പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌ വക്കീൽകഥകൾ > കൃതി

ക്ഷേത്രപുരാണം ലോൺമേള

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌ വക്കീൽകഥകൾ

ബാങ്കിനുവേണ്ടി ഐ.ആർ.ഡി.പി ലോൺ അപേക്ഷകരുടെ ആധാരലക്ഷ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കെയാണ്‌ ഓഫീസിലേക്ക്‌ ഒരാൾ വെളിച്ചപ്പാടിനെപ്പോലെ കയറിവന്നത്‌. വന്നപാടെ ആഗതൻ മുമ്പിൽ കണ്ട കസേരയിൽ ആസനസ്തനായി, സ്വയം പരിചയപ്പെടുത്തിഃ ‘സ്വാമി കമലാക്ഷാനന്ദ തിരുവടികൾ ആണ്‌. പൂർവ്വാശ്രമത്തിൽ കൊരങ്ങാട്ടുപറമ്പിൽ കമലാക്ഷ പണിയ്‌ക്കർ.’

മൂത്താര്‌ വക്കീൽ സംശയം തോന്നി മാറ്റിവെച്ച രേഖകളിൽ നിന്ന്‌ ടിയ്യാന്റേത്‌ തിരഞ്ഞെടുത്ത്‌ ഒന്നുകൂടി നോക്കി.

അമ്പട കൊരങ്ങാട്ടുപറമ്പാ! നിയ്യാണല്ലെ ആ മൊതല്‌? ക്ഷേത്രം പണിയ്‌ക്കായി ഐ.ആർ.ഡി.പി. ലോൺ! ഇപ്പോഴത്തെ വരവ്‌ ബാങ്കിന്റെ ലീഗൽ അഡ്വൈസറായ തന്നെ സ്വാധീനിക്കാനായിരിക്കും. അപേക്ഷ പോണവഴി നോക്കി സ്വാമി വെച്ചുപിടിച്ചിരിക്ക്യാണ്‌.

“എന്താണാവോ...” മൂത്താര്‌ കസേരയിലൊന്ന്‌ ഉറഞ്ഞിരുന്നു. “എഴുന്നളളത്തിന്റെ ലക്ഷ്യം?”

കമലാക്ഷാനന്ദ തന്റെ കാർക്കൂന്തലിലൂടെ ഒന്ന്‌ വിരലുകളോടിച്ചു.

“ബാങ്കില്‌ ചെന്നപ്പം മാനേജരാണ്‌ പറഞ്ഞത്‌ ഒന്ന്‌ പോയി വക്കീലിനെ കാണാൻ. എന്നാലെ കാര്യങ്ങള്‌ വേഗത്തിലാവുളളൂന്നും പറഞ്ഞു.”

“അതിനെന്റെ സ്വാമി ഈ ക്ഷേത്രം പണിയാൻ ലോൺ തരാന്ന്‌ മാനേജര്‌ സമ്മതിച്ചട്ട്‌ണ്ടോ?”

“പിന്നല്ലാതെ സാറെ! അതോണ്ടല്ലെ ഞാനിപ്പണിക്ക്‌ തുനിഞ്ഞെറങ്ങീതന്നെ.”

“കുടുംബക്ഷേത്രായിരിക്കും അല്ലേ?”

“പൊതുന്ന്യാ. പബ്ലിക്‌ സെക്‌ടറ്‌! ക്ഷേത്രത്തില്‌ പ്രൈവറ്റ്‌ സെക്‌ട്‌റ്‌ ഓടത്തില്ല്യാ സാറെ. ഭാര്യേം മക്കളും കുടുംബക്കാരും വന്നാ എന്തോന്ന്‌ കിട്ടാൻ? ഗാന്‌ധിവരണങ്ങെ നാലാള്‌ പൊറമ്മന്ന്‌ വരണം...”

ആരടാ ലവൻ മോൻ?! സാക്ഷാൽ സ്വാ-ആമിതന്നെ.

“ഈ ക്ഷേത്രം പണ്യാൻ പോണോടത്ത്‌പ്പോ ക്ഷേത്രണ്ടോ?”

“ടെമ്പററ്യായി ഞാനൊരെണ്ണം പെടച്ചട്ട്‌ണ്ട്‌. ബോഡും വെച്ചു. കൊഴപ്പല്ല്യാ. ആളോള്‌ അറിഞ്ഞറിഞ്ഞ്‌ വന്നൊടങ്ങീട്ട്‌ണ്ട്‌.”

