പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌ വക്കീൽകഥകൾ > കൃതി

ഡോക്‌ടർ ബിൽക്കുലിന്റെ വെപ്പുപല്ല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌ വക്കീൽകഥകൾ

അമ്മാത്ത്‌ ഉച്ചയൂണിന്‌ നല്ല ഒന്നാംതരം മാമ്പഴപുളിശ്ശേരിയും തൊട്ടൂട്ടാൻ കടുംമാങ്ങാച്ചാറും. ചുട്‌ചുട്‌ക്കന്യെളള പാൽപ്പായസം. പോരെ! അതുകഴിഞ്ഞ്‌ എളംപുളീളള തൈര്‌ കൂട്ട്യൊരു രണ്ട്‌രുള. എണീക്കാൻ നേരത്ത്‌ ഒരു പഴനുറുക്ക്‌. ഒടുക്കം കളിയടയ്‌ക്കകൂട്ടി ഒരു മുറുക്കും. ന്റെ കോടതിമുത്തപ്പാ! ഇതിൽകൂടുതൽ എന്തുവേണം? ഇങ്ങനെ എന്നും ശാപ്പാടുമുട്ടണേന്നാലോചിച്ച്‌ നിയമകാര്യാലയത്തിന്റെ ഓവകത്ത്‌ സ്വർഗ്ഗംപൂകി ശയിക്കുമ്പോഴാ ഗുമസ്‌തൻ കിട്ട്വാര്‌ട് വാല്‌മ്മെ തീപിടിച്ച പോല്യെളള വരവ്‌. ഏതെങ്കിലും കക്ഷ്യെ കിട്ടിക്കാണും കൊശവന്‌.

വന്നപാടെ കിട്ട്വാര്‌ അലറാൻ തുടങ്ങി.

“വക്കീലെ.... ബക്കീലെ... ”

“ഞാൻ ചത്തട്ടില്ലടോ ശപ്പാ. എന്താ കോടതിയ്‌ക്ക്‌ തീപിടിച്ചോ?”

“എന്നാ ഇത്രയ്‌ക്കും കൊഴപ്പല്ല്യായ്‌ര്‌ന്നു.”

“പിന്നെ?”

“മ്മ്‌ടെ സർക്കാരാശുത്രിലെ ബിൽക്കുൽ ഡാക്കിട്ടറ്‌ സാറില്ലെ, രാവിലെതൊട്ട്‌ ഓടടാ ഓട്ടംതന്നെ!!”

“അതെന്തുപറ്റി? അനന്തപുര്യെ പോയിക്കാർന്നൂലോ വിദ്വാൻ. അവ്‌ടെനി വല്ല മന്ത്രിമാരെങ്ങാനും കണ്ട്‌ പേടിപറ്റ്യൊ?

”അതാവാൻ വഴിയില്ല.“

”അതെന്താ?“

”ഡാക്കിട്ടറ്‌ മ്മ്‌ടെ ആപ്പീസില്‌ ബരണാളല്ലേ?“

”ൻഘ!!“

”ഓ... ഇനിപ്പൊ എന്തോ ഏതോ... ആളെ ഞാൻ കയ്യോടെ കൊണ്ടന്ന്‌ട്ട്‌ണ്ട്‌. വരാന്തേല്‌ ചാണകം ചവിട്ട്യെപോല്യാ നിക്കണെ. വിളിക്കട്ടോ?“

”ഒര്‌ അഞ്ച്‌ നിമിഷം കഴിഞ്ഞട്ട്‌ പറഞ്ഞേച്ചാമതി. ഞാനൊരു രണ്ട്‌ ഏമ്പക്കം വിടട്ടെ.“

തൊന്തരവ്‌! ഊണ്‌ കഴിഞ്ഞട്ട്‌ മനുഷ്യനൊന്ന്‌ കെടക്കാൻ കൂടി ഒക്കില്ല്യാന്ന്‌ച്ചാ? വകേലൊരു കാർന്നോര്‌ അന്നേ പറഞ്ഞതാ, മൂത്താരെ തെണ്ട്യാലും വക്കീലാവര്‌തെന്ന്‌. എന്ത്‌ ചെയ്യാം? രണ്ടുംകൂടി ചെയ്യേണ്ടി വന്നില്ലേ.

