പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌ വക്കീൽ കഥകൾ > കൃതി

സരസൻനായർ എന്ന ആമീൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌ വക്കീൽ കഥകൾ

സരസൻനായര്‌ ആമീൻ പഴയ ഒരു ഗുസ്തിക്കാരനാണ്‌. എന്നാലിപ്പോൾ ആ ഗതകാലസ്‌മരണകളുടെ തിരുശേഷിപ്പുകളായിട്ടുളളത്‌ പാതി നരച്ച കൊമ്പൻമീശയും കൈതണ്ടയിലെ പച്ചകുത്തീതും മാത്രം. പക്ഷേ, താനിപ്പോഴും ഒരു കൈനോക്കാൻ തയ്യാറാണെന്ന മട്ടിലാണ്‌ ഇരുപ്പും കൊരപ്പും നടപ്പും. കോടതി ആമീൻമാരിൽ ഒരു ചെളിപ്പുമില്ലാതെ ചിക്ലി ചോദിച്ചുവാങ്ങാൻ ബഹുവിരുതൻ. കാശ്‌ കൊടുക്കാത്ത വക്കീലന്മാരുടെ സമൻസുകളും, നോട്ടീസുകളും പ്രതികളെ കണ്ടെത്താനാകാതെ മടങ്ങിയ കഥകൾ വേറെ.

താമസം അമ്മാത്താണ്‌. ഭാര്യ വിശാലം. പഴയ തുക്കിടി സായിപ്പിന്റെ കാര്യസ്ഥനായിരുന്ന അംശം നായരുടെ അനന്തരവൾ. കണിശക്കാരി. അഞ്ചുപെറ്റെങ്കിലും തഞ്ചം പറയാനൊക്കാത്ത അംഗവടിവ്‌. ആമീൻമാരിൽ സരസൻനായര്‌ ക്രീമിലെയറാണെങ്കിലും അമ്മാത്ത്‌ നായര്‌ കൃമീകൃതാവസ്ഥയാണ്‌. വിശാലമൊന്ന്‌ ഇരുത്തിമൂളിയാൽ മതി സരസൻനായര്‌ക്ക്‌ മുട്ടിടിക്കും. എന്നാൽ ഇതൊന്നും നായര്‌ സമ്മതിക്കുന്ന വസ്‌തുതകളല്ല. മൂത്താര്‌ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കിയിട്ടുളളതാണ്‌.

സരസൻ നായര്‌ ആമീന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത്‌ ടിയ്യാന്റെ വിടുവായത്തം അടിക്കലാണ്‌. തരത്തിനും തഞ്ചത്തിനും ആരെ കിട്ടിയാലും തന്റെ വീരശൂരപരാക്രമത്തിന്റെ കഥകൾ നിരത്തികൊണ്ടിരിക്കും. മലപ്പുറത്തു നിന്നുളള മൂന്ന്‌ ഫയൽവാൻമാരെ ഒറ്റയടിക്ക്‌ ഗോദയിൽവെച്ച്‌ മലർത്തിയടിച്ചത്‌, കവലച്ചട്ടമ്പിയായിരുന്ന പോത്തട്ടരാമുവിനെ മർമ്മത്ത്‌ കുത്തി അടിയറവു പറയിച്ചത്‌, തടിമാടന്മാരായ രണ്ട്‌ പോലീസ്‌ മൂരാച്ചികളെ നടുറോഡിൽ അടിച്ചു വീഴ്‌ത്തിയത്‌ തുടങ്ങി മദിച്ച കൊമ്പനെവരെ തളച്ച കഥകളുണ്ട്‌ സരസൻനായരാമീനു പറയാൻ. ടിയ്യാൻ കഥകൾ പറയുന്നതുതന്നെ ഒരു പ്രത്യേക തുളളൽമുദ്രകൾ ഉപയോഗിച്ചാണ്‌. അതുകണ്ടാതന്നെ മൂത്താര്‌ക്ക്‌ പെരുത്ത്‌ കേറും.

മോശോടൻനായര്‌! ഇയ്യാൾക്ക്‌ എന്നെങ്കിലും ഒരു വേല വെക്കണം. എന്നാലെ വിടുവായത്തരത്തിന്‌ ഒരു അറുതിയാവൂ എന്ന്‌ നിനച്ചിരിക്കുമ്പോഴാണ്‌ സബ്ബ്‌കോടതീന്ന്‌ കുറികമ്പനിവക എക്സിക്യൂഷൻ പെറ്റീഷനില്‌ കടക്കാരനായിരുന്ന ഒന്നാം പ്രതി കടുവമാത്തനെതിരെ സിവിൽ അറസ്‌റ്റു വാറണ്ടായത്‌. ഇക്കാര്യം ഗുമസ്തൻ കിട്ട്വാര്‌ വന്ന്‌ പറഞ്ഞപ്പോൾ മൂത്താര്‌ക്ക്‌ സന്തോഷായി. വക്കീൽ ഇച്ഛിച്ചതും ജഡ്‌ജി കല്പിച്ചതും ഒന്ന്‌.

