പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌വക്കീൽ കഥകൾ > കൃതി

പട്ടാളം അമ്മിണി ഹാജരുണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌ വക്കീല്‌ ക്രോസ്‌വിസ്‌താരം ചെയ്യാനായി സാവധാനം എഴുന്നേറ്റു.

“യഥാർത്ഥപേര്‌ പട്ടാളം അമ്മിണീന്നാണ്‌?”

“തന്നെ! തന്നെ!”

“ആരാ ഈ പട്ടാളം?”

“കെട്ട്യോനാർന്ന്‌.”

“ഇപ്പോവ്‌ട്യാ?”

“ഇപ്പോ അത്‌ വിട്ട്‌. ഓൻ തെക്കൊരു ഒശാത്തിടെക്കൂടെ പൊറുപ്പാ. ന്റെ നേരെ വരൂല്ലാ. വന്നാ ആട്ടും ഞാൻ.... ഈ അമ്മിണീനെ ലവൻ ശെരിക്കും അറ്‌ഞ്ഞട്ടില്ല...”

പട്ടാളം സാക്ഷിക്കൂടിൽ നിന്ന്‌ വെറ്റിലക്കറപ്പിടിച്ച ചുണ്ടൊന്ന്‌ കോട്ടി. ഇതുകണ്ടപ്പോൾ മജിസ്‌ട്രേറ്റ്‌ മൂത്താരോടു ചോദിച്ചു.

“എത്രകൊല്ലം പട്ടാളത്തിൽ ഉണ്ടായിരുന്നൂന്ന്‌ ചോദിക്ക്‌ വക്കീലെ?”

“കോടതി ചോദിച്ചതു കേട്ടില്ലേ?” മൂത്താര്‌ ശബ്‌ദമുയർത്തി “പറഞ്ഞോളൂ.”

“ഓൻ മൂന്നാല്‌ക്ക്യെ പട്ടാളകച്ചോടം നടത്തീണ്ട്‌.”

“ങ്‌ഹേ! ! പട്ടാളകച്ചോടോ?”

“തന്നെ, തന്നെ! പഴയ കുപ്പി, പാട്ട, കടലാസ്‌. ങ്‌ളതിനെ പട്ടാളകച്ചോടംന്നാ പറയ്വാ.”

മജിസ്‌ട്രേറ്റ്‌ മൂത്താരെ പകച്ചുനോക്കി. “ഇതൊക്കെ റെക്കോഡ്‌ ചെയ്യണോ വക്കീലേ?”

“ചെയ്യാതെ പിന്നെ; ഇതോണ്ടൊന്നും ആയിട്ടില്ല യുവർ ഓണർ. വരാൻ കിടക്കുന്നേയുളളു... പിന്നെ,” മൂത്താര്‌ പട്ടാളത്തെ നോക്കി “നിങ്ങക്കെന്താ പണി?”

“ഷാപ്പില്‌ കൂട്ടാൻ കച്ചോടാണ്‌.”

“ഒറ്റയ്‌ക്കാണോ താമസം?”

“ആണേലെന്താ?”

മൂത്താര്‌ വിനയാന്വിതനായി. “ഒര്‌ വിരോധോല്ല്യാ. അറിയാൻ വേണ്ടി ചോദിച്ചതാണേ..”

“ലവന്മാര്‌ പറഞ്ഞ്‌കാണും. ആ മോകം ഈ പട്ടാളം അമ്മിണീടെ അടുപ്പില്‌ വേവില്ല്യാന്ന്‌ പറഞ്ഞേയ്‌ക്ക്‌ മുത്തനെ.”

“ഓ!”

“പഞ്ചായത്ത്‌ ഓഫീസിന്റെ മുമ്പിലാണ്‌ താമസം- അല്ലേ?”

“ഓശാരത്തിനൊന്ന്വല്ല. അന്തസ്സായിന്റെ ഭൂമീല്‌ കരം കൊട്‌ത്തട്ടാ.”

“അതിനൊന്നും ഒര്‌ തർക്കോല്ല്യാ. അറിയാൻ വേണ്ടി ചോദിക്കണതല്ലേ.”

