പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > മലയാള സിനിമ 2007 - ഒരവലോകനം > കൃതി

മികച്ച പത്തു ചിത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

മലയാള സിനിമ 2007 - ഒരവലോകനം

മധ്യവർത്തി സിനിമകളുടെ കാലം കഴിഞ്ഞുവെന്നുള്ള ചലച്ചിത്ര നിരീക്ഷകരുടെ കമന്റുകൾക്ക്‌ മറുപടിയായി കലാപരമായി മികച്ച നിലവാരം പുലർത്തുന്ന ചില സിനിമകൾ 2007ൽ എത്തി. പ്രമേയത്തിലും, ആവിഷ്‌ക്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ഇത്തരം ഒരുപിടി സിനിമകൾ മലയാള സിനിമയ്‌ക്കുണ്ടായിരുന്ന മഹത്തായ പാരമ്പര്യത്തിന്‌ പിൻതുടർച്ച നൽകുന്നുണ്ട്‌. ഇവിടെ പരാമർശിക്കുന്ന 10 സിനിമകളിൽ കന്നി സംവിധായകരുടെ ചിത്രങ്ങളുമുണ്ട്‌ എന്നുള്ളത്‌ മലയാള സിനിമയുടെ മികച്ച സംഭാവനയായി കണക്കാക്കാവുന്നതാണ്‌.

രഞ്ജിത്‌ രചനയും സംവിധാനവും നിർവ്വഹിച്ച കയ്യൊപ്പ്‌ തീവ്രവാദത്തിന്റെ സാമൂഹ്യപ്രത്യാഘാതങ്ങൾ ആവിഷ്‌ക്കരിക്കുന്ന സിനിമയാണ്‌. ബാലചന്ദ്രൻ എന്ന എഴുത്തുകാരന്റെ മാനറിസങ്ങളിലൂടെയാണ്‌ ഈ സിനിമ അനാവരണം ചെയ്യപ്പെടുന്നത്‌. സാമൂഹ്യപ്രതിബദ്ധത എന്ന ബാധ്യത സുഖമുള്ള ഒരേർപ്പാടായി ഇതിലെ നായകൻ കരുതുന്നു. ആ രീതിയിൽ അയാൾ മുന്നോട്ടു പോകുന്നുമുണ്ട്‌. മനോജ്‌പിള്ള ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിൽ ഖുഷ്‌ബു, മുകേഷ്‌ എന്നിവരും അഭിനയിക്കുന്നു.

മധു കൈതപ്രം രചനയും സംവിധാനവും നിർവ്വഹിച്ച ‘ഏകാന്തം’ വാർദ്ധക്യത്തിന്റെ പ്രശ്നങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. രണ്ടു സുഹൃത്തുക്കൾ വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ കണ്ടുമുട്ടുന്ന മുഹൂർത്തങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. എം.ജെ രാധാകൃഷ്ണനാണ്‌ ചിത്രത്തിന്റെ കാമറ. നെടുമുടി വേണുവും മുരളിയുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്‌. മധുവിന്റെ കന്നിച്ചിത്രവും കൂടിയാണിത്‌. നവാഗതനായ ബാബു തിരുവല്ല രചനയും, സംവിധാനവും നിർവ്വഹിച്ച തനിയെ എന്ന ചിത്രവും വാർദ്ധക്യത്തിന്റെ അസ്വസ്ഥതകൾ ആവിഷ്‌ക്കരിക്കുന്നു. സമ്പന്നനും എസ്‌റ്റേറ്റുടമയുമായ ജോർജ്ജിന്റെ ഏകാന്ത നൊമ്പരങ്ങളാണ്‌ ഇതിലെ പ്രമേയം. ജോർജ്ജിന്റെ പരിചരണാർത്ഥം എത്തുന്ന ലക്ഷ്മി എന്ന ഹോം നേഴ്‌സിന്റെ സാന്നിദ്ധ്യം ജോർജിൽ സമ്പൂർണ്ണ മാറ്റങ്ങളുണ്ടാക്കി. നെടുമുടി വേണുവും, ലക്ഷ്മിഗോപാലസ്വാമിയുമാണ്‌ മുഖ്യവേഷങ്ങളിലെത്തുന്നത്‌. എം.ജെ രാധാകൃഷ്ണനാണ്‌ ഇതിന്റെയും ഛായാഗ്രാഹകൻ.

