പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മലയാള നാടകവേദി ഉറച്ച ചുവടുവെയ്‌പ്പോടെ മുന്നോട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രദാസൻ

പുതിയ നൂറ്റാണ്ടിലേക്ക്‌ കടക്കുമ്പോഴും ഇന്ത്യയിൽ മറ്റെല്ലായിടത്തുമെന്നപോലെ തന്നെ കേരളത്തിലെ നാടകവേദിയും നിർണായകമായ ഒരു വഴിത്തിരിവിലാണ്‌. തങ്ങളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമൊത്ത്‌ നാടകവേദിയിൽ ഗുണപരമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന്‌ വിമർശക-ആസ്വാദകവൃന്ദങ്ങൾ വിലപിക്കുന്നു. നാടകസൃഷ്‌ടികളെ സംബന്ധിച്ചിടത്തോളം രൂപപരവും ഘടനാപരവുമായ അതിന്റെ സ്വഭാവത്തെയും വിനിമയപരതയെയും സംബന്ധിച്ച്‌ നാടകപ്രവർത്തകർക്കിടയിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്‌. ഈ രംഗത്തു പ്രകടമായ ഭ്രാന്തമായ പരീക്ഷണങ്ങൾ ഒരു വിഭാഗം ആസ്വാദകരെ നാടകവേദിയിൽ നിന്നുതന്നെ അകറ്റിനിർത്തുകയുണ്ടായി. എന്നാൽ അതോടൊപ്പം കാലികമായി ലോകത്തെങ്ങുമെന്നപോലെ നമ്മുടെ നാടകപ്രവർത്തകരും അവരുടെ മാധ്യമത്തെ സംബന്ധിക്കുന്ന കലാപരവും ശിൽപ്പപരവുമായ ബോധം സൂക്ഷിക്കുന്നുണ്ട്‌. സാമ്പത്തികവും ഭൗതികവുമായ വിഭവങ്ങളുടെ അഭാവം നിമിത്തമാണ്‌ ഒരു നാടക പ്രവർത്തകന്‌ ഒരു നാടകസൃഷ്‌ടിയുടെ സാക്ഷാത്‌ക്കാരത്തെ പാതിവഴിയിലുപേക്ഷിക്കേണ്ടിവരുന്നത്‌. ഇത്‌ ശ്രദ്ധേയമായ ഒരു വസ്തുതയാണ്‌. പ്രദേശികതലത്തിലും സംസ്ഥാനതലത്തിലുമുളള ഭരണകൂടങ്ങൾ നാടകവേദിയുടെ രക്ഷകർത്തിത്വം ഏറ്റെടുക്കാൻ പോന്നവിധം സൗഹാർദ്ദപൂർണമായ ഒരു സമീപനമല്ല വച്ചുപുലർത്തുന്നത്‌. സംസ്ഥാന സംഗീതനാടകവേദികൾ നാടകപ്രവർത്തകർക്കു വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും അവരെ നയിക്കുന്നതിലും തീരെ അപര്യാപ്തമാണ്‌. ഭാഗികമായി വീക്ഷണപരവും സാമ്പത്തികവുമായ കാരണങ്ങളാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. 1977ലും 2000ത്തിലും എറണാകുളത്ത്‌ സംഘടിപ്പിച്ച ദേശീയ നാടകോത്സവമാണ്‌ അക്കാദമിയുടെ ഭാഗത്തുനിന്ന്‌ കേരളത്തിലെ നാടകപ്രവർത്തകർക്കുണ്ടായ ഏക പ്രോത്സാഹനം. ഡൽഹിയിലെ കേന്ദ്രസർക്കാർ ഏജൻസികളും കേന്ദ്ര സംഗീതനാടക അക്കാദമിയുമാകട്ടെ നാടകപ്രവർത്തകരോട്‌ തീണ്ടാപാടകലം പുലർത്തുന്നു. സാമൂഹ്യമായ സ്വീകാര്യപരിമിതത്വവും ദാരിദ്ര്യവുമാണ്‌ ഒരു നാടകപ്രവർത്തകനെ നിത്യവൃത്തിയ്‌ക്കുവേണ്ടി സിനിമയുടേയും ടെലിവിഷന്റെയും മറ്റ്‌ പരിപാടികളുടേയും സമ്പന്നശാദ്വലങ്ങളിലേക്ക്‌ നയിക്കുന്നത്‌. ഇത്തരം നിഷേധാത്മകഘടകങ്ങളാണ്‌ നാടകവേദിയുടെ ഭാവിയെ സംബന്ധിച്ച്‌ ജനങ്ങൾക്കിടയിൽ യാഥാർത്ഥ്യബോധവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നത്‌. സാമൂഹികവും മാനവീയവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ മുൻകാലങ്ങളിലേതുപോലെ ഇന്നത്തെ നാടകവേദി തയ്യാറാവുന്നില്ലെന്ന്‌ അനേകം പേർ പരാതിപ്പെടുന്നുണ്ട്‌.