ബിൽക്കുൽ ഡോക്‌ടറ്‌ ആകെ പരവശനായിരുന്നു. കസേരയിലിരുന്നപാടെ ചുടുചേമ്പ്‌ വായിലിട്ട കൊറോനെപോലെ പല്ലില്ലാത്ത മോണകൊണ്ട്‌ ഗോഷ്‌ടികാണിക്കാൻ തുടങ്ങി. ശ്ശൊ ഇയ്യാള്‌ടെ പല്ലൊക്കെ എവിടെപ്പോയി. ഭഗവാനെ ഇനി വല്ലോന്മാരും അടിച്ച്‌ കൊഴിച്ചുകളഞ്ഞോ? മൂത്താര്‌ സാകൂതം ആരാഞ്ഞു.

”വായ്‌ലെ പല്ലൊന്നും കാണാനില്ലല്ലോ?“

”അതന്ന്യാ എന്റെ പ്രശ്‌നോം വക്കീലേ.“

”പല്ലോ?! പല്ല്‌മ്മെ വല്ലോരും കൈവച്ചോ?“

”വെച്ചിട്ടില്ല്യാ. വെയ്‌ക്കാതിരിക്കാനായി എന്തേലും വഴിയുണ്ടോന്നറ്യാനാ ഞാനിങ്ങോട്ട്‌ വന്നത്‌.“

”ബിൽക്കുൽ കാര്യം തെളിച്ചു പറ...“

”രണ്ട്‌ മാസം മുമ്പ്‌ ആശുപത്രില്‌ ഒര്‌ത്തനെ വയറ്റില്‌ വേദനയ്‌ക്ക്‌ ഓപ്പറേഷൻ ചെയ്‌തപ്പൊതൊട്ട്‌ എന്റെ മേൾത്തെവരീലെ ഒരു ജോടി വെപ്പ്‌പല്ല്‌ കാണാതായിരിക്കുന്നതാ വക്കീലെ. തപ്പാത്ത സ്ഥലല്ല്യാ. ഇന്നലീണ്ട്‌ അന്ന്‌ ഓപ്പറേഷൻ ചെയ്‌തിരിക്കണോൻ ഞൊണ്ടിഞ്ഞൊണ്ടി വന്നിരിക്കണു. അവന്‌ ഓപ്പറേഷൻ ചെയ്തോടത്ത്‌ വേദനാന്നും പറഞ്ഞ്‌. എക്‌സറേട്‌ത്ത്‌ നോക്കീപ്പോ എനെറ പല്ല്‌ അവന്റെ കടവയറ്റില്‌ കെടന്നു ചിരിക്കണു വക്കീലെ.“

”ഇതാണോ കാര്യം. ഡോണ്ട്‌വറി. ഓപ്പറേഷൻ കഴിഞ്ഞ തെണ്ടിക്ക്‌ ഇതറിയോ?“

”പറഞ്ഞിട്ടില്ല്യാ.“

”എന്നാ അവനെ കയ്യോടെ പിടിച്ച്‌ മെഡിക്കൽ കോളേജ്യെ കെട്‌ത്തി ഒരു കീറും കൂടി കീറ്‌. എന്നിട്ട്‌ ഒരു പത്രസമ്മേളനം നടത്ത്യാമതി. വയറ്റില്‌ പല്ലുളള മനുഷ്യനെ കണ്ടെത്തിയിരിക്കുന്നുവെന്ന്‌.“

”വേണോ?“

”അല്ലാതെപിന്നെ? അതോടെ തന്റെ കാര്യം രക്ഷപ്പെട്ടു. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ? ഏതാണ്ട്‌ അത്‌പോല്യൊക്കെതന്നെ...“

