പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ലക്ഷദ്വീപിലെ സുന്ദരി (കൽപേനി) > കൃതി

ദ്വീപിൽ - 2

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം കായ്‌ക്കുന്ന തെങ്ങുമാത്രമാണ്‌ കാണുന്നത്‌. കൊടുങ്കാട്ടിൽ പോലും വൻമരങ്ങൾ തമ്മിൽ അകലം പാലിച്ചെ നിൽക്കാറുള്ളൂ. പ്രകൃതി നിശ്ചയിച്ചിരിക്കുന്ന ഈ നീതി ഇവിടെ മനുഷ്യർ ലംഘിച്ചിരിക്കയാണ്‌. തെങ്ങ്‌ നടുന്നതിന്‌ ശാസ്‌ത്രീയത കടുകോളം ഇവർ പാലിച്ചിട്ടില്ല. രണ്ടു തെങ്ങുകൾ തമ്മിൽ എത്രയകലം വേണമെന്ന്‌ കാലങ്ങളുടെ അനുഭവസമ്പത്ത്‌ കൈമുതലായിട്ടുള്ളവർ കൈക്കൊള്ളാതിരിക്കാൻ കാരണമെന്തായിരിക്കും? സ്‌ഥലപരിമിതയായിരിക്കുമോ. ഞാൻ ആലോചിച്ചു. നാട്ടിൻപുറങ്ങളിൽ കുട്ടികൾ ചിരട്ടകൊണ്ട്‌ കാണുന്നിടത്തെല്ലാം മണ്ണുമാന്തി കളിക്കുന്ന പോലെയാണ്‌ ഇവിടെ തെങ്ങു നട്ടിരിക്കുന്നത്‌. ബഹുഭൂരിപക്ഷം തെങ്ങുകളും പൊട്ടി വീഴുന്നതരത്തിലാണ്‌ കായ്‌ച്ചുനിൽക്കുന്നത്‌. വന്ധ്യത ബാധിച്ചവരും കുറവായിരുന്നില്ല.

ഞാനിപ്പോൾ നടക്കുന്നത്‌ നല്ലതും വൃത്തിയുള്ളതുമായ റോഡിലൂടെയാണ്‌ രണ്ടു മീറ്റർ വീതിയെയുള്ളൂ. ചില സ്‌ഥലങ്ങളിൽ അതുതന്നെയില്ല. മിക്ക ഇടങ്ങളിലേക്കും പോക്കറ്റുറോഡുകൾ പോകുന്നുണ്ട്‌. അവയുടെ വീതി ഇതിലും കുറവാണ്‌. വശങ്ങളിൽ തെങ്ങുകണ്ടാൽ റോഡ്‌ വഴിമാറിപോകുന്ന കാഴ്‌ച ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. പ്രാണൻ പോയാലും തെങ്ങുമുറിക്കുന്ന പ്രശ്‌നമില്ല. ഇത്‌ ദ്വീപിന്റെ സ്വന്തം നിയമം! അപരിചിതമായ ഇടമായതിനാൽ നടക്കുന്ന വഴിക്ക്‌ ഞാൻ ചില സൂചനകൾ നോട്ടുചെയ്‌തിരുന്നു. സമയം ഒന്നരയായപ്പോൾ ഞാൻ തിരിച്ചു നടന്നു. പ്ലാസയിലെത്തിയത്‌ രണ്ടുമണിക്ക്‌. അപ്പോഴേക്കും സംഘാംഗങ്ങൾ അവിടെ ഭക്ഷണം കഴിച്ച്‌ താമസസ്‌ഥലത്തേക്ക്‌ പോയിരുന്നു.

