പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌ വക്കീൽ കഥകൾ > കൃതി

മുത്തപ്പൻ ദൈവത്തിനെതിരെ ഒരു കൺസ്യൂമർ കേസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌വക്കീൽ കഥകൾ

കളളസ്വാമികളിൽ നിന്നും വ്യാജസിദ്ധന്മാരിൽനിന്നും നിങ്ങളുടെ പെൺമക്കളെ രക്ഷിക്കുന്നതിനായി നിയമവിധി പ്രകാരം മാന്ത്രിക ഏലസുകൾ നിറച്ചുകൊടുക്കുന്നു. ഉടൻ ഫലസിദ്ധി. അച്ഛനമ്മമാർ ബന്ധപ്പെടുക. സദ്‌ഗുരു അഡ്വക്കേറ്റ്‌ അബ്‌ദുളള ചാറ്റർജി, തലവെട്ടിയൂർ, പൊട്ടൻകുഴി പോസ്‌റ്റ്‌.

ഈശ്വരാ! കടുവയെ പിടിക്കുന്ന കിടുവയോ? അഭിവന്ദ്യ അഭിഭാഷക സുഹൃത്ത്‌ നിയമപ്രകാരം ഏലസുകളിൽ എന്താണവോ നിറക്കുന്നത്‌? പഴയ വല്ല ഇഞ്ചങ്ക്‌ഷൻ ഓർഡറിന്റെ കോപ്പ്യോളായിരിക്കും. അല്ലാതെന്ത്‌ കുന്തം നെറയ്‌ക്കാൻ! അല്ലങ്ങെപ്പിന്നെ കോടതിയെ പിടിച്ച്‌ ഒണക്കിപ്പൊടിച്ച്‌ നെറക്കണം. സ്വാമി ഏതായാലും ഏലസ്‌ നന്നായാമതീന്നന്നെ. എമണ്ടന്മാര്‌! വാരികേലെ പരസ്യം കൊളളാം.

പുറത്തേക്കു നോക്കിയപ്പോൾ ബൃഹോദരൻ പണിയ്‌ക്കര്‌ ഒറഞ്ഞ്‌ തുളളീട്ടാണ്‌ വക്കീലോഫീസിലേക്ക്‌ കേറി വരുന്നത്‌. പന്ത്യല്ലാത്ത ആ വരവുകണ്ടപ്പഴെ മൂത്താര്‌വക്കീല്‌ മേശവലിപ്പിലുളള അടയ്‌ക്കേടെ മൊരി ചെരണ്ടണ പേനകത്തിയെടുത്ത്‌ കുറ്റിപെൻസിലിന്റെ തല കൂർപ്പിക്കാൻ തുടങ്ങി. സംഗതി കക്ഷ്യാണെങ്കിലും കേറിവരണത്‌ ഫീസുവാങ്ങണോടത്തയ്‌ക്കല്ലേ? എടങ്ങേറ്‌! ഏതു സമയത്താ പൊട്ടബുദ്ധി തോന്ന്വാന്ന്‌ ആർക്കറിയാം? പേനക്കത്ത്യെങ്ങെ പേനക്കത്തി. എന്തായാലും സാധനം ഇരിമ്പല്ലേ. അതോണ്ട്‌ പേടി പറ്റാണ്ടെങ്കിലും ഇരിക്കൂലോ!

ബൃഹോദരൻ പണിയ്‌ക്കര്‌ വന്നോണം വന്ന്‌ കക്ഷത്തു കരുതിയിരുന്ന കടലാസുപൊതികളഴിച്ച്‌ കുറെ രസീതുകളും തുണ്ടു കടലാസുകളും മേശപ്പുറത്തേക്ക്‌ പൊരിഞ്ഞ കോഴികളെപോലെ ഒരൊറ്റ കുടച്ചിലാണ്‌. പിന്നെ കസേര വലിച്ചിട്ട്‌ ഒരൊറ്റ ഇരിപ്പും.

