പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > എം.കെ.കെ.നായർ - ഓർമ്മക്കുറിപ്പ്‌ > കൃതി

എം.കെ.കെ.നായർ - ഓർമ്മക്കുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.എം. എബ്രഹാം

എം.കെ.കെ.നായർ - ഓർമ്മക്കുറിപ്പ്‌

ഡി. ബാബു പോൾ ഐ.എ.എസ്‌. തന്റെ സർവ്വീസി​‍്‌ സ്‌റ്റോറിയായ ‘കഥ ഇതുവരെ’യിൽ എഴുതുന്നു. “കോട്ടയത്ത്‌ വച്ച്‌ അടുത്ത്‌ പരിചയപ്പെട്ടവരിൽ ഉദ്യോഗസ്‌ഥരായിരുന്നവരെക്കുറിച്ച്‌ പറയേണ്ടെന്ന്‌ കരുതിയെങ്കിലും, കോട്ടയം എസ്‌.പി. വെങ്കിടാചലത്തെക്കുറിച്ച്‌ പറയാതെ വയ്യ. എം.കെ.കെ.നായർക്കെതിരെ അന്വേഷണം നടത്തിയ സി.ബി.ഐ., ഡി.വൈ.എസ്‌.പി. ആയിരുന്നു സ്വാമി. എല്ലാ പോലീസുകാരേയും പോലെ സ്വാമിയും പ്രതികുറ്റക്കാരനാണെന്ന്‌ വിശ്വസിച്ചു. എന്നാൽ സ്വന്തം ഡയറിയിൽ എം.കെ.കെ.ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ എഴുതിയ ചില പരാമർശങ്ങൾ സി.ബി.ഐ., അവരെ കാണിച്ചതുകൊണ്ടാണ്‌ വലിയ സമ്മർദ്ദം ഉണ്ടായിട്ടും പ്രധാനമന്ത്രി ആ കേസിൽ ഇടപെടാതിരുന്നത്‌ എന്ന്‌ സ്വാമി പറഞ്ഞത്‌, ഇവിടെ രേഖപ്പെടുത്തുന്നത്‌. എം.കെ.കെ.യുടെ ആത്മാവിനുവേണ്ടി ഞാൻ ഇടുന്ന ബലിയാണ്‌. കേരളത്തിലെ ഏറ്റവും പ്രഗല്‌ഭരിൽ ഒരാളായി തന്റെ തലമുറയിൽ വാഴ്‌ത്തപ്പെടേണ്ടിയിരുന്ന ഒരു മഹാപ്രതിഭയാണ്‌, എം.കെ.കെ. ഒടുവിൽ ജഡ്‌ജി എലിസബത്ത്‌ ഇടിക്കുള എം.കെ.കെ.യെ വെറുതെ വിട്ടു. സി.ബി.ഐ. വിമർശിക്കപ്പെട്ടു. എം.കെ.കെ.യ്‌ക്ക്‌ ശമ്പളത്തിനു പുറമേ നഷ്‌ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ആ മഹദ്‌ ജീവിതത്തിന്റെ അന്ത്യപാദം ഇങ്ങിനെ അനാവശ്യമായി പീഡിപ്പിക്കപ്പെട്ടതായിപ്പോയതിനാൽ ഒരു പ്രതിഭയുടെ മുഴുവൻ പ്രയോജനവും ഈ നാടിനു കിട്ടിയില്ല.”

