പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > നന്ദിപൂർവ്വം ഇതുകൂടി സമർപ്പിച്ചുകൊളളുന്നു > കൃതി

അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

നോവൽ

പിന്നീട്‌ നടന്ന ഓരോ യോഗത്തിലും എക്‌സ്‌ക്ലൂസീവ്‌ ക്ലബ്ബ്‌ എന്ന ആശയം ഉപേക്ഷിക്കണമെന്ന്‌ ഞാൻ ആവശ്യപ്പെട്ടു. പ്രസ്തുത സ്ഥലത്ത്‌ സെയ്‌താലിക്കുട്ടിയുടെ പേരിൽ ഒരു സ്ഥിരം നാടകവേദി പണിയാൻ ഞാൻ ആവശ്യപ്പെട്ടു. എന്റെ അഭിപ്രായത്തെ പുച്ഛിച്ചുതളളിക്കൊണ്ട്‌ ശ്രീധരൻമാഷ്‌ ഇങ്ങനെയാണ്‌ പ്രതികരിച്ചത്‌.

“നാടകമൊക്കെ എന്നേ കാലഹരണപ്പെട്ടുപോയി ശിവദാസാ. അമ്പലപ്പറമ്പിന്‌ പുരാണനാടകം സൗജന്യമായി കാണിച്ചാൽ തന്നെ ആളുകളെ കിട്ടുന്നില്ല. അപ്പോഴാണോ ടിക്കറ്റെടുത്ത്‌ നാടകം പ്രദർശിപ്പിക്കേണ്ടത്‌? സെയ്‌താലിക്കുട്ടിയുടെയൊക്കെ നാടകക്കാലം തീർന്നുപോയില്ലേ.”

ശ്രീധരൻമാഷോട്‌ തിരിച്ചെന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷേ സെയ്‌താലിക്കുട്ടിയെക്കുറിച്ചുളള ഓർമ്മകൾ എന്നെ മൂടി. അരങ്ങിൽ അഗ്‌നിയും വർഷവും തീർത്തവൻ. അഭിനയത്തിൽ സാത്വിക സിംഹാസനത്തിലെത്തിയവൻ. വാക്കുകളുടെ മൂർച്ചകൊണ്ട്‌ അധികാരത്തിന്റെ സുഖലോലുപതകളിൽ അസ്വാസ്ഥ്യത്തിന്റെ തീനാമ്പുകൾ പടർത്തിയവൻ. എന്തുകൊണ്ടാണ്‌ മാഷേ സെയ്‌താലിക്കുട്ടി കാലഹരണപ്പെട്ടത്‌? അരങ്ങിൽനിന്നും ജീവിതത്തെക്കുറിച്ചുളള തിരിച്ചറിവിന്റെ കാഴ്‌ചകൾ ആട്ടിയിറക്കപ്പെട്ടത്‌ എന്നു മുതൽക്കാണ്‌. എല്ലാ ഉത്‌ക്കണ്‌ഠകളിൽനിന്നും സ്വയം മോചിപ്പിച്ച്‌ മണിഗോപുരങ്ങളിൽ ഉറക്കം തൂങ്ങിയിരിക്കുന്നവർക്ക്‌ ആലസ്യത്തിന്റെയും അശ്ലീലതയുടെയും ദൃശ്യവിസ്‌മയമൊരുക്കാൻ നമ്മൾക്കൊക്കെ തോന്നിത്തുടങ്ങിയത്‌ എപ്പോൾ മുതൽക്കാണ്‌? നിരവധി ചോദ്യങ്ങൾ. ഒന്നിനുപോലും ഉത്തരം കിട്ടാതെ വലിയൊരു അസ്വാസ്ഥ്യം ഉളളിൽ പുകഞ്ഞുകൊണ്ടേയിരുന്നു.

ഇതിനിടെ നടന്ന ഒരു യോഗത്തിൽ ശ്രീധരൻമാഷ്‌ പ്രകടിപ്പിച്ച അഭിപ്രായം കേട്ടപ്പോൾ എനിക്ക്‌ സ്വയം നിയന്ത്രിക്കാനായില്ല. ദേഷ്യംകൊണ്ട്‌ ചിതറിപ്പോയ ശബ്‌ദത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞുതീർത്തു.