ഷാജി എൻ. കരുണിന്റെ എ.കെ.ജി എന്ന സിനിമയുടെ പ്രമേയം പേരിലുള്ളതുപോലെ പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ ജീവിതകഥയാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. അതിൽ സംവിധായകൻ വിജയിക്കുകയും ചെയ്തു. പി.വി.കെ പനയാൽ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചതു. എം.ആർ ശശിധരൻ ആണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചത്‌. എ.കെ.ജി ആയി പി. ശ്രീകുമാർ അഭിനയിച്ചു.

അവിരാ റബേക്ക രചനയും സംവിധാനവും നിർവഹിച്ച തകരച്ചെണ്ടയും സാമൂഹ്യപ്രശ്നങ്ങളാണ്‌ ആവിഷ്‌ക്കരിച്ചത്‌. അതിഭീകരമായി വളർന്നുവരുന്ന നാഗരികത പാർശ്വവത്‌കരിക്കപ്പെട്ട ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ യഥാർത്ഥമായ ആവിഷ്‌ക്കരണം തകരച്ചെണ്ടയിലുണ്ട്‌. വികലാംഗനായ ചക്രപാണി എന്ന യാചകനെ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. ഗീതുമോഹൻദാസ്‌ ലത എന്ന വീട്ടമ്മയേയും അവതരിപ്പിക്കുന്നു. വാൾട്ടൺ ഡിക്രൂസും കൂടി ചേർന്നാണ്‌ നവാഗതനായി അവിരാ റബേക്ക ഇതിന്റെ തിരക്കഥയെഴുതിയിട്ടുള്ളത്‌.

പ്രമുഖ ബംഗാളി എഴുത്തുകാരനായ സുനിൽ ഗംഗോപാധ്യായയുടെ ഹീരക്‌ ദീപ്തി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരേ കടൽ’ ഇതിനകം ദേശീയ അന്തർദ്ദേശീയ ബഹുമതി നേടിക്കഴിഞ്ഞിരിക്കുന്നു. സ്ര്തീപുരുഷബന്ധങ്ങളുടെ ആഴങ്ങളിലേക്ക്‌ അതിന്റെ ദീർഘസാധ്യതകളിലേക്ക്‌ വിരൽചൂണ്ടുന്ന ഒരേ കടൽ കലാപരമായി മികവു കാട്ടിയ സിനിമയാണ്‌. ഒരു എക്കണോമിക്സ്‌റ്റായ നാഥനും, ഒരു സാധാരണ വീട്ടമ്മയായ ദീപ്തിയും തമ്മിലുള്ള ആകസ്മികബന്ധത്തിന്റെ ആവിഷ്‌ക്കാരമാണ്‌ ഈ ചിത്രത്തിലുള്ളത്‌. മമ്മൂട്ടിയും മീരാജാസ്മിനും മികച്ച അഭിനയപാടവമാണ്‌ ഇതിൽ പ്രകടിപ്പിച്ചിട്ടുള്ളത്‌. അഴകപ്പനാണ്‌ ഛായാഗ്രാഹണസംവിധാനം നിർവ്വഹിച്ചിട്ടുള്ളത്‌. രമ്യാകൃഷ്ണനും അഭിനയിക്കുന്നു.

പി.ടി കുഞ്ഞുമുഹമ്മദ്‌ രചനയും, സംവിധാനവും നിർവ്വഹിച്ച പരദേശി നൂതനപ്രമേയമാണ്‌ അവതരിപ്പിക്കുന്നത്‌. വലിയകത്തു മൂസ എന്ന, കാൽ നിലത്തു സ്വതന്ത്രമായി ഉറപ്പിക്കാൻ കഴിയാത്ത ഒരു രാജ്യസ്നേഹി. പാക്‌ പൗരനെന്നും, ഇന്ത്യൻ പൗരനെന്നുമുള്ള ഏതെങ്കിലും ഒരു ഐഡന്റിറ്റി അന്വേഷിക്കുന്ന ഒരു മുസൽമാൻ. അയാളുടെ വ്യക്തി സ്വത്വങ്ങളുടെ പ്രതിസന്ധിയെയാണ്‌ പരദേശിയിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്‌ കെ.ജി ജയൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ മോഹൻലാൽ ആണ്‌ വലിയകത്തു മൂസയായി ജീവിക്കുന്നത്‌. ലക്ഷ്മി ഗോപാലസ്വാമിയും മറ്റു പ്രമുഖ താരങ്ങളും പരദേശിയിൽ അഭിനയിക്കുന്നുണ്ട്‌.