എന്തൊക്കെയായിരുന്നാലും ഇത്തരത്തിലുളള ആശയക്കുഴപ്പങ്ങളുടേയും കീറാമുട്ടികളുടേയും ഇടയിലാണ്‌ മലയാള നാടകവേദി രൂപംകൊണ്ടതെന്ന്‌ നാം ഓർമ്മിക്കേണ്ടതുണ്ട്‌. മലയാള നാടകവേദിയുടെ രൂപത്തിലും ഭാവത്തിലും സംഘാടനത്വത്തിലും സംഭവിച്ച നിർണായകമായ മാറ്റങ്ങൾക്ക്‌ കഴിഞ്ഞ നൂറ്റാണ്ട്‌ സാക്ഷ്യം വഹിച്ചു. ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ ഇരുപത്തിയഞ്ചുവർഷക്കാലത്താണ്‌ സഞ്ചാരികളായ തമിഴ്‌ നാടകസംഘങ്ങളുടെയും അവരുടെ പാട്ട്‌ നാടകങ്ങളുടേയും ചുവടുപിടിച്ച്‌ മലയാളനാടകവേദി രൂപപ്പെട്ടത്‌. ഇതിനുപുറമെ ശാകുന്തളം പോലുളള സംസ്‌കൃതക്ലാസിക്‌ നാടകങ്ങളുടെ ആദ്യകാല രംഗാവിഷ്‌ക്കാരങ്ങൾ നാടകം എന്ന പുതിയ മാധ്യമത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും മലയാളിക്ക്‌ പരിചയം നൽകി. ജീവസ്സുറ്റ ഈ മാധ്യമത്തിന്റെ സ്വതസിദ്ധമായ കഴിവുകളെ സാമൂഹ്യപ്രവർത്തകർ തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി ഋതുമതി, അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌, പാട്ടബാക്കി, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങൾ രൂപപ്പെടുകയുണ്ടായി.. തികച്ചും അയുക്തികവും വിചിത്രവുമായ സാമൂഹ്യ കീഴ്‌വഴക്കങ്ങളുടേയും വിശ്വാസങ്ങളുടേയും ഉറയൂരി സാമൂഹ്യപരിവർത്തനം സാദ്ധ്യമാക്കുന്നതിനും നവലോകം സൃഷ്‌ടിക്കുന്നതിനുമുളള ഉപാധിയായി നാടകത്തെ അവർ തിരിച്ചറിഞ്ഞു. മലയാള നാടകവേദിക്ക്‌ വളരാൻ വളക്കൂറുളള മണ്ണായിരുന്നു ഈ കാലം നൽകിയത്‌. ആധുനിക കേരളത്തിന്റെ സ്വത്വബോധത്തെ സയുക്തികം സാമൂഹ്യമായ കാഴ്‌ചപ്പാടോടെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഈ കാലഘട്ടം ചെയ്ത സംഭാവനകൾ വളരെ വലുതാണ്‌. കെ.പി.എ.സി. അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകം കേരളത്തിൽ കമ്മ്യൂണിസ്‌റ്റുകൾക്ക്‌ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരം സ്ഥാപിക്കാൻ സഹായകമായെന്നു വിശ്വസിക്കുന്ന അനേകം പേരുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ നാടകപ്രസ്ഥാനം ആദ്യകാല തമിഴ്‌നാടോടി നാടകങ്ങളെപ്പോലെ വിക്‌ടോറിയൻ പ്രൊസിനിയത്തിന്റെ ആദിമവും അസംസ്‌കൃതവുമായ രൂപത്തിൽ തന്നെ ഇന്നും നിലനിൽക്കുന്നു. തീർച്ചയായും നാടകം അതിഭാവുകത്വങ്ങളെ എടുത്തണിഞ്ഞതോടെ ചടുലചലനങ്ങളുടെ വേലിയേറ്റത്തിൽ സാക്ഷാത്‌ക്കാരം കോമാളിത്തമായിത്തീർന്നു. ജീവിതവും അതോടുബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളെയും പ്രമേയമാക്കി വി.ടി.യും സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും മറ്റു മഹാത്മാരായ അഭിനേതാക്കളും അരങ്ങിലവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ പ്രസിദ്ധങ്ങളും പ്രസക്തങ്ങളുമായിത്തീർന്നു. തുടർന്നുവന്ന അരനൂറ്റാണ്ടുകാലത്തെ നാടകവേദി വിവിധ ആശയധാരകളുടെ കഥ പറയുന്നു.

‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകവും മലബാർ കേന്ദ്രകലാസമിതി അവതരിപ്പിച്ച നാടകങ്ങളും ഒരു മുഖ്യധാരാ നാടക സംസ്‌ക്കാരത്തെ സൃഷ്‌ടിക്കുകയുണ്ടായി. ഈ നാടക സംസ്‌ക്കാരം പിൽക്കാലത്ത്‌ പ്രമേയത്തിലും ഘടനയിലും അഭിനയത്തിലും അവതരണത്തിലുമെന്നുവേണ്ടാ നാടകത്തിന്റെ സമസ്തമേഖലയിലും ആവർത്തനങ്ങളുടെ സമവാക്യങ്ങളെ സൃഷ്ടിച്ചു. എന്നാൽ സി.എൻ.ശ്രീകണ്‌ഠൻ നായരുടെയും സി.ജെ.തോമസിന്റെയും ഇക്കാലത്ത്‌ എഴുതപ്പെട്ട നാടകങ്ങൾ ആ കാലത്തിന്റെ പതിവുകൾക്കു വിപരീതമായിരുന്നു. ‘ലങ്കാലക്ഷ്‌മി’, ‘ആ മനുഷ്യൻ നീ തന്നെ’ എന്നീ രചനകൾ 1975-ൽ പുറത്തു വരുമ്പോൾ അന്നോളം ദർശിച്ചിട്ടില്ലാത്ത പുതുമകളെയാണ്‌ അവ മലയാളിക്കു പരിചയപ്പെടുത്തിയത്‌. സ്വാതന്ത്ര്യാനന്തരം ലോകനാടകവേദിയുടെ വിപ്ലവബോധം, പുതിയ മാതൃകകൾ നവീന ചലനങ്ങൾ എന്നിവയുമായി ഇന്ത്യൻ നാടകവേദി പരിചയപ്പെടാൻ തുടങ്ങി. കേരളത്തിൽ 1978-ൽ തൃശ്ശൂർ ആസ്ഥാനമാക്കി നാടകപഠനത്തിനായി ഒരു സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപേ തന്നെ ജി. ശങ്കരപ്പിളളയെപ്പോലുളളവരുടെ നേതൃത്വത്തിൽ നാടകക്കളരികളിലൂടെ നാടകത്തെ സംബന്ധിച്ച്‌ ഗൗരവപൂർവമായ പഠനങ്ങൾ നടന്നിരുന്നു. നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ നിന്നു പഠനം കഴിഞ്ഞിറങ്ങിയ കുമാരവർമ്മയും,എസ്‌. രാമാനുജവുമടക്കമുളളവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടകസൃഷ്ടികളും ശിൽപ്പശാലകളും സംഘടിപ്പിച്ചിരുന്നു. പങ്കെടുക്കുന്ന കലാകാരന്മാരുടെ ഗൗരവപൂർണവും നിരന്തരവുമായ കടപ്പാട്‌ ആവശ്യപ്പെടുന്നവിധത്തിൽ തനതായ കലാപരതയെ ഉൾക്കൊണ്ടുകൊണ്ട്‌ തന്നെ അതിന്റെ സൈദ്ധാന്തികസമഗ്രതയെ വീണ്ടെടുക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ സമ്പന്നമായ ആവിഷ്‌ക്കാരപാരമ്പര്യത്തെ വീണ്ടെടുത്തുകൊണ്ട്‌ ഒരു നാടകപ്രസ്ഥാനത്തെ സൃഷ്ടിക്കുന്നതിനായി കാവാലം നാരായണപ്പണിക്കർ, ജി.ശങ്കരപ്പിളള, ആർ. നരേന്ദ്രപ്രസാദ്‌ തുടങ്ങിയർ പരിശ്രമിക്കുകയുണ്ടായി. ‘അവനവൻ കടമ്പ’, ‘കരിങ്കുട്ടി’ (കാവാലം നാരായണപ്പണിക്കർ)‘കറുത്ത ദൈവത്തെതേടി’ (ജി.ശങ്കരപ്പിളള) ‘സൗപർണിക’ (ആർ.നരേന്ദ്രപ്രസാദ്‌) എന്നിവ ഉദാഹരണങ്ങളാണ്‌.

എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യവും മലയാളനാടകവേദിയുടെ സങ്കൽപ്പത്തിലും കിഴ്‌വഴക്കത്തിലും മഹത്തായ ഒരു കുതിച്ചുച്ചാട്ടം ദൃശ്യമായി. സ്‌കൂൾ ഓഫ്‌ ഡ്രാമയുടെ പ്രവർത്തനങ്ങളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ തിരുവരങ്ങ്‌ (ഇന്ന്‌ സോപാനം എന്ന പേരിലാണറിയപ്പെടുന്നത്‌) ‘നാട്യഗൃഹം’ തൃശ്ശൂരിലെ ‘റൂട്ട്‌’ തുടങ്ങിയവ ഇക്കാലത്ത്‌ പ്രവർത്തനമാരംഭിച്ചു. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കൊണ്ടുവന്ന തെരുവുനാടകങ്ങൾ പോലും മികച്ച സംഭാവനകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്താണ്‌ കെ.ജെ.ബേബിയുടെ ‘നാട്ടുഗദ്ദിക’ അവതരിപ്പിക്കപ്പെടുന്നത്‌. വയനാട്‌ ജില്ലയിലെ ആദിവാസികളും നക്‌സൽ പ്രവർത്തകരും (സി.പി.ഐ.എം.എൽ) ചേർന്നവതരിപ്പിച്ച ഈ നാടകത്തിന്‌ ആദിവാസിഗോത്രവിഭാഗങ്ങളുടെ അനുഷ്‌ഠാനങ്ങളെയും സങ്കൽപ്പങ്ങളേയും പശ്ചാത്തലമാക്കിക്കൊണ്ടുളള തികഞ്ഞ രാഷ്‌ട്രീയ പ്രമേയമായിരുന്നു. റഷ്യൻ എജിറ്റ്‌പ്രോപ്പുപോലുളള തെരുവുമൂലനാടക സങ്കൽപ്പമാധാരമാക്കിയായിരുന്നു ഈ നാടകം അവതരിപ്പിച്ചത്‌. പോലീസിന്റെ കഴുകൻ കണ്ണുകൾക്കും അറസ്‌റ്റ്‌ ഭീഷണികൾക്കുമിടയിൽ ഈ നാടകവേദിക്ക്‌ ലക്ഷ്യത്തിലും പ്രയോഗത്തിലും കൂടുതൽ അർത്ഥം കൈവന്നു. രൂപത്തിലും ഭാവത്തിലും തദ്ദേശീയമായ ഒരു നാടകവേദിയെ കണ്ടെടുക്കാനുളള ശ്രമമെന്ന നിലയിലാണ്‌ ഇതു രൂപപ്പെട്ടത്‌.

