പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌വക്കീൽ കഥകൾ > കൃതി

ശങ്കരൻപോലീസിന്റെ തുപ്പാക്കി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌വക്കീൽ കഥകൾ

ക്രോസ്സ്‌ വിസ്‌താരം തുടങ്ങിയപ്പോഴെ മൂത്താര്‌ വക്കീലിനു മനസ്സിലായി, ശങ്കരൻ പോലീസ്‌ ആളൊരു ബാലികേറാമലയാണെന്ന്‌. കൂട്ടിലിട്ട്‌ ശരിക്കും പൂട്ടിയില്ലെങ്കിൽ ഒര്‌ കഴഞ്ച്‌ സത്യം പുറത്തേക്കുവരില്ല. പഠിച്ച കളളനാ. പഴയ ട്രൗസ്സറു പോലീസിന്റെ കൊമ്പൻ മീശക്കിപ്പോഴും ഒരു വാട്ടോല്ല്യാ. വെയില്‌ തട്ടി ഒന്ന്‌ നരച്ചെന്നു മാത്രം. വിരുതൻ! കൊറെണ്ണങ്ങളെ ആയകാലത്ത്‌ ലോക്കപ്പിലിട്ട്‌ ഉരുട്ടേം പെര്‌ട്ടേം ഒക്കെ ചെയ്‌ത മൊതലാവും.

മൂത്താര്‌ വക്കിൽ മൂസ്സത്‌ ജഡ്‌ജിന്റെ മുഖത്തേക്കു നോക്കി ഒന്നു കുടഞ്ഞ്‌ നിവർന്നുനിന്നു. പിന്നെ ലേശം ശബ്‌ദം താഴ്‌ത്തി ശങ്കരൻ പോലീസിനോടു ചോദിക്കാൻ തുടങ്ങി.

“എന്താ ശരിക്കുള്ള പേര്‌?”

“കുട്ടിശങ്കരൻ”

“അച്ഛന്റെ പേരോ?”

“വല്ല്യെങ്കരൻ”

“നിങ്ങളുടെ ജേഷ്‌ഠന്റെ പേരെന്താ?”

“ചെറ്യെങ്കരൻ”.

“ചെക്കന്റെ പേരോ?”

“കുഞ്ഞങ്കരൻ”

“അപ്പോ പാരമ്പര്യായിട്ടെ ശങ്കരന്മാരാണ്‌. ആട്ടെ, ഇവരൊക്കെ പോലീസാരായിരുന്നോ?”

“ഞാനും ജേഷ്‌ഠനും. അച്ഛൻപേരുകേട്ട ഫയൽ മാനായിരുന്നു. ചെക്കൻ പോസ്‌റ്റ്‌മാനാ.”

“വീട്ടുപേരും ശങ്കരൻ പറമ്പിൽ എന്നുതന്നെയാണ്‌.”

“അതെ”

“ഇടതുപക്ഷത്തിനും വലുതും ചെറുത്വായിട്ട്‌ ‘ശ’ ഉണ്ടോ ആവോ?”

“‘ശ’ ഇല്ല്യാ ‘ക്ഷ’ ആണ്‌.”

“ച്ചാൽ?”

“രണ്ടുണ്ടെന്നർത്ഥം. മീനാക്ഷീം പത്മലാക്ഷീം, ചേടത്തീം അനീത്ത്യാ”

“രണ്ട്‌ വിവാഹം കുറ്റകരമാണെന്നറിയാലോ?”

“വിവാഹം ഒന്നേള്ളൂ. പത്മലാക്ഷീടെ ലോക്കപ്പ്‌ കാല്യാണ്‌.”

“ഇനിം അറസ്‌റ്റ്‌ ചെയ്‌ത്‌ പ്രതികളെ ലോക്കപ്പിലിട്ടൂടാന്നില്ലല്ലോ?”

“അതിനും സാധ്യതേല്ല്യാ”.

“അതെന്തോപറ്റി?”

“പ്ലാസ്‌റ്റിക്‌ ബക്കറ്റും അഞ്ചൂറും വാങ്ങി പോയി പണ്ട്‌....”