“അത്യോ? എന്നാ ങ്‌ള്‌ പറയണ്ടേ...”

അമ്മിണ്യൊന്ന്‌ കുലുങ്ങി ചിരിച്ച്‌ മുഖത്തൊരു നാണം പരത്തി. ഇതുകണ്ടപ്പോൾ മജിസ്‌ട്രേറ്റ്‌ റൈറ്റിംഗ്‌ പാഡിന്റെ പഴ്‌തിലൂടെ മൂത്താരെ തുറിച്ചുനോക്കി. “വേഗായിക്കോട്ടെ.”

“മൂത്രംങ്കോട്‌ പഞ്ചായത്തിപ്പോ ആരാ ഭരിക്കണെ?”

“കൊടിച്ചിപറമ്പിലെ ആ ചെളുക്ക്യന്നെ.”

“ആര്‌ സുലോചനാമ്മ്യാ?”

“തന്നെ!”

“അതല്ല. ഏത്‌ രാഷ്‌ട്രീയക്കാരാ ഭരിക്കണേന്നാ എന്റെ ചോദ്യം.”

“അതെനിക്ക്‌ അറിയൂല്ല. ഷാപ്പില്‌ വര്‌മ്പള്‌ അവരെല്ലാം ഒന്നാ.”

“നിങ്ങൾക്ക്‌ രാഷ്‌ട്രീയല്ലേ?”

“ചിക്കിലിതന്നോന്‌ ഞാൻ പെടയ്‌ക്കും!.

ഇതു കേട്ടതും ചുടുചേമ്പ്‌ വിഴുങ്ങിയപോലെ മജിസ്‌ട്രേറ്റ്‌ കണ്ണുരുട്ടാൻ തുടങ്ങി. അതു കണ്ടപ്പോൾ മൂത്താര്‌ ഉടനെ കാര്യം ലഘൂകരിച്ചു.

”ചിക്കിലീന്ന്‌ച്ചാ പണംന്നാ ഇവര്‌ ഉദ്ദേശിക്കുന്നത്‌.“

”എന്നാണോന്ന്‌ വക്കീല്‌ ചോദിച്ച്‌ നോക്ക്‌?“ മജിസ്‌ട്രേറ്റ്‌ പട്ടാളത്തിന്റെ മുഖത്തേക്കു നോക്കി.

”തന്നെ, തന്നെ! കായ്‌, കായ്‌..“

”പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ എപ്പോഴും ആളുകൾ വന്നും പോയിം ഇരിക്കും-ശരിയല്ലേ?“

”എനക്കറിയത്തില്ല.“

”അതെന്താ?“

”അത്‌ നോക്കാൻ നിന്നാ എന്റെ കൂട്ടാൻ കച്ചോടം സാറ്‌ നടത്ത്വോ?“

”ഓ-അങ്ങനെ!! എന്നാ ഇങ്ങനെ ചോദിക്കാം. നിങ്ങള്‌ താമസിക്കുന്നതിനുചുറ്റും മാന്യന്മാരായ ആളുകൾ താമസിക്കുന്ന സ്ഥലമാണ്‌.“

”ഓന്റ്യൊക്കെ മാന്യത കാണണങ്കില്‌ ങ്ങ്‌ള്‌ രാത്ര്യാവുമ്പോ വന്നാമതി. മറപ്പെരേല്‌ കുളിക്കണങ്ങെ പോലും അരിവാള്‌ പിന്ന്യേവെക്കണം. ഫൂ​‍ൂ​‍ൂ!!!“

മൂത്താര്‌ നിന്നോടത്തുനിന്ന്‌ ഒന്ന്‌ വിയർത്തു. ഇപ്പോ ഇങ്ങന്യാണെങ്ങെ ഇനി കാര്യത്തിലേക്ക്‌ കടക്കുമ്പോ എന്താവും സ്ഥിതി? മജിസ്‌ട്രേറ്റാണെങ്കിൽ എഴുതുന്നോടത്തുന്ന്‌ തല ഉയർത്തുന്നേല്ല. എന്തായാലും ചോദിക്കന്നെ. ശിവ! ശിവ!!