കേരളത്തിലെ വിവിധ ഗ്രാമങ്ങളിലായി സംഘടിപ്പിക്കപ്പെട്ട അനേകം നാടകമത്സരങ്ങൾ ഒട്ടേറെ നാടകപ്രവർത്തകരെ വളർത്തിക്കൊണ്ടുവന്നു. ഇത്തരം ഗ്രാമീണനാടകമത്സരങ്ങളാണ്‌ കേരളജനതയെ ആധുനിക പരീക്ഷണനാടകങ്ങളുമായി പരിചയപ്പെടുത്തിയത്‌. ബ്രെഹ്‌തും, ഗ്രോട്ടോവ്‌സ്‌ക്കിയും പോലുളള പേരുകൾ ചിരപരിചിതങ്ങളായി. ‘ഗോദയെ കാത്ത്‌’ പോലുളള നാടകങ്ങളുടെ അവതരണം ഇത്തരം മത്സരവേദികളിൽ പതിവായി മാറി.

ഈ ഉയർച്ച അധികകാലം നീണ്ടുനിന്നില്ല. 1990 കളുടെ ആദ്യപകുതിയിൽ നിരാശയും ചിന്തുകുഴപ്പവും നാടകവേദിയെ ബാധിച്ചു. തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത്‌ നാടകവേദിയിൽ മാറ്റങ്ങളുണ്ടാവാത്തതിനെ തുടർന്ന്‌ കാണികളും പതുക്കെ പിൻവാങ്ങി. കഴിവുളള അനേകം പേർ അഭിനേതാക്കളായും സാങ്കേതിക വിദഗ്‌ദ്ധന്മാരായും സിനിമയിൽ ചേക്കേറി. നാടകവേദി ഇന്നും അതിന്റെ പ്രയാണത്തിലാണ്‌. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ മികച്ചതും അർത്ഥപൂർണവുമായ നാടകസൃഷ്‌ടികളുണ്ടാകുന്നുണ്ട്‌. നാടക സെമിനാറുകളിലും സിംപോസിയങ്ങളിലും ഒരു നാടകം കണികാണാൻ കിട്ടുന്നില്ലെന്ന്‌ വിമർശകർ അലറിവിളിക്കുന്നു. വിവിധ നാടകപ്രവർത്തകൾക്കിടയിലുളള കുടിപ്പക കുഴപ്പങ്ങളുടെ എരിതീയിൽ എണ്ണ പകരുന്നു.

ഇക്കാലത്താണ്‌ നാടകവേദിയെ സംബന്ധിച്ച പ്രത്യേക പ്രോജക്‌റ്റുകൾക്ക്‌ ഫണ്ടുകളും ഗ്രാന്റുകളുമായി ഫോർഡ്‌ ഫൗണ്ടേഷൻ പോലുളള വിദേശ ഏജൻസികൾ മലയാളനാടകവേദിയിലേക്ക്‌ കടന്നുവരുന്നത്‌. കഴിവുളള പല സംവിധായകന്മാരെയും അഭിനേതാക്കളെയും തങ്ങളുടെ കെണിയിലാക്കുന്നതിൽ അവർ വിജയിച്ചു. ജോസ്‌ ചിറമ്മേലിനെപ്പോലുളളവരായിരുന്നു അവരുടെ ആദ്യത്തെ ഇര. ബംഗാൾ ഉൾപ്പെടെയുളള സംസ്ഥാനങ്ങളെ ബാധിച്ച ഒരു അഖിലേന്ത്യാ പ്രതിഭാസമാണിത്‌. (തൊണ്ണൂറുകളുടെ ആദ്യം വളരെ പ്രസക്തവും അർത്ഥപൂർണവുമായ സംഭാവനകൾ നാടകവേദിയ്‌ക്കു നൽകിയ പ്രോബീർ ഗുഹയെപ്പോലുളളവരുടെ പുതിയ നാടകങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നതിൽ ഞാൻ അതീവ ശ്രദ്ധാലുവാണ്‌) ഫോർഡ്‌ ഫൗണ്ടേഷനെപ്പോലുളള സംഘടനകളാൽ ഷണ്ഡവത്‌ക്കരിക്കപ്പെട്ട സംവിധായകരും അഭിനേതാക്കളും കുടിച്ചു ലക്കുകെട്ടവന്റെ മായക്കാഴ്‌ചകളിൽ നാടകവേദിയുടെ ഓരത്ത്‌ അരാജകത്വത്തിന്റെ അപഥ സഞ്ചാരികളാവുന്നു. അല്ലെങ്കിൽ കലാപരതയേയും നാടകത്തിന്റെ പ്രമേയത്തെയും സംബന്ധിച്ച്‌ തെറ്റായ മാനദണ്ഡങ്ങൾ പ്രചരിപ്പിക്കുന്നു. ഇങ്ങനെ യഥാർത്ഥ ജനങ്ങളിൽ നിന്ന്‌ നാടകവേദിയെ ഇവർ തട്ടിക്കൊണ്ടു പോയിരിക്കുന്നു.