“അതെന്തോന്ന്‌ വക്കീലേ?” മൂസ്സത്‌ ജഡ്‌ജി മൂത്താര്‌ടെ മുഖത്തേക്കുനോക്കി.

“കുടുംബാസൂത്രണം.”

“ഓ!!...... ഇതൊക്കെ റെക്കോഡ്‌ ചെയ്യണോ വക്കീലേ?”

“ആവശ്യല്ല്യാ”

“എന്നാ കാര്യത്തിലേക്ക്‌ കടന്നാട്ടെ.”

“യെസ്‌ യുവർ ഓണർ.”

“അപ്പഴെ....” മൂത്താര്‌ ശങ്കരൻ പോലീസിനെ വിളിച്ചു. “ഈ പോലീസ്‌ സ്‌റ്റേഷനില്‌ ആരാ പ്രേതത്തിനെ മുമ്പ്‌ കണ്ടത്‌.”

“ഞാൻ തന്ന്യാണ്‌.”

“അത്‌ പ്രേതാന്നെങ്ങന്യാ മനസ്സിലായത്‌?”

“ഞാൻ മുമ്പ്‌ കണ്ടട്ട്‌ണ്ടെ.”

“ആരെ?! പ്രേതങ്ങള്യോ?”

“ങ്‌ഹാന്ന്‌”

“ടീവീലാവും”

“ഏയ്യ്‌”

“എന്നാ ഒരെണ്ണത്തിനെ പിടികൂടായ്‌ര്‌ന്നില്ലെ. കാഴ്‌ചബംഗ്ലാവിലേയ്‌ക്ക്‌ കൊടുക്കായ്‌രുന്നു.”

“ശ്രമിച്ചതല്ല്യോ?”

“പിന്നെന്തോപറ്റി?”

“എസ്‌.ഐദ്ദേം ശബ്‌ദോണ്ടാക്കീതാ. ടപ്പേന്ന്‌ മാഞ്ഞുകളഞ്ഞു.”

“പേടിച്ചിട്ടാന്നോ ശബ്‌ദാണ്ടാക്കീത്‌?”

“ഏയ്യ്‌. അറസ്‌റ്റ്‌ ചെയ്യാൻ നോക്കീതല്ല്യോ?”

“പ്രേതത്തിന്യോ?”

“പിന്നല്ലാതെ”.

“അപ്പോപുള്ളി സ്‌ഥിരമായിട്ടൊര്‌ ശല്ല്യക്കാരനായിരുന്നു.”

“ആന്നേ”

“ആട്ടേ, ഈ പ്രേതം ആണായിരുന്നോ പെണ്ണായിരുന്നോ?”

“പ്രേതത്തില്‌ പെണ്ണല്ലെ ഉള്ള്‌. ആണുങ്ങ്‌ള്‌ പിശാച്‌ക്കളാ.”

“അതാര്‌ പറഞ്ഞത്‌?”

“മന്ത്രവാദി.”

“അപ്പോ പോലിസ്‌ സ്‌റ്റേഷനിലെ ഈ പ്രേതബാധ ഒഴിപ്പിക്കാനാണ്‌ ശങ്കരൻ പോലീസ്‌ മന്ത്രവാദ്യെ കൊണ്ടുവന്നതെന്നു പറഞ്ഞാൽ ശരിയാണ്‌.?

”അതെ“

”എന്തായിരുന്നു മന്ത്രവാദീടെ പേര്‌?“

”ഗുൽഗുലുതിത്തകതങ്കപ്പപണിയ്‌ക്കർ“.

”ഈ ഗുൽഗുലൂനുള്ള ചെലവൊക്കെ ആര്‌ വഹിച്ചു?“

”അത്‌......“

”മടിയ്‌ക്കണ്ട ഇന്ന്‌ സൂര്യഗ്രഹണാന്നറിയാലോ?“

”ഞാഞ്ഞൂള്‌ കടിച്ചാലും വെഷണ്ടെന്നും അറിയാം.“

”എന്നാപറഞ്ഞാട്ടെ.“

”ചെലവെനത്തിൽ എഴുതീട്‌ത്തു.“

”എവ്‌ട്‌ന്നാന്നുകൂടി പറഞ്ഞോളൂ. എന്താ ഇത്ര നാണം?“

”ഗവർമെന്റ്‌ വകേന്ന്‌......“

”അങ്ങനെ വരട്ടെ. പോലിസ്‌ സ്‌റ്റേഷൻ മെയിന്റനൻസിനായി ഗവൺമെണ്ട്‌ അനുവദിച്ച ഒരു ലക്ഷം രൂപ പ്രേതങ്ങളുടെ മെയിന്റനൻസിനായി വകയിരുത്തീന്ന്‌ ചുരുക്കം.“