(കഥ ഇതുവരെ‘ - ഡി. ബാബുപോൾ പേജ്‌146) എന്നാൽ എം.കെ.കെ.യുടെ ആത്‌മകഥയിൽ പറയുന്നത്‌, മറ്റൊരു കഥയാണ്‌.“ എന്നെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള ശുപാർശ പ്രധാനമന്ത്രിയുടെ അടുത്തെത്തിയപ്പോൾ അന്ന്‌ പ്ലാനിംഗ്‌ മേധാവിയായിരുന്ന സി. സുബ്രഹ്‌മണ്യത്തിന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായം ഇപ്രകാരമായിരുന്നു. ”1952 മുതൽ ഈ ഉദ്യോഗസ്‌ഥനെ എനിക്ക്‌ വളരെ അടുത്തറിയാം. ഇന്നു ഭാരതത്തിലുള്ള സിവിൽ സേർവന്റസ്‌ ( Civil Servants) ന്റെ ഇടയിൽ ഏറ്റവും പ്രാപ്‌തനും സ്വഭാവശുദ്ധിയുള്ളവനുമാണ്‌, അദ്ദേഹം. അദ്ദേഹത്തിന്റെ നേരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഒന്നും തന്നെ നിലിനൽക്കുന്നതല്ല എന്നാണ്‌, എന്റെ വിശ്വാസം അതുകൊണ്ട്‌, ഇക്കാര്യത്തിൽ ശ്രദ്ധിച്ചു പരിശോധന നടത്തിയശേഷമേ ഒരു തീരുമാനം എടുക്കാൻ പാടുള്ളൂ.“

ഈ അഭിപ്രായം കണ്ടയുടനെ പ്രധാനമന്ത്രി പ്രോസിക്യൂഷന്‌ അംഗീകാരം നൽകാതെ ഫയൽ തിരിച്ചയച്ചു. പക്ഷെ, സി.ബി.ഐ. തോൽവി സമ്മതിക്കാൻ തയ്യാറായില്ല. അക്കാലത്ത്‌ മണ്ഡൽ എന്നു പേരുള്ള ഒരു ഹരിജൻ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്റെ പേരിൽ പ്രോസിക്യൂഷനു വേണ്ട നടപടികൾ എടുത്തിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു കാരണം. അയാൾക്ക്‌ വേണ്ടി ഹരിജൻ പാർലമെന്റ്‌ അംഗങ്ങൾ പ്രധാനമന്ത്രിക്ക്‌ നിവേദനങ്ങൾ നൽകിയെങ്കിലും അതുപ്രധാനമന്ത്രി സ്വീകരിച്ചില്ല. സന്ദർഭമുപയോഗിച്ച്‌, പത്തു പതിനാറ്‌ ഹരിജൻ പാർലമെന്റംഗങ്ങളുടെ ഒപ്പുള്ള ഒരു ഹർജി പ്രധാനമന്ത്രിക്ക്‌ ലഭിച്ചു. സാധുക്കളായ ഹരിജനങ്ങളെ കൊന്നാലും അവരുടെ വീടുകൾ തീവെച്ചാലും സ്‌ത്രീകളെ ബലാൽസംഗം ചെയ്‌താലും ഈ രാജ്യത്ത്‌ ചോദിക്കാനാരുമില്ല. എന്നാൽ, അവരിലാരെങ്കിലും ഒരാൾ സ്വപ്രയത്‌നം കൊണ്ട്‌ നല്ല ഒരു നിലയിൽ എത്തുകയാണെങ്കിൽ അയാളെ എങ്ങിനെയെങ്കിലും നശിപ്പിക്കാനുള്ള ശ്രമമാണ്‌ കാണുന്നത്‌. അക്കാര്യത്തിൽ ഇടപെടാൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രി സ്വാധീനശക്തിയുള്ള ഒരു സവർണ്ണ ഹിന്ദുവായ നായരുടെ കാര്യത്തിൽ അതിഭീമമായ ഒരു കേസ്‌ പുകച്ചുകളയാൻ ശ്രമിക്കുന്നത്‌ ശരിയല്ലെന്നും ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കാൻ തങ്ങൾ തയ്യാറാണെന്നും ഒക്കെയാണ്‌ ആ ഹർജിയിൽ പറഞ്ഞിരുന്നത്‌. അന്ന്‌, ക്യാബിനറ്റ്‌ സെക്രട്ടറിയായിരുന്ന പാൺധേയാണ്‌ എന്നോട്‌ ഇക്കാര്യം പറഞ്ഞത്‌. ആ ഹർജിയുടെ ശൈലിയിൽ നിന്നും ആരാണ്‌ അതെഴുതിയതെന്ന്‌ പാൺധേക്കും എനിക്കും വ്യക്തമായിരുന്നു. അപ്പോഴേക്കും പ്ലാനിംഗ്‌ കമ്മീഷഷന്റെ മേധാവിയായി സുബ്രഹ്‌മണ്യത്തിനു പകരം, മി. ധാർ ചാർജെടുത്തു കഴിഞ്ഞിരുന്നു. ധാറിന്റെ പരിഗണനയ്‌ക്ക്‌ കേസ്‌ വന്നു. സെക്രട്ടറി അശോക്‌മിത്രയുടെ ശക്തമായ പ്രതിഷേധം നിരാകരിച്ച്‌, ധാർ കേസ്‌ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതുതന്നെയാണെന്ന്‌ എഴുതി. അതിൽ പ്രകാരം പ്രധാനമന്ത്രി അതിൽ അംഗീകാരം നൽകുകയും ചെയ്‌തു.” (ആരോടും പരിഭവമില്ലാതെ - എം.കെ.കെ.നായർ) (പേജ്‌ - 564)

