പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > നിത്യായനം > കൃതി

പാഠം ഒന്ന്‌ ഃ ഒരു കൂലി പ്രസംഗകനും കൂലി നടനും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നിത്യായനം

ചിന്തയുടെ ഉച്ചസ്ഥായിയിലിരിക്കുമ്പോൾ തന്നെ വിജയൻമാഷ്‌ മംഗളം പാടിയവസാനിപ്പിച്ചു. അവസാനം പാടിയത്‌ ജനകീയ ചാരാസൂത്രണം ആട്ടക്കഥയിലെ കോടതി കാണ്ഡമായിരുന്നു.

പരിഷത്തിലെ പാപ്പൂട്ടിയും കൂട്ടരും പാഠത്തിലെ ലേഖനത്തിന്റെ പേരിൽ മാനനഷ്ടത്തിനു കേസുകൊടുത്തു. ജന്മനാ ഇല്ലാത്തവർക്ക്‌ അതു പിന്നീട്‌ നഷ്ടപ്പെട്ടു എന്നു പറയുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കോടതി തള്ളി. ലേഖനത്തിൽ പറഞ്ഞതാകട്ടെ എണ്ണപ്പെട്ട വിപ്ലവകാരികളെല്ലാം ചാരപ്പണിയാണ്‌ എടുക്കുന്നതെന്നും. വിജയൻമാഷ്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ചെയ്തു. മാഷു പറഞ്ഞത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി കണ്ടെത്തി. വിപ്ലവരോമാഞ്ചക്കാർക്ക്‌ മാനമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.

പറയാനുള്ളത്‌ മുഴുമിപ്പിച്ച്‌ മാഷ്‌ പിന്നോട്ടേക്ക്‌ മറിഞ്ഞു. ശുഭം. വാ വിട്ട വാക്കും കൈവിട്ട ആയുധവും വിട്ടാൽ വിട്ടതാണ്‌. തിരിച്ചുപിടിക്കുക അസാദ്ധ്യം. എന്നാൽ ഒരു മറുമരുന്ന്‌ ആചാര്യന്മാർ കണ്ടിപിടിച്ചിട്ടുണ്ട്‌. വാ വിട്ടുപോയതിനെ വഴിതിരിച്ചുവിടുക എന്നു പറയും. വിശേഷബുദ്ധി അശേഷമില്ലാത്തവരോ അല്ലെങ്കിൽ തൽക്കാലം പണയം വെക്കാൻ തയ്യാറായവരോ ആയ രണ്ടു അജാനനാക്കുകളെയാണ്‌ ഇതിനാവശ്യം. മാനാപമാനങ്ങൾ അരിയപെരിയ തീണ്ടാത്തവരായാൽ അത്രയും നല്ലത്‌.

അതിലൊരാൾ രാവിലെ പറഞ്ഞത്‌ ഉച്ചക്ക്‌ തിരുത്തി പരിചയ സമ്പത്തുള്ള പ്രസംഗത്തൊഴിലാളിയും നാഴികയ്‌ക്കു നാൽപതുവട്ടം വേണമെങ്കിലും വാക്കുമാറ്റാൻ തയ്യാറുള്ളവനുമായിരിക്കണം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം എന്നതു യോഗ്യത. ഉണ്ണാൻപോകുന്ന ചോറിനുള്ള നന്ദി മുൻകൂട്ടി പ്രകാശിപ്പിക്കാനുള്ള സന്നദ്ധത അധികയോഗ്യത.

വരട്ടുതത്വവാദിയായ മാഷെ വിമർശിക്കുവാനായി ദേശാഭിമാനിയുടെ താളുകളിൽ ജീൻസുമണിഞ്ഞ്‌ കൗബോയ്‌ സ്‌റ്റൈലിൽ പ്രത്യക്ഷപ്പെട്ട പുരോഗമനവാദിയും ബുദ്ധഭിക്ഷുവുമായിരിക്കണം അടുത്തയാൾ. മാഷുടെ മകനെക്കൊണ്ട്‌ പറഞ്ഞത്‌ പൊല്ലാപ്പായപ്പോൾ നിരുപാധികം കാലിൽ വീണ്‌ മാപ്പുപറഞ്ഞത്‌ അധികയോഗ്യത.