”വേണ്ടിവന്നു. അത്രയ്‌ക്കും ദോഷങ്ങളായിര്‌ന്നു.“

”എന്തൊക്ക്യാ ദോഷങ്ങളെന്നുകൂടി ഒന്ന്‌ പറഞ്ഞോളൂ“.

”അത്‌.......“

”ദ്ദേയ്യ്‌, പിന്നേം നാണിച്ചു.“

”നാണിച്ചിട്ടല്ല; പേടിച്ചിട്ടാ.“

”അതെന്തോന്നിന്‌? ഇവ്വ്‌ടെ പ്രേതശല്ല്യോന്നുല്ല്യാ ശങ്കരൻ പോലിസെ.

“ദോഷംന്നു പറഞ്ഞാ, സ്‌റ്റേഷനില്‌ തീരെ കേസ്‌കള്‌ല്ല്യാണ്ടായി. പിന്നെ ഞങ്ങട്യൊക്കെ വീടുകളില്‌ എന്നും കന്നംകടിം കുത്തിത്തിരിപ്പുംതന്നെ. ഒര്‌ തൊയ്‌രോം സമാധാനോംന്നു പറഞ്ഞാ ഇല്ല്യാ.... അതിനെടേല്‌ സ്‌റ്റേഷനിലെ രണ്ട്‌ പോലീസുകാർക്ക്‌ അടികിട്ടി.........

”അത്‌ കയ്യിലിരിപ്പ്‌ ശര്യല്ലാണ്ടാവും.....“

”പിന്നെ ഒരാള്‌ വണ്ടിയിടിച്ച്‌ ആശുപത്രിയിലായി. എസ്‌.ഐ ദ്ദേഹത്തിന്റെ അമ്മാനപ്പന്റെ കുറി കമ്പനിപൊട്ടി. അങ്ങനെ ഒരുപാട്‌ പ്രശ്‌നങ്ങളെന്നെ......“

”ഈ ദാർശനീക - വൈരുദ്ധ്യാത്മക പ്രശ്‌നങ്ങൾക്കിടയ്‌ക്കാണോ പ്രേതം പ്രത്യക്ഷപ്പെട്ടത്‌?“

”അതെ.“

”ഈ പ്രേതം ഗുൽഗുലൂന്റെ നോട്ടത്തില്‌ ആരാന്നാ പറഞ്ഞെ?“

”പണ്ട്‌ വിമോചന സമരക്കാലത്ത്‌ ലോക്കപ്പില്‌ കെടന്ന്‌ ആത്‌മഹത്യ ചെയ്‌ത ഒരാളാന്നാ പറഞ്ഞെ.“

”പേര്‌? നാള്‌?“

”പേര്‌ കൊടുവേലി മാത്തൻ. നാള്‌ പറഞ്ഞില്ലാ“

”അപ്പോ ആണാണ്‌. നല്ല സത്യക്രിസ്‌ത്യാനി. സ്‌റ്റേഷനില്‌ കണ്ടത്‌ പെണ്ണല്ലായ്‌ര്‌ന്നോ ശങ്കരൻ പോലീസെ?“

”പ്രേതത്തില്‌ ആണ്‌ ചത്താപെണ്ണാവും.....“

”അങ്ങനേന്ന്‌. ഇതും ഗുലുഗുലു പറഞ്ഞുതന്നതാവും.“

”അതെ.“

”എന്നിട്ട്‌ ഇപ്പോ ഈ പ്രേതങ്ങളൊക്കെ അടക്ക്യൊ?“

”പണിയ്‌ക്കര്‌ മന്ത്രവാദം ചെയ്‌ത്‌ പിടിച്ചുകെട്ടി.“

”എവിടെ? ലോക്കപ്പിലോ?“

”ഏയ്യ്‌!“

”പിന്നെ?“

”സ്‌റ്റേഷന്റെ പൊറത്തൊര്‌ ശീമകൊന്നേമെ.“

”വന്നാ കാണാൻ പറ്റ്വൊ?“

”പണിയ്‌ക്കർക്കെ കാണാൻ പറ്റൂ“.