മറ്റൊരിടത്ത്‌ അദ്ദേഹം പറയുന്നു. “1975-ൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചപ്പോൾ ഭാരതത്തിലുടനീളം പോലീസിന്റെ അഴിഞ്ഞാട്ടം തുടങ്ങി. എറണാകുളം സി.ബി.ഐ.യും അവരുടേതായ കയ്യാങ്കളി നടത്താൻ തുടങ്ങി. എന്റെ ടെലിഫോണിൽ ഒരു Tape recorder ഘടിപ്പിച്ച്‌ അതിൽ നടക്കുന്ന സംഭാഷണങ്ങൾ എല്ലാം ചോർത്താൻ തുടങ്ങി. കൂടാതെ,ഞാൻ താമസിക്കുന്ന വീട്ടിനു മുമ്പിലുള്ള ഒരു കടക്കാരന്‌ പണം കൊടുത്ത്‌ എന്റെ വീട്ടിൽ ആരെല്ലാം സന്ദർശിക്കുന്നു, ഞാൻ എപ്പോഴെല്ലാം പുറത്തുപോകുന്നു, മടങ്ങിവരുന്നു, എന്നെല്ലാമുള്ള വിവരങ്ങൾ ശേഖരിച്ചു. കൂടാതെ, സി.ബി.ഐ.യുടെ എസ്‌.പി.യും അന്നത്തെ എറണാകുളം സിറ്റികമ്മീഷണറും കൂടി ഒരു ഹീനകൃത്യം ചെയ്യുകയും ചെയ്‌തു. ഏതെങ്കിലും തരത്തിൽ എന്നെ ഒന്നുരണ്ടു ദിവസം ലോക്കപ്പിൽ വയ്‌ക്കെണമെന്നതായിരുന്നു അവരുടെ ഗൂഢാലോചന.... ഒരു ദിവസം വൈകുന്നേരം ഞാൻ വീട്ടിലില്ലാതിരുന്നപ്പോൾ ഒരു പോലീസുകാരൻ അവിടെ എന്നെ അന്വേഷിച്ചു വന്നു. തേവര സ്‌റ്റേഷനിൽ നിന്നണെന്നും എന്നെ സംബന്ധിക്കുന്ന ഒരു കടലാസുമായി വന്നിരിക്കയാണെന്നും അന്നവിടെ ഉണ്ടായിരുന്ന എന്റെ ഒരു ബന്ധുവിനോട്‌ പറഞ്ഞു. ഒരു അറസ്‌റ്റ്‌ വാറന്റുമായിട്ടാണ്‌ അയാൾ വന്നിരുന്നത്‌. അന്ന്‌ ശനിയാഴ്‌ചയായിരുന്നു. അന്നു രാത്രി അറസ്‌റ്റ്‌ ചെയ്‌താൽ തിങ്കളാഴ്‌ച രാവിലെ വരെ എന്നെ ലോക്കപ്പിൽ ഇരുത്താമല്ലോ. മുമ്പു പറഞ്ഞ കള്ളക്കേസിലെ പ്രതിയായ ഞാൻ ഒളിച്ചോടിപ്പോയിരിക്കയാണെന്ന്‌ പറഞ്ഞ്‌, മജിസ്‌ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ്‌ ആ വാറണ്ട്‌ വാങ്ങിയത്‌. പിറ്റേദിവസം രാവിലെ ഞാൻ വക്കീലുമായി മജിസ്‌ട്രേട്ട്‌ കോടതിയിൽ ചെന്ന്‌, കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ്‌, അടിയന്തിരാവസ്‌ഥയുടെ മറവിൽ നിന്നുകൊണ്ട്‌, ഇത്രമൃഗീയമായ ഒരു പ്രവൃത്തിക്ക്‌ രണ്ട്‌ പോലീസ്‌ സൂപ്രണ്ടുമാർ തുനിഞ്ഞതിന്റെ തെളിവു കണ്ടത്‌. ഞാൻ അന്നുതന്നെ സ്വന്തം പേരിൽ ജാമ്യം എടുത്തു. കുറെക്കാലം കഴിഞ്ഞ്‌ ആ കേസ്‌ തള്ളി.