കഥാകൃത്തും, നോവലിസ്‌റ്റും, പത്രപ്രവർത്തകനുമായ ജി.ആർ ഇന്ദുഗോപൻ സംവിധാനം ചെയ്യുന്ന ഒറ്റക്കയ്യനും സമൂഹത്തിലെ പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ ജീവിതം ആവിഷ്‌ക്കരിക്കുന്നു. ജയചന്ദ്രനാണ്‌ ഛായാഗ്രഹണം. റിയലിസ്‌റ്റിക്കായി കഥപറയുന്ന രീതിയാണ്‌ സംവിധായകൻ ഇതിൽ ആവിഷ്‌ക്കരിക്കുന്നത്‌.

ഗ്രാമ്യമായ ചില ജീവിതപ്രമാണങ്ങളിൽ അണുവിട തെറ്റാതെ തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന മണ്ണിന്റെ മണമുള്ള മനുഷ്യരുടെ കഥകൾ പറഞ്ഞ തകഴി ശിവശങ്കരപ്പിള്ളയുടെ, ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നു അമ്മ, നിത്യകന്യക എന്നീ കഥകളെ ആസ്പദമാക്കി വിഖ്യാതനായ അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത നാലുപെണ്ണുങ്ങൾ എന്ന സിനിമ ശക്തമായ സ്ര്തീപക്ഷ സിനിമയാണ്‌. ജീവിതത്തിന്റെ പ്രതിസന്ധികളിലും, സ്വകാര്യ അസ്വസ്ഥതകളിലും സ്ര്തീമുഖങ്ങൾ വികാരത്തിന്റെ ഒരേ കടലിലാണ്‌ മുങ്ങിനിവരുന്നത്‌. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്തും, അതിനു മുമ്പോട്ടുള്ള കാലത്തും. സ്നേഹബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ആശ്വാസകരമായ പച്ചപ്പും ഒപ്പം തന്നെ സാമൂഹ്യക്രമങ്ങൾ അടിച്ചേല്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും നാലുപെണ്ണുങ്ങളിൽ അനാവരണം ചെയ്യുന്നു.

ഒരു നല്ല സിനിമയ്‌ക്കപ്പുറം ഇതിൽ അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകന്റെ സ്പർശം എവിടെ എന്ന്‌ നമുക്കു ധൈര്യസമേതം ചോദിക്കാം. എം.ജെ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ഹ്രസ്വസിനിമാ ശേഖരത്തിൽ കാവ്യാ മാധവൻ, മുകേഷ്‌, രവി വള്ളത്തോൾ, പത്മപ്രിയ, നന്ദിതാദാസ്‌ എന്നിവരൊക്കെയാണ്‌ വേഷമിടുന്നത്‌.

വ്യത്യസ്തനായൊരു ബാർബർ ബാലന്റെ കഥ പറഞ്ഞ കഥ പറയുമ്പോൾ എന്ന സിനിമ വാണിജ്യപരമായും വിജയത്തിലെത്തി. ശ്രീനിവാസൻ രചന നിർവ്വഹിച്ച ഈ ചിത്രം പ്രേക്ഷകർക്ക്‌ ഒരു നവ്യാനുഭവം തന്നെയാണ്‌. യഥാതഥമായ ആവിഷ്‌കാരമാണ്‌ ഈ ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്‌. നവാഗതസംവിധായകനായ എൻ. മോഹനന്റെ കഥ പറയുമ്പോൾ മികച്ച 10 ചിത്രങ്ങളിൽ ഒന്നായത്‌ സത്യസന്ധമായ സിനിമ ആയതുകൂടി കൊണ്ടാണ്‌.