“മാഷേ, മാഷിന്റെ അമ്മേന്റെ പേരിൽ വേശ്യാലയം നടത്തുന്നതുപോലെയുളള ഒരേർപ്പാടാണിത്‌. എക്‌സ്‌ക്ലൂസ്സീവ്‌ ക്ലബ്ബിന്‌ സുമേഷ്‌ സ്‌മാരക എസ്‌ക്ലൂസ്സീവ്‌ ക്ലബ്ബ്‌ എന്ന്‌ പേരിടാൻ ഞാനൊരിക്കലും അനുവദിക്കൂല. അവൻ മരിച്ചിട്ട്‌ ഒരുവർഷം തികയുന്നതല്ലേ ഉളളൂ. അവന്റെ വാക്കിന്റെ മുഴക്കം ഈ ചുമരുകളിൽ ഇപ്പോഴും അലച്ചുകൊണ്ടിരിക്കുന്നുണ്ട്‌. നിങ്ങൾക്ക്‌ ചിലർക്ക്‌ തോന്നുന്ന തലതിരിഞ്ഞ പദ്ധതിയ്‌ക്ക്‌ ചരിത്രത്തിനെ കൂട്ടുപിടിക്കരുത്‌. സുമേഷിന്റെ പേരു നൽകിയാലെ സംഭാവന കിട്ടൂ എന്നുണ്ടല്ലേ? ഓർമ്മകൾ അവസാനിക്കും മുമ്പുതന്നെ അവനെ ഇത്രത്തോളം അപമാനിക്കാൻ ഞാൻ കൂട്ടുനിൽക്കില്ല. എക്‌സ്‌ക്ലൂസ്സീവ്‌ ക്ലബ്ബിന്‌ മാഷിന്റമ്മ ഗോവർദ്ധിനിയമ്മയുടെ പേര്‌ നൽകുന്നതായിരിക്കും കൂടുതൽ ഉചിതം.”

ഇത്രയും പറഞ്ഞുതീർന്ന നിമിഷം തന്നെ ശ്രീധരൻമാഷ്‌ എന്നെ പിടിച്ചുതളളി. മലർന്നടിച്ചു വീണ എന്റെ മുഖത്ത്‌ കാർക്കിച്ചുതുപ്പി. ആകെ ഒച്ചപ്പാടായി. രാജീവനും ധനജ്‌ഞ്ഞയനും ഒക്കെ ചേർന്ന്‌ എന്നെ അടിച്ച്‌ പുറത്താക്കി.

രാത്രിയിൽ വലിച്ചുകീറിയ വസ്‌ത്രങ്ങളുമായി, ചോരയൊലിക്കുന്ന മുഖവുമായി അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതി കെട്ടിടത്തിന്റെ മുന്നിൽ ഞാൻ നിന്നു. വലിയ ഇലക്‌ട്രിക്‌ ബൾബിൽ പ്രകാശിച്ചു നിൽക്കുന്ന രണ്ടുനില കെട്ടിടത്തിനുകീഴെ ഒറ്റയ്‌ക്ക്‌ നിൽക്കുമ്പോൾ ഉരുൾപൊട്ടലിൽ പെട്ടുപോയ ഒറ്റത്തടി വൃക്ഷംപോലെ ഞാൻ ഉലഞ്ഞു. എല്ലാറ്റിനെയും ഊഷരമാക്കുന്ന ഒരു പടിഞ്ഞാറൻ ഉപ്പുകാറ്റ്‌ നാട്ടിലാകെ ഹുങ്കാരശബ്‌ദത്തോടെ പടരുകയാണെന്ന്‌ ഞാനറിഞ്ഞു.

അന്ന്‌ എനിക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രിയിൽ വീട്ടിൽ നിന്നിറങ്ങി വയൽവരമ്പിലൂടെ, സമരോത്സുകതയുടെ ജ്വാലകൾ കതിരണിഞ്ഞുനിന്ന ഓർമ്മയുടെ വയൽവരമ്പിലൂടെ ഏറെ നടന്നു. നടന്ന്‌ നടന്ന്‌ അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതിയുടെ മുന്നിലെത്തി. ചരിത്രത്തിന്റെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്‌ ഒരു സ്ഥാപനം, അല്ല അതൊരു പ്രസ്ഥാന സ്ഥാപനമല്ല. സ്ഥാപനമെന്നാൽ സ്ഥാപിക്കപ്പെട്ടത്‌ എന്നല്ലേ? ചലനമില്ലാത്തത്‌ എന്നല്ലേ? ഇതൊരു ചലനമല്ലേ അതേ ഇത്‌ ഒരു കുതിപ്പാണ്‌. നേരിന്റെ വഴിയിലൂടെയുളള കൂട്ടായ്‌മയുടെ ചലനം സംഘബോധത്തിന്റെ വെളിച്ചവുമായി പ്രകാശപൂർണ്ണമായ ഭാവിയിലേക്കുളള കരുത്തുറ്റ ചലനം.

എല്ലാ ചലനങ്ങളും നിലച്ചുപോവുകയാണോ? ഓരോ ചുവടുകളെയും നിഷ്‌പ്രഭമാക്കുന്ന പടിഞ്ഞാറൻ കാറ്റിന്റെ ആരവം തനിക്കുചുറ്റും മുഴങ്ങുകയാണോ?