അങ്ങനെ പല പരീക്ഷണങ്ങളും കേസ്‌ നടക്കുന്നകാലത്ത്‌ ഉണ്ടായി. പക്ഷെ, ദേവികൃപകൊണ്ട്‌, എല്ലാം ശുഭമായി പര്യവസാനിച്ചുവെന്ന്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ടല്ലോ. ലോക പ്രസിദ്ധമായ ഒരു പഴമൊഴിയുണ്ട്‌.”Justice delayed is justice demied“.

ഈ കള്ളക്കേസുണ്ടായില്ലെങ്കിൽ 1977-ൽ ഒരുപക്ഷെ, എനിക്ക്‌ ക്യാബിനറ്റ്‌ സെക്രട്ടറി പദം ലഭിക്കുമായിരുന്ന് ഡൽഹിയിൽ പലരും വിശ്വസിച്ചിരുന്നു.” (ആത്മകഥ - എം.കെ.കെ. നായർ പേജ്‌ 575)

കോടതി വിധി

1983 മെയ്‌ 30-​‍ാം തിയതി എം.കെ.കെ. നായർ കുറ്റക്കാരനല്ലെന്ന്‌ സി.ബി.ഐ. സ്‌പെഷ്യൽ ജഡ്‌ജ്‌ ശ്രീമതി എലിസബത്ത്‌ മത്തായി ഇടിക്കുള വിധിപറഞ്ഞു. വരുമാനത്തിന്‌ നിരക്കാത്ത വസ്‌തുവകകളും പണവും എം.കെ.കെ.നായർ സമ്പാദിച്ചില്ല എന്ന്‌ വിധിയിൽ പറഞ്ഞു. സി.ബി.ഐ.യുടെ എസ്‌.പി. ശ്രീ റ്റി.എസ്‌. വെങ്കിടാചലം ഉണ്ടാക്കിയ ക്രിത്രിമരേഖയെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്‌തു.

മെയ്‌ 30-​‍ാം തിയതി ശ്രീമതി എലിസബത്ത്‌ മത്തായി ഇടിക്കുള റിട്ടയർ ചെയ്‌തു അതിനു ശേഷം, എം.കെ.കെ. നായർക്കെതിരെയുള്ള വേറൊരു കേസ്‌ എറണാകുളത്തേക്ക്‌ മാറ്റി. സി.ബി.ഐ. സ്‌പെഷ്യൽ ജഡ്‌ജി ശ്രീ. വി.കെ. ഭാസ്‌ക്കരനാണ്‌ ആ കേസിന്റെ വിചാരണ നടത്തിയത്‌. പത്തുവർഷം നീണ്ടുനിന്ന ആ നിയമയുദ്ധത്തിന്‌, ജസ്‌റ്റീസ്‌ ഭാസ്‌ക്കരൻ, 1984 ഫെബ്രുവരി 28ന്‌, വിധിപറഞ്ഞു.

