പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > എം.കെ.കെ.നായർ - ഓർമ്മക്കുറിപ്പ > കൃതി

എം.കെ.കെ.നായർ - ഓർമ്മക്കുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.എം. എബ്രഹാം

എം.കെ.കെ.നായർ - ഓർമ്മക്കുറിപ്പ്‌

1965 ലാണ്‌, മലയാളത്തിൽ ആദ്യമായി, എഴുത്തുകാരുടെ അഖിലേന്ത്യാ സമ്മേളനം ഉദ്യോഗമണ്ഡലിൽ നടക്കുന്നത്‌. ഇന്ത്യയിലെ, ഓട്ടേറെ പ്രമുഖ എഴുത്തുകാർ ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫാക്‌ട്‌ മാസികയുടെ, അക്കാലത്തെ പഴയലക്കങ്ങളിൽ അവരുടെ പേരുകൾ കാണാം. കേരളസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ, എം.ടി.വാസുദേവൻ നായരുടെ അദ്ധ്യക്ഷതയിൽ, രണ്ടാമത്‌ ഒരു അഖിലേന്ത്യാ സമ്മേളനം നടത്തുന്നത്‌ 1995 ലാണ്‌. ഒന്നാമത്തെ അഖിലേന്ത്യാ സമ്മേളനത്തിന്‌ ആതിഥ്യം അരുളിയത്‌ ഫാക്‌ടാണ്‌. സി.എൻ. ശ്രീകണ്‌ഠൻ നായരായിരുന്നു ആ സമ്മേളനത്തിന്റെ കൺവീനർ. ആ സമ്മേളനം നടക്കുന്ന ദിവസങ്ങളിലൊന്നിലാണ്‌, ജി ശങ്കരക്കുറുപ്പിന്‌ ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ച വാർത്ത വരുന്നത്‌. ജി.യെ അനുമോദിക്കുന്ന വലിയൊരു യോഗം ഈ സമ്മേളന നഗരിയിൽ ആഢംഭരപൂർവം നടത്തപ്പെട്ടത്‌, അന്നതിൽ പങ്കെടുത്ത ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്‌.

എം.കെ.കെ.നായർക്കെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നതും ഈ സമ്മേളനത്തെച്ചൊല്ലിയാണ്‌. പൊതുമുതൽ ധൂർത്തടിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം അന്നത്തെ ഒരു പ്രധാന വാഗ്‌മിയും നിരൂപകനുമായ ഒരു വ്യക്തിയെ ഈ സമ്മേളനത്തിനുക്ഷണിച്ചിരുന്നില്ല. എം.കെ.കെ.നായർക്കതിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. ക്ഷണിച്ചതെല്ലാം സി.എൻ. ശ്രീകണഠൻ നായരായിരുന്നു. സി.എൻ. ശ്രീ. കണ്‌ഠൻനായരും ഈ നിരൂപകനും തമ്മിൽ വ്യക്തിപരമായ എന്തെങ്കിലും പിണക്കം ഉണ്ടായിരുന്നോ എന്നറിയാൻ രേഖകൾ ഒന്നുമില്ല. നിരൂപകൻ, കേരളം മുഴുവൻ നടന്ന്‌, എം.കെ.കെ. എന്ന അഴിമതിവീരനെപ്പറ്റിഘോരഘോരം പ്രസംഗിക്കുകയും അതു പത്രങ്ങളിൽ സ്‌ഥിരമായി വാർത്തയാവുകയും ചെയ്‌തിരുന്നു. അന്നദ്ദേഹം ഒരു കോളേജിലെ പ്രിൻസിപ്പലായിരുന്നു.

സമ്മേളനം എല്ലാം കഴിഞ്ഞ്‌, രണ്ടാഴ്‌ചകഴിഞ്ഞു കാണും, സി.എൻ. ശ്രികണ്‌ഠൻ നായർ, എം.കെ.കെ. നായരുടെ, ഉദ്യോഗമണ്ഡലിലുള്ള ഓഫീസിൽ ചെല്ലുന്നു. പലതും സംസാരിച്ചതിനുശേഷം, എം.കെ.കെ. മേശപ്പുറത്തുനിന്ന്‌ ഒരു കത്തെടുത്തുകൊണ്ട്‌, സി.എൻ.നോട്‌ പറഞ്ഞു.“ വന്നിട്ടുണ്ട്‌. കുതിരയുടെ കത്ത്‌ വായിച്ചു നോക്ക്‌” സി.എൻ. കത്തുവായിച്ചു. അത്‌ എം.കെ.കെയെ രണ്ടാഴ്‌ചമുൻപ്‌, വിമർശിച്ച്‌ ഘോരഘോരം പ്രസംഗിച്ച നിരൂപക ശ്രേഷ്‌ഠന്റെ കത്താണ്‌. താൻ എം.കെ.കെ യെപ്പറ്റി പറഞ്ഞ സകലമാന ആരോപണങ്ങൾക്കും മാപ്പ്‌ ചോദിച്ചുകൊണ്ടുള്ള കത്താണ്‌. സംസ്‌കൃത വാക്കുകളാണ്‌ കൂടുതൽ. കത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിൽ, ഒരപേക്ഷയുണ്ട്‌. തന്റെ ഒരനുജൻ ഡിഗ്രികഴിഞ്ഞ്‌ പണിയൊന്നും കിട്ടാതെ വീട്ടിലിരിപ്പാണ്‌. അവന്‌, അങ്ങ്‌ കനിഞ്ഞ്‌ ഒരു ജോലി അങ്ങയുടെ സ്‌ഥാപനത്തിൽ നൽകണം. കത്തു വായിച്ചു കഴിഞ്ഞ്‌, സി.എൻ. ചോദിച്ചു.“ ജോലി കൊടുക്കുന്നുണ്ടോ?”

“കൊടുക്കാമെന്ന്‌ വിചാരിക്കുകയാണ്‌” എം.കെ.കെ.യുടെ മറുപടി. എന്തായാലും, നിരൂപകന്റെ അനുജനെ എം.കെ.കെ.നായർ, ഫാക്‌ടിൽ, ഭേദപ്പെട്ട ഒരു തസ്‌തികയിൽ നിയമിച്ചു എന്നതാണ്‌, യഥാർത്ഥ്യം. നിരൂപകൻ ഇന്നും ജീവിച്ചിരിക്കുന്ന ആളാകയാൽ പേരുവെളിപ്പെടുത്തുന്നില്ല.

തുടരും.....

Previous Next

ടി.എം. എബ്രഹാം


Phone: 0484-2543210
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.