗിരിയുമൊക്കെ സന്ദർശിക്കാൻ പോയവരേ ബാക്കിയാവുകയുള്ളൂ. കേരളത്തിലെ ആര്യന്മാർ എന്നു കരുതുന്ന ശൂദ്രന്മാരുടെ വംശം തന്നെ കുറ്റിയറ്റുപോകും.

പത്തുതലയുണ്ടായിരുന്നിട്ടും ഇത്രയും ബുദ്ധി രാവണനുണ്ടായിരുന്നില്ല. ഇതിന്റെ നാലിലൊന്നുണ്ടായിരുന്നെങ്കിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന്‌ നിവർന്നുനടക്കുന്ന ഒരു രാമനും ചാടിക്കളിക്കുന്ന കൊച്ചുരാമന്മാരും സ്വാഹ എന്നു വാത്മീകി എഴുതുമായിരുന്നു. കരുണാനിധി അന്നു ജനിക്കാതെ പോയതും രാവണന്റെ ഗതികേട്‌ എന്നല്ലാതെന്തുപറയുവാൻ.

ഏതായാലും നരനിൽ നിന്നും വാനരനിലേക്ക്‌ തിരിച്ചുനടക്കാനുള്ള കാലമായി. ആരും വഴിതെറ്റിപ്പോവുകയില്ല. മുന്നിൽ മദാമ്മയും പിന്നിൽ സർദാർജിയും നയിക്കാനുള്ള കാലത്തോളം.

Previous Next

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.