ഡബ്ബിംഗ്‌ ചിത്രങ്ങൾ

13 അന്യഭാഷാ ചിത്രങ്ങളാണ്‌ മലയാളത്തിൽ മൊഴിമാറ്റി കഴിഞ്ഞ കൊല്ലം എത്തിയത്‌. രാജേന്ദ്രബാബു സംവിധാനം ചെയ്ത മോഹൻലാൽ മുഖ്യവേഷമിട്ട ഏയ്‌ ടാക്സിയുടെ ക്യാമറമാൻ അജയാനൻ വിൻസെന്റ്‌ ആയിരുന്നു. അല്ലു അർജ്ജുൻ നായകനായ ഹാപ്പി, ചിരഞ്ജീവിയും, നയൻതാരയും അഭിനയിച്ച വി.എൻ ആദിത്യ സംവിധാനം ചെയ്ത ബോസ്‌ ഐ ലവ്‌ യൂ, മലയാളനടി കാവേരിയുടെ ഭർത്താവ്‌ സൂര്യ കിരൺ നിർമ്മിച്ച്‌ വൈ.വി.എസ്‌ ചൗധരി സംവിധാനം ചെയ്ത ദേവദാസ്‌,

വി.വി വിനായക്‌ സംവിധായകനായ അല്ലു അർജ്ജുൻ ചിത്രമായ ബണ്ണി, പുരി ജഗന്നാഥ്‌ സംവിധായകനായ ഹീറോ (നായകൻ അല്ലു അർജ്ജുൻ) രാജ്‌ മൗലി സംവിധാനം ചെയ്ത ഛത്രപതി അജിത്‌കുമാർ സംവിധാനം ചെയ്ത നയൻതാര അഭിനയിച്ച മല്ലീശ്വരി, ത്രിവിക്രം രചനയും സംവിധനവും നിർവ്വഹിച്ച ദി ടാർഗറ്റ്‌ ബിജു മേനോൻ അഭിനയിച്ച, ശിവ ചന്ദ്രൻ സംവിധാനം ചെയ്ത രണം, സീനു വൈറ്റില അവതരിപ്പിച്ച നയൻതാര ചിത്രം ദുബായ്‌ സീനു, ശേഖർ കാമുല സംവിധാനം ചെയ്ത, അല്ലു അർജ്ജുന്റെ ഹാപ്പി ഡേയ്‌സ്‌, പ്രകാശ്‌ സംവിധാനം ചെയ്ത ചെയ്സ്‌ എന്നിവയാണ്‌ തെലുങ്കിൽ നിന്നും മലയാളം ഡബ്ബ്‌ ചെയ്ത്‌ തിയേറ്ററുകളിലെത്തിയത്‌. ഇതിനോടൊപ്പം വസന്ത്‌ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന സിനിമ തമിഴിൽ നിന്നും മൊഴിമാറി എത്തി. പൃഥ്വിരാജ്‌ ആയിരുന്നു ഇതിലെ നായകൻ. മൊഴിമാറിയെത്തിയ 13 ചിത്രങ്ങളിൽ 9 സിനിമകളും മലയാളത്തിൽ ഹിറ്റുകളായി.