നമ്മുടെ ചരിത്രം, ജനത, യഥാർത്ഥ്യങ്ങൾ എന്നിവയുമായി ജൈവബന്ധം പുലർത്താത്ത പടിഞ്ഞാറൻ സംവേദനത്വത്തിന്റേയും ആവശ്യങ്ങളുടെയും കേട്ടെഴുത്തുകളെ രാജ്യവ്യാപകമായി പുതുക്കി പൊടിതട്ടിയെടുക്കാനുളള പരിപാടികളാണ്‌ അവർ ഒരുക്കിവച്ചിരിക്കുന്നത്‌. ഭാവ തീവ്രമായി മലയാളനാടകവേദി ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ചില ലക്ഷണങ്ങളുണ്ട്‌. തങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും പിടിച്ചുപറിക്കപ്പെട്ട നാടകവേദിയെ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ ശ്രമങ്ങൾ നാടകപ്രവർത്തകരുടേയും പുതിയ കൂട്ടങ്ങളുടേയും ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്‌. ജീർണതകൾക്കെതിരെ ക്രമനിബദ്ധമായും ചിട്ടയോടെയും തിരിച്ചടിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ്‌ ഈ കൂട്ടങ്ങൾക്കുണ്ട്‌. മലയാള നാടകവേദി ഉറച്ച ചുവടുവെയ്പുകളോടെയാണ്‌ പുതിയ നൂറ്റാണ്ടിലേക്ക്‌ പ്രവേശിച്ചിരിക്കുന്നത്‌. സംഘടനാഘടനയിലും നാടകപരിശീലനത്തിലും പ്രയോഗത്തിലും തെളിഞ്ഞ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങളുണ്ട്‌. തൃപ്പൂണിത്തുറയിലെ ലോകധർമ്മി, തിരുവനന്തപുരത്തെ അഭിനയ, സെന്റർ ഫോർ പെർഫോമിങ്ങ്‌ ആർട്ട്‌സ്‌ കൊല്ലം, ജനനയന വാടാനപ്പിളളി, കോഴിക്കോട്‌ ദേശപോഷിണി, പയ്യനൂരിലെ അന്നൂർ പീപ്പിൾസ്‌ ക്ലബ്‌, എന്നിവ ഉദാഹരണങ്ങളാണ്‌. ഇത്തരം സംഘങ്ങൾ തികച്ചും പ്രോത്സാഹജനകമാണ്‌. ഇവയുടെ സൃഷ്ടികളാവട്ടെ ഇന്ത്യയിൽ അടുത്തകാലത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട നാടകങ്ങളേക്കാൾ രൂപത്തിലും ഭാവത്തിലും മുന്നിൽ നിൽക്കുന്നു. ദേശീയംഗീകാരം നേടിയിട്ടുളള പല നാടകങ്ങൾക്കും മലയാള നാടകങ്ങളുടെ പുതുമയോ ഊർജ്ജസ്വലതയൊയില്ല. ഭാവി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പാകത്തിൽ നാടകവേദി സർവ്വസജ്ജമായിരിക്കേണ്ടതുണ്ട്‌. സാമൂഹ്യ സാമ്പത്തിക രാഷ്‌ട്രീയ മേഖലകളിൽ പ്രശ്‌നങ്ങളും വിപ്ലവങ്ങളും കലാപങ്ങളും മൂലം പുതിയ നൂറ്റാണ്ടിലെ സാമൂഹ്യാന്തരീക്ഷം സുഗമമായിരിക്കില്ല. വേദനകളും ആകുലതകളും ഏറ്റെടുത്തുകൊണ്ട്‌ ശത്രുവിനെ അകത്തുനിന്നും പുറത്തുനിന്നും നാടകവേദി നേരിടും. ഒരു ജൈവമാധ്യമമെന്ന നിലയിൽ ഇത്‌ ജനങ്ങളോടേറെയടുത്തു നിൽക്കുന്നു. ജീർണ്ണകാലത്തിന്റെ ദുഷ്ടശക്തികൾക്കെതിരെ നാടകം ജനതയെ ആയുധമണിയിക്കുന്നു.