എഫ്‌.എ.സി.റ്റി.യുടെ ചെയർമാനും മാനേജിംഗ്‌ ഡയറക്‌ടറുമായിരിക്കെ കമ്പനി ഡ്രൈവറുടേയും എൻജിനീയറുടേയും സേവനവും രണ്ടുകാറുകളും സ്വകാര്യാവശ്യത്തിനായി വിനിയോഗിക്കുകവഴി കമ്പനിക്ക്‌ 8648 രൂപ 54 പൈസ നഷ്‌ടം വരുത്തിയെന്ന കേസിൽ എം.കെ.കെ. നായർ കുറ്റക്കാരനല്ലെന്ന്‌ കോടതി വിധിച്ചു.

ഭ്രാന്തവും വന്യവുമായ ആരോപണങ്ങൾ അടങ്ങുന്ന വ്യാജമായ പ്രഥമവിവരറിപ്പോർട്ടാണ്‌ സി.ബി.ഐ. ഫയൽ ചെയ്‌തതെന്നാണ്‌ അന്തിമ വിശകലനത്തിൽ കാണുന്നതെന്ന്‌ ജഡ്‌ജി വിധിന്യായത്തിൽ കുറ്റപ്പെടുത്തി. ദുർവാശിയോടെ വ്യാജമായ തെളിവുകൾ നിർമമിക്കുക വസ്‌തുനിഷ്‌ഠമായ തെളിവുകൾ മറച്ചുവെക്കുക എന്നിങ്ങനെ സംശയകരമായ കാര്യങ്ങൾ സി.ബി.ഐ. അവലംബിച്ചതായി കാണുന്നുവെന്ന്‌ കോടതി ആക്ഷേപിച്ചു.

കാര്യക്ഷമമമെന്ന്‌ കരുതപ്പെടുന്ന അതിശക്തമായ ഒരു അന്വേഷണ സംവിധാനമായ സി.ബി.ഐ. ഒരു പൗരന്റെ അന്തസ്സിന്റെ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന മർമ്മപ്രധാനമായ ഇത്തരം പ്രശ്‌നത്തിൽ ഇമ്മാതിരി മാർഗ്ഗങ്ങൾ അവലംബിച്ചുവെന്നത്‌ ഗൗരവമായിത്തന്നെ എടുക്കണം. പത്തുവർഷം കുറ്റവിചാരണയെ സമചിത്തതയോടെ വലിയ ഒരഗ്നിപരീക്ഷയാണ്‌ അഭിമുഖീകരിച്ചത്‌. ഇതില്ലായിരുന്നുവെങ്കിൽ, നമ്മുടെ നാട്ടിലെ ജനോപകാരപ്രദമായ ചുമതലകൾ വഹിക്കുന്ന ഉന്നതപദവികൾ പലതും അലങ്കരിക്കേണ്ട വ്യക്തിയായിരുന്നു പ്രതി എന്ന്‌, വിധിയിൽ സി.ബി.ഐ. സ്‌പെഷ്യൽ ജഡ്‌ജി ശ്രീ.വി.കെ.ഭാസ്‌ക്കരൻ എടത്തു പറഞ്ഞു.

വിധി വന്നു മൂന്നുവർഷത്തിനുശേഷം, 1987ൽ എം.കെ.കെ. നായർ ക്യാൻസർ ബാധിതനായിതിനെത്തുടർന്ന്‌ അന്തരിച്ചു. എം.കെ.കെ.യുടെ പ്രധാന അഭിഭാഷകനായിരുന്ന വടക്കൂട്ട്‌ നാരായണമേനോൻ, വിധിവരുന്നതിനുമുൻപെ, 1982ൽ മരിച്ചു. അതിനുശേഷം, ശ്രീ വൈലോപ്പിള്ളി പരമേശ്വരമേനോനും, ശ്രീ. വി.രാധാകൃഷ്‌ണമേനോനുമാണ്‌ കേസ്‌ നടത്തിയത്‌.

Previous Next

ടി.എം. എബ്രഹാം


Phone: 0484-2543210




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.