പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മലയാളിമാമന്‌ വണക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമ നിരൂപണം

മൂഢസ്വർഗ്ഗത്തിലാണ്‌ നമ്മുടെ ചില ചലച്ചിത്രകാരൻമാർ. യഥാർത്ഥ്യത്തിന്റെ പരുഷപ്രകൃതി സത്യസന്ധമായി ആവിഷ്‌ക്കരിക്കാൻ വിസമ്മതിക്കുന്ന ഇക്കൂട്ടർ ഒരു സംവിധായകൻ എന്നതിലുപരി വെറും സംഘാടകൻ മാത്രമായി ഒതുങ്ങി കഴിയുന്നു. സിനിമാസിനിമയുടെ ബാനറിൽ കല്ലിയൂർ ശശിയും, ബി.രാകേഷും ചേർന്ന്‌ നിർമ്മിച്ച്‌ രാജസേനൻ സംവിധാനം നിർവ്വഹിച്ച ‘മലയാളി മാമന്‌ വണക്കം’ എന്ന പുതിയ ചിത്രം രാജാവ്‌ കെട്ടിയ വിഡ്‌ഢിവേഷമാണ്‌.

അവിശ്വസനീയവും, നട്ടാൽ പൊടിക്കാത്തതുമായ ഒരു കഥാതന്തുവിനുമുകളിലാണ്‌ ഈ ചിത്രത്തിന്റെ മൊത്തം സംഭവഗതികളുടെ നിലനിൽപ്പ്‌. തമിഴ്‌നാട്ടിലെ കോവിൽപ്പെട്ടി എന്ന കുഗ്രാമത്തിലേക്ക്‌ ആനന്ദകുട്ടൻ (ജയറാം) അമ്മാവനായ കേശുവുമൊത്ത്‌ (ജഗതി) പോകുന്നു. വർഷങ്ങൾക്കുമുൻപ്‌ ഭർത്താവിന്റെ പീഢനങ്ങൾ സഹിക്കാൻ വയ്യാതെ അവിൽ വിൽക്കുന്ന തമിഴന്റെ ഒപ്പം ഒളിച്ചോടിയ സഹോദരിയെ കണ്ടെത്തുകയും, വിളിച്ചുകൊണ്ടു വരികയുമാണ്‌ അവന്റെ ലക്ഷ്യം. ആനന്ദകുട്ടന്റെയും രേവതിയുടെയും (സുജാകാർത്തിക) വിവാഹനിശ്ചയത്തിന്റെ അന്നാണ്‌ അമ്മ (ശ്രീവിദ്യ) ആ ആഗ്രഹം പ്രകടിപ്പിക്കുന്നത്‌. കോവിൽപ്പെട്ടി പെരുമാൾ എന്ന പുതിയ പേരു സ്വീകരിച്ച, കോടിശ്വരനായിമാറിയ തമിഴനെയും (കലാഭവൻമണി) സഹോദരിയേയും മകൾ പാർവ്വതി (റോജ)യേയും ആനന്ദകുട്ടൻ കണ്ടെത്തുന്നു. പെരുമാൾ തന്റെ മരുമകനായ കണ്ണയ്യനുമായി (പ്രഭു) പാർവ്വതിയുടെ കല്യാണം നിശ്ചയിക്കുന്നു. അതിൽ താൽപര്യമില്ലാത്ത പാർവ്വതിയേയും കൊണ്ട്‌ ആനന്ദകുട്ടൻ നാട്ടിലേക്ക്‌ വരുന്നു. ഭാര്യയുടെ അച്ഛൻ കാല്‌ തല്ലിയൊടിച്ചതിന്റെ പ്രതികാരം മനസ്സിൽ സൂക്ഷിക്കുന്ന പെരുമാൾ, ആനന്ദകുട്ടന്റെ കാല്‌ വെട്ടാനും, പാർവ്വതിയെ വീണ്ടെടുക്കാനും കണ്ണയ്യനെ കേരളത്തിലേക്കയയ്‌ക്കുന്നു. നാടകീയമായ ചില അവിശ്വസനീയതയ്‌ക്കൊടുവിൽ ചിത്രം അവസാനിക്കുന്നു. ഒരു കോടിക്കടുത്ത്‌ ചെലവു വരുന്ന ഒരു സിനിമ നിർമ്മിക്കുമ്പോൾ അതിന്‌ സ്വാഭാവികമായ, കൃത്രിമത്വത്തിന്റെ അരുചിയില്ലാത്ത ഒരു പര്യവസാനമെങ്കിലും ഇതിന്റെ അണിയറക്കാർക്ക്‌ ഒരുക്കാമായിരുന്നു.

