പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ലക്ഷദ്വീപിലെ സുന്ദരി (കൽപേനി) > കൃതി

ദ്വീപിൽ - 3

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

എല്ലാദ്വീപിലും യാത്രപോകാൻ സാധാരണക്കാരായ ആർക്കും സാധ്യമല്ല. ആയതിനുള്ള അനുമതി ലഭ്യവുമല്ല. ദ്വീപുകളെല്ലാം വിശാലമായ കടലിൽ ചിതറികിടക്കയാണല്ലൊ. ഏതെങ്കിലും ദ്വീപുനിവാസികൾക്കല്ലാതെ മറ്റാർക്കും തന്നെ എല്ലായിടത്തും എത്തുക അസാദ്ധ്യമാണ്‌. എല്ലാ ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര പദ്ധതികൾക്കായി (എന്നെങ്കിലും വന്നാൽ) കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ. തന്റേയും സ്വപ്‌നം അന്നേ സഫലമാവൂ എന്നാണ്‌ നവാസും പറഞ്ഞത്‌. ബിത്ര ദ്വീപിലൊഴികെ എല്ലായിടത്തും പോയിട്ടുള്ള ആളാണത്രെ നവാസ്‌.

അറബിക്കടലിൽ സ്‌ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിനു ചുറ്റുമുള്ള കടൽപ്രദേശത്തെ ഇന്ന്‌ ലക്ഷദ്വീപ്‌ കടൽ എന്നു വിളിച്ചുവരുന്നതായി പുസ്‌തകങ്ങളിൽ കാണുന്നുണ്ട്‌. ഈ ദ്വീപുകളെ കണ്ടെത്തിയതിൽ ചേരമാൻ പെരുമാളിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന്‌ ചരിത്രം പറയുന്നു. ആരാണ്‌ ചേരമാൻ പേരുമാൾ? ഒരിക്കൽ ഞാൻ കോളേജിൽ ചരിത്രം പഠിക്കുന്ന ബിരുദാനന്തരക്കാരനോട്‌ ചോദിക്കയുണ്ടായി. ആ കുട്ടിക്ക്‌ അതിനുത്തരം പറയാൻ കഴിഞ്ഞില്ല. പിന്നീട്‌ പലതവണ പല അധ്യാപകരോടും ഞാൻ ചോദ്യം ആവർത്തിച്ചിട്ടും ഉത്തരം തൃപ്‌തികരമായി ലഭിച്ചില്ല. നാളത്തെ വിദ്യാർത്ഥികളെ നല്ല മൂശയിൽ വാർത്ത്‌ എടുക്കേണ്ടവർക്കുതന്നെ ചേരമാൻ പെരുമാളിനെ അറിയില്ലെന്നു വച്ചാൽ....?

പലരും പറഞ്ഞത്‌ ചേരമാൻ പെരുമാളും ഓണവുമായുള്ള സാങ്കല്‌പിക കെട്ടുകഥകളുടെ കുഴമറിച്ചിലുകളാണ്‌. എനിക്ക്‌ ഇതും വേദന തോന്നാൻ ഒരു കാരണമായി. ഹൈന്ദവ പുരാണങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന നല്ലകാലത്തിന്റെ ശേഷിപ്പുകളെ നാം പെരുമയോടെ നിലനിർത്തികൊണ്ടുപോകുന്ന നമ്മുടെ ‘ഓണം’ പെരുമാളിന്റെ മടക്കയാത്രയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന ദുഷ്‌കീർത്തി ചിലരെങ്കിലും പറഞ്ഞുവരുന്നുണ്ട്‌. കുളത്തിലെ തവളകളെ കരയിൽ പിടിച്ചുവച്ച്‌ എണ്ണാൻ തുടങ്ങുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന (എണ്ണം കിട്ടാതെയാവുന്നു) വരെപോലെയാണല്ലൊ പലപ്പോഴും ഹൈന്ദവർ? അവരെ താറടിച്ചു കാണിക്കുന്നു. എന്നാൽ ഇത്‌ കേരളത്തിലെ മറ്റേതെങ്കിലും മതസ്‌ഥരുടേതായിരുന്നെങ്കിൽ എന്താകുമായിരുന്നു ശിവ! ശിവ! കാലത്തിന്റെ ഭാസന്മാരായ ചരിത്രകാരന്മാർക്ക്‌ ചരിത്രം വളച്ചൊടിക്കണമല്ലൊ. എല്ലാം ജാതിമതചിന്തകൾക്കകത്തിട്ട്‌ തങ്ങളുടേതാകണമല്ലൊ. ‘ശാന്തം പാപം’ എന്നല്ലാതെന്തുപറയാൻ.