”അതേയ്യ്‌...“ മൂത്താര്‌ ഒന്ന്‌ നിറുത്തി. ”ഇങ്ങട്‌ നോക്കൂ.“

”എന്താ സാറെ?“ പട്ടാണം നാണം കൊണ്ട്‌ മുഖം താഴ്‌ത്തി, പെരുവിരൽ അനക്കാൻ തുടങ്ങി.

ഈശ്വരാ!! മൂത്താര്‌ മജിസ്‌ട്രേറ്റിന്റെ മുഖത്തേക്കു നോക്കി. ”യുവർ ഓണർ...“

”പ്രൊസീഡ്‌...“

”അതേയ്യ്‌, അമ്മിണി....“

”സാറെന്നെ എത്ര വേണേലും വിളിച്ചോ. കേക്കാൻ നല്ല സൊകം.“

ഈശ്വരാ! ത്രലോചനം കേട്ടാൽ വീടിന്റെ വരാന്തെ കെടക്കേണ്ടിവരും.

”നിങ്ങളീകേസിലെ സാക്ഷിക്കെതിരെ അപമര്യാദയായി പെരുമാറീന്ന്‌ പറഞ്ഞാൽ ശരിയാണോ?“

”ഫാ!! എനിക്കെന്താ തലയ്‌ക്ക്‌ നൊസ്സാണോ? അവമര്യാദപോലും. ലവന്മാര്‌ വെളിച്ചായാ തൊടങ്ങി പഞ്ചായത്താഫീസിന്റെ മുമ്പില്‌ കൊടീം പിടിച്ച്‌ ധർണാ, ഉപരോധം, പിക്കറ്റിംഗ്‌ന്നും പറഞ്ഞ്‌. മനുഷേന്‌ കണ്ണും ചെവ്‌ടും കേട്ട്‌ ജീവിക്കാൻ പറ്റാണ്ടായവ്‌ടെ...“

”ജനാതിപത്യരീതിയിൽ സമരം ചെയ്യാൻ ആർക്കും അവകാശമില്ലെന്നാണോ പറയുന്നത്‌?“

”ആര്‌ പറഞ്ഞു ഇല്ലെന്ന്‌? അതന്ന്യാ ഈ പട്ടാളം അമ്മിണീം കാണിച്ചളള്‌... പെടയ്‌ക്കല്ലെ, കോടത്യാന്നൊന്നും ഈ അമ്മിണി നോക്കൂലാ.“

”എന്താ കാണിച്ചത്‌ വക്കീലേ?“ മജിസ്‌ട്രേറ്റ്‌ ഇംഗ്ലീഷിലാണ്‌​‍്‌ ചോദിച്ചത്‌. അതുകൊണ്ട്‌ അമ്മിണിക്ക്‌ കാര്യം പിടികിട്ടിയില്ല. ഇതുതന്നെ തന്റെ കേസിന്റെ ജയത്തിനുളള തക്കമെന്നു കരുതി മൂത്താര്‌ അമ്മിണിയോട്‌ നീട്ടി ഒരു കാച്ച്‌ കാച്ചി.

”എന്താ കാട്ടീത്‌ന്നാ കോടതി ചോദിക്കണെ. അതൊന്ന്‌ കാണിച്ചു കൊടുക്കാൻ.“ ഇതു കേട്ടതും അമ്മിണി നിന്നോടത്ത്‌ നിന്ന്‌ മജിസ്‌ട്രേറ്റിന്റെ മുഖത്തേക്ക്‌....

വാൽക്കഷ്‌ണം

സാക്ഷിക്കൂട്ടിൽനിന്ന്‌ മജിസ്‌ട്രേറ്റിന്റെ മുഖത്തേക്ക്‌ ഉടുമുണ്ട്‌ പൊക്കിക്കാണിച്ച സ്‌ത്രീയെ കോടതി ഉത്തരവിൻ പ്രകാരം പതിനഞ്ച്‌ ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തുവെന്ന്‌ പിറ്റേദിവസത്തെ പത്രങ്ങളിൽ വാർത്തവന്നിരുന്നു.

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.