പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

‘ മണ്ണിന്റെ വേര്‌ ’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. നൂറനാട്‌ രവി

കവിത

ഞാനിത്തമോനീലരാവും കുടിച്ചു-

മെൻ നോവിൽ പനിച്ചു,മെൻ-

നാവിൽ കൊടിത്തൂവ തേച്ചും;

പിന്നെയെൻ തോന്ന്യാക്ഷരങ്ങൾ കുറിച്ചും-

കുരച്ചും, മരിച്ചും,-

ജനിച്ചെന്ന കുറ്റം ശിരസ്സിലേറ്റുന്നു.

എന്റെ മണ്ണ്‌ - എന്റെയീ മണ്ണ്‌....

എന്റെയീ വേവുന്ന മണ്ണുണ്ണി തിന്നുന്നു!

പൊളിക്കുന്നു വായവൻ നോക്കുന്നു ഞാനതിൽ-

കാണുന്നതില്ലീ പ്രപഞ്ചവുമെന്നെയും!

ഭൂതഗർഭത്തിന്നിരുണ്ടു വിളളുന്നതാം

കാക്കവിളക്കിന്റെ നാക്കിൽ-

കരിന്തിരിയായി നീറുന്നു ഞാൻ,

നൂറുനൂറായിരം സൂര്യഗോളങ്ങളിൽ

കത്തിനില്‌ക്കുന്നു ഞാ,-

നെന്നിലെരിയുന്ന ഞാൻ!

ഇരുളും, നിലാവും, വെയിലും, കുടിച്ചെന്റെ

ചിന്ത ചീർക്കുന്നു.

എന്റെയീ ഭൂമി പുനർജ്ജനിക്കുന്നതി-

ന്നീറ്റു നോവിൽ പിട-

ഞ്ഞുടയും നിമിഷങ്ങളെന്നെ മൂടുന്നു.

ആദി മൗനത്തിന്റെ നൃത്തമെൻ കൺകളിൽ

കാലിലോ ചങ്ങലക്കെട്ടിന്റെ വൃത്തങ്ങൾ;

നീലിച്ചമൃത്യു ഹാ! കൊത്തുമെന്നുച്ചിയും,

ഏതൊരു നീറുന്ന ചുംബനം ഹൃത്തിൽ?

പിളരുന്നിതായിരം കോശങ്ങൾ, ഏതോ

നിറവിന്നു നാവുനീട്ടുന്നു.

ഉന്മത്തമായിരമ്പുന്നൂ കൊടുങ്കാറ്റ്‌;

‘വെളളിടി’ ചീറി നില്‌ക്കുന്നു.

ഒരു ‘തൂവൽ’ വീണ്ടും-

പറന്നെത്തി നീറുന്ന മിഴികൾ മൂടുന്നു;

മണ്ണിന്റെ വേരുകൾ ചുറ്റുന്നു; വരിയുന്നു-

ചുറ്റിലും; ചോരയിറ്റുന്ന സ്വപ്നങ്ങൾ-

വീണ്ടുമെന്നുളളിൽ ഞെട്ടുന്നു.

ഞാനിത്തമോനീലരാവും കുടിച്ചും-

ചെടിയ്‌ക്കും മടുപ്പിലിന്നെന്നെ; ഞാനെന്നെ നീറ്റുന്നു.

ഹേ! സൂര്യ ! നിന്നുഷ്‌ണരാഗമൊഴുക്കുക;

താളമൊഴുക്കുക; ആദിയുമന്തവും

പാടിയുറക്കുക; നീയെന്റെ-

ചീയുമീ ‘മണ്ണി’ന്റെ ‘വേരി’ലുദിയ്‌ക്കുക.

പ്രൊഫ. നൂറനാട്‌ രവി

1938 സെപ്‌റ്റംബർ മാസം 24-​‍ാം തീയതി നൂറനാട്‌ എന്ന ഗ്രാമത്തിൽ, ശ്രീ നാരായണന്റേയും, ശ്രീമതി മീനാക്ഷിയുടേയും മൂത്തപുത്രനായി ജനിച്ചു. നൂറനാട്‌ പടനിലം ഗവൺമെന്റ്‌ പ്രൈമറി സ്‌കൂളിലും, മാനേജ്‌മെന്റ്‌ ഹൈസ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്‌ തിരുവനന്തപുരം ഗവൺമെന്റ്‌ സംസ്‌കൃത കോളേജിൽ സംസ്‌കൃത സാഹിത്യം ഐച്ഛിക വിഷയമായി എടുത്ത്‌ ബിരുദവും, ബിരുദാനന്തരബിരുദവും പ്രശസ്‌തമായ നിലയിൽ പൂർത്തിയാക്കി. 1966 ഡിസംബർ മാസത്തിൽ പാലക്കാട്‌ വിക്‌ടോറിയ കോളജിൽ ജനറൽ സംസ്‌കൃതം ലക്‌ച്ചററായി. 1970 മുതൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽതന്നെ സംസ്‌കൃതം സാഹിത്യത്തിൽ ലക്‌ച്ചറർ, പ്രൊഫസർ, സാഹിത്യ വിഭാഗം അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ധ്യാപനം നടത്തിയശേഷം 1994 മാർച്ച്‌ 31-​‍ാം തീയതി ഉദ്യോഗത്തിൽനിന്നും വിരമിച്ചു. 1984-ൽ എൻ.ബി.എസ്‌ സിന്ദൂരപുഷ്‌പങ്ങൾ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. എ.ഐ.ആർ., ദൂരദർശൻ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവയിൽ കവിതകൾ, ഗാനങ്ങൾ, സുഭാഷിതങ്ങൾ എന്നിവ പ്രകാശനം ചെയ്‌തുകൊണ്ടിരിക്കുന്നു.

ഭാര്യഃ പി.സുലോചനാഭായി

മക്കൾഃ അനൂജ, അജൻ.

വിലാസം

ടി.സി-26&753,

ചെമ്പകനഗർ,

ഹൗസ്‌ നമ്പർഃ 83,

ഊട്ടുകുഴി,

തിരുവനന്തപുരം - 1.


Phone: 0471 331898
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.