”അതിനവനെ ഞാൻ തെരഞ്ഞെട്ടിപ്പോ കാണാനുല്ല്യാ. ഇന്ന്‌ വരാൻ പറഞ്ഞതാ. പൊടിപോലൂല്ല്യാ കണ്ടുപിടിക്കാൻ.“

”അവന്റെ കുടികെടപ്പിനെക്കുറിച്ച്‌ വല്ല്‌ നിശ്‌ച്ചോണ്ടോ?“

”ഇല്ല്യാ...“

”അപ്പോ ഇതൊന്നും നിശ്ചയല്ല്യാണ്ടാ വരണോനെ മുഴോൻ പിടിച്ച്‌ നിങ്ങള്‌ കീറണെ.“

”ഇനി ഫയല്‌ തപ്പ്യാ...“

”അതാര്‌ടെ കയ്യിലാ?“

”നോക്കണം. ഇപ്പോ എന്റെ ബലമായ സംശയം ഇനി അവൻ വല്ല ഡോക്‌ടർമാരേം കണ്ട്‌ പത്രസമ്മേളനം നടത്തോന്നാ. യഥാർത്ഥത്തില്‌ അതോണ്ടാ ഞാൻ ഇവ്‌ടെയ്‌ക്ക്‌ ഓടിവന്നെ. നമ്മൊക്കൊരു കോടതി ഇഞ്ചംങ്ങ്‌ഷൻ ങ്‌ട്‌ എടുത്താലോ വക്കീലേ?“

”എന്തോന്ന്‌ പറഞ്ഞിട്ട്‌? അയാളെ വേറെയാരും ഓപ്പറേഷൻ ചെയ്‌ത്‌ നാശമോശപ്പെടുത്തരുതെന്നും അപ്രകാരം ചെയ്താൽ ആ പരിഹാര്യമായ കഷ്‌ടനഷ്‌ടങ്ങൾക്കിടവരുന്നതാണെന്നും പറഞ്ഞിട്ടോ?“

”അങ്ങന്യായാലും വിരോധല്ല്യാ.“

”ഓ! എന്റെ ബിൽക്കുൽ! താൻ തനി മെഡിക്കൽ കോളേജുതന്നെ.“

”എന്നാ വക്കീല്‌ പറ...“

”നമുക്ക്‌ അവനൊരു വക്കീൽനോട്ടീസ്‌ അങ്ങ്‌ട്‌ അയക്കാം. ഡോക്‌ടറെ കാണാൻ വന്ന രോഗി ഡോക്‌ടറുടെ കൊഞ്ഞിയ്‌ക്കടിച്ച്‌ ഒരു സെറ്റ്‌ പല്ല്‌ കൊഴിക്കുകയും ആയത്‌ ടിയാൻ ഡോക്‌ടറെ തോല്പിക്കണമെന്ന കരുതലോടും ഉദ്ദേശ്യത്തോടും കൂടി വിഴുങ്ങിയിട്ടുളളതുമാണെന്നും ആയതുകൊണ്ട്‌ ടി പല്ല്‌ ടിയാൻ തന്റെ വയറ്റിൽ നിന്നും തിരിച്ചുതരാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടിയെടുക്കുന്നതാണെന്നും ആയതിനു വരുന്ന സകലവിധ കഷ്‌ടനഷ്‌ടങ്ങൾക്കും ടിയാൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും.... എപ്പടി?“

”അതിന്‌ ഒരു സെറ്റ്‌ പല്ല്‌ വിഴുങ്ങാൻ പറ്റ്വോ വക്കീലെ?“

”സാക്ഷാൽ പല്ലക്ക്‌ വിഴുങ്ങുന്നു. പിന്നെല്ലെ തന്റൊരു ലൊക്കട സെറ്റ്‌ വെപ്പുപല്ല്‌ ഹെ!?“

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.