പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > മൂത്താര്‌ വക്കീൽ കഥകൾ > കൃതി

സുന്ദരൻ കോമാളി Vs കോമാളി സുന്ദരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

മൂത്താര്‌ വക്കീൽ കഥകൾ

“ഞാൻ സുന്ദരൻ കോമാളിപറമ്പിൽ. എല്ലാവരും സുന്ദരൻ കോമാളീന്നു വിളിക്കും. വക്കീലിനെന്നെ ഓർമ്മ കാണ്വോ എന്തോ?”

“അറിയാം! അറിയാം! കവിയല്ലേ?”

കവീന്നു കേട്ടതും സുന്ദരൻ ഒന്നുകൂടി വിനീതവിധേയനായി.

“ദൈവാനുഗ്രഹം കൊണ്ട്‌ കവിതകളിങ്ങനെ....”

“ക്ഷാമല്ല്യാന്ന്‌ സാരം.”

“അതെ! അതെ!”

“അതിനെടേല്‌ ഒന്ന്‌ രണ്ട്‌ അവാർഡുകളും തരപ്പെടുത്തീന്ന്‌ കേട്ടൂ.”

“അതാരാ പറഞ്ഞെ?” സുന്ദരനൊന്നു പരുങ്ങി.

“ഞങ്ങള്‌ വക്കീലന്മാരറിയാത്ത സംഗതികളുണ്ടോ ഹെ?”

“വക്കീലമ്മാരോടും ഗുമസ്തന്മാരോടും നൊണ പറയാൻ പാടില്ല്യാന്നാ പ്രമാണം. അതോണ്ട്‌ പറയ്വാ. സാറ്‌ കേട്ടതെന്തായാലും സത്യാ. അവാർഡൊരെണ്ണങ്ങട്‌ തരപ്പെട്‌ത്തി. കല്ല്യാണം കഴിച്ചവഹേല്‌ കൊറച്ച്‌ സ്ര്തീധനബാക്കി നീക്കിയിരിപ്പ്‌ണ്ടായ്‌ര്‌ന്ന്‌. അമ്മാനപ്പനാണെങ്ങെച്ചിരി സംഘാടനൊക്കെ ഉള്ള ഒരാളായതോണ്ട്‌ കേറി അങ്ങ്‌ട്‌ പറഞ്ഞു. ബാക്കി തൊക ഒരവാർഡായിട്ടന്നെ പോരട്ടേന്ന്‌. അങ്ങന്യാവുമ്പോ സ്ര്തീധനം വാങ്ങീന്നുള്ള ചെല്ലപ്പേരുല്ല്യാ. എന്നാ അവാർഡു കിട്ടീന്നുള്ള നല്ല പേരൊട്ടെണ്ടെനീം.

അമ്പടാ വിരുതാ! മൂത്താര്‌ വക്കീല്‌ മൂക്കത്ത്‌ വിരൽ വെച്ചു. എന്തായാലും ഇനി പെണ്ണിന്‌ കുടുംബകോടതീല്‌ അവാർഡു തുക തിരിച്ചു കിട്ടുന്നതിനുവേണ്ടി കേസു കൊടുക്കാൻ കഴിയില്ല.

”വക്കീലെന്താ--?“

”ആലോചിക്കണേന്നാവും?“

”തന്നെ തന്നെ.“

”എന്താലോചിക്കാൻ സുന്ദരാ നമുക്കൊക്കെ. നിങ്ങൾ സാഹിത്യകാരന്മാർക്കൊപ്പല്ലെ പത്രക്കാരും ടീവിക്കാരും മൂക്കുകയർ പൊട്ടിച്ച്‌ പായുന്നത്‌.“

”ദാർശനീകമായി ഞങ്ങൾ ബുദ്ധിജീവികൾ...“

”ചതിക്കല്ലെ സുന്ദരാ. രാവിലെ കഴിച്ചതന്നെ ദഹിച്ചിട്ടില്ല.“

”എന്നാ ഞാൻ വന്ന കാര്യം പറയാം.“

”ആയിക്കോട്ടെ.“

”അടിയന്തരായി....“

”ആര്‌ടെ അടിയന്തരാ?“

”അടിയന്തരായി ഒരു കേസ്‌ കൊടുക്കണന്ന്‌ പറയാനാ ഞാൻ വന്നിരിക്കണെ.“

”എന്ത്‌ കേസാണാവോ?“

”മാനനഷ്‌ടം! അതിനൊള്ള നഷ്‌ടപരിഹാരോം.“

”ആര്‌ടെ?“

”എന്റെന്നെ.“

”അതിനെന്ത്‌ പറ്റി?“

”ഈയ്യൊര്‌ വർഷത്തിനെടേല്‌ എന്റെ അഞ്ഞൂറ്റി പതിനാറ്‌ കവിതകളാ മ്മ്‌ടെ മിച്ചഭൂമി വാരിക തിരിച്ചയച്ചിരിക്കണെ. മാത്രല്ല, അവസാനായപ്പോ തിരിച്ചയക്കണ കവറിനുള്ളിൽ സുന്ദരൻ കോമാളി എന്ന പ്രശസ്തമായ എന്റെ പേരുപോലും തെറ്റിച്ച്‌ കോമാളി സുന്ദരൻ എന്നാണ്‌ യാതൊരു ഉളുപ്പുമില്ലാതെ പത്രാധിപർ എഴുതിച്ചേർത്തിരിക്കുന്നത്‌. ഇത്തരം പ്രവർത്തികൾ മനഃപൂർവ്വം എന്നെ സാഹിത്യ-സാംസ്‌കാരിക മണ്ഡലത്തിൽ കരിതേച്ച്‌ കാണിക്കുന്നതിനും വിലയിടിക്കുന്നതിനും വേണ്ടി മാത്രമാണ്‌ വക്കീലെ. അതുകൊണ്ട്‌ ഇതിനെതിരെ ശക്തമായി ഒരു കേസ്‌ തന്നെ കൊടുക്കാനാപ്പൊന്റെ പരിപാടി.“