***********************************************************************

എന്നെയും കലാസമിതിയിൽനിന്ന്‌ പുറത്താക്കിക്കൊണ്ടുളള അറിയിപ്പ്‌, നോട്ടീസ്‌ ബോർഡിൽ പതിഞ്ഞു. എങ്കിലും സുമേഷിന്റെ പേരിലുളള അനീതികളെ അംഗീകരിക്കുവാനോ അനുവദിക്കുവാനോ ഞാൻ ഒരുക്കമല്ലായിരുന്നു. വാക്കുകളിൽ അഗ്‌നി ചിതറിയ, നിലപാടുകളിൽ പാറപോലെ അടിയുറച്ച അവന്റെ സ്‌മരണകൾപോലും...വയ്യ പുരോഗതിയുടെ വികസനത്തിന്റെ പുതിയ സമവാക്യങ്ങൾ ഓർക്കുമ്പോൾ തന്നെ ഭീതി തോന്നുന്നു. എന്റെ വാക്കുകളെ വിശ്വസിക്കുന്ന എല്ലാ ആളുകളോടും എക്‌സ്‌ക്ലൂസ്സീവ്‌ ക്ലബ്ബിന്റെ അപകടങ്ങളെക്കുറിച്ച്‌ ഞാൻ പറഞ്ഞുകൊണ്ടിരുന്നു.

സുമേഷ്‌ സ്‌മാരക എക്‌സ്‌ക്ലൂസീവ്‌ ക്ലബ്ബിന്റെ നിർമ്മാണത്തിന്‌ സംഭാവന പിരിയ്‌ക്കുവാൻ പോയവരുടെ നേർക്ക്‌ ഏറെ ചോദ്യങ്ങളുയർന്നു.

വൈകാതെ ഒരു ദിവസം രാത്രി ശ്രീധരൻമാഷും കൂട്ടരും എന്റെ വീട്ടിലെത്തി.

“ശിവദാസാ നീ എന്നെ ഏറെ അപമാനിച്ചിട്ടുളളവനാണ്‌. എങ്കിലും അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതിയുടെ ഒരു ദീർഘകാലപ്രവർത്തകൻ എന്ന ഒരു പരിഗണനയിൽ മാത്രമാണ്‌ നിന്നോട്‌ ഒരിക്കൽകൂടി സംസാരിക്കാൻ ഞാൻ തയ്യാറാകുന്നത്‌. മര്യാദയ്‌ക്ക്‌ പറഞ്ഞാൽ നിനക്ക്‌ മനസ്സിലാകില്ല എന്നറിയാം. എങ്കിലും അവസാനമായി, അൽപം ഭീഷണിയുടെ സ്വരത്തിൽ തന്നെ പറയുകയാണ്‌ ഇനിയും സുമേഷിന്റെ പേരുപറഞ്ഞ്‌ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക്‌ നീ എതിരുനിന്നാൽ ഞങ്ങൾക്ക്‌ പൊറുക്കാൻ കഴിയില്ല.”

എനിക്ക്‌ നിശ്ശബ്‌ദനാകാൻ കഴിഞ്ഞില്ല. അപ്പുമാസ്‌റ്ററും എ.പി.രാമേട്ടനും സെയ്‌താലിക്കുട്ടിയും ഓർമ്മകളിൽ ഉളളിടത്തോളം കാലം എനിക്ക്‌ നിശ്ശബ്‌ദനാകാൻ കഴിയില്ലല്ലോ. സുമേഷിന്റെ പേരിലുളള ആഭാസങ്ങളെക്കുറിച്ച്‌ ഞാൻ ആളുകളോട്‌ തുറന്നു പറഞ്ഞുകൊണ്ടിരുന്നു.

***********************************************************************

ഈ ആശുപത്രി കിടക്കയുടെ അസ്വസ്ഥതയിലേക്ക്‌ അവർ എന്നെ പിഴുതെറിഞ്ഞിരിക്കുന്നു. ഇപ്പോൾ എനിക്ക്‌ എല്ലാവരെയും സംശയം തോന്നുകയാണ്‌. നിന്നെപ്പോലും ഒരു നിമിഷം സംശയിക്കാതിരിക്കാൻ എനിക്ക്‌ കഴിയില്ല.

ആളുകളൊക്കെ എത്ര വേഗമാണ്‌ മാറിപ്പോകുന്നത്‌? സമരപ്പന്തലുകളിൽനിന്ന്‌ പട്ടുമെത്തയിലേക്കുളള കൂടുമാറ്റം എത്ര എളുപ്പമാണല്ലേ?

ശ്രീധരൻമാഷ്‌, രാജീവൻ, വിജയൻ, രവി...

ഞാൻ അടുത്തയാഴ്‌ച ഇവിടം വിടുകയാണ്‌. കുറച്ചുനാളത്തേക്ക്‌. മറുപടി എഴുതുമെന്ന്‌ കരുതുന്നു.

സ്‌നേഹത്തോടെ

ശിവദാസൻ (ഒപ്പ്‌)

മറുപടിഃ

ശിവദാസാ,

ഇത്തരം ബോറൻ കത്തുകളെഴുതി ഇനിയും ശല്യപ്പെടുത്തരുത്‌. ചിട്ടയായി പരിശീലിച്ചാൽ ജീവിതം സുഖമുളള ഒരേർപ്പാടാണ്‌ സുഹൃത്തേ. മര്യാദക്കാരനായി ജീവിതം പരിശീലിക്ക്‌.

പ്രേംജിത്ത്‌

(ഒപ്പ്‌)

(അവസാനിച്ചു)

Previous

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.