ഹോട്ടൽ ഉച്ചക്ക്‌ രണ്ടുമണിക്ക്‌ അടച്ച്‌ വൈകിട്ട്‌ നാലുമണിക്കു ശേഷമേ തുറക്കുകയുള്ളു. രാത്രി 7.30ന്‌ അടയ്‌ക്കുകയും ചെയ്യും. അതുകൊണ്ട്‌ സമയത്തിന്‌ ഭക്ഷണത്തിനെത്തണമെന്ന്‌ പ്ലാസക്കാരൻ ഭവ്യതയോടെ പറഞ്ഞു. ഞാൻ തലകുലുക്കി സമ്മതിച്ചു. ഊണിന്‌ മീൻപുളിയും മീൻരസവും മീൻ അച്ചാറും മീൻതോരനും എന്നുതുടങ്ങി മീൻമയമാണ്‌ കറികൾ. ഒന്നും മോശമായിരുന്നില്ല. ഞാൻ നല്ലവണ്ണം ഭക്ഷണം കഴിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആഹാരം വേണ്ടത്ര കിട്ടാതിരുന്നത്‌ മാത്രമല്ല കാരണം; പണം കൊടുത്തുകഴിക്കുന്ന ഹോട്ടൽ ഭക്ഷണം പണത്തിന്‌ മുതലാകത്തക്ക രീതിയിൽ കഴിക്കുന്നത്‌ എന്റെ ശീലമായി പോയതുകൊണ്ടാണ്‌. (ഇവിടെ ഹോട്ടലിൽ ഒന്നിനും ഞങ്ങൾക്ക്‌ പണം വേണ്ട. റഷീദ്‌ഖാനാണ്‌ ആയതിന്റെ ഉത്തരവാദിത്ത്വം)

താമസസ്‌ഥലത്ത്‌ ഞാൻ എത്തുമ്പോൾ ഒരാഴ്‌ചത്തേക്കുള്ള പരിപാടികൾ ചാർട്ടു ചെയ്യലും ചർച്ചചെയ്യലമായിരുന്നു ആറുമുഖനും സംഘവും. കവലപ്രസംഗങ്ങളും വീടുതോറും കയറിയിറങ്ങി നോട്ടീസ്‌ വിതരണവും പ്രകൃതിചികിത്സാ വിവരങ്ങളും ആയൂർവേദ പ്രചരണവും എല്ലാം അടങ്ങിയതായിരുന്നു പരിസ്‌ഥിതി സന്ദേശയാത്രയുടെ ലക്ഷ്യം. ചാർട്ടുചെയ്യുന്ന നേരത്താണ്‌ എനിക്കിത്‌ അറിയാൻ കഴിഞ്ഞത്‌. പ്രകൃതിസ്‌നേഹിയായതിനാലും ഒരു സ്‌ഥിരം സഞ്ചാരി എന്ന ആനൂകൂല്യത്തിലും എന്നെ അവർ സ്‌നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ചില പരിഗണനകളും എനിക്കവർ നൽകിയിരുന്നു.

വൈകുന്നേരം അഞ്ചുമണിക്ക്‌ നവാസ്‌ ഞങ്ങളെ അന്വേഷിച്ചെത്തി. പ്രചരണത്തിനാവശ്യമായ ചില സാമഗ്രികൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു നാലഞ്ചുപേർ. കുറച്ചു പേർ കഴിഞ്ഞ ദിവസങ്ങളിലെ അഴുക്കുവസ്‌ത്രങ്ങൾ അലക്കുകയായിരുന്നു. ഞാൻ നവാസിനേയും കൂട്ടി നടന്നു. എവിടേക്ക്‌ പോകണം ഏതിലെ പോകണം എന്നെല്ലാം നവാസിനെ അറിയൂ. ഞങ്ങൾ ഇടവഴികളിലൂടെയാണ്‌ നടന്നത്‌. കാര്യമായി ആളുകളെ കണ്ടില്ല. പതിനഞ്ചു മിനിറ്റുനേരം നടന്നപ്പോൾ കടൽ കരയിലെത്തി. അത്രക്കുമാത്രം അവിടം സുന്ദരമല്ലെങ്കിലും ഞങ്ങൾ ഇരുന്നു. ഞാൻ എന്റെ ലക്ഷദ്വീപ്‌ സന്ദർശനത്തിന്റെ ലക്ഷ്യം ഒരു ചെറിയ പുസ്‌തകരചനയാണെന്നും ആയതിലേക്ക്‌ വേണ്ടുന്ന വിവരങ്ങൾ അവസരത്തിനൊത്ത്‌ നൽകണമെന്നും പറഞ്ഞപ്പോൾ നവാസിന്‌ വളരെ സന്തോഷം തോന്നി. പുസ്‌തകരചനയിൽ താനും പങ്കാളിയാകുമെന്നും ഒരു ചെറിയ എഴുത്തുകാരന്റെ കൂടെയാണ്‌ എന്ന തോന്നലും പിന്നീടുള്ള അയാളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക്‌ മനസിലാക്കാൻ സാധിച്ചു. ഈ വിചാരം എന്റെ ഉദ്യമത്തിന്‌ ഗുണം ചെയ്യുമെന്ന്‌ ഉറപ്പായിരുന്നു.