ശ്ശെഠാ! ഇയ്യാൾക്കിതെന്തു പറ്റി? കൊറച്ചൂസംമുമ്പ്‌ കണ്ടപ്പംവരേം ഒര്‌ കൊഴപ്പോം ഇല്ലായിരുന്നല്ലോ! ഇനി ഭാര്യാങ്ങാനുംകേറി ഇയ്യാൾക്കെതിരെ വല്ല ഡൈവോഴ്‌സ്‌ നോട്ടീസയച്ചോ? പുലിവാല്‌!

മൂത്താര്‌ വക്കീല്‌ രസീതുകളെല്ലാം പെറുക്കിയെടുത്ത്‌ തിരിച്ചും മറിച്ചും നോക്കി.

ഗതികെട്ടാമൂല മുത്തപ്പൻദൈവം വക വഴിപാടു രസീതി -

എല്ലാം അതുതന്നെയാണ്‌. ശത്രു സംഹാരപുഷ്‌പാജ്‌ഞ്ഞലിതൊട്ട്‌ ചെണ്ട കൊട്ടി ഊരുതെണ്ടൽ വരെയുണ്ട്‌. വഴിപാടുകളും തുകകളും തിയ്യതികളും മാറിയിട്ടുണ്ടെന്നു മാത്രം. തൊന്തരവ്‌! ഇതൊക്കെ താങ്ങിപ്പിടിച്ചു കൊണ്ടുവന്ന്‌ സംബന്ധക്കാരൻ അമ്മാത്തെത്തിയപ്പോലെ ഇയ്യാളെന്താ ഇങ്ങനെ ഇരിക്കണത്‌?

“എന്താ സംഭവം പണിയ്‌ക്കരെ?” മൂത്താര്‌ താഴ്‌മയോടെ ചോദിച്ചു.

“പെടയ്‌ക്കണൊര്‌ കേസ്‌ കൊടുക്കണം. അത്രതന്നെ.”

“അത്ര്യേളളൂ!!” മൂത്താര്‌ക്ക്‌ ആശ്വാസായി. “എന്നാ ഇത്‌ ആദ്യമെ പറഞ്ഞൂടായിരുന്നോ?” വന്ന വരവ്‌ കണ്ടപ്പോ വിചാരിച്ചത്‌ മറ്റുപലത്വായിരുന്നു.

“എന്തു കേസാണാവോ?”

“അപ്പോ വക്കീലിനൊന്നും മനസ്സിലായില്ലേ?”

“ഇല്ല്യാ.”

“ഈ കെടക്കണ രസീതുകളൊക്കെ കണ്ടിട്ടും ഒന്നും തോന്നണില്ലേ വക്കീലിന്‌?”

“വക്കീലന്മാർക്ക്‌ തോന്നല്‌കള്‌ പാടില്ല്യാന്നാ പുതിയ സുപ്രീംകോടതി റൂളിംഗ്‌സ്‌.”

“അതും വന്നോ! എന്നാപിന്നെ ഞാൻ തന്ന്യാവാം.”

“അതാ നല്ലത്‌.”

“ഉദ്ദിഷ്‌ടകാര്യലബ്ധി, ഉദ്ദിഷ്ടകാര്യലബ്ധി എന്ന്‌ വക്കീല്‌ കേട്ടട്ട്‌ണ്ടോ?”

“അഞ്ചാം തരത്തില്‌വെച്ച്‌ കൊച്ചുനാരായണിടീച്ചറ്‌ കേട്ടെഴ്‌ത്ത്‌ട്‌ക്കുമ്പോ കേട്ടട്ട്‌ണ്ട്‌.”

“ഛെ!! അത്‌ വേറെ. ഇത്‌ മ്മ്‌ടെ ഗെതി കെട്ടാമൂല മുത്തപ്പൻദൈവം കാവിലെ മെയിൻപരസ്യാ. ‘ഉദ്ദിഷ്‌ടകാര്യലബ്ധിക്ക്‌ ഉടനെ ബന്ധപ്പെടുക. ’കത്തുകൾ മുഖേനയോ നേരിട്ടോ ബന്ധപ്പെടാം. നൂറുശതമാനം ഫലപ്രാപ്‌തി‘. എന്റെ വക്കീലെ...”

“ഓ.. ”

“ഞാനൊര്‌ കുടുംബകാര്യത്തിനായി.....”

“ന്ന്‌വെച്ചാ?”

