പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌ വക്കീൽകഥകൾ > കൃതി

ആൾകേരള വാടകഗുണ്ടാ വെൽഫെയർ അസോസിയേഷനും മാവേലിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌ വക്കീൽകഥകൾ

‘നഗരത്തിന്റെ വികസനം സാമൂഹിക വിരുദ്ധരുമായി ചർച്ച ചെയ്‌തു തീരുമാനിക്കും എന്നത്‌ സാമൂഹ്യവിദഗ്‌ധരുമായി എന്ന്‌ തിരുത്തി വായിക്കാനപേക്ഷ’. രാവിലെ പത്രമെടുത്തപ്പോൾ കണ്ട വാർത്ത കൊളളാം.

എന്തിന്‌ തിരുത്തി വായിക്കണം? ആദ്യത്തേതുതന്നെ ശരി. മൂത്താര്‌ വക്കീല്‌ പത്രം ചുരുട്ടി ഒരേറ്‌ കൊടുത്തു.

ഈ നാട്‌ ഒരു കാലത്തും നന്നാവില്ല്യാ. മൊബൈൽ ഫോണിൽ ഒരു തവള കരഞ്ഞു. മിസ്‌ഡ്‌ കോളാണ്‌. ഈ കുന്ത്രാണ്ടം വാങ്ങ്യെ അന്നുതൊട്ട്‌ തൊടങ്ങീതാ മിസ്‌ഡ്‌ കോൾസ്‌! അല്പന്‌ മൊബൈൽ ഫോൺ കിട്ടിയാൽ അർദ്ധരാത്രിയിലും മിസ്‌ഡ്‌ കോളടിക്കുന്ന്‌ പറയുന്നത്‌ വെറുതെയല്ല.

മൂത്താര്‌ കോലായിലേക്ക്‌ നോക്കിയപ്പോൾ അകത്ത്‌ളേളാര്‌ കഴുത്തു നീട്ടി.

“വിധവാ പെൻഷൻ വാങ്ങണോന്ന്‌ ഒരാഗ്രഹോണ്ട്‌ന്ന്‌.”

“തൃതൃതൃലോചനം!!?”

“എനിയ്‌ക്കല്ല മനുഷ്യനെ. മ്മ്‌ടെ പൊറം പണിക്കാര്‌ത്തി നാണിയ്‌ക്ക്‌.”

“ഹാവൂ! രാവിലെതന്നെ പേടിപ്പിക്കാതെ നീ പോയി വല്ല സീരിയേലും കാണെന്റെ തൃലോചനം.”

രാഹൂന്‌ ഹേതുവേണ്ടാന്ന്‌ ഇന്നലെ കണിയാൻ പറഞ്ഞത്‌ എത്രനേര്‌!! ആരോ വരുന്നുണ്ടല്ലോ! ഒന്നല്ല, രണ്ടുണ്ട്‌. ഇന്ന്‌ ഈ അവുധി ദിവസായിട്ടും രാവിലെതന്നെ.

ദൈവമെ! ഒന്നാംതരം ഉരുപ്പിടികളാണല്ലോ!? വല്ല അവാർഡ്‌ കമ്മിറ്റിക്കാരാവ്വോ?

വന്നവർ സ്വയം പരിചയപ്പെടുത്തി.

“ഞാൻ തലവെട്ടി മാത്തൻ. ഇതെന്റെ സഹപ്രവർത്തകൻ ഇരുമ്പ്‌ നാണു. ആൾ കേരള വാടക ഗുണ്ടാ വെൽഫയർ അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ്‌ ഞങ്ങൾ.”

“ഓ! ആരാധ്യരാണ്‌....” മൂത്താര്‌ വക്കീല്‌ വേഗം തന്നെ കസേര നീക്കിയിട്ടു കൊടുത്തു.

“ഇരുന്നാട്ടെ. കുടിക്കാൻ എന്താണാവോ വേണ്ടത്‌?”

“കുടീം വലീം ഞങ്ങ്‌ടെ സംഘടനേല്‌ പാടില്ല്യാ. ഞങ്ങടെ ആരോഗ്യപരമായ തൊഴിൽ മേഖലയെ അത്‌ ബാധിക്കും.”

“ഓ അങ്ങനേന്ന്‌, ആയ്‌ക്കോട്ടെ. എന്നാ എന്താണാവോ എഴുന്നളളത്തിന്റെ......?”

“ഞങ്ങടെ അസോസിയേഷൻ ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്യാനും ശ്രീമാൻ മാവേലി അവർകളെ ഞങ്ങളുടെ സ്ഥാപകനേതാവായി പ്രതിഷ്‌ഠിക്കാനും വർഷം തോറും ഓണക്കാലത്ത്‌ പ്രതിഷ്‌ഠാദിനം ആഘോഷിക്കാനും ഇന്നലെ കൂടിയ കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിക്കുകയും ആയതിന്റെ മേൽനടപടികൾക്കായി ഞങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുളളതാണ്‌.”

“ഓഹോ!!”

“അപ്പോ സാറതൊന്ന്‌, അതായത്‌ രജിസ്‌ട്രേഷനുവേണ്ട നടപടിക്രമങ്ങൾ ശരിയാക്കിതരണം.”

“ഒര്‌ തിരുവിതാംകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക്‌ ഏന്റ്‌ ചാരിറ്റബിൾ സൊസൈറ്റീസ്‌ രജിസ്‌ട്രേഷൻ ഏക്‌ടുണ്ട്‌. അതിലാണെങ്കിൽ നൂറുരൂപോണ്ട്‌ കാര്യം ശരിപ്പെടുത്താം. ഏത്‌ സാധനോം രജിസ്‌റ്ററ്‌ ചെയ്യാവുന്ന ഒറ്റമൂല്യാ.”