കേരളം നിർമ്മിച്ച പരശുരാമൻ നൂറ്റിയറുപതുനാഴിക നീണ്ടുകിടക്കുന്ന ഈ കരയെ അറുപത്തിനാലു ഗ്രാമങ്ങളാക്കി ഉത്തരദിക്കിലെ ആര്യപുരംദേശത്തുനിന്നും നാടിനെ ഭരിച്ചു രക്ഷിക്കാനായി ബ്രാഹ്‌മണരേയും മറ്റും കൊണ്ടുവന്ന്‌ അധികാരം നൽകിയതായി ചില പുസ്‌തകങ്ങളിൽ കാണുന്നു. അവർക്കെല്ലാം നിശ്ചിത കാലം മാത്രമാണ്‌ അധികാരം വീതിച്ചുനൽകിയിരുന്നത്‌. അതിനുശേഷം മറ്റുള്ളവർക്ക്‌ കൈമാറേണ്ടതായിരുന്നുവത്രെ അധികാരം. എന്നാൽ ഇവരിൽ പലരും കിട്ടിയകാലം കൊണ്ട്‌ ജനങ്ങളെ ‘വിഴുങ്ങുക’യാണുണ്ടായത്‌. അധികാരം എന്നും ഒരു ലഹരിയാണല്ലൊ? കാലം കുറച്ചു കടന്നുപോയപ്പോൾ അറുപത്തിനാലു ഗ്രാമക്കാരും നാലു കഴകങ്ങളായി തീർന്ന്‌ ഒരുമയോടെ തിരുനാവായതീരത്ത്‌ ഒത്തുകൂടി നാടുഭരിപ്പാനായി പരദേശത്തുനിന്നും കൊണ്ടുവന്ന ക്ഷത്രിയരാജാക്കന്മാരെയാണ്‌ ഇവിടെ ‘പെരുമാക്കൾ’ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഓരോ പെരുമാക്കളുടേയും കാലത്തിനുശേഷം പരദേശങ്ങളിൽപോയി മറ്റുപെരുമാക്കളെ കൊണ്ടുവന്ന്‌ അവരോധിച്ചു എന്നാണ്‌ ചില ഗ്രന്ഥങ്ങളിൽ കാണുന്നത്‌. കേയ, ചൊഴ, പാണ്ഡ്യ, ചേര രാജ്യങ്ങളിലും മറ്റുപരദേശങ്ങളിലും അതത്‌ കാലത്തെ കഴകസഭകൾ പോയി പെരുമാക്കളെ കൊണ്ടുവന്ന്‌ ഇവിടെ അവരോധിച്ചിരുന്നത്രെ. ചേരമാൻ പെരുമാൾക്കുമുമ്പ്‌ പെരുമക്കാൾ കേരളം ഭരിച്ചിരുന്നതായും പതിനെട്ടാമത്തെയാളാണ്‌ കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാളെന്നും ശ്രീ. വേലായുധൻ പണിക്കശ്ശേരിയുടെ കേരളോൽപ്പത്തി എന്ന പുസ്‌തകത്തിൽ (പേജ്‌-27) കാണുന്നു. (രാജവംശത്തിന്റേയും രാജാവിന്റേയും കാലശേഷം മൂത്തമകൻ രാജാവാകുന്ന പരമ്പരക്രമവും അന്നില്ലായിരിക്കാം? (ഇന്നത്തെ ഭരണരീതി ഒരു പരിധിവരെ രാജഭരണ കാലത്തിനു സമമാണല്ലൊ...) നമ്മൾ വെറുതെ അധരവ്യായാമത്തിന്‌ ജനാധിപത്യം എന്നുപറയുന്നെന്നുമാത്രം).

പെരുമാക്കൾക്ക്‌ കേരളം ഭരിപ്പാൻ ബ്രാഹ്‌മണസഭകൾ (കഴകങ്ങൾ) പന്തീരാണ്ടുകാലമാണ്‌ കൽപിച്ചിരുന്നത്‌. ഇക്കാലയളവിൽ എന്തുസംഭവിച്ചാലും കാലം തികഞ്ഞാലും പിന്നീട്‌ മറ്റൊരു പെരുമാളെ അന്വേഷിച്ചു കൊണ്ടുവന്ന്‌ അവരോധിക്കലാണ്‌ പതിവത്രെ. എന്നാൽ പെരുമാക്കളിൽ നാലാമനായ ബാണപെരുമാളും ചേരമാൻ പെരുമാക്കളിൽ (അഞ്ചുപേരിൽ ഒരാളും മക്കത്തുപോയിട്ടുള്ളതായി ചില രേഖകളിൽ കാണുന്നു.)

കേയ, ചോഴ, പാണ്ഡ്യ പെരുമാക്കൾക്കുശേഷം വന്ന ബാണപെരുമാൾ തന്റെ ഭരണകാലത്ത്‌ ബൗദ്ധമത പ്രമാണ്യത്തിൽ അടിമപ്പെടുകയും തന്റെ ദേശത്തുള്ളവരെല്ലാം ബൗദ്ധവിശ്വാസികളാകണമെന്ന്‌ കൽപിക്കയും ചെയ്‌തപ്പോൾ ഇതിനെ ബ്രാഹ്‌മണർ ചോദ്യം ചെയ്‌തുതുടങ്ങി. ഒടുവിൽ ഭ്രാഹ്‌മണരും ബൗദ്ധന്മാരും കൂടി നടന്ന വാദപ്രതിവാദത്തിൽ ബൗദ്ധന്മാർ തോൽക്കുകയും ആ വർഗത്തെ നാട്ടിൽനിന്നും നീക്കം ചെയ്യുകയുമുണ്ടായത്രെ. തുടർന്ന്‌ ബൗദ്ധവിശ്വാസത്തിൽ അടിമപ്പെട്ടതാൻ നാടുഭരിപ്പാൻ അനർഹനെന്ന്‌ തോന്നിയ ബാണൻ മക്കത്തേയ്‌ക്ക്‌ യാത്രയാവുകയും ചെയ്‌തുവത്രെ.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.