”അപ്പോ അതും രക്ഷയില്ല. ആട്ടെ ശങ്കരൻ പോലിസെ, ഈ ഗുൽഗുലു തങ്കപ്പൻ പണിയ്‌ക്കര്‌ എത്രദിവസം മന്ത്രവാദം ചെയ്യാനായി സ്‌റ്റേഷനില്‌ താമസിച്ചു?“

”മൂന്നു ദിവസം.“

”അപ്പോ ഈ മൂന്ന്‌ ദിവസത്തിനുള്ളിലാണ്‌ സ്‌റ്റേഷനിലെ ഏക വനിതാപോലീസുകാരിയായ തങ്കമണിയും ഗുൽഗുലൂം തമ്മിലുള്ള പ്രേമലേഖന കൈമാറ്റങ്ങൾ നടക്കുന്നതും ഗുൽഗുലു മൂന്നാം പക്കം പുലർച്ചെ തങ്കമണിയേയും അടിച്ചെടുത്ത്‌ സ്‌ഥലം വിടുന്നതും ശരിയല്ലേ?“

”അതെ“

”അങ്ങനെ രണ്ട്‌ കൊളന്തകളുടെ തള്ളയായ തങ്കമണി ഗുൽഗുലൂന്റെ കൂടെ ഒളിച്ചോടി പോകാൻ കാരണം നിങ്ങൾ പോലീസുകാരാണെന്നും പറഞ്ഞ്‌ തങ്കമണിയുടെ ഒറിജിനൽ ഭർത്താവ്‌ ഒരു പരാതി ബോധിപ്പിച്ചിട്ടുണ്ട്‌.“

”ഉണ്ട്‌.“

”അതിന്റെ അന്വേഷണം എവിടെവരെയായി?“

”എവിടെവരേം ആയിട്ടില്ല. ഇന്നലെ മഷിനോട്ടക്കാരന്റെ അടുത്തുപോയിട്ട്‌ കാണാൻ പറ്റീല്ല്യാ.“

”എന്തോന്ന്‌?“

”മഷീട്ടട്ടും തങ്കമണിയെ“.

”ഇത്തരം ഒരു സാഹചര്യത്തില്‌ നിങ്ങളെ പോലീസിൽ നിന്നും സസ്‌പെന്റ്‌ ചെയ്യാതിരിക്കാനുള്ള എന്തെങ്കിലും കാരണങ്ങൾ ബഹുഃ കോടതിയിൽ ബോധിപ്പിക്കാനുണ്ടോ?“

”ഒരൊന്നരമാസം കൂടി കഴിഞ്ഞിട്ട്‌ സസ്‌പെന്റ്‌ ചെയ്‌താൽ എ.എസ്‌.ഐയായി ഒര്‌ പ്രമോഷൻ സാദ്ധ്യതയുണ്ടായിരുന്നു. പെൻഷ്യന്‌ ഒരു വ്യത്യാസം ഒണ്ടാവേ, ആയതിന്‌ ബഹുഃ കോടതി അനുവദിക്കണം.

“പ്രമോഷന്റ കാര്യം ആരാപറഞ്ഞത്‌?”

“ഒര്‌ കൈനോട്ടക്കാരൻ പറഞ്ഞതാ.”

“ശംഭോ മഹാദേവാ!! ഇവ്‌ടെ ചങ്ങലയ്‌ക്കാണ്‌ യുവർ ഓണർ......”

മൂസ്സത്‌ ജഡ്‌ജ്‌ സാവധാനം പറഞ്ഞുഃ “ഭ്രാന്ത്‌ അല്ലേ!!?”

Previous Next

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.