“ഇതെങ്ങന്യാ ട്രസ്‌റ്റാ?”

“എന്തേര്‌ ട്രസ്‌റ്റ്‌ സാറെ. ക്ഷേത്രരിക്കണത്‌ നാലരപ്പറയ്‌ക്ക്‌ മുണ്ടോൻ നെലാർന്ന്‌. ഭാഗത്തില്‌ കിട്ടീതാണ്‌. കൃഷിപണ്യോണ്ട്‌ എന്തോ കാര്യം? വേഗം ആത്മഹത്യ ചെയ്യാന്നല്ലാതെ. വെഷം വാങ്ങാൻപോലും കാശ്‌ കിട്ടത്തില്ല. പിന്നല്ലേ? അപ്പോ എന്റെ മനസ്സില്‌ തോന്ന്യെ ഐഡിയാണ്‌ ക്ഷേത്രം പണി. കൃഷിക്ക്‌ പകരം ക്ഷേത്രക്കൃഷി. ഇതാണെങ്ങെ വെളേളാം വളോം നോക്കണ്ട. ചാഴിയും മുഞ്ഞേം ബാധിക്കൂലാ. കൊയ്യാനും വാങ്ങാനും ആളില്ലാന്ന്‌ളള പേടീം വേണ്ട. ബാങ്കിലെ മാനേജരാണെങ്ങെ കാര്യം പറഞ്ഞപ്പോ മൂന്നു തരാ. ലോൺ കിട്ടാൻ ഇനി സാറ്‌ ഈ പേപ്പറോളിലൊന്ന്‌ ഒപ്പിട്ട്‌ കൊടുത്താമതി.”

“സ്വാമിക്ക്‌ മുമ്പ്‌ എവ്‌ട്യായിരുന്നു ജോലി?”

“പൊരുത്ത്‌...”

“പൊരുത്തോ?!”

“കല്ല്യാണപൊരുത്ത്‌.”

“ഇപ്പയീ ക്ഷേത്രത്തിലെ പൂജ്യൊക്കെങ്ങിന്യാ?”

“എല്ലാം നമ്മളന്നെസാറെ. രണ്ട്‌ പുളളാര്‌ളളതും സകായിക്കും. ജീവിക്കണ്ടോ? ഇതിനാണെങ്ങെ ഗവൺമെന്റ്‌ വക നല്ല സംരക്ഷണോം കിട്ടും. തൊടൂല്ലാരും. ലോണടയ്‌ക്കാതെ ജപ്തി വന്നാപോലും എന്തോ ചെയ്യും? തൊട്ടാപൊളളുവേ! ഇനി കൃഷിയെല്ലാം പോട്ട്‌ സാറെ. നാടോടുമ്പോ നടുവേ ഓടണം. അല്ലേല്‌ എന്തോന്നിന്‌ കൊളളാം? പിന്നെ ക്ഷേത്ര ബിസിനസ്സിന്റെ പകുതി ഐഡിയ മ്മ്‌ടെ മാളികപ്പൊറത്തിന്റേതാണ്‌ കേട്ടോ... ആണ്ടവനേ ഹര! ഹര!”

മൂത്താര്‌ വക്കീല്‌ അന്തംവിട്ടുപോയി. ഇത്രയും നാളത്തെ ഔദ്യോഗിക ജീവിതത്തിനിടയ്‌ക്ക്‌ പലരേയും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരവതാരം പ്രത്യക്ഷപ്പെടുന്നത്‌ ആദ്യമായിട്ടായിരുന്നു. ഇനി എന്തായാലും സാഷ്‌ടാങ്കം നമസ്‌കരിക്കന്നെ.

“കാപ്പാത്ത്‌ങ്കോ സ്വാമി....”

“കവലപ്പെടാതെ! നാനൊര്‌ കോവില്‌ പണിതാ അത്‌ ആയിരം കോവില്‌ പണിത മാതിരി. നിങ്കള്‌ക്ക്‌ എല്ലാമെ ഫ്രീ.”

മൂത്താര്‌ക്ക്‌ മനസ്സ്‌ നെറഞ്ഞു.

കേരളം അതിവേഗം ബഹുദൂരം!

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.