“എന്റെ മോള്‌ സത്യഭാമേടെ ഒര്‌കാര്യത്തിനായന്നെ.”

“അതെന്തോന്ന്‌ കാര്യം പണിയ്‌ക്കരെ?”

“അവള്‌ടെ സൗന്ദര്യം കണ്ട്‌ ഒര്‌ത്തനങ്ങ്‌ടെ ഭ്രമിച്ചു. അതന്നെ കാര്യം. അതൊന്നൊഴിവാക്കാനായി കഴിഞ്ഞ രണ്ട്‌ വർഷായിട്ട്‌ ഞാൻ അവ്‌ടെ പോണു. അവ്‌ട്‌ത്തെ പൂജാരി പറഞ്ഞിട്ട്‌ ഇക്കാണണ പൂജകളൊക്കെ ചെയ്‌തു. അതിന്റെ രസീതുകളാ ഇതൊക്കെ. മൊത്തം 1,12,367ക. 62 ന.പ. എന്നിട്ടെന്താ ഫലം?

”എന്താ ഫലം?“

”വട്ടപൂജ്യം.“

”വട്ടപൂജ്യോ?“

”തന്നേന്ന്‌. ഭ്രമിച്ചോടത്ത്‌ന്ന്‌ രക്ഷിക്കാനാ ഭ്രഹ്‌മത്തിന്റടുത്തെത്ത്യെ...“

”ന്ന്‌ട്ട്‌?“

”ഭ്രഹ്‌മം കൊണ്ടുപോയി. അത്രന്നെ.“

”ഏത്‌ ഭ്രഹ്‌മം?“

”മുത്തപ്പൻ ദൈവം!“

”മുത്തപ്പൻ ദൈവോ?“

”ങ്‌ഹാ! ദൈവത്തിന്റെ പൂജാരി. ഓനും ഒരു ഭ്രഹ്‌മം തന്ന്യാണല്ലോ! വിടില്ല്യ ഞാൻ ഒന്നിനേം. വക്കീല്‌ ഒടന്യന്നെ ഒര്‌ പത്ത്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഒരു സിവിൽ കേസങ്ങ്‌ട്‌ ഫയലാക്ക്‌. സമൻസ്‌ കിട്ട്യാ വെറക്കണം അവന്റങ്ങള്‌. വേണങ്കിൽ ഒരറ്റാച്ച്‌മെന്റും ആയ്‌ക്കോട്ടെ. എന്താ?“

”ആയിക്കോട്ടെ. പിന്നെ, സിവിൽ കേസാണെങ്കിൽ കോർട്ട്‌ ഫീ കെട്ടേണ്ടി വരൂല്ലോ പണിയ്‌ക്കരെ.“

”എന്നാ കൺസ്യൂമർ കോടത്യായാലോ?“

”വിരോധല്ല്യാ.“

”ഇപ്പൊതന്നെ തയ്യാറാക്കിക്കൊ വക്കീലെ. ആ മുത്തപ്പൻ ദൈവം തന്നെ ഒന്നാം പ്രതി.“

”അതിന്‌ വിഗ്രഹത്തെ പ്രതിയാക്കാൻ ഒക്കില്ലല്ലോ പണിയ്‌ക്കരെ.“

”വിഗ്രഹം റപ്രെസെന്റഡ്‌ ബൈ പൂജാരിന്നാവാലോ.“

”ഓ!... എന്താ അവന്റെ പേര്‌?“

”അതല്ലെ ഇതുവരെ പറഞ്ഞെ ഭ്രഹ്‌മൻ. ഒട്യേന്റെ മുമ്പിലാ മായ കളിക്കണെ.“

ബൃഹോദരൻ പണിയ്‌ക്കര്‌ ഒരു സിഗരറ്റിന്‌ തീ പിടിപ്പിച്ച്‌ കസേരയിൽ ഒന്നുകൂടി ഊന്നിരുന്നു. മൂത്താര്‌ വക്കീല്‌ കടലാസും പേനേം എടുത്ത്‌ മനസ്സാ ധ്യാനിച്ചുഃ മുത്തപ്പൻ ദൈവമേ എന്നോടു പൊറുക്കേണമെ! എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ. ഇദം ന മമഃ

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.