പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

നാട്ടു വർത്തമാനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

ഡിസംബർ മാസം തുടങ്ങിയത്‌ കേരളത്തിലെ ഇന്നത്തെ സാംസ്‌ക്കാരികനേതാക്കന്മാരായ സുകുമാർ അഴീക്കോടും വെളളാപ്പളളി നടേശനും തമ്മിലുളള കളരിപ്പയറ്റോടു കൂടിയാണ്‌. ഇരുവരും അവരവരുടെ മേഖലകളിൽ പരിചയസമ്പന്നരായതുകൊണ്ട്‌ കാണികൾക്ക്‌ ഇവരുടെ യുദ്ധം ഹരം പകർന്നു. ഇടയ്‌ക്ക്‌ തേർഡ്‌ അമ്പയറായി ഉണ്ണീരിക്കുട്ടി ഇരുവരെയും മണത്തു നോക്കി ഇവർ മദ്യമല്ല, ഹോമിയോപ്പതി മരുന്നാണ്‌ കഴിച്ചത്‌ എന്നും മദ്യം കഴിക്കാതെ തന്നെ ഇരുവരും എപ്പോഴും ഉന്മത്തരാണ്‌ എന്നും ഡിക്ലയർ ചെയ്‌ത്‌ രണ്ടുപേരെയും നോട്ടൗട്ട്‌ ആക്കിയത്‌ തികച്ചും ഉന്നതമായ സാംസ്‌ക്കാരിക നടപടി ആയിരുന്നു.

കേരളം ഒരു ഭ്രാന്താലയമാണ്‌ എന്ന വിവേകാനന്ദസ്വാമികളുടെ പ്രശസ്‌തമായ പ്രഖ്യാപനം അഴീക്കോടും വെളളാപ്പളളിയും ആവേശത്തോടെ ആവർത്തിക്കുന്നതായിരുന്നു ഏറ്റവും ആകർഷകമായ സ്‌റ്റണ്ട്‌. അവർ എതിരാളിയെ ഭ്രാന്താശുപത്രിയിലേക്കു കൊണ്ടുപോകാൻ മെനക്കെട്ടില്ല എന്നത്‌ നമ്മുടെ ഭാഗ്യമായി. ആശുപത്രിയിൽ എത്തിയാൽ അബദ്ധത്തിൽ അവിടുത്തെ ഡോക്‌ടർമാർ ഇരുവരെയും എന്തു ചെയ്യുമായിരുന്നു എന്നത്‌ നമുക്ക്‌ ഊഹിക്കാൻ പോലും പറ്റുകയില്ല.

കളള്‌ വിശ്വസ്‌തസഹചാരി ഉമ്മൻ ചാണ്ടിയെ ഏൽപ്പിച്ച്‌ മുഖ്യമന്ത്രി ആന്റണിജി ദില്ലിയിൽ പോയി എല്ലാ കേന്ദ്രമന്ത്രിമാരെയും സെക്രട്ടറിമാരെയും ആന്ധ്രപ്രദേശ്‌ രാജാവ്‌ ചന്ദ്രബാബു നായിഡു സ്‌റ്റൈലിൽ കണ്ട്‌ കേരളത്തിന്റെ പദ്ധതികൾക്ക്‌ രഹസ്യമായി ഓക്കെ വാങ്ങാൻ ആത്മാർത്ഥമായ ശ്രമം നടത്തി. സ്വന്തം പാർട്ടിക്കാരെയും ഉദ്യോഗസ്ഥന്മാരെയും വിശ്വാസമില്ലാത്തതുകൊണ്ട്‌ അദ്ദേഹം പഴയ മഹാരാജാസ്‌ കോളേജ്‌ സഹമുറിയൻ ഷേണായിയെയാണ്‌ ഹിന്ദി പറയാൻ കൂടെ വിളിച്ചത്‌. ടി.വി.ആർ ഷേണായി ഇപ്പോൾ പ്രധാനമന്ത്രി ബാജ്‌പൈജിയുടെ സ്‌പീച്ച്‌ റൈറ്റർ കൂടിയാണെന്നത്‌ കേരളത്തിന്റെ ഭാഗ്യമായി.