“വളരെ ഉപകാരം.”

“ആയിക്കോട്ടെ, രജിസ്‌ട്രേഷന്റെ നിയമാവലീല്‌ ചേർക്കണ്ട കാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?”

“അതൊക്കെപ്പൊ പറഞ്ഞുതരാം. സാറ്‌ എഴുതിയെടുത്തോ.”

“സന്തോഷം.”

“ഒന്ന്‌, ഗവൺമെന്റിന്റെ ഗുണ്ടാ ഏക്‌ടിൽ ഞങ്ങടെ മൗലികാവകാശം ഉറപ്പുവരുത്തണം. രണ്ട്‌, പൊതുമേഖലയിലും സ്വകാര്യമേഖലയിലും രാഷ്‌ട്രീയ അതിക്രമങ്ങൾക്കായി ഏർപ്പാടാക്കുന്ന വാടകഗുണ്ടകളെ ഞങ്ങടെ സംഘടനയിൽനിന്നും റിക്രൂട്ട്‌ ചെയ്യേണ്ടതും ആയതിന്‌ സംവരണം ഏർപ്പെടുത്തേണ്ടതുമാണ്‌. മൂന്ന്‌, കസ്‌റ്റഡി മരണങ്ങൾക്ക്‌ നേതൃത്വം നൽകുന്ന പോലീസ്‌ മൂരാച്ചികളെ പത്രക്കാർ ഞങ്ങളുടെ പേര്‌ ഉപയോഗിച്ച്‌ നാണം കെടുത്തുകയോ, അപമാനിക്കുകയോ ചെയ്യാൻ പാടുളളതല്ല. നാല്‌, രാഷ്‌ട്രീയ സംഘട്ടനങ്ങൾക്കുപയോഗിച്ച്‌ അവശരാകുന്ന ഗുണ്ടകൾക്ക്‌ പെൻഷൻ നൽകണം. അഞ്ച്‌, നല്ല ഗുണ്ടകളെ പരിശീലിപ്പിച്ചെടുക്കുന്നതിനും, ടിയ്യാരുടെ ക്ഷേമങ്ങൾക്കുമായി ഗുണ്ടാ വെബ്ബ്‌സൈറ്റ്‌ ഗവൺമെന്റ്‌ ഓപ്പൺ ചെയ്യണം. ആറ്‌, ഗവൺമെന്റ്‌ ഏറ്റവും നല്ല ഗുണ്ടകൾക്ക്‌ ‘ഗുണ്ടാത്രേയൻ’ ‘ഗുണ്ടാപതി’ തുടങ്ങിയ അവാർഡുകൾ പ്രഖ്യാപിക്കണം. പിന്നെ കൊറ്യൊക്കെ സാറന്നെ കൂട്ടിച്ചേർത്തോ...”

“ഓ ഇതന്നെ ഇശ്ശ​‍്യായ്‌ണ്ട്‌. പിന്നെ, ഈ മാവേലിടെ കാര്യത്തിലെന്താണാവോ?”

“ടിയ്യാനെ ഇതുവരെ ആരും സ്ഥാപകനേതാവായി ഉപയോഗപ്പെടുത്തി കണ്ടിട്ടില്ല. പുളളീടെ പടം സാറ്‌ കണ്ടിട്ടില്ലേ? കണ്ടാ തന്നൊരു ഉശിരുളള കൂട്ടത്തിലാ. ആ കൊമ്പൻ മീശേം, നെഞ്ചും, നടത്തോം, പുളളി പണ്ടത്തെ ഗുണ്ടാത്തലവനായിരുന്നത്രേ. അമേരിക്കക്കാര്‌ കണ്ട്‌പിടിച്ചിരിക്കണു! സാറ്‌ വായിച്ചില്ലേ? പത്രത്തിലൊക്കെ ഉണ്ടായ്‌രുന്നു. പിന്നെ പ്രതിഷ്‌ഠാദിനം. അത്‌ ഞങ്ങടെ വാർഷീകാഘോഷം. പുളളീടെ ഒരമ്പലങ്ങട്‌ ഞങ്ങള്‌ പണിയാന്ന്‌ച്ചിരിക്ക്യാ... പിന്നെ എത്ര്യാ സാറിന്റെ ഫീസ്‌?”

“അതൊക്കെ നിങ്ങടെ ഇഷ്‌ടം.”

“എത്ര്യാച്ചാലും സാറ്‌ മടിക്കണ്ട പറയാൻ. ഞങ്ങ്‌ടെ അസോസിയേഷന്റെ സർവ്വവിധ പിന്തുണേം സാറിനും കുടുംബത്തിനും എപ്പോഴും ഉണ്ടാവും. ഏത്‌ സമയത്ത്‌ വേണേലും വിളിച്ചാ മതി. സാറിന്‌ ഫ്രീയാ. ഞങ്ങ്‌ടെ ഇനി മൊത്തം കേസുകളും സാറിനാ...”

“ഓ!”

“എന്നാ ഞങ്ങള്‌...”

“അങ്ങന്യാവട്ടെ.”

മൂത്താര്‌ സ്തബ്‌ധനായി. എന്തൊരു വിനയം. എന്തൊരു അറിവ്‌. എന്തൊരു മാന്യത. ലീഗൽ അഡ്വൈസറാവണമെങ്കിൽ ഈ കാലത്ത്‌ ഇത്തരം സംഘടനകളിൽ അഡ്വൈസറായിട്ടെ കാര്യളളൂ. സധൈര്യം ശിഷ്‌ടകാലം കഴിച്ചൂട്ടാല്ലോ!

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.