മുന്നിൽ നിൽക്കുന്നവർ

2007ൽ ഏറ്റവുമധികം ചിത്രങ്ങളിൽ അഭിനയിച്ചവരിൽ മുമ്പൻ സാക്ഷാൽ ജഗതി ശ്രീകുമാർ തന്നെയാണ്‌. 24 ചിത്രങ്ങളിലാണ്‌ ജഗതി തന്റെ സാന്നിദ്ധ്യം തെളിയിച്ചത്‌. പിന്നിലുള്ളത്‌ 14 ചിത്രങ്ങളുള്ള സലിംകുമാർ ആണ്‌. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, പൃഥ്വിരാജ്‌, ജയസൂര്യ എന്നിവർക്ക്‌ 7 ചിത്രങ്ങൾ വീതമുണ്ട്‌. കലാഭവൻ മണിക്ക്‌ 9 ചിത്രങ്ങൾ ദിലീപിന്‌ 5 ചിത്രങ്ങൾ, ജയറാമിന്‌ 2, ശ്രീനിവാസന്‌ 6, കൊച്ചിൻ ഹനീഫ 10, ബിജുമേനോൻ 6, ഹരിശ്രീ അശോകൻ 11, സുരാജ്‌ വെഞ്ഞാറമൂട്‌ 9, നായികമാരിൽ മുന്നിൽ നിൽക്കുന്നത്‌ കാവ്യാ മാധവൻ തന്നെ. 5 സിനിമയാണ്‌ കാവ്യയ്‌ക്ക്‌. തൊട്ടുപിന്നിൽ 4 സിനിമകളുമായി പത്മപ്രിയ ഉണ്ട്‌. ഗീതു മോഹൻദാസ്‌, വിമലാരാമൻ, ഗോപിക, സംവൃതാസുനിൽ, രമ്യാ നമ്പീശൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക്‌ 3 ചിത്രങ്ങൾ വീതമുണ്ട്‌. മീരാ ജാസ്മിൻ, നവ്യാനായർ, റോമ, സത്യഭാമ, കാർത്തിക എന്നിവർക്ക്‌ 2 ചിത്രങ്ങളുമുണ്ട്‌.

ടി.എ റസാക്ക്‌, ഉദയ്‌കൃഷ്ണ-സിബി കെ. തോമസ്‌, ഡെന്നീസ്‌ ജോസഫ്‌, ജെ. പള്ളാശ്ശേരി, ടി.എ. ഷാഹിദ്‌, റാഫി മെക്കാർട്ടിൻ, മാടമ്പ്‌ കുഞ്ഞുകുട്ടൻ, എ.കെ സാജൻ, ബാബു ജനാർദ്ദനൻ എന്നിവർ 2 സിനിമകൾക്ക്‌ തിരക്കഥകളെഴുതി.

ഗാനരചനയിൽ മുന്നിൽ നിൽക്കുന്നത്‌ വയലാർ ശരത്‌ചന്ദ്രവർമ്മയാണ്‌. 18 സിനിമകൾക്കാണ്‌ അദ്ദേഹം ഗാനങ്ങളെഴുതിയത്‌. തൊട്ടുപിന്നിൽ 17 സിനിമകൾക്ക്‌ വരികളെഴുതി ഗിരീഷ്‌ പുത്തഞ്ചേരിയുണ്ട്‌. രാജീവ്‌ ആലുങ്കൽ 9 സിനിമകൾക്ക്‌ പാട്ടെഴുതി മൂന്നാം സ്ഥാനത്തുണ്ട്‌. സിജു തുറവൂർ 6 സിനിമകൾക്കെഴുതി. അനിൽ പനച്ചൂരാൻ, റഫീക്ക്‌ അഹമ്മദ്‌, മങ്കൊമ്പു ഗോപാലകൃഷ്ണൻ എന്നിവർ 3 സിനിമകൾക്ക്‌ പാട്ടെഴുതി. ഒ.എൻ.വി, കൈതപ്രം, യൂസഫലി കേച്ചേരി, കാനേഷ്‌ പുന്നൂര്‌, ജോഫി തരകൻ എന്നിവർ രണ്ടു സിനിമകൾക്കുവീതം പാട്ടെഴുതി. രമേശൻ നായർ, ജയകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ, ബീയാർ പ്രസാദ്‌, ബിച്ചു തിരുമല, കാവാലം, എം.ഡി രാജേന്ദ്രൻ, ഷിബു ചക്രവർത്തി, പ്രഭാ വർമ്മ എന്നിവർ ഓരോ സിനിമകൾക്കുവേണ്ടി പാട്ടെഴുതിയും 2007ൽ സാന്നിദ്ധ്യമറിയിച്ചു.