സിനിമയിൽ അലോസരങ്ങളില്ലാത്ത ജീവിതം പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ രാജസേനൻ നിരാശപ്പെടുത്തുന്നു. ഒരു സംവിധായകന്റെ കരസ്പർശമേറ്റ ഒരു നല്ല ജീവിതമുഹൂർത്തമോ, ക്യാമറ ഷോട്ടോ ഈ ചിത്രത്തിലില്ല. സംവിധായകന്റെ മനസ്സിന്റെ ശൂന്യത ഓരോ ഫ്രെയ്മിലും നിറഞ്ഞു നിൽക്കുന്നു. തീൻമേശയിൽ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന നായകൻ നായികയെ മേശയ്‌ക്കടിയിലൂടെ കാലുകൊണ്ട്‌ തോണ്ടുന്നതും, അതിലെ തമാശയും നാലാംകിട മിമിക്രി സിനിമകളിൽ ഏറെ ആവർത്തിച്ച്‌ വികൃതമായതാണ്‌. ഇത്തരം രംഗങ്ങളൊരുക്കിയ രാജസേനന്റെ സർഗ്ഗാത്മകത ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.

ചിത്രത്തിന്റെ ദുർബലത സിബി കെ. തോമസ്‌ ഉദയകൃഷ്‌ണ ടീം ഒരുക്കിയ തിരക്കഥയിൽ തുടങ്ങുന്നു. വ്യക്തിത്വം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഇതിലെ ഓരോ കഥാപാത്രങ്ങളും ഏതോ മുൻനിശ്ചയപ്രകാരം കാട്ടികൂട്ടുന്ന വിക്രിയങ്ങളായി ഓരോ സീനും തരംതാണുപോകുന്നു. അകകാമ്പില്ലാത്ത ആലോചനകളും, പൊളളത്തരം നിറഞ്ഞ സംഭാഷണങ്ങളും ചിത്രത്തെ വിരസമാക്കുന്നു. ആനന്ദക്കുട്ടനെ അവതരിപ്പിക്കുന്ന ജയറാം ഒന്നും ചെയ്യാനില്ലാതെ, ആ കഥാപാത്രം പറയുന്നതുപോലെ അൽപ്പം മിമിക്രി കാണിച്ചും, റൊമാന്റിക്കായും പ്രേക്ഷകരുടെ സഹതാപം പിടിച്ചുപറ്റുന്നു. ചിലപ്പോഴൊക്കെ സ്വയം അനുകരിക്കാൻ നിർബന്ധിതനാവുന്ന ജയറാം തന്റെ പഴയ മിമിക്രി നമ്പരായ പ്രേംനസീറിനെയും അനുകരിക്കുന്നു. മുഖം വിറപ്പിച്ച്‌ കണ്ണു ചുവപ്പിച്ച്‌ അലറിവിളിക്കുന്നതല്ല അഭിനയം എന്ന്‌ കലാഭവൻമണിയെ ആരെങ്കിലും പറഞ്ഞു ധരിപ്പിക്കേണ്ടിയിരിക്കുന്നു. കോവിൽപ്പെട്ടി പെരുമാൾ എന്ന വൃദ്ധവേഷം മണിക്ക്‌ പാകമാകാത്ത കുപ്പായമാണ്‌.

എസ്‌.രമേശൻനായർ എഴുതി സുരേഷ്‌ പീറ്റേഴ്‌സ്‌ സംഗീതം നൽകിയ ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നവയല്ലെന്ന്‌ മാത്രമല്ല, അപാകതകൾ ഏറെയുളള കെട്ടുറപ്പില്ലാത്ത തിരക്കഥയെ ഒന്നുകൂടി ദുർബലമാക്കുന്നുമുണ്ട്‌. മനംമടുപ്പിക്കുന്ന പശ്ചാത്തലസംഗീതം ഒരുക്കി ശരത്ത്‌ പ്രേക്ഷകരെ പീഢിപ്പിക്കുന്നു. ശ്രീകർ പ്രസാദ്‌ എഡിറ്റുചെയ്‌ത പ്രതാപന്റെ ദൃശ്യവിന്യാസങ്ങൾക്കുമില്ല മരുന്നിനുപോലും മേൻമ.

‘മറക്കാനും, പൊറുക്കാനുമുളള കഴിവാണല്ലോ നമ്മളെ മനുഷ്യരാക്കുന്നത്‌’ എന്ന്‌ ചിത്രത്തിൽ ഒരിടത്ത്‌ നായകൻ പറഞ്ഞുവെയ്‌ക്കുന്നുണ്ട്‌. പ്രേക്ഷകർക്ക്‌ മറക്കാനും പൊറുക്കാനും കഴിയുന്നത്‌ രാജസേനൻമാരുടെ ഭാഗ്യം.

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.