പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > നന്ദിപൂർവ്വം ഇതുകൂടി സമർപ്പിച്ചുകൊളളുന്നു > കൃതി

രണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

നോവൽ

ഞാൻ അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അതേ ജനറൽബോഡി യോഗത്തിൽ തന്നെയാണല്ലോ രാജീവൻ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതും. സെക്രട്ടറിയായ ശ്രീധരൻ മാഷുടെ അതിയായ താത്‌പര്യത്തിന്റെ പേരിലാണ്‌ അവനെക്കാൾ നേതൃഗുണവും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിച്ചിരുന്ന ഷിജുവിനെയും അനുരാജിനെയും ഒഴിവാക്കി രാജീവനെ തിരഞ്ഞെടുത്തതെന്നു നിനക്ക്‌ അറിയാമല്ലോ. അതിന്റെ പേരിൽ പിന്നിട്‌ ഉണ്ടായിട്ടുളള പൊല്ലാപ്പുകളെക്കുറിച്ചും ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയില്ല.

പിറ്റേന്ന്‌ രാത്രി വായനശാലയിൽ വച്ച്‌ സി.ടി. രമേശൻ എന്റെ നേർക്ക്‌ കയർത്തത്‌ നിനക്കോർമ്മയില്ലേഃ

“എന്താടോ ശിവദാസാ ഇതൊക്കെ? ഈ കലാസമിതി ഒരുദിവസം ആകാശത്ത്‌ നിന്ന്‌ പൊട്ടിവീണതൊന്നുമില്ല. അപ്പുമാസ്‌റ്ററുടെ, രാമേട്ടന്റെ അങ്ങനെ കുറെ പേരുടെ ജീവിതത്തിന്റെ ഏറിയപങ്കും ഹോമിച്ച്‌ ഉണ്ടാക്കിയെടുത്തതാണിത്‌. അവരെയൊക്കെ അത്ര പെട്ടെന്ന്‌ മറന്ന്‌ തളളാൻ പറ്റുമോടാ നിനക്ക്‌? ഈ സമിതിയുടെ പ്രവർത്തന പാരമ്പര്യത്തെക്കുറിച്ചും-നാടിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ-അത്‌ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ചും എണ്ണിയെണ്ണി പറഞ്ഞുതരണോ? പട്ടുമെത്തയിൽ കിടന്നുറങ്ങിയവന്റെ കൈകളിലേക്ക്‌ സമരോത്സുകമായ ഈ നാടിന്റെ കണ്ണ്‌ ഏൽപ്പിച്ചുകൊടുക്കാൻ നിങ്ങൾക്കെങ്ങനെ തോന്നിയെടോ?”

രമേശൻ ഇതൊക്കെ ചോദിക്കുമ്പോൾ നീയും എന്റെ കൂടെ ഉണ്ടായിരുന്നില്ലേ? നമ്മൾ എന്തൊക്കെ പറഞ്ഞുകൊണ്ടാണ്‌ അയാളെ ആശ്വസിപ്പിച്ചതെന്ന്‌ നിനക്കോർമ്മയുണ്ടായിരിക്കും. യഥാർത്ഥത്തിൽ നമ്മൾ ഉത്തരമില്ലാതെ നിന്ന്‌ വിയർക്കുകയായിരുന്നു.

പിന്നീട്‌ രാജീവനുമായി നമ്മളെല്ലാം ‘പൊരുത്തപ്പെട്ടു’. ഒത്തുതീർപ്പുകൾ അവിടെനിന്നും തുടങ്ങിയതാണ്‌. ആർക്കുവേണ്ടിയായിരുന്നു അത്‌? ഒത്തുതീർപ്പുകൾ! തോൽക്കുവാൻ തുടങ്ങുന്നതിന്റെ സൂചനകൾ പോലെയാണ്‌ ഓരോ പോരാളിയും ഒത്തുതീർപ്പുകൾക്ക്‌ വഴങ്ങിക്കൊടുക്കാൻ തുടങ്ങുന്നത്‌ എന്നു തോന്നുന്നു. അല്ലേ? ലക്ഷ്യം മാത്രം മുന്നിൽ കണ്ട്‌ സന്ധിയില്ലാത്ത സമരങ്ങൾ എന്നുമുതലാണ്‌ നമ്മുടെയുളളിൽ നിന്നു തുടച്ചുമാറ്റപ്പെട്ടത്‌?

നമ്മുടെ രാത്രികാല ദൈനംദിന ചർച്ചകളിൽ രാജീവനും പങ്കാളിയായിത്തുടങ്ങി. ആദ്യമാദ്യം നമ്മുടെ അഭിപ്രായങ്ങളോട്‌ കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ച രാജീവൻ പിന്നെപ്പിന്നെ നമ്മുടെ ആശയങ്ങളെ മനസ്സില്ലാമനസ്സോടെ അംഗീകരിക്കാൻ തുടങ്ങുകയായിരുന്നുവല്ലോ.

അങ്ങനെ ഒരുനാൾ രാത്രി പന്ത്രണ്ടുമണിയോളം നീണ്ടുനിന്ന സംവാദത്തിനിടെ എല്ലാവരോടും നിശ്ശബ്‌ദരാകുവാൻ ആംഗ്യം കാണിച്ചുകൊണ്ട്‌ റോഡിന്റെ അങ്ങേത്തലയ്‌ക്കലേക്ക്‌ രാജീവൻ വിരൽ ചൂണ്ടിയത്‌.