ചന്ദ്രദാസൻ

ജനനംഃ 25 ഡിസംബർ 1958.

വിദ്യാർത്ഥിയായിരിക്കെത്തന്നെ കാമ്പസ്‌ തീയറ്റർ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്‌ നാടകോത്സവങ്ങളിൽ അഭിനേതാവിനുളള ധാരാളം അവാർഡുകൾ നേടി. അമേച്വർ നാടകപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച്‌ സംവിധായകൻ, സംഗീതസംവിധായകൻ, അഭിനയപ്രതിഭ, കാമ്പസ്‌ കുട്ടികളുടെ തീയറ്റർ സംഘാടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. ഗ്രാമസംഘങ്ങളുടെ സംഘാടകനായി തനതു നടകത്തിന്റെ പ്രസക്തി ഗ്രാമങ്ങളിൽ എത്തിക്കുകയും, വിലപ്പെട്ട സംഭാവനകളും സൃഷ്‌ടികളും നല്‌കുകയും ചെയ്തു.

ഷേക്‌സ്പിയർ, ഭാസൻ, ജീൻ ജെനെറ്റ്‌, ജി.ശങ്കരപ്പിളള, കാവാലം നാരായണപണിക്കർ, സഫ്‌ദർഹഷ്‌മി, എം.ടി., ടി.എം. എബ്രാഹാം, ബാദൽസർക്കാർ, സാറാജോസഫ്‌ തുടങ്ങിയവരുടെ നാടകസൃഷ്‌ടികൾ സംവിധാനം ചെയ്ത്‌ മലയാള നാടകരംഗത്ത്‌ തന്റെ പ്രാഗത്‌ഭ്യം തെളിയിച്ചിട്ടുണ്ട്‌. സംസ്‌കൃതനാടകങ്ങളായ ‘മത്തവിലാസപ്രഹസന’വും ‘കർണ്ണഭാര’വും മലയാളഭാഷയിൽ ശക്തമായ രീതിയിൽ ആവിഷ്‌കരിക്കുകയും ചെയ്തു. പാശ്‌ചാത്യനാടകങ്ങളും മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്ത്‌ അവതരിപ്പിച്ചു.

ഇന്നും മലയാള നാടകവേദിയിൽ പല പരീക്ഷണങ്ങളും നടത്തുന്ന ‘ലോകധർമ്മി നാടകഗൃഹം’ തൃപ്പൂണിത്തുറയുടെ ഡയറക്‌ടർ ആണ്‌ ചന്ദ്രദാസൻ.

പന്ത്രണ്ടോളം തീയറ്റർ ഫെസ്‌റ്റിവലുകളിൽ പങ്കെടുത്തിട്ടുണ്ട്‌. അന്യഭാഷാനാടകരീതികളെക്കുറിച്ച്‌ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചും പല പഠനങ്ങളും, ലേഖനങ്ങളും, ജേർണലുകളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സംവിധാനത്തിനും സംഗീതസംവിധാനത്തിനും നാടക രചനയ്‌ക്കും നാടക ഫെസ്‌റ്റിവെലുകളിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌.

എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിലെ അദ്ധ്യാപനവൃത്തിയ്‌ക്കൊപ്പം എം.ജി.യൂണിവേഴ്‌സിറ്റിയിൽ നാടകരംഗത്തെക്കുറിച്ചു ഗവേഷണം നടത്തുന്നുണ്ട്‌.

മേൽവിലാസം

ലോകധർമ്മി

31&1166-എ

കോൺവെന്റ്‌ റോഡ്‌

വൈറ്റില

കൊച്ചി - 682 019.

ഫോൺഃ 0484-302402

ഫാക്സ്‌ഃ 0484 - 370844




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.