ലക്ഷദ്വീപിൽ ഇന്ന്‌ വലുതും ചെറുതുമായി മുപ്പത്തിയാറു ദ്വീപുകളുണ്ട്‌.. ഇവയിൽ പകുതിയും ചെറിയ ചെറിയ തുരുത്തുകളാണ്‌. പത്തു ദ്വീപുകളിൽ മാത്രമാണ്‌ ജനവാസം ഉള്ളത്‌ എന്നു പറയുന്നു. മറ്റു ദ്വീപുകളിൽ വാസയോഗ്യമല്ലാത്തതിനാൽ തെങ്ങുകൃഷി നടത്തുകയാണ്‌ ചെയ്യുന്നതത്രെ. ഓരോ പ്രധാന ദ്വീപുകാരും തങ്ങളുടെ പ്രാപ്‌തിക്കനുസരിച്ച്‌ പണ്ടു മുതൽക്കെ ചെറിയ ദ്വീപുകളെ കൈവശം വച്ചു വരികയാണ്‌. എന്നു വച്ച്‌ കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിൽ കൈയ്യേറിയതല്ല ദ്വീപുകൾ. അതെല്ലാം അതാത്‌ ദ്വീപുകാർക്ക്‌ പണ്ടുതന്നെ ദ്വീപുഭരിച്ചിരുന്ന ചിറക്കൽ രാജകുടുംബം വീതിച്ചു നൽകിയതാണെന്നു പറയുന്നു.

കേരളത്തിന്റെ വടക്കുമുതൽ തെക്ക്‌ കൊല്ലംവരെയുള്ള ഭാഗത്ത്‌ അറബിക്കടലിൽ കാണപ്പെടുന്ന ദ്വീപുകളാണ്‌ ലക്ഷദ്വീപ്‌ എന്ന പേരിൽ അറിയപ്പെടുന്നത്‌. വടക്ക്‌ സ്‌ഥിതിചെയ്യുന്ന ചേത്തിലത്ത്‌ ദ്വീപിലേക്ക്‌ കേരളതീരത്തുനിന്നും 225 കി.മീ. ദൂരമുണ്ട്‌. തെക്ക്‌ കാണപ്പെടുന്ന മിനിക്കോയിയിലേക്ക്‌ 450 കി.മീ. ദൂരവുമുണ്ട്‌. ദ്വീപുകളിൽ കിഴക്കുഭാഗത്ത്‌ കിടക്കുന്നതും കേരളത്തിനോട്‌ അടുത്തു കിടക്കുന്നതുമായ ദ്വീപ്‌ അന്ത്രോത്ത്‌ ആണ്‌. ഇതാണ്‌ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപും. പടിഞ്ഞാറ്‌ സ്‌ഥിതിചെയ്യുന്ന അഴത്തിയാണ്‌ മിനിക്കോയി കഴിഞ്ഞാൽ അകലെ കിടക്കുന്നത്‌. മുൻപ്‌ ഈ ദ്വീപസമൂഹത്തെ മിനിക്കോയ്‌ ലക്ഷദ്വീപ്‌ അയ്‌നി മുതലായ ദ്വീപുകൾ എന്നാണ്‌ വിളിച്ചിരുന്നത്‌.

