പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > നന്ദിപൂർവ്വം ഇതുകൂടി സമർപ്പിച്ചുകൊളളുന്നു > കൃതി

ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

നോവൽ

പ്രിയപ്പെട്ട പ്രേംജിത്ത്‌,

ഇതേവരെ നിനക്ക്‌ എഴുതുമ്പോൾ ഒരു അഭിസംബോധനയുടെയോ മുഖവുരയുടെയോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല എന്ന്‌ നിനക്കറിയാവുന്നതാണ്‌. പക്ഷേ ഇപ്പോൾ അത്‌ അത്യാവശ്യമായിരിക്കുന്നു എന്ന്‌ തോന്നുന്നു. ഉളളിലെവിടെയോ അകൽച്ചയുടെ അസ്വാസ്ഥ്യങ്ങൾ മുളപൊട്ടാൻ തുടങ്ങുമ്പോഴാണ്‌ സംഭാഷണങ്ങൾക്കിടയിൽ-എഴുത്തിനിടയിൽ ആലങ്കാരികപ്രയോഗങ്ങളും ഉപചാരവാക്കുകളും കയറിവരുന്നത്‌ എന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അതേ, എനിക്ക്‌ നിന്നെയും സംശയിക്കാതിരിക്കാൻ കഴിയുന്നില്ല.

കാരണം എന്തെന്നല്ലേ? എല്ലാം നിനക്ക്‌ വ്യക്തമായി മനസ്സിലാകുമെന്ന്‌ തോന്നുന്നു, ഈ എഴുത്ത്‌ വായിച്ചുതീരുമ്പോഴേക്കും. ഞാൻ ഇത്‌ എഴുതുന്നത്‌ ആശുപത്രിയിൽ നിന്നാണ്‌. കൈകളിൽ അസഹ്യമായ വേദനയുണ്ടെങ്കിലും തികഞ്ഞ സംയമനത്തോടെയാണ്‌ ഓരോ വരിയും എഴുതാൻ ശ്രമിക്കുന്നത്‌.

എന്റെ കൈകൾ അവർ തല്ലിയൊടിച്ചു. ആരാണെന്നായിരിക്കും? നീ കരുതുന്നതുപോലെ കുന്നുമ്മൽ ചന്ദ്രശേഖരനോ ഗൗരീദാസൻ നായരോ പനങ്ങാടൻ ജിന്റോയും ഒന്നുമല്ല എന്നെ അടിച്ചത്‌. നമ്മുടെ സ്വന്തം ശ്രീധരൻ മാഷ്‌! കൂടെ രാജീവനും ധനജ്ഞയനും ഉണ്ടായിരുന്നു. മിനിഞ്ഞാന്ന്‌ രാത്രിയായിരുന്നു സംഭവം. വായനശാലയിൽനിന്നും വീട്ടിലേക്കു പോകുന്ന ഇടവഴിയിൽ, ശ്രീധരൻ മാഷാണ്‌ ആദ്യം എന്റെ മുന്നിൽ ചാടിവീണത്‌.

“നായിന്റെ മോനേ, നിന്റെയൊക്കെ നിലപാടും മണ്ണാങ്കട്ടയും ത്‌ഫൂ!” മാഷ്‌ എന്റെ കോളറിൽ കുത്തിപ്പിടിച്ചു.

“എന്താ മാഷേ ഇങ്ങനെയൊക്കെ?” എന്ന്‌ വല്ലാത്ത വെപ്രാളത്തോടെ ഞാൻ ചോദിച്ചു തീർന്നപ്പോഴേക്കും നിഗൂഢമായ ഒരു ചിരിയോടെ രാജീവൻ പിറകിൽ പ്രത്യക്ഷപ്പെട്ടു. കൂടെ ധനജ്ഞയനും ഉണ്ടായിരുന്നു.