”കേസ്‌ കൊടുക്കാം.“

”എന്നാലെ ലവന്മാരൊക്കെ ഒര്‌ കമ്പ്യൂട്ടറ്‌ പാഠം പഠിക്കൂ. അവസാനം കേസ്‌ കോമ്പ്രമൈസെന്നും പറഞ്ഞ്‌ വരുമ്പോ ഞാനെന്റെ ഡിമാന്റ്‌കളിങ്ങനെ നെരത്തും.“

”ആഴ്‌ചയില്‌ ഒര്‌ കവിത വീതം പ്രസിദ്ധീകരിക്കണംന്ന്‌ തൊടങ്ങി.... അല്ലേ?“

”പിന്നല്ലാതെ....“

”പക്ഷേ...“

”എന്താ വക്കീലെ?“

”സിവിൽ കേസായതോണ്ട്‌ കോർട്ട്‌ഫീ അടക്കേണ്ടി വരൂല്ലോ സുന്ദരാ.“

”അതൊക്കെ വക്കീല്‌ ധൈര്യമായടച്ചോ. കേസ്‌ കഴിയുമ്പോ കിട്ടുന്ന നഷ്‌ടപരിഹാര സംഖ്യയില്‌ വക്കീലിന്റെ ചെലവും ഫീസും ഒക്കെ കഴിച്ച്‌ ബാക്കി വരണത്‌ എത്ര്യാച്ചാ എനിക്ക്‌ തന്നാമതി. പക്ഷേ, ഒരയ്യായിരം രൂപ വക്കീല്‌ അഡ്വാൻസായിപ്പൊ തരണം...“

എടാ ഭയങ്കര!! വാഹനാവകടകേസില്‌ അപകടം പറ്റിയവർ ആശുപത്രി ചെലവിനായി മുൻകൂറ്‌ കാശ്‌ ചോദിക്കാറുണ്ട്‌. ഇവൻ അവരെക്കാൾ എമണ്ടൻ തന്നെ. മൂത്താര്‌ വക്കീല്‌ കസേരയിലൊന്ന്‌ ഇളകിയിരുന്നു. ഇവൻ ജീവനോടെ വിഴുങ്ങുന്ന മൊതലാ!

”കാശ്‌ തരണോണ്ട്‌. എനിക്ക്‌ വിരോധല്ല്യാ...“

”സന്തോഷം!“

”അങ്ങന്യാണങ്ങെ സുന്ദരൻ ഒരു ത്യാഗം ചെയ്യാന്ന്‌ എനിക്ക്‌ ഒറപ്പ്‌ തരണം.“

”അതെന്താ വക്കീലെ?“

”ഈ കേസ്‌ തീരണവരെ ഇനിയൊരു കവിതപോലും എഴുതിപ്പോവിലെന്നു പറഞ്ഞ്‌...“

”അതെന്തിന്‌?“

”അപമാനം സഹിക്കവയ്യാതെ സുന്ദരൻകോമാളി കവിത എഴുത്തുതന്നെ നിറുത്തിയെന്ന്‌ കാണിച്ച്‌ ഒരു സ്പെഷ്യൽ സത്യവാങ്ങ്‌മൂലം....“

”അത്‌ വേണോ വക്കീലേ?“

”എന്നാലെ കേസിനൊര്‌...“

”എന്നാലും...“

”എന്നാ സുന്ദരൻ ഒന്നുംകൂടി കൂലങ്കഷമായി ആലോചിച്ചശേഷം ഇതിനൊരുമ്പെട്ടാ മതീന്നാ എന്റെ അഭിപ്രായം.“

”കേസ്‌ എത്രവർഷം പിടിക്കും?“

”സിവിലാവുമ്പോ പത്ത്‌ പന്ത്രണ്ട്‌ വർഷം പിടിക്കാം. വേണെങ്ങെ പിന്നേം അപ്പീലാവാം.“

പാവം സുന്ദരൻ എന്തു പറയണമെന്നറിയാതെ കസേരയിൽ നിന്നെഴുന്നേറ്റപ്പോൾ മൂത്താര്‌ വക്കീല്‌ ഒരു കടലാസ്‌ തുണ്ടെടുത്ത്‌ കൈയ്യിൽ കൊടുത്തു.

”ഓഫീസിലെ പുതിയ ഫോൺ നമ്പ്രാണ്‌.“

”അപ്പോ പഴയ നമ്പര്‌ മാറി അല്ലേ? ശരി...“

സുന്ദരൻ വരാന്തയിലേക്കിറങ്ങി മെല്ലെ നടന്നു.

 Next

ചന്ദ്രശേഖർ നാരായണൻ

വിലാസംഃ ചന്ദ്രശേഖർ നാരായണൻ, അഡ്വക്കേറ്റ്‌, അരിമ്പൂർ പി.ഒ., തൃശൂർ - 680 620. ഫോൺഃ 0487-2311040, 9847865066


E-Mail: chandrasn@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.