ഹൈന്ദവപുരാണങ്ങളിൽ പറയും പോലെ 1008 ഉപനിഷത്തുക്കളുണ്ടെന്നും അവയെ കുറുക്കി 108 എണ്ണമായി ചുരുക്കിയിട്ടുണ്ടെന്നും വീണ്ടും കാച്ചിക്കുറുക്കിയാൽ പത്തെണ്ണമാക്കാമെന്നും പറയുന്നതുപോലെയാണ്‌ ദ്വീപുകളുടെ കാര്യവും. 36 എണ്ണത്തെ കുറുക്കി 19 എണ്ണമായും വീണ്ടും കാച്ചിക്കുറുക്കി ജനവാസമുള്ള പത്തെണ്ണവുമാക്കി കുറയ്‌ക്കാവുന്നതുമാണ്‌. ജനവാസമുള്ള പത്തു ദ്വീപുകൾ അല്ലാത്തവയെ വിഴുങ്ങിയിരിക്കയാണ്‌. ഇവയിൽ അരഏക്കർ സ്‌ഥലപരപ്പുള്ളവർ മുതൽ ആറര കി.മീ. നീളമുള്ളവർവരെയുണ്ട്‌. പ്രധാന ദ്വീപുകളുടെ അര കി.മീ. മുതൽ പന്ത്രണ്ടു കി.മീറ്റർ വരെ അകലെ കിടക്കുന്ന ജനവാസമില്ലാത്ത സഹോദര ദ്വീപുകളും പെടുന്നു. പ്രധാന ദ്വീപുകളായി കണക്കാക്കുന്നത്‌ അയനി, അന്ത്രോത്ത്‌, അഗത്തി, കടുമം, കല്‌പേനി, കവരത്തി, കിളുത്തം, ചേത്തലത്ത്‌, ബംഗാരം, ബിത്ര, മിനിക്കോയി എന്നിവയാണ്‌. കൃശൻമാരായ ദ്വീപുകളിൽ പലതും സ്വന്തമായി പേരുപോലും ഇല്ലാത്തവയത്രെ. ചിലതെല്ലാം ചരൽക്കല്ല്‌ അടിഞ്ഞ്‌ ചേർന്നവയുമാണ്‌. അവയിൽ ഒരു പുല്ല്‌പോലും വളരാത്തവയുമുണ്ട്‌. കുറച്ചെണ്ണത്തിൽ കുറ്റിച്ചെടികളും മുൾപടർപ്പുകളും കടൽഞ്ഞണ്ടുകളും പക്ഷികളുമാണ്‌ താമസം. തെങ്ങുകൃഷിയുള്ള മറ്റു ചില ദ്വീപുകൾ ചിലരുടെ “തറവാട്ടുസ്വത്തു”തന്നെയത്രെ!

ജനവാസമില്ലാത്ത പ്രധാന ദ്വീപുകളായി ഗണിക്കപ്പെടുന്നത്‌ തിലാക്കം, കോടിത്തല, പക്ഷി പിട്ടി, ചെറിയം, തിണ്ണകര, വലിയ സുഹേലി, ചെറിയ സുഹേലി മുതലായവയാണ്‌. (ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം പലതരത്തിലാണ്‌ അറിയാൻ കഴിയുന്നത്‌. ചില പുസ്‌തകങ്ങളിൽ 36 എണ്ണം എന്നും മറ്റു ചിലതിൽ 27 എന്നും വേറെ ചിലതിൽ 19 എന്നും കണ്ടുവരുന്നു. എന്തുതന്നെയായാലും കടലിൽ ദ്വീപുകൾ ഉയർന്നു കൊണ്ടേയിരിക്കുന്നു.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.