കുറുനരി ലക്ഷം കൂടുകിലൊരു ചെറുനരിയോടേൽക്കാനെളുതോ എന്നു ചോദിച്ചത്‌ കുഞ്ചനാണ്‌. നരി പിന്നോട്ടുമറിഞ്ഞുപോയത്‌ പത്രസമ്മേളനത്തിനിടയിലായിരുന്നു. നരിയുടെ അലർച്ച കേട്ടു മൂത്രം പോവുകയല്ലാതെ അലറി ശീലമില്ലാത്തതുകൊണ്ട്‌ സ്വാഭാവികമായും കുറുനരികൾ കിട്ടിയ ചാൻസിന്‌ നാലോരിയിട്ടു. അതിനുള്ള സ്വാതന്ത്ര്യമൊക്കെ ഇന്ത്യാ മഹാരാജ്യത്തുണ്ട്‌.

വിജയൻമാഷ്‌ വടിയായത്‌ ബഹുത്ത്‌ അച്ചാ. പ്രസംഗത്തൊഴിലാളിയുടെ നേതൃത്വത്തിൽ നടന്ന പോസ്‌റ്റ്‌മോർട്ടത്തിൽ സുധീഷ്‌ കൊണ്ടുപോയി കൊല്ലിച്ചതാണെന്ന്‌ ക്ലിയറാവുകയും ചെയ്തു. വിജയൻമാഷ്‌ പറഞ്ഞതിലും കോടതി നിരീക്ഷിച്ചതിലും കുച്ച്‌ നഹി.

വിജയൻമാഷുടെ മരണം സുകുമാരൻമാഷെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്‌. ആ ഞെട്ടലിൽ നിന്നുവന്ന വെളിപാടായിരുന്നു പത്രസമ്മേളനം. അങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ്‌ ഫോണിലൂടെ ഒഴുകിയെത്തിയ സുധീഷിന്റെ തന്തക്കുവിളി. തന്തക്കുവിളിച്ചതിന്റെ ന്യായം ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘പോടാ പട്ടി’ എന്നും. അതും കേട്ട്‌ തൃപ്തിയായിരിക്കുമ്പോഴാണ്‌ ചാവുപായിൽ നിന്നും വിജയൻമാഷുടെ പുത്രകളത്രാദികളുടെ വക വൃത്തിയായി അടുത്തത്‌ - നാവടക്കുക ഇന്നുതന്നെ.

ശിവ ശിവ! ഒരു സാധാരണക്കാരനാണെങ്കിൽ സഞ്ചയനം ഇന്നേക്ക്‌ കഴിയേണ്ടതാണ്‌. സുകുമാരൻമാഷായതുകൊണ്ട്‌ പോലീസുകാർ തൽക്കാലം രക്ഷപ്പെട്ടു. അല്ലെങ്കിൽ വിജയൻമാഷെ ആദരിച്ചതിന്റെ ബാക്കി ഉണ്ടയുമായി തൃശ്ശൂരേക്ക്‌ വിടേണ്ടിവന്നേനെ.

സ്വന്തം തടി ഭയന്ന്‌ മാളത്തിലിരിക്കലല്ല ജീവിതം. ലക്ഷ്യമെന്താണോ അതിനുവേണ്ടി മരിക്കലാണ്‌ ജീവിതം എന്ന സത്യം തത്ത്വമസി എഴുതിയതുകൊണ്ട്‌ അറിയണമെന്നില്ല. ബുദ്ധഭിക്ഷുക്കൾക്കും തിരുപാടു കിട്ടിക്കൊള്ളണമെന്നില്ല. കൂലിപ്രസംഗകനും നടനും വിജയൻ മാഷുടെ ജീവിതത്തിൽ നിന്നും അഥവാ മരണത്തിൽ നിന്നും പഠിക്കാവുന്ന പാഠവും അതുതന്നെയാണ്‌.

Previous Next

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.