“നിനക്കൊന്നും മനസ്സിലാകുന്നില്ല അല്ലേടാ” എന്ന്‌ ആക്രോശിച്ചുകൊണ്ട്‌ രാജീവൻ മുഷ്‌ടിചുരുട്ടി മൂക്കിനിടിച്ചു. അമ്പരപ്പിച്ചുകൊണ്ട്‌, അപ്രതീക്ഷിതമായ അടിയിൽ ഞാൻ പിന്നോക്കം മറിഞ്ഞ്‌ വീണുപോയി. അടുത്ത നിമിഷം തന്നെ രാജീവൻ ഒരു തൂവാലയെടുത്ത്‌ എന്റെ വായിൽ തിരുകി. യാതൊരു ദാക്ഷണ്യവുമില്ലാതെ ധനജ്‌ഞ്ഞൻ എന്റെ കൈകൾ ഇരുമ്പു ദണ്ഡുകൾ കൊണ്ട്‌ തല്ലിയൊടിച്ചു. വേദനയിൽ പിടയുമ്പോഴും നിലവിളികളെല്ലാം തൊണ്ടയിൽ കുരുങ്ങി പിടഞ്ഞ്‌ ഇല്ലാതായി.

നേരിയ നിലാവെളിച്ചത്തിൽ അവരുടെ കൈക്കരുത്ത്‌ എന്റെ ശരീരത്തെ തഴുകി.

ശ്രീധരൻമാഷും രാജീവനും എന്നെ ചുമന്ന്‌ സുഗന്ധിചേച്ചിയുടെ വീട്ടുമുറ്റത്ത്‌ കൊണ്ടുചെന്നിട്ടു. രാജീവൻ എന്റെ വായിലെ തൂവാല എടുത്തുമാറ്റി.

അടക്കിവെച്ച നിലവിളി നാടിനെയാകെ ഉണർത്തുമാറ്‌ വയൽവരമ്പുകളിൽ ചെന്നലച്ചു. എല്ലാവീട്ടിലും പ്രകാശം തെളിഞ്ഞു. ആളുകളെല്ലാം സുഗന്ധിചേച്ചിയുടെ വീട്ടുമുറ്റത്തേക്ക്‌ ഓടിയെത്തി. അവർ വാതിൽ തുറന്ന്‌ അന്ധാളിച്ചു നിന്നു. മുറ്റത്ത്‌ ചോരയിൽ കുളിച്ച്‌ നിലവിളിക്കുന്ന എന്നെ നോക്കിക്കൊണ്ട്‌ തടിച്ചുകൂടിയ നാട്ടുകാർ കേൾക്കേ ശ്രീധരൻമാഷ്‌ ഉച്ചത്തിൽ പറഞ്ഞുതുടങ്ങി.

“ശിവദാസാ, മോനേ നീ ഇത്രയും അധഃപതിക്കുമെന്ന്‌ ഞങ്ങളാരും കരുതിയില്ല. എടാ ഞാൻ നിന്നെ മകനെപ്പോലെയല്ലേ കണക്കാക്കുന്നത്‌? ഈ വീട്ടിലെ സുഗന്ധിയുടെ ഭർത്താവ്‌ രാഘവൻ നിന്നെ അനുജനെപ്പോലെയല്ലേ കരുതുന്നത്‌? കഴിഞ്ഞ തവണ അവൻ വിദേശത്തേക്ക്‌ പോകുമ്പോഴും യാത്ര അയക്കാൻ നീയും കൂടെ വരണമെന്ന്‌ അവൻ വാശിപിടിച്ചതല്ലേ? എന്നിട്ടും.... അവന്റെ ഭാര്യയെത്തന്നെ നീ....”

അതുവരെ എന്റെ ശരീരത്തിൽ തുളഞ്ഞുകയറിയ ഏതൊരായുധത്തെക്കാളും മൂർച്ചയേറിയ ശ്രീധരൻമാഷുടെ വാക്കുകൾ ഉളളിൽ തറച്ചപ്പോൾ അറിയാതെ എന്നിൽ നിന്നും ഉയർന്ന നിലവിളി എനിക്ക്‌ അടക്കിനിർത്താൻ കഴിഞ്ഞില്ല.

ആരൊക്കെയോ കൂടി എന്നെ ആശുപത്രിയിൽ എത്തിച്ചു.

ബാൻഡേജുകളാൽ പൊതിഞ്ഞ എന്റെ ഈ ശരീരത്തിന്‌ വേദന സഹിച്ചുകൊണ്ട്‌ ഇനിയും ഏറെനേരം എഴുതാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. എങ്കിലും ശ്രീധരൻമാഷെക്കുറിച്ച്‌, ധനജ്ഞയനെക്കുറിച്ച്‌, രാജീവനെക്കുറിച്ച്‌ അൽപ്പം കൂടി എഴുതാതിരിക്കാൻ കഴിയില്ല.

 Next

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.