മൂത്താര്‌ കിട്ട്വാരെ അരികിലേക്ക്‌ വിളിച്ചുഃ “ഈപ്പീല്‌ വാറണ്ട്‌ ബത്ത അങ്ങട്‌ വെച്ചോ. നമ്മ്‌ക്ക്‌ കടുവേനെ ബൈഹാന്റായങ്ങ്‌ട്‌ പിടിക്കാം.”

“വേണോ വക്കീലേ?!”

“പിന്നല്ലാതെ.”

“ബൈഹാന്റായി പിടിക്കാൻ ചെന്നാ കടുവ നമ്മളെ എട്‌ത്ത്‌ട്ട്‌ പെരുക്കും. അവ്‌ന്‌ വക്കീലും ഗുമസ്തനെന്ന്വൊന്നില്ല. കുറികമ്പനിക്കാര്‌ വരെ വേണ്ടാന്ന്‌ച്ച കേസാ. ഒരാഴ്‌ച മുമ്പാ അവൻ മ്മ്‌ടെ ഒടിഞ്ഞിമാത്തന്റെ പളളക്ക്‌ കത്തികേറ്റീത്‌... ജീവന്‌ കൊതീളേളാണ്ട്‌ പറയാ. എന്നെ പറഞ്ഞേച്ചാ കൊച്ചുനാരാണീം പുളളാരും പെരുവഴ്യാവും.”

“അതിനാരാ തന്നോട്‌ പോയി അവനെ പിടിക്കാൻ പറഞ്ഞെ ഹെ?”

“എന്നാലും പിന്നാലെ കാണിച്ചു കൊടുക്കാൻ പോണ്ടെ?”

“പോണം. നമ്മ്‌ള്‌ രണ്ടാളും കൂടി പൂവ്വും. നമ്മള്‌ കാറിലിര്‌ന്ന്‌ ആളെ കാണിച്ചുകൊടുക്കും. പിടിക്കണ്ടത്‌ നമ്മ്‌ടെ ചുമതലയല്ലാ ഹെ. അതിനാണ്‌ സരസൻനായര്‌ ആമീൻ... കഴിഞ്ഞ പ്രാവശ്യം സമൻസ്‌ നടത്താൻ എത്ര്യാ അവൻ വാങ്ങ്യെ. ഓർമ്മേണ്ടോ? ഇതോടെ അവന്റെ ദമ്പിടിവാങ്ങലും വാചകടിം നിന്നോളും.”

“ഈ കടുംകയ്യ്‌ വേണോ വക്കീലേ?”

“അല്ലാതെ പിന്നെ! ആള്‌ പഴയ ഗുസ്ത​‍്യാ. ബത്ത ഇപ്പോ വെച്ചോ. പോക്ക്‌ നാളെ തന്നെ. സരസൻ നായരോട്‌ പ്രത്യേകം പറയണം. ഓൻ വന്നാലെ അറസ്‌റ്റുനടക്കൂന്ന്‌. കേട്ട്വോടോ കിട്ട്വാ-രെ?”

“ഉവ്വെ.” കിട്ട്വാര്‌ ബത്ത വക്കാനായി നേരെ കോടതി ഓഫീസിലേക്ക്‌ വിട്ടു.

മൂത്താര്‌​‍്‌ക്ക്‌ ആശ്വാസായി. നാളെ നടക്കാൻ പോകുന്ന സീനുകൾ അഡ്വാൻസായി തന്നെ മനസ്സിൽ കണ്ടു.

പിറ്റെ ദിവസം ഉച്ചയായപ്പോഴേക്കും സരസൻനായര്‌ ആമീൻ റെഡിയെടാ റെഡി.

കാക്കി പാൻസ്‌, കറുത്തുകൂർത്ത ലാടൻഷൂ, തൊങ്ങലുവെച്ച വെളള ഷർട്ട്‌, കഴുത്തിലൊര്‌ മുപ്പിരികയറുപോലെ മടക്കിക്കെട്ടിയ കറുത്ത ഉറുമ്മാല്‌. പ്രതികളെ അറസ്‌റ്റു ചെയ്യാൻ പോകുമ്പോഴുളള പുളളിയുടെ സ്പെഷ്യൽ സെറ്റപ്പുകളാണിതെല്ലാം.