സംഗീത സംവിധായകരിൽ മുന്നിൽ നിൽക്കുന്നത്‌ അലക്സ്‌പോൾ ആണ്‌. 9 സിനിമകൾക്കാണ്‌ അദ്ദേഹം സംഗീതം പകർന്നത്‌. രണ്ടാമത്‌ ഔസേപ്പച്ചനാണ്‌. 6 സിനിമകൾ. 5 സിനിമകളുമായി എം. ജയചന്ദ്രൻ മൂന്നാം സ്ഥാനത്തുണ്ട്‌. അൽഫോൺസ്‌, വിദ്യാധരൻ എന്നിവർ 3 സിനിമകൾക്ക്‌ സംഗീതം പകർന്നു. മോഹൻ സിത്താര, ദീപക്‌ദേവ്‌, ഇളയരാജ, ബിജിബാൽ എന്നിവർ 2 സിനിമകളിലെ വീതം ഗാനങ്ങൾക്ക്‌ ഈണമേകി. ജോൺസൺ ഒരു സിനിമയിൽ സംഗീതം പകർന്ന്‌ സാന്നിദ്ധ്യമറിയിച്ചു. രമേശ്‌ നാരായണനും, രാജാമണിയും ഓരോ സിനിമകളിൽ പ്രവർത്തിച്ചു. ഛായാഗ്രാഹകരിൽ മുമ്പൻ പി. സുകുമാർ ആണ്‌. 5 സിനിമകൾക്കാണ്‌ അദ്ദേഹം ക്യാമറ ചലിപ്പിച്ചത്‌. രണ്ടാം സ്ഥാനത്ത്‌ 4 പേരുണ്ട്‌. മനോജ്‌ പിള്ള, ആനന്ദക്കുട്ടൻ, എം.ജെ രാധാകൃഷ്ണൻ, ഷാംദത്ത്‌ എന്നിവർ 4 സിനിമകളിൽ വീതം ക്യാമറ ചെയ്തു. സഞ്ജീവ്‌ ശങ്കർ, അഴകപ്പൻ, വേണുഗോപാൽ എന്നിവർ മൂന്നു സിനിമകൾ വീതം വർക്കു ചെയ്തു. കെ.പി നമ്പ്യാതിരി, ശ്രീശങ്കർ, രാജരത്നം, സാലു ജോർജ്ജ്‌, ജിബു ജേക്കബ്ബ്‌, ഷാജി എന്നിവർ 2 സിനിമകളിൽ വീതം ഛായാഗ്രഹകരായി. കെ.ജി ജയൻ, രാമചന്ദ്രബാബു, വിപിൻ മോഹൻ, എസ്‌. കുമാർ എന്നിവർ ഓരോ സിനിമകളിലും ക്യാമറ ചലിപ്പിച്ചു.

ചിത്ര സംയോജകരിൽ മുന്നിലുള്ളത്‌ പി.സി മോഹനനാണ.​‍്‌ 14 ചിത്രങ്ങൾ അദ്ദേഹം എഡിറ്റു ചെയ്തു. രഞ്ജൻ എബ്രഹാം 9 സിനിമകൾ ചെയ്തു. 5 സിനിമകൾ ഡോൺമാക്സ്‌ എഡിറ്റു ചെയ്തു. രാജഗോപാൽ, ഹരിഹരപുത്രൻ, രാജാ മുഹമ്മദ്‌, ജി. മുരളി എന്നിവർ 4 ചിത്രങ്ങൾ വീതം. 3 സിനിമകൾ എൽ. ഭൂമിനാഥൻ എഡിറ്റു ചെയ്തു.

Previous

ബി. ജോസുകുട്ടി.

അമ്പതോളം കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചില കഥാസമാഹാരങ്ങളിലും കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കവിതകളും എഴുതുന്നു. മേരിവിജയം മാസിക (തൃശ്ശൂർ) കഥാ അവാർഡുകൾ. ആലപ്പുഴയിലെ പ്രമുഖ ലൈബ്രറിയായ ഔവ്വർ ലൈബ്രറി കഥാ അവാർഡുകൾ, തിരുവനന്തപുരം ‘രചന’യുടെ കവിതാ അവാർഡ്‌, ബാംഗ്ലൂർ മലയാളി സമാജം അവാർഡ്‌, തൃശ്ശൂർ ‘തൂലിക’യുടെ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ പന്തലിൽ പറമ്പ്‌ തോണ്ടൻ കുളങ്ങര ആലപ്പുഴ - 688006.


Phone: 9497221722
E-Mail: bjosekutty13@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.