നേരിയ നിലാവിൽ ഒരാൾ രൂപം മെല്ലെമെല്ലെ നീങ്ങുന്നു. നടന്നുനടന്ന്‌ അയാൾ സുഗന്ധിചേച്ചിയുടെ പിന്നാമ്പുറത്തേക്ക്‌ നീങ്ങുന്നു. ങേ! എല്ലാവരും ഒരുനിമിഷം അമ്പരന്നുപോയി. പക്ഷേ രാജീവൻ വൃത്തികെട്ട ഒരു കൈമുദ്രയിലൂടെ എല്ലാം വ്യക്തമാക്കി. ആർക്കും അത്‌ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഗൾഫിൽ പോയ രാഘവൻമാഷിന്റെ ഭാര്യ! നമ്മളെല്ലാവരും കൂടി; ഞാനും നീയും രാജീവനും ശ്രീധരൻമാഷും വിജയനും കൂടി സുഗന്ധിചേച്ചിയുടെ വീട്ടിലേക്ക്‌ പോകാനുറച്ചു.

ഞാനും നീയും വീടിന്റെ മുൻവശത്തെ വാതിൽക്കൽ നിലയുറപ്പിച്ചു. നമ്മെക്കാളേറെ ആരോഗ്യവാന്മാരായിരുന്ന ശ്രീധരൻമാഷും രാജീവനും വിജയനും വീടിന്റെ പിന്നാമ്പുറത്തെ വാതിൽക്കലും കെണിവച്ച്‌ കാത്തുനിൽക്കുന്ന വേടനെപ്പോലെ നിന്നു.

കുറച്ചുനേരം കാത്തുനിന്നു. യാതൊരു അനക്കവുമില്ല. ഞാൻ വാതിലിൽ മുട്ടി. വീടിന്റെ അകത്ത്‌ എന്തൊക്കെയോ തട്ടിവീഴുന്ന ശബ്‌ദം. നമ്മൾ ഊഹിച്ചതുപോലെ പിന്നാമ്പുറത്തുകൂടെ തന്നെ ഉശിരൻമാരുടെ കൈകളിൽ തന്നെയാണ്‌ ജാരൻ ചെന്നുവീണത്‌. കുഞ്ഞികൃഷ്‌ണനെ അവർ പിടിച്ചുവലിച്ച്‌ വീടിന്റെ മുൻവശത്തേക്ക്‌ കൊണ്ടുവന്നു. ശ്രീധരൻമാഷ്‌ വാതിലിൽ മുട്ടിവിളിച്ച്‌ ശബ്‌ദം താഴ്‌ത്തി പറഞ്ഞു.

“സുഗന്ധി വാതില്‌ തുറക്ക്‌ ഞങ്ങൾ ആരെയും അറിയിച്ചിട്ടില്ല. ബഹളംവച്ച്‌ മക്കളെ ഉണർത്തണ്ട. നിന്നോടും കുഞ്ഞികൃഷ്‌ണനോടുംകൂടി കുറച്ച്‌ കാര്യങ്ങൾ പറയാനാണ്‌.”

വാതിൽ തുറന്നു. അടക്കിപ്പിടിച്ച ഒരു കരച്ചിലുമായി അവർ ശ്രീധരൻമാഷിന്റെ കാൽക്കൽ വീണു. നമ്മൾക്കാർക്കും ഒരുനിമിഷം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

ഇനിയൊരിക്കൽപോലും ഇതൊന്നും ആവർത്തിക്കില്ലെന്ന ഉറപ്പിന്മേൽ കുഞ്ഞികൃഷ്‌ണനെയും വിട്ടയച്ചു. വിജയൻ അവനെ നല്ലതുപോലെ പെരുമാറിയിട്ടുണ്ടായിരുന്നു. സുഗന്ധിച്ചേച്ചിയെ നോക്കി ഒന്നമർത്തി മൂളിയശേഷം ശ്രീധരൻമാഷ്‌ പടിയിറങ്ങി. പിറകെ നമ്മളും.

രാജീവനെക്കുറിച്ചാണല്ലോ ഞാൻ പറഞ്ഞുതുടങ്ങിയത്‌. അവൻ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുവാൻ തുടങ്ങി. പക്ഷേ അവന്റെ എല്ലാ പ്രവർത്തനങ്ങളെയും പൊളളയാക്കിതീർക്കുംവിധം അവൻ പറയുന്ന ചില കമന്റുകൾ എനിക്ക്‌ തീരെ സഹിച്ചിരുന്നില്ല. അതേചൊല്ലി ഇടയ്‌ക്കിടെ നമ്മൾതമ്മിൽ ആരോഗ്യകരമായ സംവാദങ്ങളും ഉണ്ടായിട്ടുണ്ട്‌. രാജീവന്റെ പ്രവർത്തനങ്ങളെല്ലാംതന്നെ അംഗീകരിക്കാതിരിക്കാനും കഴിയില്ല.

പക്ഷേ, എപ്പോൾ മുതൽക്കാണ്‌ രാജീവനും നമ്മളും തികഞ്ഞ ശത്രുക്കളെപ്പോലെ പെരുമാറാൻ തുടങ്ങിയതെന്ന്‌ നിനക്ക്‌ ഓർമ്മയുണ്ടോ? ആ ദിവസം നമ്മൾ അനുഭവിച്ച ഒരു വല്ലാത്ത ശൂന്യത നിനക്ക്‌ എളുപ്പം മറന്നുകളയാൻ പറ്റുമോ?

Previous Next

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.