വാർത്തയൊന്നും കിട്ടാത്തപ്പോൾ ഓടി വരുന്ന ടി.വി. ചാനൽപ്പിളളാരോട്‌ ആന്റണിക്കെതിരെ ഒളിയമ്പുകൾ പറഞ്ഞ്‌ ലീഡർ സമാധാനിച്ചു. രാജി വയ്‌ക്കാനാണെങ്കിൽ അതിനു പറ്റിയ ഒരു സ്ഥാനം പോലും നൽകാൻ തയ്യാറാകാത്ത സോണിയാജിയോട്‌ ഇനി എതിർത്താൽ ശരിയാകുകില്ല എന്ന്‌ ലീഡർക്കറിയാം. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ റിട്ടയമെന്റ്‌ വയസ്സ്‌ കൂട്ടിയില്ലെങ്കിൽ കേരളത്തിനു വരുന്ന അപകടത്തെക്കുറിച്ച്‌ അദ്ദേഹം വ്യാകുലപ്പെട്ടത്‌ എൻ.ജി.ഓകൾ പോലും ഗൗരവമായി എടുത്തില്ല എന്നത്‌ ദുഃഖകരമായി.

പൊതുമരാമത്തു മന്ത്രി മുനീർജി ഇന്ത്യാ വിഷൻ ചാനലിനെക്കാൾ കുണ്ടും കുഴിയും നിറഞ്ഞ കേരളത്തിലെ റോഡുകളിലേക്കു ക്രിസ്‌മസ്‌ കാലത്ത്‌ ശ്രദ്ധ തിരിച്ചത്‌ നന്നായി. പണ്ട്‌ രാഷ്‌ട്രപതിയോ, പ്രധാനമന്ത്രിയോ മാത്രം വരുമ്പോൾ മോടി ലഭിക്കുന്ന റോഡുകൾ സാന്താക്ലോസിനുവേണ്ടിയും മിനുസപ്പെടുന്നത്‌ കൗതുകകരമായ ദൃശ്യമായി. കൈരളി ചാനലുകാർക്ക്‌ ചാനൽ തുടങ്ങി ഭരണം നഷ്‌ടപ്പെട്ട അനുഭവം ബുദ്ധിമാനായ മുനീർ മനസ്സിലാക്കിയിട്ടുണ്ടെന്നു തീർച്ചയാണ്‌.

ഷാരൂഖ്‌ ഖാൻ കൊച്ചിയിലെത്തി ബോളിവുഡ്‌ നൈറ്റ്‌ ആഘോഷിച്ചു. രാജീവ്‌ ഗാന്ധി സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ അല്‌പം ചില സീറ്റുകൾ കാലിയായിരുന്നതൊഴിച്ചാൽ പരിപാടി വിജയമായി. ഇടയ്‌ക്ക്‌ ഷാരൂഖ്‌ ഒരു ഗൂഗ്‌ളി ബൗൾ ചെയ്യുകയും ചെയ്‌തു. ഷാരൂഖ്‌ പറഞ്ഞുഃ ഞാൻ ഇവിടേക്കു വരുമ്പോൾ പറയാനായി കുറെ മലയാളം വാക്കുകൾ പഠിച്ചു വച്ചിരുന്നു. പക്ഷെ എന്തു ചെയ്യാം. എല്ലാം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച്‌ അട്ടിമറിക്കാർ പിടിച്ചെടുത്തു.

ടിനു യോഹന്നാനായിരുന്നു ഡിസംബറിലെ കേരളീയൻ. പി.ടി ഉഷയ്‌ക്കുശേഷം ഇത്രയധികം ആരാധന പിടിച്ചു പറ്റിയ ഒരു സ്‌പോർട്‌സ്‌ മാൻ കേരളത്തിനുണ്ടായിട്ടില്ല. മൊഹാലി ടെസ്‌റ്റിലെ ആദ്യത്തെ ഓവറിൽ നാലാമത്തെ പന്തിൽ വിക്കറ്റു വീഴ്‌ത്തിയപ്പോൾ കേരളമാകെ അഭിമാനം കൊളളുകയായിരുന്നു. ടിനു വളർന്നു വലുതാകാൻ പ്രാർത്ഥിക്കുന്നതിൽ കേരളം ഒറ്റക്കെട്ടാണ്‌.

ഇനി ശേഷം പിന്നാലെ. എല്ലാവർക്കും നവവത്സരാശംസകൾ.

ചാണക്യൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.