വണ്ടിയിലിരിക്കുമ്പോൾ മൂത്താര്‌ ഓർത്തു. ഒരു വാലിന്റെ കുറവേ സരസൻ നായ്‌ര്‌ക്കുളളിപ്പോൾ.

“വക്കീലേ..”

“എന്താടോ?”

“സ്ഥലം എത്താറായോ?”

“പ്പൊ എത്തും- എന്താ?”

“ഞാനൊര്‌ കഥ പറയാന്ന്‌ച്ച്‌ട്ടാ. ഞാൻ പണ്ട്‌ ഓച്ചൻ തുരുത്തില്‌ ഗുസ്തിക്ക്‌ പോയപ്പോ..”

“മറ്റെ ഗുസ്തിക്കാരൻ ഗോദേല്‌ മൂത്രൊഴിച്ച കാര്യല്ലേ?”

“അതെ... അതെങ്ങനറിഞ്ഞു?”

“അതങ്ങന്യല്ലേ വരൂ. എതൃഭാഗം നിക്കണതാരാ...”

“ആരാ?”

“സാക്ഷാൽ സരസൻനായര്‌.”

“തന്നെ.. തന്നെ... എന്നാലും ന്റെ വക്കീലേ...”

“സ്ഥലം എത്തീട്ടോ നായരെ.”

“ആ കാണണത്‌ കളള്‌ ഷാപ്പല്ലേ.”

“അതന്ന്യാ പറഞ്ഞത്‌ സ്ഥലം എത്തീന്ന്‌.”

“കളെളനിക്ക്‌ പറ്റില്ല്യാട്ടാ. വയറെളകും. ചോപ്പനാണെങ്കിൽ ഞാൻ റെഡി.”

“ഓ! ഇത്‌ അതിനല്ലെടോ. മ്മ്‌ടെ പ്രതി ആ ഷാപ്പിലിണ്ടാവും. കൂട്ടാൻകച്ചോടാ. ഞ്ഞ്‌ പിടിച്ചോ പോയിട്ട്‌. പ്പൊ നല്ലേനാ. കയ്യോടെ കൊണ്ടോയി കോടതീല്‌ ഹാജരാക്കേം ചെയ്യാം.”

“ഓനെ തിരിച്ചറിയാൻ ഒരടയാളം താ.”

“വെറുതെ കടുവയാരടാന്ന്‌ ഒന്ന്‌ ചോദിച്ചാമതി. അതോടെ വിവരം അറിയാം.”

“എന്നാ നിങ്ങളിവ്‌ടിരി. ഞാനിപ്പോ അവനേം കൊണ്ട്‌ വരാം.”

“സന്തോഷം!”

സരസൻനായര്‌ സടകുടഞ്ഞെഴുന്നേറ്റ്‌ ഷാപ്പിനെ ലക്ഷ്യമാക്കി ശീഘ്രം നടന്നു. ആ പോക്കു കണ്ടപ്പോൾ കിട്ട്വാര്‌ മൂത്താരെ ഒന്നു നോക്കി.

“ഇപ്പോ കേക്കാം!”

“എന്തോന്ന്‌?”

“സരസൻനായ്‌ര്‌ടെ പ്രാണനെലോളി.”

പറഞ്ഞു തീർന്നില്ല. അതിനുമുമ്പേ ഷാപ്പിന്റെ ചെറ്റവാതിലിലൂടെ കേട്ടൂ... ‘വക്കീലേ... വക്കീലേ...’

“കൊരവളളിയ്‌ക്കാപിടി...” കിട്ട്വാര്‌ കാത്‌ കൂർപ്പിച്ചു. “വക്കീലിനെ വിളിച്ചാ....”

“സ്‌നേഹം കൊണ്ടാടോ കിട്ട്വാ-രെ. താൻ വണ്ടിയെടുക്ക്‌. ഇനിം ഇവ്‌ടെ നിന്നാ തന്റെ പേരും വിളിക്കവൻ.”

പിന്നീട്‌ മൂത്താര്‌ വക്കീല്‌ സരസൻനായര്‌ ആമീനെ കാണുന്നത്‌ വിശാലത്തിന്റെ കിഴി ചികിത്സയുടെ അനുസരിപ്പിക്കലുമായാണ്‌.

“മൂത്രം ഇതുവരെ പോയിട്ടില്ല. അതാ ഈ സഞ്ചാരം... പുളളി പറേണത്‌ നെലം തൊടാൻ നേരം കിട്ടീല്ലെന്നാണ്‌. അല്ലങ്ങെ ഒരു മറി കാണിച്ചുകൊടുത്തേനെത്രെ!”

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.